UPDATES

ട്രെന്‍ഡിങ്ങ്

പ്രയാറിന്റെ അസംബന്ധങ്ങള്‍ക്ക് വിട; ചില നേരങ്ങളില്‍ ‘കറ’ നല്ലതാണ്!

ശബരിമലയുടെ കാര്യം സുപ്രീം കോടതി ഭരണഘടനാനുസൃതമായി തീരുമാനിക്കട്ടെ. അല്ലെങ്കില്‍ തൃപ്തി ദേശായി വരട്ടെ.

സംസ്ഥാന സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു. ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ഒപ്പ് വെച്ചാല്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനും മെംബര്‍ അജയ് തറയിലും പുറത്താകും. ഇവരെ പുറത്താക്കരുത് എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്.

വിഷയത്തില്‍ ഓര്‍ഡിനന്‍സ് എന്ന ജനാധിപത്യ വിരുദ്ധതയുണ്ടെങ്കിലും സംഗതി സര്‍ഫിന്റെ പരസ്യം പോലെയാണ്. ചില നേരങ്ങളില്‍ കറ നല്ലതാണ്! കാരണം ശബരിമല വിഷയത്തില്‍ ഇത്രയും സ്ത്രീവിരുദ്ധവും യാഥാസ്ഥിതികവുമായ നിലപാട് കൈകൊണ്ട ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വേറെ ഉണ്ടാവില്ല.

തന്നെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നിക്കുന്ന വാര്‍ത്തയോട് പ്രയാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്; “ഇത് ശബരിമലയുടെ കീര്‍ത്തി നശിപ്പിക്കാനാണ്” (മലയാള മനോരമ)

പലപ്പോഴും അപകീര്‍ത്തികരമായ പ്രസ്താവനകളിലൂടെ മലയാളി കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്ക് കൊണ്ട് നേടിയെടുത്തിയ സാമൂഹ്യമായ വളര്‍ച്ചയെ അപഹസിച്ചിട്ടുള്ളയാണ് ടിയാന്‍. അവയില്‍ ചിലത് താഴെ വായിക്കാം:

“വിനോദ സഞ്ചാരകേന്ദ്രമായ തായ്‌ലാന്‍ഡില്‍ ആര്‍ക്കും പോകാമെന്നതുപോലെയല്ല ശബരിമല യാത്ര. അത്തരം കാര്യങ്ങള്‍ അനുവദിക്കില്ല. ശബരിമലയിലെ സ്ത്രീ പ്രവേശം ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. കോടതി വിധി ഉണ്ടായാലും മാനവും മര്യാദയുമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ പോകില്ല”.

പ്രയാറിന്റെ ആ.ഭാ.സം.; ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നത് സെക്സ് ടൂറിസത്തിനോ?

“അയ്യപ്പൻമാരുടെ വ്രതശുദ്ധിക്ക് ഭംഗം വരുമെന്ന കാരണത്താൽ യുവതികൾ പമ്പാ സ്നാനം ഒഴിവാക്കണം”

പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്ന സവര്‍ണ ഹിന്ദു പുരുഷനല്ല സ്ത്രീകള്‍ എവിടെ കുളിക്കണമെന്ന്‍ തീരുമാനിക്കേണ്ടത്

“ആര്‍ത്തവം എന്ന് പറയുന്നത് തന്നെ ഒരു പിണ്ഡം മരിക്കുന്നതിന് തുല്യമാണ്. സാധാരണ നിലയിലുള്ള ഒരു മരണമുണ്ടായാല്‍ പുലയും മറ്റും കാരണം നമ്മള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലല്ലോ. അതുതന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്.”

ആര്‍ത്തവ പ്രസ്താവന: പ്രയാര്‍ ഗോപാലകൃഷ്ണന്റെ തലയൊന്ന് സ്കാന്‍ ചെയ്തുകൂടെ?

“സ്ത്രീകളുടെ ബാഹ്യരൂപം നോക്കി അവരുടെ പ്രായം നിര്‍ണയിക്കുക പ്രയാസകരമാണ്. അതുകൊണ്ടാണ് പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം”.

ഇങ്ങനെ നിരവധിയുണ്ട് പ്രയാറിന്റെ അസംബന്ധങ്ങള്‍. ഒരു ഘട്ടത്തില്‍ ശബരിമലയില്‍ ആര്‍ത്തവ പരിശോധനയ്ക്കുള്ള യന്ത്രം സ്ഥാപിക്കണം എന്നുവരെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തട്ടിവിട്ടു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് തികച്ചും പ്രതികൂലമായ നിലപാടെടുത്തപ്പോള്‍ ഹാപ്പി ടു ബ്ലീഡ് പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത് വരികയായിരുന്നു. ഇത് സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.

ശബരിമല വിവാദം; ഭരണഘടനയാണ് ശരി, മത ഗ്രന്ഥങ്ങളല്ല

ഇതിനിടയില്‍ ശബരിമലയുടെ പേരും പ്രയാര്‍ മാറ്റി. അതുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടപടി ക്രമങ്ങള്‍ പാലിച്ചാണ് ചെയ്തതെന്നാണ് പ്രയാര്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

നൂറ്റാണ്ടുകളായി ഭക്തര്‍ ശ്രീ ധര്‍മ്മാശാസ്താ ക്ഷേത്രം എന്ന് ഭക്തിപൂര്‍വ്വം കരുതി ആരാധിച്ചു പോന്ന ക്ഷേത്രത്തെ ശ്രീ അയ്യപ്പന്‍ ക്ഷേത്രം എന്നാക്കി മാറ്റുകയായിരുന്നു പ്രയാര്‍ ചെയ്തത്. “സ്ത്രീകളെ ശബരിമലയിലേക്ക് വിലക്കുന്ന വാദത്തിന് ശക്തി പകരനാണ് ശാസ്താവിനെ അയ്യപ്പനാക്കുന്നതിന്റെ പിന്നിലുള്ളതും എന്നാണ് ശക്തമായ ഒരു വാദം. ശാസ്താവും അയ്യപ്പനും രണ്ടാണെന്നാണ് വിശ്വാസം. ശാസ്താവ് പത്‌നിസമേതനായും (കുടുംബസ്ഥന്‍), അയ്യപ്പന്‍ നിത്യ ബ്രഹ്മചാരിയായും വാഴുന്നുവെന്നുമാണ് സങ്കല്‍പ്പം (ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍, പരമശിവനും മോഹിനിക്കും ജനിക്കുകയായിരുന്നുവെന്ന് ഒരു ഐതിഹ്യമുണ്ട്). ശബരിമലയിലെ ചരിത്രവും രീതികളും വിവരിക്കുന്ന ഏറ്റവും ആധികാരികവും പഴക്കം ചെന്നതുമായ ഒരു ഗ്രന്ഥമാണ് വിദ്വാന്‍ നാരായണന്‍ കുറുമള്ളൂരിന്റെ ‘ശ്രീ ഭൂതനാഥ സര്‍വ്വസ്വം’. ഈ ഗ്രന്ഥത്തിലും ശബരിമല ശാസ്താവെന്നാണ് പറഞ്ഞിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് ഒരു നാമം ഉണ്ടാവുന്നത് ഐതിഹ്യപരമായും ചരിത്രപരവുമായുമുള്ള അവിടുത്തെ പ്രത്യേകതകള്‍ കാരണമാണ്. വിശ്വാസികള്‍ ശബരിമല ശാസ്താവ് എന്നാണ് നൂറ്റാണ്ടുകളായി സങ്കല്‍പ്പിച്ച് ആരാധിച്ച് പോരുന്നത്.” കൃഷ്ണാ ഗോവിന്ദ് അഴിമുഖത്തില്‍ എഴുതി.

ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാറുന്നതോടെ കേരള സമൂഹത്തില്‍ എന്തോ വലിയ മാറ്റം സംഭവിക്കാന്‍ പോകുന്നു എന്നല്ല. മറിച്ച് തികച്ചും പിന്തിരിപ്പനും സ്ത്രീ വിരുദ്ധനും യാഥാസ്ഥിതികനും പൊതുപദവിയില്‍ ഇരിക്കാന്‍ ഒരര്‍ഹതയും ഇല്ലാത്ത ഒരാളെ പറഞ്ഞുവിടുന്നു എന്ന ആശ്വാസം മാത്രം.

ശബരിമലയുടെ കാര്യം സുപ്രീം കോടതി ഭരണഘടനാനുസൃതമായി തീരുമാനിക്കട്ടെ. അല്ലെങ്കില്‍ തൃപ്തി ദേശായി വരട്ടെ.

അതുകൊണ്ട് സ്ത്രീകളെ, ഇനിയും കാത്തിരിക്കണമെന്ന് പറയാന്‍ അനുവദിക്കരുത്

ഇനി ശബരിമല; തൃപ്തി ദേശായി

കോണ്‍ഗ്രസ് നേതാവാണ്‌ പ്രയാര്‍. അതുകൊണ്ട് പ്രയാറിനെ പറഞ്ഞു വിടുന്നതില്‍ രമേശ്‌ ചെന്നിത്തല പ്രതിഷേധിക്കുന്നത് മനസിലാക്കാം. ബിജെപി നേതാവായ കുമ്മനത്തിന് എന്താണ് ഇതില്‍ കാര്യം? അതോ ഹിന്ദു മതവിശ്വാസികളുടെ ‘താത്പര്യം സംരക്ഷിക്കാന്‍’ നിലകൊള്ളുന്ന നേതാവിനോടുള്ള അടുപ്പമോ, അതോ അന്തര്‍ധാരയോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍