UPDATES

മിനി കൂപ്പര്‍, ഓഡി കാര്‍, ചാക്ക്, രവി പിള്ള, ഫാരിസ്, സാന്‍ഡിയാഗോ… ഇനിയുമെന്തിന് കോണ്‍ഗ്രസ് വിരോധം?

കോണ്‍ഗ്രസ്സുമായി സഹകരണമെന്തിന്? നിങ്ങള്‍ കോണ്‍ഗ്രസ്സ് തന്നെ അല്ലേ

കഴിഞ്ഞ ഒരാഴ്ചയായി മുഖ്യധാര മാധ്യമങ്ങളുടെ പ്രധാന ഐറ്റം സിപിഎമ്മാണ്. രാജ്യത്ത് ആള്‍ബലത്തില്‍ ദുര്‍ബലമായ ഒരു പാര്‍ട്ടി ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ് എന്നത് ആശ്ചര്യം ഉണ്ടാക്കുന്ന കാര്യമാണ്. എത്ര കുറ്റം പറഞ്ഞാലും ആ പാര്‍ട്ടി നടത്തുന്ന ചര്‍ച്ചയില്‍ അടങ്ങിയിരിക്കുന്ന ഗൌരവതരമായ രാഷ്ട്രീയ പ്രശ്നം പലപ്പോഴും അവഗണിക്കാന്‍ കഴിയുന്നതല്ല.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കണം എന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ ലൈന്‍ വോട്ടിനിട്ടു തള്ളിയതാണ് കഴിഞ്ഞ വാരത്തെ പ്രധാന വിഷയമെങ്കില്‍ അത് തള്ളിക്കാന്‍ ചുക്കാന്‍ പിടിച്ച കേരള ഘടകത്തിന്റെ അമരക്കാരന്റെ മകനെതിരെയുള്ള ’13 കോടിയുടെ പണം തട്ടിപ്പ്’ ആരോപണമാണ് പുതിയ ചര്‍ച്ചാ വിഷയം.

പരാതി ഗൌരവമുള്ളതാണ് എന്ന യെച്ചൂരിയുടെ ഇന്നലത്തെ പ്രസ്താവനയില്‍ നിന്നും മനസിലാകുന്നത് ഇത് തീയില്ലാത്ത പുകയല്ല എന്നു തന്നെയാണ്. കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയിക്കെതിരെ ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനിയുടെ ഉടമ ഹസന്‍ ഇസ്മായീല്‍ അബ്ദുള്ള അല്‍ മസ്രൂഖി നല്‍കിയ പരാതി തങ്ങള്‍ക്ക് കിട്ടിയതായി പാര്‍ട്ടി കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാര്‍ത്ത വ്യാജമാണ് എന്നു പറയാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ “കോടിയേരിയില്‍ നിന്നും കേന്ദ്ര നേതൃത്വം വിവരം ആരാഞ്ഞതായാണ് സൂചന” എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി ഗൌരവമുള്ളതാണ് എന്നു പറഞ്ഞ യെച്ചൂരി, “ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി സംസാരിച്ചെന്നും പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും” മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

“തന്റെ മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കുമെന്ന്” കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി മലയാള മനോരമയും തങ്ങളുടെ ഒന്നാം പേജ് വാര്‍ത്തയില്‍ പറയുന്നു. “എന്റെ മകനെതിരായി നിലവില്‍ സാമ്പത്തിക തട്ടിപ്പ് പരാതിയില്ല. കേസ് ഉണ്ടെങ്കില്‍ അല്ലേ ഇന്‍റര്‍പോള്‍ അന്വേഷിക്കേണ്ടതുള്ളൂ”, എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ബിനോയ് കോടിയേരിയും വിശദീകരിച്ചത് ഇതുതന്നെ. “കേസില്ല, യാത്രാ നിരോധനമില്ല.” എന്നാല്‍ “ജാസ് ടൂറിസം കമ്പനി പാര്‍ട്ണര്‍ ആയിരുന്ന രാഹുല്‍ കൃഷ്ണനുമായി 2015ല്‍ ചില സാമ്പത്തിക ഇടപാടുകള്‍” ഉണ്ടായതായി ബിനോയ് സമ്മതിക്കുന്നുണ്ട്. ഈ ഇടപാടുകള്‍ എന്തിന് വേണ്ടി നടത്തി എന്നത് മാത്രമേ ഇനി വ്യക്തമാകേണ്ടതുള്ളൂ.

പരാതിയില്‍ പറയുന്നതു പ്രകാരം ഓഡി കാര്‍ വാങ്ങാന്‍ ആണെങ്കില്‍ അത് ചില കമ്യൂണിസ്റ്റ് ധാര്‍മ്മികതാ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് എന്നു പറയാതെ വയ്യ. ഒരു കമ്യൂണിസ്റ്റുകാരനും അയാളുടെ കുടുംബവും എന്തു തരം ജീവിത ശൈലിയാണ് പിന്തുടരേണ്ടത് എന്നത് പ്ലീനം കൂടി ചര്‍ച്ച ചെയ്തു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന് നേരെയാണ് ആരോപണങ്ങള്‍ എന്നതാണ് ഗൌരവം വര്‍ദ്ധിപ്പിക്കുന്നത്. (അതേ പ്ലീനത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ ദേശാഭിമാനിയില്‍ പരസ്യം കൊടുത്തതും നമ്മള്‍ കണ്ടു)

‘പാവപ്പെട്ട കോടീശ്വരന്‍മാര്‍ക്ക്’ കേരള രാഷ്ട്രീയത്തില്‍ രക്ഷയില്ലേ?

ഫാരിസ് അബൂബക്കര്‍, സാന്‍ഡിയാഗോ മാര്‍ട്ടിന്‍, രവി പിള്ള, ചാക്ക് രാധാകൃഷ്ണന്‍ എന്നിങ്ങനെ പല ഘട്ടത്തില്‍ സിപിഎം രാഷ്ട്രീയത്തെ കലക്കിമറിച്ചുകൊണ്ട് ചങ്ങാത്ത മുതലാളിമാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. കാരാട്ട് റസാഖ്മാരും പിവി അന്‍വര്‍മാരും സ്വതന്ത്ര വേഷത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കുന്നതും നമ്മള്‍ കണ്ടു. തോമസ് ചാണ്ടി എന്ന കോടീശ്വരന്‍ ഇടതു മന്ത്രിസഭയില്‍ മന്ത്രിയാകുകയും നിയമ ലംഘനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്തു. ഇന്നലെ കൊടിയേരിയുടെ മകനോടൊപ്പം ഇതേ കമ്പനിയെ പറ്റിച്ചു എന്നു ആരോപണവിധേയനായ ശ്രീജിത്ത് പിള്ളയുടെ പിതാവ് വിജയന്‍ പിള്ളയും ഇടത് എംഎല്‍എ ആണ്.

സിപിഎമ്മില്‍ വീണ്ടും മക്കള്‍ കുരുക്ക്; ഇത്തവണ ഊരിപ്പോരാന്‍ കോടിയേരി കഷ്ടപ്പെടും

കോണ്‍ഗ്രസ്സിനെ സിപിഎം എപ്പോഴും എതിര്‍ത്തിരുന്നത് ആ പാര്‍ട്ടിയെ മുച്ചൂടും മൂടിയിരിക്കുന്ന അഴിമതിയുടെ പേരിലാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ തകര്‍ന്നു വീണതും ബിജെപി വന്‍ വിജയം കൈവരിച്ചതും അവര്‍ ചെയ്ത അഴിമതിയുടെ പരിണത ഫലം കൂടിയാണ്. കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയുടെ മകളുടെ ഭര്‍ത്താവ് റോബര്‍ട്ട് വധെരയുടെ പേരില്‍ വലിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ഇങ്ങ് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ സോളാര്‍ തട്ടിപ്പ് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളില്‍ ഒന്നായി.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

അഴിമതിയുടെ വലിപ്പ ചെറുപ്പ വ്യത്യാസത്തേക്കാള്‍ ഉപരി ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണവും കോണ്‍ഗ്രസ്സ് മോഡല്‍ തട്ടിപ്പുകളുടെ ഗണത്തില്‍ പെടുത്താവുന്നതാണ്.

അപ്പോള്‍ കാരാട്ട് സഖാവേ, യെച്ചൂരി സഖാവേ ഒരു ചോദ്യം. കോണ്‍ഗ്രസ്സിന്റെ കൂടെ കൂടണോ വേണ്ടയോ എന്നു പറഞ്ഞു നിങ്ങള്‍ തല്ല് കൂടുന്നത് എന്തിനാണ്? കേരള പാര്‍ട്ടിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ തെളിയിക്കുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ വലിയ വ്യത്യാസം ഒന്നുമില്ല എന്നുതന്നെയല്ലേ?

കഴിഞ്ഞ ജനജാഗ്രതാ യാത്രയില്‍ കോഴിക്കോട് കൊടുവള്ളിയില്‍ വെച്ച് കാരാട്ട് റസാഖിന്റെ പോണ്ടിച്ചേരി രജിസ്ട്രേഷന്‍ മിനി കൂപ്പറില്‍ കയറിയതാണ് കൊടിയേരിക്ക് വിനയായത്. ഇപ്പോഴിതാ മകന്റെ ഓഡിയും..

ജാഗ്രതയില്ലായ്മ..! അല്ലാതെന്ത് പറയാന്‍….

ചുവന്ന കാര്‍, ഉടമ ‘കാരാട്ട്’, പിന്നൊന്നും നോക്കിയില്ല; ഒരു മിനി കൂപ്പര്‍ കൊണ്ടുപോയ ജന’ജാഗ്രത’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍