UPDATES

ട്രെന്‍ഡിങ്ങ്

ആലഞ്ചേരിയുടെ സേവ് കുമ്മനം മിഷനും വ്യാജ ഒപ്പില്‍ അറസ്റ്റിലായ ഫാദര്‍ പീലിയാനിക്കലും

കുമ്മനം ജി സഭയുമായി നല്ല അടുപ്പമുള്ള ആളാണെന്ന് ആലഞ്ചേരി മിസോറാം ബിഷപ്പിനെ അറിയിച്ചു

ഇന്നത്തെ മലയാള മനോരമയുടെ ഒന്നാം പേജില്‍ തന്നെ ആ വാര്‍ത്തയുണ്ട്. കുട്ടനാടന്‍ കര്‍ഷക വിഷയങ്ങളില്‍ സ്ഥിരം അന്തിചര്‍ച്ച സാന്നിധ്യമായ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് വായ്പ തട്ടിപ്പു നടത്തി എന്നാണ് കേസ്. ഇന്നലെ വൈകിട്ട് മാമ്പുഴക്കരിയിലെ വികസന സമിതി ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് പീലിയാനിക്കലിനെതിരെ പല കേസുകള്‍ നിലവിലുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒരു കേസിന് മാത്രമാണ് പീലിയാനിക്കലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നെല്‍ക്കര്‍ഷക സ്വയം സഹായ സംഘങ്ങളുണ്ടാക്കി അംഗങ്ങളറിയാതെ വായ്പയെടുത്തെന്നും വായ്പ ലഭിക്കാന്‍ കമ്മീഷന്‍ വാങ്ങിയെന്നുമാണ് അച്ചനെതിരെയുള്ള പരാതിയെന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു.

കുറച്ചുകൂടി വിശദമായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 14 കേസുകളാണ് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആറ് കേസുകളിലാണ് പീലിയാനിക്കല്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. കാവാലത്തുള്ള മൂന്നു കര്‍ഷകര്‍ നല്കിയിരിക്കുന്ന പരാതി തങ്ങള്‍ അറിയാതെ തങ്ങളുടെ പേരില്‍ വായ്പ എടുത്തു എന്നാണ്. ബാങ്ക് രേഖകള്‍ പ്രകാരം കര്‍ഷക മിത്ര നെല്‍കര്‍ഷക ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പ് 5 ലക്ഷം രൂപയാണ് ഒരു പൊതു മേഖല ബാങ്കില്‍ നിന്നും വായപ എടുത്തത്. ഇതിനായി തങ്ങളുടെ വ്യാജ ഒപ്പ് അച്ചനും സംഘവും ഇട്ടു എന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതേ മട്ടിലുള്ള ആരോപണമാണ് മിത്രക്കരിയിലുള്ള ആറ് കര്‍ഷകരും ഉയര്‍ത്തിയിരിക്കുന്നത്.

എന്തായാലും ഇന്നലെ കുട്ടനാടിന് അധികം ദൂരയല്ലാതെ അപ്പൂരില്‍ ദേശാഭിമാനിയുടെ ആലപ്പുഴ എഡിഷന്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു പറഞ്ഞത് അച്ചട്ടാകുന്നു എന്നാണ് തോന്നുന്നത്. “ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകും” എന്നായിരുന്നു കേരള ചരിത്രത്തിന്റെ മൂക്കും മൂലയും പരിചിതരായ കണ്ടത്തില്‍ കുടുംബത്തിലെ ഇളമുറക്കാരന്റെ പ്രവചനം.

“കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയന്‍. വികസന വഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്.”

അതായത് ആ പറുദീസയുടെ നാഥന്‍ പിണറായി വിജയന്‍ എന്നര്‍ത്ഥം. പിണറായി തന്റെ തലതൊട്ടപ്പനായ ഇഎംഎസ് പറഞ്ഞത് ഓര്‍ക്കുന്നത് നന്നായിരിക്കും. മനോരമ നല്ലത് പറഞ്ഞാല്‍ തനിക്കെന്തോ കുഴപ്പമുണ്ട് എന്നാണ്.

‘നീ മുന്തിരി ആട്ടും, പക്ഷേ വീഞ്ഞു കുടിക്കയില്ല’; പോപ്പും ആലഞ്ചേരിയും ചില ‘നരക’ചിന്തകളും

ഇന്നലെ നടന്ന മറ്റൊരു കൌതുകരമായ സംഭവം മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനും അങ്കമാലി അതിരൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കൂടിക്കാഴ്ച നടത്തിയതാണ്.

അത് ജന്‍മഭൂമി റിപ്പോര്‍ട്ട് ചെയ്തത് മാത്രം വായിച്ചാല്‍ മതി. ട്രോളര്‍മാര്‍ക്ക് സുഭിക്ഷമായി കഥകള്‍ മെനയാം.

ജന്മഭൂമി പറയുന്നതിങ്ങനെ; “മിസോറാമിലെ കത്തോലിക്കാ ബിഷപ്പിനെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഫോണില്‍ വിളിച്ചു. ആ ഒരു വിളിയില്‍ തങ്ങളുടെ ഗവര്‍ണ്ണര്‍ ആരെന്ന് മിസോറാമിലെ ക്രിസ്ത്യന്‍ സംഘടനകളും മിഷനറിമാരും വ്യക്തമായി അറിഞ്ഞു. എല്ലാ മതങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കുന്നയാളാണ് നിങ്ങളുടെ ഗവര്‍ണ്ണറായി ചുമതലയേറ്റ കുമ്മനം രാജശേഖരനെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നുമായിരുന്നു ആലഞ്ചേരി മിസോറാമിലെ ക്രിസ്ത്യന്‍ സംഘടനകളെ അറിയിച്ചത്.”

കുമ്മനം ജി സഭയുമായി നല്ല അടുപ്പമുള്ള ആളാണെന്നും ആലഞ്ചേരി മിസോറാം ബിഷപ്പിനെ അറിയിച്ചു. ആലഞ്ചേരി തന്നെയാണ് താന്‍ മിസോറാം ബിഷപ്പിനെ വിളിച്ച കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

പിണറായി ബഹുകേമന്‍, നമുക്കും കിട്ടണം പണം; അച്ചായന്റെ വികസന പ്രകീര്‍ത്തനങ്ങള്‍

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണ്ണറായി ചുമതയേറ്റപ്പോള്‍ തീവ്ര ഹിന്ദുത്വവാദിയായ ബിജെപി നേതാവ് മിസോറാം വിട്ടുപോകണം എന്നാവശ്യപ്പെട്ട് കൃസ്ത്യന്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയും ആയിരുന്നു.

കുമ്മനം ജി വിളമ്പിക്കൊടുത്ത ഊണ് കഴിച്ചാണ് ആലഞ്ചേരി എറണാകുളം ഗസ്റ്റ് ഹൌസില്‍ നിന്നും മടങ്ങിയത് എന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതൊക്കെ ശരി, ജനത്തിന് ഒരു സംശയം മാത്രം. ആര് ആരുടെ കാലിലാണ് വീണത്?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കുമ്മനത്തിന്റേത് മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പായിരുന്നോ? മിസോറാമില്‍ പോയ ഗവര്‍ണ്ണര്‍ കുമ്മനം കണ്ടത്

പിതാവേ, മദ്യത്തില്‍ മാത്രമല്ല വേറെയും ചില ‘ഗുജറാത്ത് മോഡലു’കളുണ്ട്

കടുംകാവി രാഷ്ട്രീയം കുമ്മനം വഴി

മതതീവ്രവാദിയെ വേണ്ട: ക്വിറ്റ് മിസോറാമെന്ന് കുമ്മനത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍