UPDATES

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

പാണക്കാട് തറവാടിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രഭാവം ലീഗിലും രാഷ്ടീയ കേരളത്തിലും മങ്ങിത്തുടങ്ങിയോ?

ഈ അടുത്ത കാലത്ത് ലീഗിനെ പത്രങ്ങളുടെ ഒന്നാം പേജില്‍ കണ്ടത് അവരുടെ മഞ്ചേശ്വരം എംഎല്‍എ പി വി അബ്ദുല്‍ റസാഖ് ആകസ്മികമായി അന്തരിച്ചപ്പോഴാണ്. കേരള നിയമസഭയില്‍ 18 എംഎല്‍എമാരുള്ള പാര്‍ട്ടിയാണ്; (ഇപ്പോള്‍ ഒന്നു കുറവ്). അതായത് ഈ നിയമസഭയിലെ നാലാമത്തെ കക്ഷി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ പരിക്ക് പറ്റിയപ്പോള്‍ ലീഗിന് കുറവ് വന്നത് 2 എംഎല്‍എമാര്‍ മാത്രം. അങ്ങനെയൊരു പാര്‍ട്ടി എന്തുകൊണ്ടാണ് ഇത്രയേറെ നിശബ്ദത പാലിക്കുന്നത്? പ്രക്ഷുബ്ധമായ കേരള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അവര്‍ക്ക് ഒന്നും പറയാനില്ലേ? പാണക്കാട് തറവാടിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രഭാവം ലീഗിലും രാഷ്ടീയ കേരളത്തിലും മങ്ങിത്തുടങ്ങിയോ?

എന്തായാലും ചില അനക്കങ്ങള്‍ ലീഗില്‍ നിന്നു വന്നു തുടങ്ങിയെന്ന് തോന്നുന്നു. ബിജെപിക്കും സിപിഎമ്മിന് ലക്ഷ്യം രാഷ്ട്രീയ നേട്ടം എന്നാണ് പികെ കുഞ്ഞാലിക്കുട്ടി ഇന്നലെ കൊച്ചിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഒരു വാര്‍ത്തയ്ക്ക് ഒന്നാം പേജില്‍ കൊടുക്കേണ്ട പ്രാധാന്യം പോലും ഉണ്ടെന്ന് അവരുടെ മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ ടീമിന് തോന്നിയില്ല എന്നതാണ് ഖേദകരം.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ മലയാള മനോരമയില്‍ വന്നത് ഇങ്ങനെ; “കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും നടത്തുന്നത്, ഇതുവരെ ഇന്ത്യ ഭരിച്ചവരൊന്നും വിശ്വാസികളെ തൊട്ടുകളിച്ചിരുന്നില്ല, എന്നാല്‍ വിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്”

ഇതേ വാര്‍ത്ത ചന്ദ്രിക തങ്ങളുടെ ഒന്‍പതാം പേജില്‍, മഞ്ചേശ്വരം കേസ് പിന്‍വലിക്കാത്ത കെ. സുരേന്ദ്രന്റെ നടപടിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ചന്ദ്രികയില്‍ വന്നതിങ്ങനെ: “ശബരിമല വിഷയത്തില്‍ കേന്ദ്രത്തിനാണ് കാര്യക്ഷമമായി ഇടപെടാന്‍ കഴിയുക. അതിനു ശ്രമിക്കാതെ ബിജെപി കേരളത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. എല്‍ഡിഎഫിന്റെതും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ്. വിശ്വാസ സംരക്ഷണം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്”.

ശബരിമല വിഷയത്തില്‍ ബിജെപിയേക്കാള്‍ മെച്ചപ്പെട്ട നിലപാടായിട്ടും എന്തേ രാമന്‍ നായര്‍, പ്രമീളാദേവി ടീമുകള്‍ കോണ്‍ഗ്രസ് കൂടാരം വിട്ടു ബിജെപിയിലേക്ക് പോകുന്നു എന്നു കോണ്‍ഗ്രസ്സിനൊപ്പം ദീര്‍ഘകാലം ഒരു കൂടക്കീഴില്‍ കഴിഞ്ഞിട്ടുള്ള കുഞ്ഞാലിക്കുട്ടി മനസിലാക്കുന്നില്ലേ? കേരളത്തിന്റെ രാഷ്ട്രീയ ഘടന മാറുന്നതിന്റെ സൂചന ലീഗിന് കിട്ടിത്തുടങ്ങിയില്ല എന്നാണോ?

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് ബിജെപിക്ക് ഗുണം ചെയ്തോ എന്ന ആശങ്ക ലീഗിനുണ്ട് എന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നു വരുന്ന സൂചന. എന്നാല്‍ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് നേതാക്കള്‍ പരസ്യ പ്രതികരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് എന്നു വേണം കരുതാന്‍. കോണ്‍ഗ്രസ്സിന്‍റെ മണ്ണ് ഒലിച്ചുപോയാല്‍ യുഡിഎഫ് തീര്‍ന്നു എന്നു സാരം. ലീഗിന്റെ കാര്‍മ്മികത്വത്തില്‍ ആലവട്ടവും വെഞ്ചാമരവും വീശി ആഘോഷമായി യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവന്ന മാണി കോണ്‍ഗ്രസ്സിന് പഴയ പ്രതാപം വീണ്ടെടുക്കാനായിട്ടില്ല. നിര്‍ണ്ണായക ഘട്ടത്തില്‍ മാണി സാറും കൂട്ടരും ബിജെപിയുടെ ഓപ്പറേഷന്‍ കമലയില്‍ ചെന്നു പെടാനും സാധ്യതയില്ലാതെ ഇല്ല. അങ്ങനെ വന്നാല്‍ ലീഗിനെ കാത്തുനില്‍ക്കുന്നത് അത്ര പ്രത്യാശാഭരിതമായ കാലമല്ല. മലപ്പുറത്ത് നിന്നു പിടിക്കുന്ന സീറ്റുകള്‍ക്കൊണ്ട് തിണ്ണമിടുക്ക് കാണിച്ചിരിക്കാം എന്നല്ലാതെ മറ്റൊന്നും സാധിക്കില്ല. പോകെപ്പോകെ ഇടതുപക്ഷത്തേക്ക് ചായമെന്ന് വെച്ചാല്‍ അതും അത്ര എളുപ്പമല്ല. കാലം പോകുന്നതിനനനുസരിച്ച് വിലപേശല്‍ കപ്പാസിറ്റി കുറയുകയും ചെയ്യും. ശബരിമല വിധി വന്നപ്പോള്‍ ലീഗ് നടത്തിയ എക രാഷ്ട്രീയ നീക്കം തങ്ങളുടെ കാലടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാനുള്ള അടവ് തന്ത്രമായിരുന്നു. മുസ്ലീം സംഘടനകളുടെ യോഗം കോഴിക്കോട് വിളിച്ചു ചേര്‍ത്തുകൊണ്ട് വിശ്വാസത്തിന്റെ കാര്യത്തില്‍ സമുദായം ഒറ്റക്കെട്ടായി നില്‍ക്കാനുള്ള തീരുമാനം എടുപ്പിച്ചു. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, സമസ്ത ഇ.കെ വിഭാഗം, കെ.എന്‍.എം, എം.ഇ.എസ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

ആ യോഗത്തില്‍ പങ്കെടുത്ത ജമാഅത്തെ ഇസ്‌ലാമിയുടെ അസി. അമീറായ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഴിമുഖത്തോട് ഇങ്ങനെ പറഞ്ഞു: “ഈ വിധിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ വഴിവച്ചിരിക്കുന്നത്. അത് ഉണ്ടാകാന്‍ പാടില്ലായിരുന്നു.

കാരക്കുന്ന് ഉദ്ദേശിച്ചത് സമീപ കാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച സ്വവര്‍ഗ്ഗ രതി, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല തുടങ്ങിയ വിധികളെയാണ്. കഴിഞ്ഞ ദിവസം അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചതും ഇതുതന്നെ. അപ്രായോഗിക വിധികള്‍ കോടതികള്‍ നടത്താന്‍ പാടില്ല. വിശ്വാസം, മതം, പൌരോഹിത്യം തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ ഹിന്ദുത്വയ്ക്കും ജമാഅത്തിനുമൊക്കെ ഒരേ സ്വരം.

ഇനി പ്രഖ്യാപിത പുരോഗമന നാട്യക്കാരനായ എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നതിങ്ങനെ: “കഴിഞ്ഞയാഴ്ചയില്‍ സുപ്രീം കോടതി വിധി പറഞ്ഞ പല വിഷയങ്ങളും യഥാര്‍ത്ഥത്തില്‍ കോടതി ഇടപെടേണ്ടവയല്ല. ഇന്ത്യയിലെ എല്ലാ മതങ്ങളില്‍പ്പെട്ടവരെയും ഉപദ്രവിക്കുന്ന വിധികളായിരുന്നു മിക്കതും. ലിംഗസമത്വ വിഷയങ്ങളിലാണെങ്കില്‍പ്പോലും വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല.

(ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ യോഗത്തില്‍ ഒരു സ്ത്രീ പോലും പങ്കെടുത്തിരുന്നില്ല എന്നതാണ്.)

മുസ്ലീം ലീഗ് ആഗ്രഹിച്ചതുപോലെ ആശയപരമായി ഒരു അഭിപ്രായ സമന്വയത്തില്‍ ഈ യോഗം കൊണ്ട് സാധിച്ചിരിക്കാം. എന്നാല്‍ എന്നും അധികാര രാഷ്ട്രീയത്തില്‍ മദിച്ചു നടന്നിരുന്ന ലീഗിന് മാറുന്ന കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളില്‍ എവിടെയായിരിക്കും സ്ഥാനം? മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

കുഞ്ഞാലിക്കുട്ടി എന്ന ‘ബ്ലാക്മെയിലര്‍’ പൊളിറ്റിഷ്യന്‍

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്? ശബരിമല കെ സുരേന്ദ്രനെ നിയമസഭയിലെത്തിക്കുമോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍