UPDATES

എസ്ഡിപിഐ, ബിജെപിയുടെയും മദനിയുടെ പിഡിപിയുടെയും വഴിയിലോ?

അഭിമന്യുവിന്റെ കൊലപാതകം ഒരു കാമ്പസ് കൊലപാതകം എന്നതിനപ്പുറം കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തെ പുനര്‍നിര്‍ണ്ണയിക്കുന്ന തരത്തില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ ക്യാമ്പസിനകത്ത് കയറി കൊലപ്പെടുത്തിയതിനു ശേഷം എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തീവ്രവാദ മുഖത്തെ കുറിച്ചാണ് പ്രധാന ചര്‍ച്ച. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കുള്ളവര്‍ പ്രത്യക്ഷമായും പരോക്ഷമായും എസ് ഡി പി ഐയുമായി ബന്ധമുള്ളവരാണ്. തുടക്കത്തില്‍ കാമ്പസ് ഫ്രണ്ട് തങ്ങളുടെ പോഷക സംഘടനയല്ല എന്നു വരെ എസ് ഡി പി ഐ നേതൃത്വം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പൊതുസമൂഹം അത് വിശ്വാസത്തില്‍ എടുക്കുകയുണ്ടായില്ല; ആ വിശദീകരണം വാസ്തവമല്ല താനും.

എസ് ഡി പി ഐയുമായി മറ്റ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ബന്ധവും ഈ അവസരത്തില്‍ പ്രധാന ചര്‍ച്ചയായി. അഭിമന്യുവിന്റെ കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത് പാലു കൊടുത്ത സിപിഎമ്മിന്റെ കൈക്കാണ് പാമ്പ് കടിച്ചിരിക്കുന്നത് എന്നാണ്. ആ ദിവസങ്ങളില്‍ തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ആകെയുള്ള എസ് ഡി പി ഐ മെംബര്‍ സിപിഎം പ്രസിഡന്റിന് പിന്തുണ നല്കുകയും ചെയ്തത് സിപിഎമ്മിന് അപ്രതീക്ഷ അടിയായി. ഒരു പ്രാദേശിക വിഷയം എന്നതില്‍ ഉപരിയായി ഇത് വളര്‍ന്നപ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് തന്നെ വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നു.

എസ് ഡി പി ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും ആര് വളര്‍ത്തി എന്ന കാര്യത്തില്‍ സിപിഎമ്മിനും മുസ്ലീം ലീഗിനും ഇടയില്‍ രാഷ്ട്രീയ തര്‍ക്കം ആരംഭിക്കുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് മുസ്ളിങ്ങളുടെ ശത്രുവാണ് എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും ‘തീവ്രവാദത്തിന് പാലൂട്ടിയത് സിപിഎം’ എന്ന തലക്കെട്ടില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും മാതൃഭൂമിയില്‍ ലേഖനമെഴുതി.

അഭിമന്യു വധക്കേസിലടക്കം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്ഡിപി ഐ എന്ന സംഘടന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞത്. ഹിന്ദു മതത്തെ ഉപയോഗിക്കുന്ന ആര്‍എസ്എസിന് സമാനമായാണ് എസ്ഡിപിഐ മുസ്ലീം മതത്തെ ഉപയോഗിക്കുന്നത്. ഇത്തരം പശ്ചാത്തലമുള്ളവര്‍ പാര്‍ട്ടികളില്‍ കയറിപ്പറ്റുന്നതിനെ പറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും കോടിയേരി ആവശ്യപ്പെടുകയുണ്ടായി.

സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്ഡിപിഐയെയും എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതും ശ്രദ്ധേയമാണ്. ലീഗാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും എസ്ഡിപിഐയെ വേരോടെ പിഴുതെറിയണമെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം പറയുകയുണ്ടായി. എസ്ഡിപിഐയെ സഹായിച്ച സിപിഎമ്മിനെ തിരിഞ്ഞു കൊത്തിയപ്പോഴാണ് പാര്‍ട്ടി നിലപാട് മാറ്റിയതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എസ്ഡിപിഐയുമായുള്ള ബന്ധം നിഷേധിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ സിപിഎം. എന്നാല്‍ പല തദ്ദേശ സ്ഥാനങ്ങളിലും ഇപ്പോഴും സഖ്യം തുടരുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരത പുറത്തുവരണം, അതുപക്ഷേ ആര്‍ എസ് എസിനെ വെള്ളപൂശി ആകരുത്

എന്നാല്‍ “പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ വളർത്തുന്നതിലും അവർക്കു വേണ്ട എല്ലാ വിധ സഹായസഹകരണങ്ങളും ചെയ്തു പോന്ന, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ഇത്തരം പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്കെതിരായുള്ള കേസുകൾ പിൻവലിക്കുന്നതിന് വേണ്ടി ലീഗ് എംഎൽഎ കെ.എൻ.എ ഖാദർ അസംബ്ലിയിൽ വരെ നടത്തിയ ഇടപെടലുകൾ പത്രമാധ്യമങ്ങളിൽ വാർത്തയായതാണെന്നും” സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം പാലൊളി മുഹമ്മദ് കുട്ടി അഴിമുഖത്തിന് നല്കിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമമുണ്ടായെന്ന് കഴിഞ്ഞ ദിവസം നടന്ന സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തുകയുണ്ടായി. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കം പാര്‍ട്ടിക്ക് എസ്ഡിപിഐയുമായി ഒരുമിച്ച് ഭരണ പങ്കാളിത്തം അടക്കം എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അടിയന്തിരമായി തിരുത്തണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുയര്‍ന്നു.

മുസ്ലീം ലീഗിനകത്തും ഇത്തരം ബന്ധങ്ങളെ വെച്ചുപൊറുപ്പിക്കരുത് എന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വന്നു കഴിഞ്ഞു. തീവ്രവാദ സംഘടനകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടത്തില്ലെന്നാണ് ലീഗിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍ എറണാകുളത്തെ യൂത്ത് ലീഗ് ജില്ല സെക്രട്ടറി എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമായിരിക്കുകയാണ് എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “കഴിഞ്ഞ മെയില്‍ നടന്ന പരിപാടിയില്‍ യൂത്ത് ലീഗിന് രേഖാ മൂലം പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടാകാത്തതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ ഇതേ ആവശ്യമുയര്‍ന്നു. ഒടുവില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ല നേതൃത്വം തീരുമാനിക്കുകയായിരുന്നു”, വാര്‍ത്ത പറയുന്നു.

ലീഗ് തള്ളിപ്പറഞ്ഞാല്‍ എസ്ഡിപിഐ തിരിച്ചടിക്കും; ചെല്ലും ചെലവും കൊടുക്കുന്നതും ലീഗ്; അഭിമുഖം/പാലൊളി മുഹമ്മദ്‌ കുട്ടി

അഭിമന്യു കൊലപാതകക്കേസിന് പിന്നാലെ എസ് ഡി പി ഐ കേന്ദ്രങ്ങളില്‍ നടക്കുന്ന വ്യാപക പരിശോധനകളും പത്രസമ്മേളനത്തിന് വന്ന അതിന്റെ സംസ്ഥാന പ്രസിഡന്റിനെ അടക്കം കസ്റ്റഡിയില്‍ എടുത്തതും ലീഗ് നേതൃത്വത്തെ പ്രത്യേകിച്ചും എറണാകുളത്തെ പാര്‍ട്ടിയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ലീഗ് പ്രവര്‍ത്തകന്‍ ഇത്തരത്തില്‍ പോലീസിന്‍റെ പിടിയിലായാല്‍ അത് മുസ്ലീം ലീഗിന്റെ തീവ്രവാദ വിരുദ്ധ നിലപാടിനെ പ്രതികൂലമായി ബാധിക്കും. ഹിന്ദുത്വ ശക്തികള്‍ ബാബറിമസ്ജിദ് തകര്‍ത്ത കാലത്ത് തീവ്ര നിലപാടുകളുമായി ഇബ്രാഹിം സുലൈമാന്‍ സേട്ട് പുറത്തുപോയപ്പോള്‍ മിതവാദ ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രീയം പറഞ്ഞ് കേരള സമൂഹത്തിന്റെ അംഗീകാരം പിടിച്ചുപറ്റിയ പാര്‍ട്ടിയാണ് മുസ്ളിം ലീഗ്. ആ പ്രതിച്ഛായ കളഞ്ഞുകുളിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന് ലീഗിന് നന്നായറിയാം.

തീവ്രവാദ സംഘടനകളുമായുള്ള പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം ആളുകളുമായി ഒരു ബന്ധവും പാടില്ലെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെപിഎ മജീദ് മാതൃഭൂമിയോട് പറഞ്ഞതും ഈ വ്യക്തതയുടെ അടിസ്ഥാനത്തിലാണ്.

എന്തായാലും ഒരു കാര്യം ഉറപ്പായി കഴിഞ്ഞിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകം ഒരു കാമ്പസ് കൊലപാതകം എന്നതിനപ്പുറം കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തെ പുനര്‍നിര്‍ണ്ണയിക്കുന്ന തരത്തില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു. മദനിയുടെ തീവ്രവാദ രാഷ്ട്രീയത്തിനും അദ്ദേഹം പിന്നീട് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ പിഡിപിക്കും സംഭവിച്ചത് എസ്ഡിപിഐക്കും സംഭവിക്കും എന്നാണ് നിലവിലെ രാഷ്ട്രീയ സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്. ജനാധിപത്യ രാഷ്ട്രീയത്തില്‍ തീവ്രവാദത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് തന്നെയാണ് ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തണലില്‍ വളരാന്‍ ശ്രമിക്കുന്ന ബിജെപിയുടെ വളര്‍ച്ചാ മുരടിപ്പിന്റെ അനുഭവവും തെളിയിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

അഭിമന്യു ആരുടെ രക്തസാക്ഷി?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍