UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയയും പഠിക്കട്ടെ; മലാലയെ പോലെ

ഹാദിയ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തിലെ പരമപ്രധാനമായ ഭാഗം കോടതി ഇന്നലെ അംഗീകരിച്ചു

നിങ്ങള്‍ എന്തിനാണ് കേരളത്തെ ഇങ്ങനെ വര്‍ഗീയവത്ക്കരിക്കുന്നത്? ഹാദിയ കേസ് വാദത്തിനിടെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫീന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനോട് ചോദിച്ച ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്.

മതതീവ്രവാദവുമായി ബന്ധപ്പെട്ട് ഹാദിയയുടേത് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 11 കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും കേരള പോലീസ് 89 ലൌ ജിഹാദ് കേസുകള്‍ അന്വേഷിച്ചിട്ടുണ്ടെന്നും മനീന്ദര്‍ സിങ് പറഞ്ഞതിന് മറുപടിയായാണ് കപില്‍ സിബല്‍ ഈ ചോദ്യം ഉന്നയിച്ചത്.

ഹാദിയ കേസ് ഉയര്‍ത്തുന്ന സംഘപരിവാര്‍ യുക്തിയുടെ പതാകവാഹകരായി കേന്ദ്ര സര്‍ക്കാരിന്റെയും ഹാദിയയുടെ പിതാവ് കെ എം അശോകന്റെയും അഭിഭാഷകര്‍ മാറിയപ്പോള്‍ അതിനൊന്നും ചെവികൊടുക്കാതെ വ്യക്തിസ്വാതന്ത്ര്യം എന്ന പരമമായ അവകാശത്തിന് വിലകല്‍പ്പിച്ചു എന്നതാണ് സുപ്രീം കോടതിയുടെ ഇന്നലത്തെ വിധിയുടെ പ്രധാന്യം.

“എല്ലാവരുടെയും ആഗ്രഹം സ്വന്തം കാലില്‍ നില്‍ക്കണം എന്നാണ്. ഹാദിയയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കണ്ടേ?” കോടതി ചോദിച്ചു.

“എനിക്കു പഠനം തുടരണം. വിശ്വാസം അനുസരിച്ചു ജീവിക്കണം” ഹാദിയ മറുപടി പറഞ്ഞു.

“എല്ലാവര്‍ക്കും വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശം ഉണ്ട്. നിനക്കുമുണ്ട്. അതോടൊപ്പം നല്ല ഡോക്ടറുമാകാം.” കോടതി പറഞ്ഞു.

“എനിക്കു പഠനം തുടരണം എന്നുണ്ടായിരുന്നു. എന്നാല്‍ കുടുംബം സമ്മര്‍ദം ചെലുത്തി. ഇപ്പൊഴും സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഭര്‍ത്താവ് ഷെഹീന്‍ ജഹാനെ കാണാന്‍ അനുവദിക്കണം. 11 മാസമായി അന്യായ തടങ്കലിലാണ്. അഞ്ചു മാസമായി ഹൈക്കോടതിയുടെ, ആറ് മാസം വീട്ടില്‍” ഹാദിയ പറഞ്ഞു.

ദേശാഭിമാനി പകര്‍ത്തിയ കോടതി-ഹാദിയ സംഭാഷണത്തിലെ സുപ്രധാന ഭാഗമാണിത്. സുപ്രീം കോടതിയുടെ ഇന്നലത്തെ വിധിയെ സ്വാധീനിച്ചത് തന്നെ ഈ സംഭാഷണമാണ് എന്നു വ്യക്തമാണ്.

അതുതന്നെയാണ് ഇന്നത്തെ ഒട്ടുമിക്ക പത്രങ്ങളും തങ്ങളുടെ തലക്കെട്ടില്‍ കൊണ്ടുവന്നിരിക്കുന്നത്.

“ഹാദിയ പഠിക്കട്ടെ”

അച്ഛന്‍ അശോകന്റെയോ ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റെയോ കൂടെ വിടാതെ ഗവണ്‍മെന്‍റ് സരക്ഷണയില്‍ സേലത്തെ ശിവരാജ് ഹോമിയോപതി കോളേജ് ഡീനിനെ സംരക്ഷകനാക്കി, ഒരു അന്വേഷണ ഏജന്‍സിക്കോ, ഗവണ്‍മെന്‍റിനോ, കുടുംബത്തിനോ തടയാന്‍ കഴിയാത്ത, തനിക്ക് പഠിക്കണം എന്ന ഹാദിയയുടെ ആവശ്യത്തെ അംഗീകരിക്കുക തന്നെ ആയിരുന്നു. ഹാദിയ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തിലെ പരമപ്രധാനമായ ഭാഗം കോടതി ഇന്നലെ അംഗീകരിച്ചു.

“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്

ഹാദിയ കേസില്‍ ഏറ്റവും ചര്‍ച്ചാ വിഷയമായ വിശ്വാസപരമായ സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു പരാമര്‍ശം പോലും നടത്താതെയാണ് കോടതി വിധി ഉണ്ടായിരിക്കുന്നത് എന്നതും പ്രധാനമാണ്. “ഹാദിയ ഭര്‍ത്താവിനൊപ്പവും മതവിശ്വാസ പ്രകാരവും ജീവിക്കാനുള്ള താല്‍പര്യം പലതവണ വ്യക്തമാക്കി. എന്നാല്‍ ഷെഫീനെയോ മതവിശ്വാസത്തെ കുറിച്ചോ ഉത്തരവില്‍ കോടതി ഒന്നും പറഞ്ഞില്ല” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ആരാകണം രക്ഷാകര്‍ത്താവ് എന്ന ചോദ്യത്തിന് ഹാദിയ ഭര്‍ത്താവിന്റെ പേര് പറഞ്ഞപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പരാമര്‍ശവും ശ്രദ്ധിക്കേണ്ട ഒന്നാണ്. “ഭാര്യയെ ഭര്‍ത്താവിന്റെ ജംഗമ വസ്തുവായി കണക്കാക്കാനാവില്ലെന്നും ഭാര്യയ്ക്ക് സമൂഹത്തില്‍ സ്വന്തമായി വ്യക്തിത്വവും ജീവിതവും ഉണ്ടെന്നും” ആണ് ചന്ദ്രചൂഡ് പറഞ്ഞത്.

ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും; യാത്ര കനത്ത പൊലിസ് സംരക്ഷണത്തില്‍

അതേ സമയം കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ വി. ഗിരി എന്‍എഐഎ വാദത്തെ പിന്തുണച്ചു എന്നൊരു വാര്‍ത്ത മനോരമയും ദി ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ആ പിന്തുണയെന്തെന്ന് വാര്‍ത്തയില്‍ എവിടേയും മനോരമ വ്യക്തമാക്കുന്നില്ല എന്നതാണു കൌതുകകരം. കേരള സര്‍ക്കാര്‍ കോടതിയില്‍ ഒരു ബോംബിട്ടു എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതി എന്‍ഐഎ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് ആദ്യം പരിഗണിക്കണം എന്നതായിരുന്നു കേരള സര്‍ക്കാരിന്റെ അഭിഭാഷകന്റെ നിര്‍ദേശം. അതേ സമയം കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഐഎ സുപ്രീംകോടതിയില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്‍ഐഎ നിലപാടിനെ കേരള സര്‍ക്കാര്‍ തള്ളിയിരുന്നു.

ഷെഫീന്‍ ജഹാനുമായുള്ള ഹാദിയായയുടെ വിവാഹം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സംബന്ധിച്ച കേസ് ജനുവരി 12-നാണ് സുപ്രീം കോടതി പരിഗണിക്കുക. ആ അവസരത്തില്‍ സംഘപരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതുപോലെ നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വന്നേക്കാം.

ഹാദിയ കേസ് നാള്‍വഴി

അപ്പോഴും അവള്‍ക്ക് സുരക്ഷിതമായി പഠിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും ഉള്ള അന്തരീക്ഷം ഇവിടെ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

2012 ഒക്ടോബര്‍ ഒന്‍പതിന് മതതീവ്രാവാദിയായ ഒരു തോക്കുധാരിയുടെ വെടിയേറ്റ മലാല പറഞ്ഞതും തനിക്ക് പഠിക്കണം എന്നാണ് എന്നതും നാം ഓര്‍ക്കുക.

ഹാദിയ കേസ് 10 കാര്യങ്ങള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍