UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ചികിത്സയ്ക്കിടെ കുട്ടിക്ക് എച്ച് ഐ വി ബാധ; അപ്രതീക്ഷിതമല്ല, വരുത്തിവെച്ചത്  

നാലു വര്‍ഷം മുമ്പുള്ള ഡോ.കെ.പി അരവിന്ദന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല

‘എനിക്കു സ്കൂളില്‍ പോകാറായോ?’ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ രക്താര്‍ബുദ ചികിത്സയ്ക്കിടെ എച്ച് ഐ വി ബാധിച്ച പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്‍പില്‍ ഉത്തരം നല്‍കാനാവാതെ പകച്ചു നില്‍ക്കുന്ന കുടുംബത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നത്തെ മാതൃഭൂമിയിലുണ്ട്.

ആരെയും ഞെട്ടിക്കുന്നതാണ് ഈ കുടുബത്തിന്റെ അനുഭവം. ഗുരുതരമായ അര്‍ബുദ ചികിത്സയില്‍ നിന്നും മറ്റൊരു ദുരന്തത്തിലേക്ക് സമൂഹം അവളെ തള്ളി വിട്ടിരിക്കുന്നു.

അപ്രതീക്ഷിതം, ഒരിയ്ക്കലും സംഭവിക്കാന്‍ പാടില്ലാത്തത് എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാന്‍ പറ്റുന്ന ഒന്നല്ല ഇത്. നടന്നത് കേരളത്തിലെ ഒന്നാം നമ്പര്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലാണ് എന്നതാണ് ഭീതിപ്പെടുത്തുന്നത്.

ഇവിടെ ഇങ്ങനെയെങ്കില്‍ മറ്റ് ആശുപത്രികളിലെ സാഹചര്യം എന്തായിരിക്കും? വിഖ്യാതമായ ആരോഗ്യ മോഡല്‍ ഒരു പഴങ്കഥയാക്കി സ്വകാര്യമേഖലയുടെ കച്ചവടവത്ക്കരണവും പൊതുമേഖലയുടെ കുത്തഴിഞ്ഞ അവസ്ഥയും കേരളത്തിലെ ആരോഗ്യ മേഖലയെ കൂട്ട കുഴപ്പത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്ന ഈ അവസ്ഥയില്‍.

സംഭവം പുറത്തു വന്ന ഉടനെ ഗവണ്‍മെന്റും ഉത്തരവാദപ്പെട്ട ഏജന്‍സികളും പറഞ്ഞും പ്രവര്‍ത്തിച്ചു തുടങ്ങി. അതിങ്ങനെയാണ്.

1. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം ആര്‍ സി സിയില്‍ എത്തി ലബോറട്ടറി രേഖകള്‍ പരിശോധിച്ചു.

2. രക്ഷിതാക്കളുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചികിത്സാ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ സി സിക്ക് കത്ത് നല്‍കി.

3. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ നിന്നുള്ള സംഘം ആശുപത്രിയില്‍ എത്തി കുട്ടിയെ സന്ദര്‍ശിച്ചു. എച്ച് ഐ വി ബാധയ്ക്കുള്ള ചികിത്സ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടിക്ക് നല്‍കും. ഒരു സ്പെഷ്യല്‍ ഓഫീസറെയും നിയോഗിച്ചു.

4. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

5. സംഭവത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

6. ശാത്രീയമായ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

7. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ സമാനമായ ഒരു കേസ് 2012ല്‍ സംഭവിച്ചിരുന്നു എന്ന മലയാള മനോരമ റിപ്പോര്‍ട്ട് വായിക്കുമ്പോഴാണ് ഇത്തരം നടപടികളുടെയും പ്രസ്താവനകളുടെയും ആത്മാര്‍ത്ഥതയെ ജനം സംശയിച്ചു പോവുക.

“തലാസീമിയ ബാധിതയായ വയനാട്ടിലെ എട്ട് വയസ്സുകാരിക്ക് രക്തം സ്വീകരിക്കുന്നതിനിടെ 2012-ലാണ് എച്ച് ഐ വി ബാധിക്കുന്നത്. 2006 മുതല്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ നടത്തിയതിന് ശേഷം 2012ല്‍ പേരാവൂരില്‍ നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി ബാധ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ സര്‍ക്കാര്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഡോ. കെ പി അരവിന്ദന്‍ അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കുകയുണ്ടായി. സമിതി 2013ല്‍ തന്നെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 53 പേജുള്ള റിപ്പോര്‍ട്ടില്‍ നാലു വര്‍ഷമായി ആരോഗ്യ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണു സത്യം- മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പോള്‍ ഈ കാണിക്കുന്നതൊക്കെ വിമര്‍ശനങ്ങളില്‍ നിന്നും താത്കാലികമായി രക്ഷപ്പെടാനുള്ള കാട്ടിക്കൂട്ടലുകളായി ജനം സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

കഴിഞ്ഞ മാസം തമിഴ്നാട്ടുകാരനായ മുരുഗന്‍ മരിക്കേണ്ടി വന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ട്രോമ കെയര്‍ സംവിധാനം ആരംഭിക്കുന്നതിന് ഗവണ്‍മെന്‍റിന് തീരുമാനമെടുക്കാന്‍.

മുരുഗനെ കൊന്നത് ആരോഗ്യ മുതലാളിമാര്‍; അടച്ചുപൂട്ടണം ഈ ആശുപത്രികള്‍

ഈ ഒന്‍പതുകാരിയുടെ അനുഭവത്തിന് മുന്‍പില്‍ നിന്നുകൊണ്ടെങ്കിലും പഴയ റിപ്പോര്‍ട്ട് പൊടിതട്ടി എടുക്കണമെന്നാണ് ആരോഗ്യ മന്ത്രിയോട് അപേക്ഷിക്കാനുള്ളത്. അതില്‍ കാലാനുസൃതമായ മാറ്റം വേണമെങ്കില്‍ വിദഗ്ധരെ കൊണ്ട് അതും ചെയ്യിക്കുക. അല്ലാതെ വീണ്ടും പുതിയൊരു കമ്മിറ്റി ഉണ്ടാക്കി ആ റിപ്പോര്‍ട്ട് വരുന്നതും കാത്ത് നടപടികള്‍ വൈകിക്കാതിരിക്കുക. അത് ഇനിയും ഇതുപോലുള്ള ഇരകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂട്ടുകയേ ഉള്ളൂ.

ധന സഹായവും ശിക്ഷണ നടപടികളും കൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല. എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നത് അതാണല്ലോ.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍