UPDATES

ട്രെന്‍ഡിങ്ങ്

ദുരഭിമാന കൊല, ആള്‍ക്കൂട്ട കൊല, ഖാപ് പഞ്ചായത്തുകള്‍; കേരളം മറ്റൊന്നല്ല

ദുരഭിമാന കൊലയും ഖാപ് പഞ്ചായത്തുകളും തുടരുന്നു എന്നു തന്നെയാണ് മലപ്പുറത്ത് നിന്നും ഹരിയാനയില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നുമൊക്കെയുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്

ഈ അടുത്തകാലത്ത് പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ ഗോദ എന്ന സിനിമയില്‍ ദുരഭിമാന കൊലയെ കുറിച്ച് ഒരു പരാമര്‍ശമുണ്ട്. നായകനെ തേടിയെത്തിയ പഞ്ചാബി പെണ്‍കുട്ടിയെ തിരിച്ചു നാട്ടിലേക്കു പറഞ്ഞയക്കണം എന്ന ഭാര്യയുടെ നിര്‍ബന്ധത്തെ നായകന്റെ അച്ഛന്‍ തടയുന്നത് ദുരഭിമാന കൊലയുടെ കാര്യം പറഞ്ഞാണ്. ജാതിക്കും ഗോത്രത്തിനും പുറത്തു പ്രണയവും വിവാഹവും ഉണ്ടായാല്‍ ഉത്തരേന്ത്യയില്‍ ബന്ധുക്കള്‍ പെണ്‍മക്കളെ കൊന്നുകളയുന്ന ഏര്‍പ്പാടാണ് ഇതെന്നാണ് സിനിമയിലെ വിശദീകരണം.

എന്നാല്‍ ഇന്നത് മലയാളിയുടെ സാമൂഹ്യ ചരിത്ര നിഘണ്ടുവിലും ഇടം പിടിച്ചിരിക്കുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന കല്യാണത്തിന് ഒരുങ്ങുകയായിരുന്ന അതിര എന്ന 22കാരിയുടെ കൊലപാതകത്തോടെ. ഉത്തരേന്ത്യയില്‍ നിന്നും ഇങ്ങ് തമിഴ്നാട്ടില്‍ നിന്നു വരെ കേട്ടിരുന്ന ജാതി വെറിയുടെ മനുഷ്യത്വ ഹീനമായ കൊലപാതക പരമ്പരയില്‍ ‘പ്രബുദ്ധ’ കേരളത്തില്‍ നിന്നൊരു കണ്ണികൂടി. വയറു വിശന്ന ആദിവാസിയെ തല്ലിക്കൊന്ന, മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന, ചികിത്സ നിഷേധിച്ച് ഒരു തമിഴ്നാട്ടുകാരനെ ഇഞ്ചിഞ്ചായി കൊലചെയ്ത കേരളത്തിന് മറ്റൊരു ‘തൂവല്‍’ കൂടി. നായാടി മുതല്‍ നമ്പൂതിരി വരെ ഒന്ന് എന്ന സംഘപരിവാര്‍ ‘സ്വപ്നം’ പൂവണിയില്ല എന്നു മാത്രമല്ല അതില്‍ നിന്നും നമ്മുടെ നാട് അതിദ്രുതം അകന്നു പോവുകയെ ഉള്ളൂ എന്നാണ് ജാതി മത ഭിന്നതയുടെ സമീപകാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ അരീക്കോട് വിവാഹത്തലേന്നാണ് അച്ഛൻ മകളെ കുത്തിക്കൊന്നിരിക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ ദളിത് യുവാവുമായുള്ള മകളുടെ വിവാഹം ഉറപ്പിച്ചതിലുള്ള അഭിപ്രായ വ്യത്യാസമാണ് കൊലയ്ക്ക് ഇടയാക്കിയത്. ഈഴവ സമുദായാംഗമാണ് രാജന്‍.

മകള്‍ ദളിതനെ വിവാഹം കഴിക്കുന്നത് രാജന്റെ ജാതിവെറിക്ക് സഹിച്ചില്ല; കൊന്നിട്ടും പക തീര്‍ന്നില്ല

ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുന്ന ആതിര കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ച ഇരുവരും തങ്ങളുടെ വീട്ടുകാരോട് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ജാതിയില്‍ ‘താണ’ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തില്‍ രാജന് കടുത്ത എതിര്‍പ്പായിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം പോലീസിന്റെ മുന്‍പില്‍ എത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ വെച്ചു നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ രാജന്‍ വിവാഹത്തിന് സമ്മതിച്ചെങ്കിലും അത് പൂര്‍ണ്ണ മനസോടെ ആയിരുന്നില്ല. വിവാഹത്തലേന്ന് രാജന്‍ വീണ്ടും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ആതിര അയല്‍ വീട്ടില്‍ അഭയം തേടുകയായിരുന്നു. അവിടെ എത്തിയ രാജന്‍ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ കുത്തുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ നടന്ന ദുരഭിമാനക്കൊലയാണിതെന്നും പോലീസ് വ്യക്തമാക്കി.

ദുരഭിമാന കൊലകളുടെയും ആള്‍ക്കൂട്ട നീതിയുടേയും പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍

ഹരിയാനയിലെ ഗിഗ്നാ ഗ്രാമത്തില്‍ നിന്നും ദമ്പതികളെ തട്ടിക്കൊണ്ടുപോവുകയും ഭര്‍ത്താവിനെ വെടിവെച്ചു കൊല്ലുകയും ചെയ്തതായി യു എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. വീരേന്ദര്‍ സിംഗിനെയാണ് വെടിവെച്ചു കൊന്നത്. വീരേന്ദര്‍ സിംഗും ശിവാനി തെഹ്സിലും തമ്മിലുള്ള വിവാഹം നടന്നിട്ടു കുറച്ചു കാലമായി. ദുരഭിമാനകൊലയാണ് ഇതേന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

മംമ്ത ചൗധരി എന്ന രാജസ്ഥാന്‍ യുവതിയെ വിവാഹം കഴിച്ച പത്തനംതിട്ട ജില്ലയിലെ ഏനാത്ത് സ്വദേശിയായ അമിത് നായര്‍ എന്ന എഞ്ചിനീയര്‍ വെടിയുണ്ടയ്ക്ക് ഇരയായത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ്. തങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ പിതാവ് ജീവര്‍ണം ചൗധരിയും മാതാവ് ഭഗ്‌വാനി ദേവിയും മംമ്തയോട് ആവശ്യപ്പെട്ടതിനനുസരിച്ച് മംമ്ത തയ്യാറെടുക്കുമ്പോള്‍ ആണ് മാതാപിതാക്കള്‍ക്കൊപ്പമെത്തിയ മൂന്നാമന്‍ തോക്കെടുത്ത് അമിതിനു നേരെ നാലു വട്ടം വെടിവെച്ചത്. അമ്മയാകാന്‍ പോകുന്ന മകളുടെ ഭര്‍ത്താവിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊലപ്പെടുത്തിയപ്പോഴും മാതാപിതാക്കാള്‍ക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ലെന്നാണ് പിന്നീടു വന്ന പല റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത്.

മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

ഈ അടുത്തകാലത്താണ് വൈക്കത്ത് മതം മാറി ഇസ്ലാമതത്തില്‍ പെട്ട യുവാവിനെ കല്യാണം കഴിച്ചതിന്റെ പേരില്‍ ഹാദിയ എന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വീട്ടു തടങ്കലില്‍ ഇടുകയും ഒടുവില്‍ സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കേണ്ടി വരികയും ചെയ്തത്. ഹാദിയയുടേയും ഷെഫിന്‍ ജഹാന്റേയും വിവാഹം നിയമപരമാണെന്ന് വിധിച്ച സുപ്രീംകോടതി വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. തന്റെ വിവാഹവും ജീവിതവും തീരുമാനിക്കാനുള്ള പെണ്‍കുട്ടിയുടെ അവകാശത്തെയാണ് വൈക്കത്തെ അശോകനെന്ന പിതാവും അരീക്കോട്ടെ രാജന്‍ എന്ന പിതാവും രണ്ടു തരത്തില്‍ നേരിട്ടത്.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ദമ്പതികള്‍ ഊരുവിലക്ക് നേരിടുന്നു എന്ന വാര്‍ത്ത വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്നും പുറത്തുവന്നത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ്. നാലര വര്‍ഷത്തോളമാണ് അരുണ്‍-സുകന്യ ദമ്പതികള്‍ തങ്ങള്‍ അംഗങ്ങളായ യാദവ സമുദായം ഏര്‍പ്പെടുത്തിയ ഭ്രഷ്ട് നേരിട്ടത്. ഈ ജാതി സമിതി ഖാപ് പഞ്ചായത്തിന്റെ മറ്റൊരു മോഡല്‍ അല്ലാതെ മറ്റെന്താണ്?

ജാതി വിലക്കിന്റെ കേരളം; പ്രണയവിവാഹം കഴിച്ച ഇവര്‍ അഞ്ചു വര്‍ഷമായി ‘കുലംകുത്തി’കള്‍

മിശ്രവിവാഹം കഴിഞ്ഞ ദമ്പതികള്‍ക്കെതിരെ നടപടി എടുക്കുന്ന ഖാപ് പഞ്ചായത്ത് സംവിധാനം തീര്‍ത്തും നിയമവിരുദ്ധമാണെന്ന ഈ അടുത്ത കാലത്തെ സുപ്രീം കോടതി വിധിയും സുപ്രധാനമാണ്. ഇത്തരം ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നാണ് ജനുവരി പതിനാറിന്റെ വിധിയില്‍ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്. പ്രായ പൂർത്തിയായ പെണ്ണിനും ആണിനും പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. മിശ്ര വിവാഹം ചെയ്തു എന്ന കാരണം കൊണ്ട് ആരെയും കുറ്റക്കാരായി കാണാനാവില്ല. അങ്ങനെ വിവാഹിതരാവുന്നവരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും സുപ്രീം കോടതി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

എന്നാല്‍ ദുരഭിമാന കൊലയും ഖാപ് പഞ്ചായത്തുകളും തുടരുന്നു എന്നു തന്നെയാണ് മലപ്പുറത്ത് നിന്നും ഹരിയാനയില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നുമൊക്കെയുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാമുകനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് യുവതിക്ക് നാട്ടുകൂട്ടം വിധിച്ച ശിക്ഷ പരസ്യമായി മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതാണ് വീഡിയോ. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ലൗംഗ ഗ്രാമത്തില്‍ ഈ മാസം 10-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ്, മുന്‍ പഞ്ചായത്ത് മുഖ്യന്‍, അയാളുടെ മകന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 73 സെക്കന്റ് നീളുന്ന വീഡിയോ ദൃശ്യത്തില്‍ യുവതിയുടെ കൈകള്‍ മരത്തിനു മുകളിലേക്ക് കെട്ടിയിട്ട് ലെതര്‍ ബെല്‍റ്റ് കൊണ്ട് തല്ലുന്ന ദൃശ്യങ്ങളാണുള്ളത്. ഓരോ അടിക്കും യുവതി കരയുന്നതും കേള്‍ക്കാം. സംഭവസ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് ദൃശ്യം. വലിയ ജനക്കൂട്ടം ഇത് നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇടപെടുകയോ തടയുകയോ ചെയ്യുന്നുമില്ല.

ദുരഭിമാന കൊലയും ഖാപ് പഞ്ചായത്ത് ദണ്ഡന മുറകളും തുടരുകയാണ് തെക്കെന്നോ വടക്കെന്നോ ഭേദമില്ലാതെ. നിയമ സംവിധാനങ്ങള്‍ പലപ്പോഴും നോക്കുകുത്തികളും.

വീണ്ടും യുപി; യുവതിക്ക് നാട്ടുകൂട്ടത്തിന്റെ ശിക്ഷ മരത്തില്‍ കെട്ടിയിട്ട് അടി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍