UPDATES

ട്രെന്‍ഡിങ്ങ്

ശുദ്ധ നായന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിങ്ങള്‍ നാട്ടുകാര്‍ക്ക് എന്താ ഹേ കാര്യം?

ഈ സാമ്പത്തിക വര്‍ഷം 105 കോടി 93 ലക്ഷത്തി എഴുപത്തയ്യായിരം രൂപയുടെ ബജറ്റ് ആണ് ആഗോള നായര്‍ സമുദായത്തിന് വേണ്ടി സമ്മേളനം തയാറാക്കിയിട്ടുള്ളത്.

“പത്തനാപുരം താലൂക്കിലെ രണ്ടു നായന്മാര്‍ തമ്മിലുള്ള പ്രശ്നമായിരുന്നു ഗണേഷ് കുമാര്‍ ഉള്‍പ്പെട്ട പ്രശ്നം”. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇന്നലെ പറഞ്ഞു. “അവിടത്തെ താലൂക്ക് യൂണിയന്‍ പ്രസിഡണ്ടും ഗണേഷിന്റെ അച്ഛനുമായ ആര്‍ ബാലകൃഷ്ണ പിള്ള അതിനാലാണ് ഇടപെട്ടത്.” സുകുമാരന്‍ നായര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ കലി മുഴുവന്‍ മാധ്യമങ്ങളോടാണ്. “നിസാര സംഭവങ്ങള്‍ മാധ്യമങ്ങള്‍ പര്‍വ്വതീകരിച്ചു. ഒത്തുതീര്‍പ്പ് പാടില്ലെന്ന മട്ടിലായിരുന്നു മാധ്യമങ്ങളുടെ സമീപനം. എന്തിനീ ദ്രോഹമെന്ന് മനസിലാകുന്നില്ല.” ആര്‍ക്കുമൊരു ഉപദ്രവവുമില്ലാതെ ജീവിച്ചുപോവുന്ന അച്ഛനെയും മോനെയും മാധ്യമങ്ങള്‍ പീഡിപ്പിക്കുകയാണ്. പോലീസിനും സര്‍ക്കാരിനും ആര്‍ക്കും ഒരു പ്രശ്നമില്ല. മാധ്യമങ്ങള്‍ക്കാണ് ##&&**//###…; കാരണവര്‍ പല്ലിറുമ്മി.

സാമൂഹിക മാധ്യമങ്ങളിലൂടെ എന്‍എസ്എസിനെ ചളി വാരിയെറിയുന്നത് പ്രതിരോധിക്കാന്‍ സൈബര്‍ കരയോഗം തുടങ്ങണം എന്ന ഒരു പ്രതിനിധിയുടെ നിര്‍ദ്ദേശത്തോട് (സൈബര്‍ യോദ്ധാക്കള്‍ നല്ല ഐഡിയ തന്നെ. പണ്ട് തിരുവിതാംകൂര്‍ രാജാവ് ഭരിച്ചത് തന്നെ നായര്‍ പടയാളികളുടെ മേയ്ക്കരുത്തിലല്ലേ) പ്രതികരിക്കുമ്പോഴാണ് സുകുമാരന്‍ നായര്‍ മേപ്പടി കാര്യങ്ങള്‍ പ്രസ്താവിച്ചത്. ഇന്നലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിനിടയിലാണ് ഗണേഷ് യുവാവിനെ തല്ലിയ, സ്ത്രീത്വത്തെ അപമാനിച്ച കേസ് പരാമര്‍ശവിധേയമായത്.

ഈ സാമ്പത്തിക വര്‍ഷം 105 കോടി 93 ലക്ഷത്തി എഴുപത്തയ്യായിരം രൂപയുടെ ബജറ്റ് ആണ് ആഗോള നായര്‍ സമുദായത്തിന് വേണ്ടി സമ്മേളനം തയാറാക്കിയിട്ടുള്ളത്. ആദ്ധ്യാത്മിക കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ചുമതല ഗണേഷ് കുമാറിനും മേജര്‍ രവിക്കുമൊക്കെ കൊടുത്താല്‍ ഗംഭീരമാകും. കൂട്ടത്തില്‍ ഓഷോ ജൂനിയറിന്റെ ലാലിസവും ആകാം.

സാമൂഹിക നീതി ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് സമ്മേളനം പ്രമേയവും പാസാക്കിയിട്ടുണ്ട്. എന്‍എസ്എസ് ലക്ഷ്യമിടുന്ന സാമൂഹിക നീതിയുടെയും സമുദായ നീതിയുടെയും മാതൃക ചെട്ടിക്കുളങ്ങര ക്ഷേത്ര തന്ത്രി നിയമനത്തിലും വടയമ്പാടി ജാതി മതില്‍ പ്രശ്നത്തിലും നമ്മള്‍ കണ്ടതാണ്. “നല്ല നായന്‍മാരും നമ്പൂതിരിമാരുമൊക്കെ താമസിക്കുന്ന സ്ഥലത്ത് വെറുതെ ഒരു ചോകോനെ പിടിച്ച് ശാന്തിക്കാരനായി വയ്ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.” എന്നാണ് ഒരു ‘ശുദ്ധ’നായര്‍ അന്ന് അഴിമുഖത്തോട് പറഞ്ഞത്. ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി ദേവസ്വം ബോര്‍ഡ് നിയമിച്ച ഈഴവ സമുദായക്കാരനായ സുധികുമാറിനെ തുരത്തിക്കൊണ്ടാണ് എസ്എസ്എസ് സാമൂഹികനീതി നിര്‍വ്വഹിച്ചത്.

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ഈ ക്ഷേത്രം.’ എന്നാണ് വടയാമ്പാടി ഭജനമഠം ക്ഷേത്ര മൈതാനത്തിന് മതില്‍ കെട്ടി എന്‍ എസ് എസ് കരയോഗ നേതാക്കള്‍ പറഞ്ഞത്. ഇത് മറ്റൊരു തരം സാമൂഹിക നീതി നിര്‍വ്വഹണം. പിന്നീട് ദളിത് ജനവിഭാഗം ഈ മതില്‍ തകര്‍ത്തെറിഞ്ഞു എന്‍ എസ് എസിന്റെ സാമൂഹിക നീതിക്ക് ഭംഗം വരുത്തുകയും ചെയ്തു. ഇതൊക്കെ കൊണ്ടാണ് വെള്ളാപ്പള്ളിയുടെ നമ്പൂതിരി മുതല്‍ നായാടി വരെ സിദ്ധാന്തം ഉട്ടോപ്യ ആണെന്ന് എന്‍എസ്എസ് കരുതുന്നത്.

സമുദായത്തിനുള്ളിലെ നീതി നിര്‍വ്വഹണ രീതിയാണ് കഴിഞ്ഞ ദിവസം പത്തനാപുരത്ത് നമ്മള്‍ സാക്ഷ്യം വഹിച്ചത്. മകന്റെ നല്ല ഭാവിയെ കരുതി സമ്മതിക്കുന്നു എന്നാണ് ആ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപ്പോള്‍ കരയോഗം എങ്ങിനെയൊക്കെയായിരിക്കും നീതി നിര്‍വ്വഹണം നടത്തിയിട്ടുണ്ടാകുക എന്ന് ഊഹിക്കാമല്ലോ.

ഇന്നലെ നടന്ന യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു പ്രധാന ആവശ്യം മന്നം തിരുനാള്‍ പൊതു അവധിയാക്കണം എന്നാണ്. അന്ന് അവധിയല്ലാത്തതുകൊണ്ട് ‘പെരുന്നയിലെ പോപ്പി’ന്റെ (കോപ്പിറൈറ്റ്-അഡ്വ. ജയശങ്കര്‍) തിരുവചനങ്ങള്‍ ശ്രവിക്കാന്‍ പെരുന്നയില്‍ ആളെ കിട്ടുന്നില്ല പോലും.

വെള്ളാപ്പള്ളിയെ പോലെ തല്‍ക്കാലം കളത്തില്‍ ഇറങ്ങിക്കളിക്കാന്‍ എന്തായാലും സുകുമാരന്‍ നായര്‍ ഇല്ല. കേന്ദ്രത്തിന് പരോക്ഷ വിമര്‍ശനവും ഇടതിന് തലോടല്‍ നല്‍കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്‍റെ രാഷ്ട്രീയ മാനം എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ സമദൂരമാണ് സെയ്ഫ്. അത് മുന്‍ഗാമിയും ഗുരുഭൂതനുമായ നാരായണ പണിക്കര്‍ സാര്‍ തെളിയിച്ച് വിജയിപ്പിച്ച തന്ത്രമാണ്. 1957ല്‍ വിമോചന സമരത്തിന് മന്നത്ത് പത്മനാഭന്‍ ആഹ്വാനം ചെയ്തപ്പോള്‍ കമ്യൂണിസ്റ്റ് ഭൂതത്തെ എന്നന്നേക്കുമായി പുറത്താക്കാന്‍ സാധിക്കുമെന്നാണ് കരുതിയത്. എന്നാല്‍ കമ്യൂണിസ്റ്റുകള്‍ കമ്യൂണിസ്റ്റ് അപ്പ പോലെ പിന്നേയും പിന്നേയും മുളച്ചു പടര്‍ന്ന് പന്തലിച്ചു. കേട് പറ്റിയത് സമുദായത്തിന് മാത്രം. ഒരു പാട് കഷ്ടപ്പെട്ടിട്ടാണ് സഖാക്കളെ ഒന്നു കയ്യിലെടുത്തത്. ഇനി ബിജെപി കേരളത്തില്‍ എന്നെങ്കിലും വലിയ ശക്തിയായാല്‍ അപ്പോ തീരുമാനിക്കാം അടവ് തന്ത്രം.

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

പെട്ടേനെ…! അമ്മയും ഗണേഷും

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍