UPDATES

പിണറായിയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഗവാസ്കര്‍, നിങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു

ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും ഔദ്യോഗിക ജോലികള്‍ക്കും പൊലീസുകാരെ നിയോഗിക്കുന്നതിന് പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കാമെന്ന് മുഖ്യമന്ത്രി

ഇന്നലെ തിരുവനനന്തപുരത്ത് മുഖ്യമന്ത്രി രണ്ടു കൂടിക്കാഴ്ചകള്‍ നടത്തി. രണ്ടും അടച്ചിട്ട മുറിയില്‍. പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് പോലും മുറിയില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. ആദ്യ മീറ്റിംഗ് പോലീസ് ആസ്ഥാനത്ത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരുടേത്. രണ്ടാമത്തേത് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മൊബൈല്‍ കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ച പോലീസുകാരന്‍ ഗവാസ്കറും ഭാര്യയുമായി. അത് മുഖ്യമന്ത്രിയുടെ ഓഫീസില്‍.

ഈ രണ്ടു യോഗങ്ങളിലും എന്താണ് ചര്‍ച്ച ചെയ്തത് എന്ന കാര്യം അതില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. എങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രതീക്ഷ പകരുന്നതാണ്.

‘ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്; ദാസ്യപ്പണി ഇനി വേണ്ട’ എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. “പോലീസ് സേനയില്‍ ദാസ്യപ്പണി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് എന്ന പേരില്‍ നടത്തുന്ന ഈ പണി ഉടന്‍ നിര്‍ത്തണമെന്നും വേണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും ഔദ്യോഗിക ജോലികള്‍ക്കും പൊലീസുകാരെ നിയോഗിക്കുന്നതിന് പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.” മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ് പി മുതല്‍ എഡിജിപിമാര്‍ വരെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഏകദേശം രണ്ടു മണിക്കൂറോളം മുഖ്യമന്ത്രി യോഗത്തില്‍ സംസാരിച്ചു.

“ഓരോ ഉദ്യോഗസ്ഥനും എന്താണ് ചെയ്യുന്നതെന്ന് ആത്മപരിശോധന നടത്തണം. കുറച്ചുപേര്‍ ചെയ്യുന്ന പ്രവൃത്തികള്‍ സേനയ്ക്കാകെ ദുഷ്പേരുണ്ടാക്കുന്നു. ഏതാനും ഉദ്യോഗസ്ഥരാണ് പൊലീസുകാരെ ദുരുപയോഗിക്കുന്നത്. ഉയര്‍ന്ന ജനാധിപത്യ മൂല്യമുള്ള കേരളത്തില്‍ ഉദ്യോഗസ്ഥര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണം. ദാസ്യപ്പണി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു.” മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഗവണ്‍മെന്‍റിനെ മോശമായി ബാധിക്കുന്ന നടപടികള്‍ ഇനി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ നോക്കിനില്‍ക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനെയും തന്റെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ മുഖ്യമന്ത്രി മടക്കിയയച്ചു എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘താനും പോലീസ് ഉദ്യോഗസ്ഥരും മാത്രം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നല്ലോ’ എന്നു പറഞ്ഞ് മുഖ്യമന്ത്രി തിരിച്ചയച്ചു എന്നാണ് മനോരമയുടെ ഭാഷ്യം. എന്തായാലും കടക്ക് പുറത്തെന്ന ഹെഡിംഗ് ക്ലീഷേ മനോരമ ഉപയോഗിച്ചില്ല. ആശ്വാസം..!

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം

അതേസമയം യോഗത്തില്‍ മലയാള മനോരമയുടെ വാര്‍ത്തകള്‍ അടക്കം വായിച്ചാണ് മുഖ്യമന്ത്രി പല കാര്യങ്ങളും വിമര്‍ശിച്ചത്. “ഇതില്‍ പറയുന്നതെല്ലാം സത്യമാണോ അല്ലയോ എന്നൊന്നും പറയുന്നില്ല. എങ്കിലും എന്തെങ്കിലും സത്യം കാണാതിരിക്കില്ല. മാധ്യമങ്ങളോട് ഭ്രമമുള്ളവര്‍ സേനയിലുണ്ട്. രാഷ്ട്രീയക്കാരെക്കാള്‍ വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ചിലര്‍ക്ക് മിടുക്കുണ്ട്. മാധ്യമങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ അകന്നു നില്‍ക്കണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.” (മനോരമ)

മറ്റൊരു സുപ്രധാനമായ കൂടിക്കാഴ്ചയില്‍ മര്‍ദ്ദനമേറ്റ പോലീസുകാരന്‍ ഗവാസ്കറും ഭാര്യയും മുഖ്യമന്ത്രിയെ കണ്ടു. കേസ് അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും ഗവാസ്കര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ നിയമ നടപടിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ഗവാസ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ എ ഡി ജി പിയുടെ മകളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസിന്റെ അടുത്ത നടപടി എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്. ചില ഐ പി എസ് ഉദ്യോഗസ്ഥന്‍മാരാണ് ഇതിന് വേണ്ടി ചരടുവലികള്‍ നടത്തുന്നത്. മാപ്പ് കലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ മിടുക്കന്‍മാരാണ് എന്നു കെ ബി ഗണേഷ് കുമാറിന്റെ ഗുണ്ടായിസ കേസില്‍ കഴിഞ്ഞ ദിവസം തെളിയിച്ചുകഴിഞ്ഞല്ലോ.

ഇന്നലെ നടന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് പിന്നാലെ ഐ പി എസ് സംഘടനയില്‍ മുറുമുറുപ്പ് തുടങ്ങിയതായും വാര്‍ത്തകള്‍ ഉണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാമ്പ് ഫോളേവേഴ്സിനെ നിയോഗിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കര്‍ശനമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് എന്നാണ് കരുതേണ്ടത്.

ഒരു കാര്യം തീര്‍ച്ച. ദാസ്യപ്പണി പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ പറ്റുന്നില്ലെങ്കിലും കേരള പോലീസിന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ഇടപെടലാണ് താന്‍ നേരിട്ട പീഡനം സധൈര്യം തുറന്നുപറഞ്ഞുകൊണ്ട് ഗവാസ്കര്‍ നടത്തിയത്. സല്യൂട്ട് സര്‍…

ശുദ്ധ നായന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിങ്ങള്‍ നാട്ടുകാര്‍ക്ക് എന്താ ഹേ കാര്യം?

പെട്ടേനെ…! അമ്മയും ഗണേഷും

‘അവന്മാരെ കാണിക്കരുത് എന്റെ മൃതദേഹം’; ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതാന്‍ ആ പോലീസുകാരനെ പ്രേരിപ്പിച്ചതെന്ത്?

ഐപിഎസ് മാടമ്പിമാരുടെ വീടുകളില്‍ കയറി നോക്കണം മുഖ്യമന്ത്രി, ഒരുപാട് അടിമകളെ കാണാം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍