UPDATES

ട്രെന്‍ഡിങ്ങ്

കോട്ടയത്തെത്ര മാണിമാരുണ്ട്? അച്ഛന്‍ മാണിയും മകന്‍ മാണിയും അല്ലാതെ?

ഏത് മുന്നണിയോടാണ് സോഫ്റ്റ് കോര്‍ണര്‍ എന്ന്‍ മാണി സാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. അത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ, “പിണറായി വിജയനോട് തനിക്ക് എപ്പോഴും സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അദ്ദേഹം അധികം സംസാരിക്കില്ല. പറയുന്നതു മാന്യമായാണ്.”

‘കോട്ടയത്തെത്ര മത്തായിമാരുണ്ട്?’ എന്നത് ജോണ്‍ എബ്രഹാമിന്റെ പ്രശസ്തമായ കഥയാണ്. ഇത് പിന്നീട് ഒരു ശൈലി തന്നെയായി മാറി. മാണിയെ കുറിച്ചുള്ള രാഷ്ട്രീയ കഥാകഥനത്തില്‍ പലപ്പോഴും ഈ ചോദ്യം കളിയായും കാര്യമായും പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ന് ഈ ചോദ്യം വീണ്ടും ചോദിക്കാന്‍ ഒരു കാരണമുണ്ട്. അത് പിജെ ജോസഫാണ്.

കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു, “പിജെ ജോസഫ് എന്താണ് ഒന്നും പറയാത്തത്?”

കെഎം മാണിയുടെ മറുപടി, “എന്‍റെ അഭിപ്രായം തന്നെയാണ് ജോസഫിനും” അപ്പോള്‍ കോട്ടയത്തെ മൂന്നാമത്തെ മാണി ആരാണെന്ന് വ്യക്തമായല്ലോ അല്ലേ?

എല്ലാ കാലത്തും പറയുന്നതുപോലെ കേരള കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക യോഗമാണ് കോട്ടയത്ത് നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ത്രിശങ്കുവില്‍ കഴിയുന്ന മാണിക്കും കൂട്ടര്‍ക്കും മോക്ഷം വേണം. അതിന് വേണ്ടിയുള്ള മന്ത്രവാദമാണ് കോട്ടയത്ത് നടക്കുന്നത്.

മാണി ഇന്നലെ പറഞ്ഞു, “കേരള കോണ്‍ഗ്രസ് ഏത് മുന്നണിയില്‍ ചേരണമെന്നത് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും”

ആ മുന്നണികള്‍ തീരുമാനിക്കേണ്ടേ എന്ന മറുചോദ്യം അവശേഷിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം മാണി സാര്‍ പരിഗണിച്ചിട്ടുണ്ടോ എന്തോ?

എന്തായാലും ഏത് മുന്നണിയോടാണ് സോഫ്റ്റ് കോര്‍ണര്‍ എന്ന്‍ മാണി സാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. അത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ, “പിണറായി വിജയനോട് എനിക്ക് എപ്പോഴും സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അദ്ദേഹം അധികം സംസാരിക്കില്ല. പറയുന്നതു മാന്യമായാണ്.”

പക്ഷേ ഈ സോഫ്റ്റ് കോര്‍ണര്‍ സ്വന്തം നാട്ടുകാരനായ കാനത്തിന് മാണി സോറിനോടില്ല. കണ്ണില്‍ ചോരയില്ലാതെയാണ് കാനം ഇന്നലെ തുറന്നടിച്ചത്. “അഴിമതിക്കാരെ വെള്ളപൂശി മുന്നണിയില്‍ എത്തിക്കേണ്ട ഗതികേട് ഇടതുമുന്നണിക്കില്ല. മുന്നണി വിപുലീകരണം അനിവാര്യമാണ്. എന്നാല്‍ അവസരവാദികളെ വേണ്ട”

മാണിക്ക് അതിനും മറുപടിയുണ്ട്, “എപ്പോഴും സംസാരിക്കുകയും ബഹളമുണ്ടാക്കുകയും കുത്തുകയും നോവിക്കുകയും ചെയ്യുന്നവരോട് സോഫ്റ്റ്കോര്‍ണര്‍ ഇല്ല”

ഭാവി മാംഗല്യത്തെ കുറിച്ച് മാണിക്ക് നല്ല ക്ലാരിറ്റിയുണ്ട്. മലയാള മനോരമ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു, “കേരള കോണ്‍ഗ്രസ് ഉപാധി പട്ടിക മുന്നോട്ട് വെയ്ക്കുകയാണ്. അതുമായി യോജിക്കുന്ന മുന്നണിക്കൊപ്പം ഞങ്ങള്‍ ചേരും. അല്ലാതെ പോകില്ല. അതിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ബിജെപിയെന്നോ ഇല്ല. എന്നാല്‍ ക്ഷണിക്കുന്ന എല്ലായിടത്തും പോകില്ല. കേരള കോണ്‍ഗ്രസിന്റെ ഉപാധികള്‍ ആരും അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി ഒറ്റയ്ക്ക് തന്നെ പോകും. തനിച്ച് നില്‍ക്കുന്നിടത്തോളം സുഖം മറ്റൊന്നിന്നുമില്ല.”

എന്തായാലും മൂന്നാമത്തെ മാണി തീരുമാനിക്കും ഒന്നാം മാണി എവിടെ നില്‍ക്കുമെന്ന്.

മാണിയുടെ പുന്നാരമോനും മനോരമയുടെ മനോഗതവും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍