UPDATES

ട്രെന്‍ഡിങ്ങ്

കെ.ജി ജോര്‍ജിന്റെ ‘പഞ്ചവടിപാല’ത്തിന് 33 വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരം കോര്‍പ്പറേഷന്‍

ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ജനാധിപത്യത്തിന്റെ ഏറ്റവും ആഭാസകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്

ഇന്നലത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ യോഗത്തിനിടയില്‍ മേയര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം 1984 സെപ്തംബര്‍ 28ന് പ്രദര്‍ശനത്തിനെത്തിയ കെ ജി ജോര്‍ജ്ജിന്റെ പഞ്ചവടിപാലം എന്ന സിനിമയാണ്. ദുശ്ശാസന കുറുപ്പുമാരും ശിഖണ്ഡി പിള്ളമാരും ഇസാക് തരകന്‍മാരും റാഹേലുമാരും ഹാബെലുമാരും മരിച്ചിട്ടില്ല; ജീവിക്കുന്നു നിങ്ങളിലൂടെ.

തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത് സൌമ്യനും സദാ പ്രസന്നവദനനുമായ ഒരു മേയറാണ്. യുവത്വത്തിന്റെ ഊര്‍ജ്ജം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണാറുണ്ട്. പ്രത്യേകിച്ചും പോത്തീസ് അടക്കമുള്ള വന്‍ സ്ഥാപനങ്ങളില്‍ ചെന്നു നടത്തിയ പ്ലാസ്റ്റിക് കവര്‍ വേട്ട ഓര്‍ക്കുക. മുന്‍ മേയര്‍ അഡ്വ. ചന്ദ്രിക വന്നുപെടാറുള്ളതുപോലെ വിവാദങ്ങളില്‍ ഒന്നും പെട്ടിട്ടുമില്ല. പൊതുവേ തലസ്ഥാന നഗരസഭയെ കുറിച്ച് വലിയ അപാഖ്യാതികള്‍ ഒന്നും കേള്‍ക്കാനുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ടതിന്റെ ആഹ്ലാദത്തിലുമാണ് തിരുവനന്തപുരം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജിതമായി നേതൃത്വം കൊടുക്കുകയാണ് മേയര്‍.

ആ മേയറാണ് ഇന്നലെ സ്വന്തം സഹപ്രവര്‍ത്തകരുടെ താഡനമേറ്റ് നിലത്തു വീണു കാലിന് പരിക്കുപറ്റി പ്ലാസ്റ്ററിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ജനസേവകര്‍ നടത്തുന്ന ഈ ലീലാവിലാസങ്ങള്‍ തത്സമയം കണ്ട ജനത ഇന്നലെ കോരിത്തരിച്ചു. തങ്ങള്‍ക്ക് വേണ്ടി അവര്‍ തല്ലാന്‍ പോലും ഒരുക്കമാണ്. ജനം പരസ്പരം ചെവിയില്‍ പറഞ്ഞു.

“എം പി, എം എല്‍ എ ഫണ്ടില്‍ നിന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് മേയര്‍ നല്‍കിയ കത്ത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൌണ്‍സിലില്‍ ബിജെപി പ്രമേയം അവതരിപ്പിച്ചു. ഇത് മേയര്‍ അംഗീകരിച്ചില്ല. മേയറുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെടാന്‍ കൌണ്‍സിലര്‍ക്ക് അധികാരമില്ലെന്ന് റൂളിങ്ങും നല്‍കി. തുടര്‍ന്ന് കൌണ്‍സിലില്‍ ബഹളമായി”- മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര് ആരെ അടിച്ചു എന്നത് ഒരു രാഷ്ട്രീയ വിഷയമാണ്. പോലീസ് വിഷയമാണ്. മേയറും അദ്ദേഹത്തിന്റെ മുന്നണിയില്‍പ്പെട്ടവരും ബിജെപി കൌണ്‍സിലര്‍മാരും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ടി വി ചാനല്‍ ക്ലിപ്പിംഗുകളും സി സി ടി വിയോ മറ്റോ ഉണ്ടെങ്കില്‍ അതിലെ ദൃശ്യങ്ങളും പരിശോധിച്ചാല്‍ മാത്രമേ ആര് ആരെ എപ്പോ എങ്ങനെ തല്ലി എന്നൊക്കെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ദേശാഭിമാനി പറയുന്നതു പോലെ പുറത്തുനിന്നുള്ള ഗുണ്ടകള്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിലൂടെ കണ്ടത്തപ്പെടും. അത് അതിന്റെ വഴിക്ക് നടക്കട്ടെ.

എന്നാല്‍ പ്രാദേശിക വികസനാസൂത്രണത്തെ കുറിച്ച് ഗൌരവതരമായി ചര്‍ച്ച ചെയ്യേണ്ട ചില പ്രശ്നങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ട്. അത് നമ്മള്‍ അഭിസംബോധന ചെയ്തേ പറ്റൂ.

ഇതാ, അതിവിടെയാണ്; ജനാധിപത്യത്തിന്റെ സുന്ദര സുരഭില കാലം!

നമ്മുടെ എം പി മാര്‍ക്കും എം എല്‍ എ മാര്‍ക്കും ബാധിച്ച ഒരു രോഗമാണ് പൊതു പണം ഉപയോഗിച്ച് നിര്‍മ്മിച്ച സ്ഥാവര വസ്തുക്കളുടെ മേല്‍ സ്വന്തം പേര് പടവലങ്ങ വലിപ്പത്തില്‍ എഴുതി വെയ്ക്കുക എന്നത്. ആദ്യം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് മുകളിലായിരുന്നു. ഇപ്പോള്‍ ഹൈമാസ്റ്റ് വിളക്കിലാണ് ഭ്രമം. ലോകത്തൊരിടത്തും വികസന പദ്ധതികള്‍ക്ക് മേല്‍ അതാത് പ്രദേശത്തെ ജനപ്രതിനിധിയുടെ പേര് കൊത്തിവെക്കുന്ന പരിപാടി ഉണ്ടാവില്ല. രാജഭരണ കാലത്തു പോലുമില്ലാത്ത ഭ്രമം.

അധികാര വികേന്ദ്രീകരണത്തിലൂടെ ആസൂത്രണാധികാരവും പണവും ജനങ്ങളിലേക്ക് എത്തിച്ച ഘട്ടത്തില്‍ അതിനെ അട്ടിമറിച്ചുകൊണ്ടാണ് എം പി, എം എല്‍ എ ഫണ്ട് എന്ന ആശയം തന്നെ ഉണ്ടായത്. സ്വയം ആളാവാനുള്ള ഒരു വഴി. എം പിമാരുടെയും എം എല്‍ എമാരുടെയും വികസന ഫണ്ടുകള്‍ നടപ്പിലാക്കപ്പെടേണ്ട പ്രദേശങ്ങളിലെ പ്രാദേശിക ഗവണ്‍മെന്‍റ് കാര്യം അറിയണം എന്ന ലളിതമായ ലോജിക്കാണ് മേയര്‍ വി കെ പ്രശാന്ത് ഇന്നലെ ഉയര്‍ത്തിയത്. തങ്ങളുടെ രാഷ്ട്രീയ നേട്ടവും താത്പര്യവും മാത്രം ലക്ഷ്യം വെച്ചല്ല, മറിച്ച് പ്രാദേശിക ഗവണ്‍മെന്റിനോടു കൂടി ആലോചിച്ചു വേണം ചെയ്യാന്‍ എന്ന നിലപാടില്‍ വ്യക്തതയുണ്ട്. അല്ലെങ്കില്‍ തോമസ് ചാണ്ടിക്ക് റോഡുണ്ടാക്കാന്‍ പി ജെ കുര്യനും കെ ഇ ഇസ്മായിലും ഫണ്ട് അനുവദിച്ചത് പോലെ ആകും കാര്യങ്ങള്‍.

പ്രിയപ്പെട്ട എം.പി, നിങ്ങളില്ലാതെ എന്താഘോഷം?

മറ്റൊന്ന് പ്രാദേശിക ഗവണ്‍മെന്‍റുകളുടെ കാര്യത്തില്‍ പ്രതിപക്ഷം/ഭരണപക്ഷം എന്ന ആശയത്തിന് പ്രസക്തി ഇല്ല എന്നത് തന്നെ. എല്ലാ പാര്‍ട്ടികളും ഉള്‍പ്പെടുന്ന ഭരണ സമിതിയാണ് ഉള്ളത്. വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികളും രൂപീകരിക്കുന്നത് അങ്ങനെയാണ്. പ്രാദേശിക തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കരുത് എന്ന കാര്യം ജനകീയാസൂത്രണത്തിന്റെ പല ഘട്ടങ്ങളിലും നമ്മുടെ ഭരണത്തലവന്‍മാര്‍ തന്നെ പ്രഖ്യാപിക്കുകയും നടപ്പില്‍ വരുത്താന്‍ ശ്രമിച്ചിട്ടുള്ളതുമാണ്. ഗ്രാമീണ മേഖലകളില്‍ അതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. മികച്ച മാതൃകകളായ പഞ്ചായത്തുകള്‍ ഉണ്ട്.

1984ല്‍ കെ ജി ജോര്‍ജ്ജ് പഞ്ചവടിപാലം എടുക്കുമ്പോള്‍ ഇന്നത്തെ പോലെയുള്ള പഞ്ചായത്ത് രാജ് നിയമമോ സംവിധാനമോ നിലവില്‍ വന്നിട്ടില്ല. പുതിയ കാലത്ത് അങ്ങനൊരു പടം എടുക്കാന്‍ പറ്റില്ല എന്ന് അഹങ്കാരത്തോടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിച്ച് നമുക്ക് പറയാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ജനാധിപത്യത്തിന്റെ ഏറ്റവും ആഭാസകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. വികസനാസൂത്രണത്തിന്റെ ഭാവിയെ കുറിച്ചുള്ള നിരാശാജനകമായ സൂചനകളാണ് അത് തരുന്നത്.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ബിജെപിക്കാര്‍ ആക്രമിക്കുന്ന വീഡിയോ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍