UPDATES

കഴിഞ്ഞ ജൂണില്‍ ‘മാണി എന്ന മാരണം’; ഈ ജൂണില്‍ മാണി ഈ വീടിന്റെ ഐശ്വര്യം

സമീപകാലത്ത് കോണ്‍ഗ്രസ്സ് നേതൃത്വം കൈക്കൊണ്ട ഏറ്റവും ബുദ്ധിപരമായ നീക്കം

മണ്ണും ചാരി നിന്ന മാണി… ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു തലവാചകം ഇങ്ങനെയായിരുന്നു. സമാന വികാരമാണ് ഇന്നത്തെ മുഖ്യധാര പത്രങ്ങളും പങ്കുവയ്ക്കുന്നത്. മാണിക്കായി കൈവിട്ടു (മലയാള മനോരമ), മാണി വന്നു, സീറ്റ് പോയി (മാതൃഭൂമി) മാണിക്ക് അടിയറവെച്ചു (ദേശാഭിമാനി), മാണി വരാതെ കീഴടക്കി (കേരള കൌമുദി) ഇങ്ങനെ പോകുന്നു തലക്കെട്ടുകള്‍.

എന്നാല്‍ ഈ തലക്കെട്ടുകള്‍ എല്ലാം വായിക്കുമ്പോഴും എന്റെ മനസില്‍ മുഴങ്ങുന്ന തലക്കെട്ട് പഴയ ഒരു വീക്ഷണം എഡിറ്റോറിയലിന്‍റേതാണ്: “മാണി എന്ന മാരണം”. 2017 ജൂണിലാണ് ഈ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. അതിങ്ങനെ പറയുന്നു; “യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ കെഎം മാണി ശ്രമം നടത്തിയിട്ടുണ്ടെന്ന കേരള കോണ്‍ഗ്രസ്സ് മുഖപത്രത്തിന്റെ വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ് വിളംബരം ചെയ്യുന്നത്. മുന്നണിക്കകത്ത് നിന്നും തര്‍ക്കിച്ചും വിലപേശിയും അനര്‍ഹമായ പലതും നേടിയ കെഎം മാണി രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടിലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. കേരള കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്പ് കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു നേതാവ് പോലും ഉണ്ടാകില്ല.” ഇങ്ങനെ പോകുന്നു ‘ശബ്ദതാരാവലി’ സമൃദ്ധമായ പത്രാധിപക്കുറിപ്പ്.

എന്തായാലും ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു ജൂണ്‍ മാസത്തില്‍ മാണിയുമായി ‘വണ്‍ ടൈം സെറ്റില്‍മെന്റി’ന് സംസ്ഥാന കോണ്‍ഗ്രസ്സിലെ മൂവര്‍ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലേ ദേശീയ തലത്തില്‍ ‘ത്യാഗി’ വേഷം ധരിച്ചു നിറഞ്ഞാടുന്ന രാഹുലിനെയും നേതൃത്വത്തെയും പറഞ്ഞു ‘പറ്റിക്കാന്‍’ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു. അവര്‍ പറഞ്ഞത് ഇതായിരിക്കാം. ‘ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാല പ്രതിപക്ഷ ബദലില്‍ മാണി അനിവാര്യം. മാണിയുടെ പ്രഭാവം കേരളത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. ക്രിസ്ത്യാനികളും റബ്ബറും ഉള്ള എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മാണി പ്രഭാവം അലയടിക്കും. കേരളത്തില്‍ മധ്യ തിരുവിതാംകൂറില്‍ മാണി മഹാമേരു. പള്ളിയും പട്ടക്കാരും കാല്‍ക്കീഴില്‍. മാണിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിലംതൊടില്ല. ചെങ്ങന്നൂരമ്മയാണെ സത്യം.’

ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞതും ഏകദേശം ഇതേ മട്ടിലുള്ള കാര്യങ്ങളാണ്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എന്നാണ് രമേശ് ചെന്നിത്തലയും പറഞ്ഞത്.

കാനത്തിന്റെ മിഷന്‍ കുഞ്ഞുമാണി; ഒരു രാഷ്ട്രീയ കച്ചവടക്കാരനെ തീര്‍ത്ത കഥ

എന്തായാലും എന്നത്തേയും പോലെ കോണ്‍ഗ്രസ്സില്‍ വലിയ കലാപത്തിന് തീരുമാനം വഴിവെച്ചിരിക്കുന്നു എന്നാണ് ഇന്നലെ മുതലുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആത്മാഭിമാനം പണയപ്പെടുത്തി എന്ന് വിഎം സുധീരനും ഉമ്മന്‍ ചാണ്ടിയുടെ ഗൂഡാലോചന എന്ന് പി ജെ കുര്യനും പറഞ്ഞു കഴിഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജയന്ത് രാജി വെച്ചു. കോണ്‍ഗ്രസ് നന്നാകുമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകാനും തായ്യാറെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചാനല്‍ ചര്‍ച്ചയില്‍ ത്യാഗത്തിന്റെ പ്രതിരൂപമായി. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എം എം ഹസ്സന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. ആത്മഹത്യാപരം എന്നു ഹൈബി ഈഡന്‍. യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എതിര്‍പ്പ് വ്യക്തമാക്കി. ഇങ്ങനെ പോകുന്നു കൊട്ടാര കലാപ രംഗങ്ങള്‍…

ഇതെല്ലാം കണ്ട് മൂവര്‍ സംഘം ചിരിക്കുന്നുണ്ടാകും. കൊക്കെത്ര കുളം കണ്ടിരിക്കുന്നു. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം ഇങ്ങനെയൊക്കെ മനസില്‍ നിരീച്ച്. എന്നത്തേയും പോലെ കോണ്‍ഗ്രസ്സിലെ കലാപശബ്ദങ്ങള്‍ ചില എല്ലിന്‍ കഷണങ്ങളില്‍ നോക്കി വെള്ളമിറക്കി അവസാനിക്കും എന്നു ദശാബ്ദങ്ങളായി കൂടെക്കിടക്കുന്ന ഈ നേതാക്കള്‍ക്ക് അറിയാം. ഒരു പഴഞ്ചൊല്ല് കൂടി. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ..

എന്തായാലും ഒതുക്കാനുള്ള ഗ്രൂപ്പ് തന്ത്രം, ചതി, വഞ്ചന, കുബുദ്ധി എന്നൊക്കെ വ്യാഖ്യാനിക്കുന്നതിന് മുന്‍പ് യുവ കോണ്‍ഗ്രസുകാരും മൂത്ത കോണ്‍ഗ്രസുകാരും മനസിരുത്തി ഒന്നു ചിന്തിക്കുക.

കുഞ്ഞാലിക്കുട്ടി എന്ന ‘ബ്ലാക്മെയിലര്‍’ പൊളിറ്റിഷ്യന്‍

എന്താണ് ചെങ്ങന്നൂരില്‍ സംഭവിച്ചത്? കഴിഞ്ഞ ദിവസം, “ഉമ്മന്‍ ചാണ്ടി സര്‍ മാത്രമല്ല, ഞാനും സുറിയാനി ക്രിസ്ത്യാനിയാണ്” എന്ന സജി ചെറിയാന്റെ പ്രസ്താവനയുടെ പൊരുള്‍ എന്താണ്? അടുത്ത ലോകസഭാ തിരഞ്ഞെടൂപ്പില്‍ മാണി ഇല്ലെങ്കില്‍ മധ്യകേരളത്തില്‍ എന്താണ് സംഭവിക്കുക? യു ഡി എഫിന്റെ വാട്ടര്‍ ലൂ ആകില്ലേ? ഇങ്ങനെ പോയാല്‍ യുഡിഎഫില്‍ ഞങ്ങളില്ല എന്നു പറഞ്ഞ് ലീഗ് തടി കയ്ച്ചലാക്കിയാലോ? ഒറ്റയ്ക്ക് നിന്നാല്‍ മലപ്പുറത്തെ രണ്ടു സീറ്റില്‍ ഒന്നെങ്കിലും വിജയിക്കമെന്ന ആത്മവിശ്വാസമൊക്കെ ലീഗിനുണ്ട്.

അങ്ങനെ നോക്കുമ്പോ സമീപകാലത്ത് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട ഏറ്റവും ബുദ്ധിപരമായ നീക്കമാണ് രാജ്യസഭ സീറ്റ് നല്‍കി മാണിയെ രാജകീയമായി ആനയിക്കുക എന്നുള്ളത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പ്രതീക്ഷിക്കാമല്ലോ..?

ആപ്പോള്‍ മാണി യുഡിഎഫിന്റെ ഐശ്വര്യം, അല്ല പിന്നെ..!

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മാണി എന്ന മാരണം: മാണിച്ചന്‍ ചെയ്തത് ഉമ്മച്ചന്‍ പൊറുത്താലും തൊമ്മച്ചന്‍ പൊറുക്കില്ല

‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?

കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്

ഇത് ഓപ്പറേഷന്‍ കു.കു.കു.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍