UPDATES

ഓഫ് ബീറ്റ്

ഒടുവില്‍ മാതൃഭൂമി ആ എഡിറ്റോറിയല്‍ എഴുതി, പത്താമത്തെ ദിവസം; പക്ഷേ….

കഴിഞ്ഞ ദിവസം പുരോഗമന കലാ സാഹിത്യ സംഘം നടത്തിയ ഒരു പരിപാടിയില്‍ ഹരീഷ് ഉറപ്പിച്ച് പറഞ്ഞത് താന്‍ മീശ പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിക്കും എന്നു തന്നെയാണ്

കഴിഞ്ഞ ജൂലൈ 21-നാണ് കഥാകൃത്ത് എസ് ഹരീഷ് തന്റെ മീശ എന്ന നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നത് പിന്‍വലിക്കുന്നു എന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹരീഷിനെയും കുടുംബത്തെയും അവഹേളിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപ-ഭീഷണി പോസ്റ്റുകള്‍ വന്നു തുടങ്ങിയിരുന്നു. ബിജെപിയുടെ വക്താവായി ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുള്ള അഡ്വ. ബി ഗോപാലകൃഷ്ണന്‍ ഹരീഷിനെ തന്റെ കയ്യില്‍ കിട്ടിയാല്‍ രണ്ടു പൊട്ടിക്കും എന്നു ആക്രോശിച്ചതും മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന്റെ അന്തിച്ചര്‍ച്ചയിലായിരുന്നു.

അതിനു ശേഷം ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് നോവല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് എന്താണ് മാതൃഭൂമിയുടെ നിലപാട് എന്നതാണ്. എന്തുകൊണ്ടാണ് ആവിഷ്കാര സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കുന്നതിനെതിരെ മാതൃഭൂമിയുടെ പത്രാധിപകുറിപ്പ് വൈകുന്നത്? സ്വാതന്ത്ര്യസമര സേനാനി കെ പി കേശവമേനോന്‍റെ പത്രാധിപത്യത്തില്‍ തുടങ്ങിയ മാതൃഭൂമിയുടെ പത്രാധിപ കസേരയില്‍ പിന്നീട് ഇരുന്നത് കെ കേളപ്പനെയും എന്‍ വി കൃഷ്ണവാര്യരെയും പോലുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ്. അവരുടെയൊക്കെ ഇടപെടലുകള്‍ രാഷ്ട്രീയ-മാധ്യമ ചരിത്രത്തിന്റെ ഭാഗവും.

എന്നിട്ടും മീശയെയും ഹരീഷിനെയും പരാമര്‍ശിച്ചുകൊണ്ട് ഒരു എഡിറ്റോറിയല്‍ എഴുതാന്‍ മാതൃഭൂമി 10 ദിവസം എടുത്തു എന്നത് ആ പത്രം ഉള്ളില്‍ കൊണ്ടുനടക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്.

ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ‘മാതൃഭൂമി ദൌത്യം തുടരുക തന്നെ ചെയ്യും’ എന്ന ആ എഡിറ്റോറിയലിലെ ചില പ്രസക്ത ഭാഗങ്ങള്‍;

ആദ്യ ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു, “സത്യം പറയാനുള്ള മാതൃഭൂമിയുടെ ആര്‍ജ്ജവം ഇതുവരെയും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങളില്‍ അതുയര്‍ത്തിപ്പിടിച്ച മതേതര നിലപാടുകളില്‍ നിന്നു ഒരിക്കലും പിന്തിരിഞ്ഞു നടന്നിട്ടില്ല.”

ഇനി പ്രൌഡമായ ചരിത്രത്തിലേക്ക്, “വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി വൈക്കത്ത് സത്യാഗ്രഹം തുടങ്ങാന്‍ ഒരു മിനിറ്റ് പോലും മാതൃഭൂമിയുടെ സാരഥികള്‍ക്ക് ആലോചിക്കേണ്ടി വന്നിട്ടില്ല. ഗുരുവായൂരില്‍ മാതൃഭൂമിയുടെ പത്രാധിപര്‍ സത്യാഗ്രഹം തുടങ്ങിയത് അവര്‍ണരുടെ ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയാണ്. സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ പോരാടുമെന്ന് ആദ്യത്തെ മുഖപ്രസംഗത്തില്‍ തന്നെ വ്യക്തമാക്കിയ മാതൃഭൂമിക്ക് ഇതൊക്കെ ജന്മദൌത്യങ്ങളാണ്.”

ഇനിയാണ് ഹരീഷ് വിഷയം പ്രതിപാദിക്കുന്ന ഖണ്ഡിക:

“മാതൃഭൂമിയുടെ സാഹിത്യ പ്രസിദ്ധീകരണമായ ആഴ്ചപ്പതിപ്പില്‍ വന്ന ഒരു നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ മാതൃഭൂമിയുടെ അഭിപ്രായമെന്ന മട്ടില്‍ ആളിക്കത്തിച്ചുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ആദ്യത്തെ ആക്രമണം തുടങ്ങിയത്. മാതൃഭൂമിയുടെ പിറവിക്ക് ശേഷം ഒമ്പത് വര്‍ഷം കഴിഞ്ഞാണ് ആഴ്ച്ചപ്പതിപ്പ് തുടങ്ങിയത്. അത് എഴുത്തുകാരുടെ സര്‍ഗ്ഗാത്മക ഭാവനയ്ക്കുള്ള വേദിയായിരുന്നു. എസ് ഹരീഷ് ആഴ്ചപ്പതിപ്പിലെഴുതിയത് ഒരു നോവലാണ്. ഒരു ലേഖനമോ കുറിപ്പോ അല്ലെന്നോര്‍ക്കണം. അതൊരു ലേഖനമാണെന്ന മട്ടില്‍ വളച്ചൊടിച്ച് ദിനപത്രത്തിന് നേരെ കല്ലെറിയാന്‍ ശ്രമിച്ചവരില്‍ മാതൃഭൂമി വായനക്കാരില്‍ കണ്ണുവെച്ചവരുണ്ടായിരുന്നു. മാതൃഭൂമിയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാല്‍ വായനക്കാര്‍ തങ്ങളുടെ കൂടെ വരുമെന്ന് അവര്‍ സ്വപ്നം കണ്ടു. മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്നു അടര്‍ത്തിമാറ്റി പത്രത്തിന്റെ അഭിപ്രായമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് അതോടെ ബോധ്യമായി. കഥാപാത്രങ്ങളുടെ സംഭാഷണം ദിനപത്രത്തിന്റെ തലയില്‍ കെട്ടിവെച്ചാല്‍ മാതൃഭൂമിയുടെ പ്രചാരം കുറയുമെന്ന് കരുതിയവര്‍ ഈ പത്രത്തിന്റെ ചരിത്രപരമായ ദൌത്യം എന്തെന്ന് അറിയാത്തവരാണ്.”

അപ്പോള്‍ അതാണ് കാര്യം. സര്‍ക്കുലേഷന്‍…!

ഇതാ ഒരു പെരുമാള്‍ മുരുഗന്‍, നമ്മുടെ തൊട്ട് മുന്‍പില്‍; നടന്നത് സാഹിത്യത്തിന്റെ ആള്‍ക്കൂട്ടക്കൊല

അവസാനം ഉദ്ധരിച്ച പാരഗ്രാഫിനെ ഇങ്ങനെ ചുരുക്കാം.

1. മീശ ഒരു നോവല്‍ മാത്രമാണ്

2. കഥാപാത്രങ്ങളുടെ സംഭാഷണം മാത്രമാണ് വിഷയം. അത് ലേഖനമോ, കുറിപ്പോ അല്ല

3. ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് ദിനപത്രത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ട.

4. വായനക്കാരില്‍ കണ്ണുവെച്ചുകൊണ്ടുള്ള ഹീന പദ്ധതിയാണെന്ന് ബോധ്യപ്പെട്ടു

5. ഇതുകൊണ്ടൊന്നും മാതൃഭൂമിയുടെ പ്രചാരം കുറയില്ല

ഇനി ചില ചോദ്യങ്ങള്‍.

ഈ കുറിപ്പില്‍ എവിടെയുണ്ട് ഹരീഷിനോടുള്ള ഐക്യദാര്‍ഡ്യം? മാതൃഭൂമിയുടെ വ്യഥ പോലെ പ്രധാനമല്ലേ ഒരു എഴുത്തുകാരന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും? അയാളുടെ വായനക്കാരില്‍ ആരാണ് കണ്ണുവെച്ചത്? അയാളും കുടുംബവും കടന്നുപോയ ഭീതിയുടെ നാളുകളെ, അതിനു കാരണക്കാരായവരെ എന്തുകൊണ്ട് അപലപിച്ചില്ല? എന്തുകൊണ്ട് മൂന്നു ലക്കം പ്രായമുള്ള മീശ പിന്‍വലിക്കാമെന്ന് പറഞ്ഞുവന്ന നോവലിസ്റ്റിന് ഞങ്ങള്‍ ഇത് പ്രസിദ്ധീകരിക്കും എന്നു ആര്‍ജ്ജവത്തോടെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമി തയ്യാറായില്ല? അവര്‍ണരുടെ വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്ത തങ്ങള്‍ കൊന്നത് അര നൂറ്റാണ്ട് കാലം മുന്‍പുള്ള കേരളീയ ദളിത് ജീവിതം ആവിഷ്ക്കരിക്കുന്ന നോവലാണ് എന്ന ബോധ്യം പത്രാധിപര്‍ക്കുണ്ടോ?

കഴിഞ്ഞ ദിവസം പുരോഗമന കലാ സാഹിത്യ സംഘം നടത്തിയ ഒരു പരിപാടിയില്‍ ഹരീഷ് ഉറപ്പിച്ച് പറഞ്ഞത് താന്‍ മീശ പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിക്കും എന്നു തന്നെയാണ്. അതായത് ഹിന്ദുത്വ തീവ്രവാദികളെ പേടിച്ച് നോവലിസ്റ്റ് ഓടിയൊളിച്ചിട്ടില്ല എന്നര്‍ത്ഥം. അപ്പോള്‍ ഓടിയൊളിച്ചത് ആരാണ്?

മാതൃഭൂമി എഡിറ്റോറിയല്‍ ഇങ്ങനെ അവസാനിപ്പിക്കുന്നു, “സമൂഹത്തിന്റെ തുറന്ന അഭിപ്രായങ്ങളുടെ ബഹുസ്വരതയാണ് മാതൃഭൂമിയുടെ ശക്തി. ആവിഷ്കാര സ്വാതന്ത്ര്യം അതിന്റെ മജ്ജയും മാംസവുമാണ്. ആ സംസ്കാരത്തിന്റെ രക്ഷാ ദൌത്യം ഏറ്റെടുത്തുകൊണ്ട് മാതൃഭൂമി അതിന്റെ അക്ഷരലോകത്തെ കാക്കാന്‍ ജാഗ്രതയോടെ നിലകൊള്ളുക തന്നെ ചെയ്യും.”

ഈ വാക്കുകള്‍ ആത്മാര്‍ഥമാണ് എന്നു ഞങ്ങള്‍ വായനക്കാര്‍ വിശ്വസിക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കണം. എന്തിനാണ് ഡോ. എം എം ബഷീറിന്റെ രാമായണ വ്യാഖ്യാനം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി പിന്‍വലിച്ചത്? ഹരീഷിന്റെ മീശ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുമോ?

മാനേജിംഗ് എഡിറ്റര്‍ പിവി ചന്ദ്രന്‍ മറുപടി പറയണമെന്നില്ല. എം പി വീരേന്ദ്രകുമാര്‍ പറഞ്ഞാലും മതി.

എന്‍‌ബി: ഹരീഷിന്റെ, അപ്പന്‍ എന്ന ചെറുകഥാ സമാഹാരം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

ഹാറ്റ്സ് ഓഫ് ഹനാന്‍…! ഇനി മാതൃഭൂമിയോട് ചില ചോദ്യങ്ങള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍