UPDATES

സിനിമ

സിദ്ധിക്കിന് ഇതും അലങ്കാരമാണ്; പക്ഷേ, ഒരു ‘ആക്റ്റിവിസ്റ്റും’ കൂടിയായ മോഹന്‍ലാല്‍ ഈ കാര്യം ഓര്‍ക്കേണ്ടതായിരുന്നു

ഇതുപോലൊരാളുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ നിന്നും ഏതെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ

ഒക്ടോബര്‍ 15-ന് മിഖായേല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചു മാധ്യമ പ്രവര്‍ത്തകരെ കണ്ട നടന്‍ സിദ്ധിക് മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു; “ആഷിഖിന്റെ സെറ്റില്‍ കുഴപ്പമുണ്ടാകും; പ്രശ്നമില്ലാത്തിടത്ത് ആഭ്യന്തര കമ്മിറ്റിയുടെ ആവശ്യമില്ല”. തന്റെ സിനിമാ സെറ്റുകളില്‍ സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തെ പരിഹസിക്കുകയായിരുന്നു നടന്‍.

എന്നാല്‍ തൊട്ടടുത്ത് ആര്‍പ്പോ വിളിച്ചിരിക്കുകയായിരുന്ന കെപിഎസി ലളിതയ്ക്ക് സിദ്ദിഖിനെ ഒന്നു തിരുത്താമായിരുന്നു. എഎംഎഎയില്‍ അങ്ങനെയൊരു സെല്‍ ഉണ്ടെന്ന്. താന്‍ ആണ് അതിന്റെ തലൈവി എന്ന്.

ഇന്നലെ കൊച്ചിയില്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് എഎംഎഎയില്‍ ഇങ്ങനെയൊരു സെല്‍ ഉണ്ടെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. പക്ഷേ അത് എപ്പോഴാണ് രൂപീകരിച്ചത് എന്നത് താരസംഘടനയുടെ പ്രസിഡണ്ട് പറഞ്ഞില്ല.

“അമ്മയില്‍ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി സെല്‍ വേണമെന്ന ആവശ്യം കോടതിയില്‍ ഇപ്പോഴാണ് വരുന്നത്. എന്നാല്‍ നേരത്തെ തന്നെ ഇത്തരമൊരു സെല്‍ രൂപീകരിച്ചിരുന്നു. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് അംഗങ്ങള്‍”, മോഹന്‍ ലാല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഹന്‍ലാല്‍ ഇത് പറയുമ്പോള്‍ തൊട്ടടുത്ത് സിദ്ധിക്ക് ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പഴയ വാക്കുകള്‍ ഇങ്ങനെ; ആഷിഖിന്‍റെ ഷൂട്ടിംഗ് സെറ്റുകളില്‍ ഇത്തരത്തില്‍ പ്രശ്നങ്ങളും പരാതികളും ഉള്ളതുകൊണ്ടായിരിക്കാം ഇത്തരമൊരു തീരുമാനം. ഇത്തരത്തില്‍ സിനിമ രംഗത്തെ സ്ത്രീകള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമം നടക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല. തങ്ങളുടെ സെറ്റുകളില്‍ ഇത്തരമൊരു കമ്മിറ്റിയുടെ ആവശ്യമില്ല.

അങ്ങനെയെങ്കില്‍ എഎംഎംഎയില്‍ സ്ത്രീകള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നല്ലേ സിദ്ധിക്കേ താങ്കളുടെ വാക്കുകളില്‍ നിന്നും മനസിലാക്കേണ്ടത്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ ജയിലില്‍ പോയി നേരില്‍ കണ്ട, മീടൂവില്‍ കുടുങ്ങിയ മുകേഷും ഗണേശനും മാധ്യമ പ്രവര്‍ത്തകരെ തെറി വിളിക്കുമ്പോള്‍ പിന്നില്‍ നിന്നു കൂവി പ്രോത്സാഹിപ്പിച്ച കുക്കു പരമേശ്വരനൊക്കെ അംഗങ്ങളായ കമ്മിറ്റി നേരത്തേ രൂപീകരിച്ചത്? അടൂര്‍ ഭാസിയില്‍ നിന്നും ലൈംഗികാതിക്രമം എറ്റിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയ ലളിതാമ്മയാണ് മലയാള സിനിമാലോകം സ്ത്രീകള്‍ ആനന്ദതുലിതരായി ജീവിക്കുന്ന കിനാശ്ശേരിയാണ് എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അവര്‍ ഇങ്ങനെ പറഞ്ഞതായി രാകേഷ് സനല്‍ അഴിമുഖത്തില്‍ എഴുതുന്നു;

“ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെല്ലാം ഉള്ളി തൊലിച്ചത് പോലെയുള്ളുവെന്നാണ് ലളിത പറയുന്നത്. ഒരു പെണ്‍കുട്ടി നടുറോഡില്‍ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയായ പ്രശ്‌നത്തെയാണ് ലളിത ഉള്ളിത്തൊലി പൊലെ തൊലിച്ച് കളഞ്ഞെതെന്നോര്‍ക്കണം! ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടാനും കുറ്റാരോപിതനായ നടനെതിരെ സംഘടന നടപടികള്‍ സ്വീകരിക്കണമെന്നുമാവിശ്യപ്പെട്ടും കുറച്ച് സ്ത്രീകള്‍ മുന്നോട്ടു വന്നപ്പോള്‍ ഒരു സ്ത്രീയായ ലളിത അവര്‍ക്കുമേല്‍ ചാര്‍ത്തിയ കുറ്റങ്ങള്‍ എന്തൊക്കെയാണെന്നു കൂടി കേള്‍ക്കണം. സംഘടനയില്‍ പറയാനുളള്ളത് സംഘടനയില്‍ പറയാതെ പുറത്തു പറഞ്ഞ് സംഘടനയെ അപഹാസ്യമാക്കി! സംഘടനയുടെ കെട്ടുറുപ്പിനെ തകര്‍ക്കാന്‍ ശ്രമിച്ചു! പരസ്യ അധിക്ഷേപത്തിലൂടെ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി! സംഘടനയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞു! മഹാന്മാരായ താരങ്ങളെ അധിക്ഷേപിച്ച് മറ്റുള്ളവര്‍ക്ക് അവരെ പരിഹസിക്കാന്‍ അവസരമുണ്ടാക്കി! ഇത്യാദി അപരാധങ്ങള്‍ ചെയ്തതിനെല്ലാം മാപ്പ് പറയണമെന്നാണ് ലളിതയുടെ ആവശ്യം.” (വായിക്കൂ: കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?)

ഇതുപോലൊരാളുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ നിന്നും ഏതെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? അതുകൊണ്ടായിരിക്കും ആക്രമിക്കപ്പെട്ട നടി പോലും ഈ ‘പരാതി മുക്കല്‍’ സമിതിയെ സമീപിക്കാതെ താന്‍ തൊഴിലിടത്തില്‍ നേരിട്ട പീഡനങ്ങള്‍ പറയാന്‍ എഎംഎംഎയുടെ ഭാരവാഹികളെ നേരിട്ടു സമീപിച്ചത്. മാത്രമല്ല രാജി വെച്ചതും രാജി വെക്കാത്തതുമായ ഒരു നടിമാരും ഇങ്ങനെയൊരു ആഭ്യന്തര കംപ്ലയിന്‍റ് കമ്മിറ്റി ഉണ്ടെന്ന് ഇതുവരെയും പറഞ്ഞത് കേട്ടിട്ടില്ല. ഇനി ആരും അറിയാതെ ആകുമോ ഈ കമ്മിറ്റി രൂപീകരിച്ചത്? അതുകൊണ്ടായിരിക്കാം ആ ‘അജ്ഞാനി’കള്‍ എഎംഎംഎയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്.

ആ അപകടം മനസിലാക്കിയിട്ടാകണം, ഞങ്ങള്‍ പുറപ്പെട്ടു… അര മണിക്കൂര്‍ മുന്‍പ് പുറപ്പെടണോ? എന്ന ലൈനില്‍ ഇന്നലെ എംഎംഎംഎ പരാതി പരിഹാര സെല്‍ തങ്ങള്‍ നേരത്തെ രൂപീകരിച്ചു എന്നു പ്രഖ്യാപിച്ചത്.

ഇനി, ഒരുപാട് ഡോക്ടറേറ്റുകളും ലെഫ്. കേണല്‍ പദവിയും പത്മപുരസ്കാരമൊക്കെ കിട്ടിയ മഹത് വ്യക്തിയുമായ മോഹന്‍ലാല്‍ അറിയാന്‍;

Sexual Harassment at Work Place (Prevention, Prohibition and Redressal) ആക്ടിന്റെ സെക്ഷന്‍ 4 പ്രകാരം സ്ത്രീകള്‍ ഉള്ള എല്ലാ സംഘടനകളും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണം എന്നാണ്. സര്‍ക്കാര്‍ ബഹുമതികള്‍ ഏറെ കൈപ്പറ്റിയിട്ടുള്ള താങ്കള്‍ക്ക് മറ്റേതൊരു സിനിമാ പ്രവര്‍ത്തകനെക്കാളും ഈ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്; എഎംഎംഎയില്‍ മാത്രമല്ല താങ്കള്‍ അഭിനയിക്കുന്ന ഓരോ സിനിമയുടെ സെറ്റുകളിലും ഇത്തരമൊരു കമ്മിറ്റി ഉണ്ടാക്കാന്‍. അങ്ങനെയൊരു പൌരബോധം താങ്കളില്‍ നിന്നും മലയാളി സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. കാരണം സഹതാരങ്ങളെ പോലെ വെറും സിനിമാ നടന്‍ മാത്രമല്ലല്ലോ താങ്കള്‍, ഒരു ആക്റ്റിവിസ്റ്റും കൂടിയല്ലേ!

കൂടുതല്‍ വായനയ്ക്ക്: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രിയുടെ പ്രസ്താവന വായിക്കുക. (Political parties should form complaints panel: Maneka) സിനിമാ-സാഹിത്യ-മാധ്യമ-രാഷ്ട്രീയ-കായിക മേഖലയില്‍ ഉയര്ന്ന മീടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, തന്റെ സഹപ്രവര്‍ത്തകനായ എം ജെ അക്ബര്‍ രാജി വെച്ചൊഴിയേണ്ടി വന്ന ഘട്ടത്തിലാണ് മനേക ഗാന്ധി “എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഭ്യന്തര പരാതി പരിഹാര സെല്‍” രൂപീകരിക്കണം എന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. ആറ് ദേശീയ പാര്‍ട്ടികള്‍ക്കും 59 പ്രാദേശിക പാര്‍ട്ടികള്‍ക്കും ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു എന്ന് അവര്‍ ഇന്നലെ ട്വീറ്റ് ചെയ്തു.

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

നല്ലനടപ്പിന്റെ അമ്മ ചട്ടുകങ്ങളല്ല മലയാള സിനിമയിലെ ഈ ‘ബ്യൂട്ടിഫുൾ ഹ്യൂമൻ ബീയിങ്സ്’

ഇതാണ് മോഹൻലാലിന്റെ യഥാർത്ഥ മുഖം: രേവതി

ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌

ദിവ്യാ ഗോപിനാഥ് അലന്‍സിയര്‍ക്കെതിരെ എഎംഎംഎയ്ക്ക് പരാതി കൊടുത്തേക്കും

“അയാൾക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നു”: അലൻസിയറിനെതിരെ ആഷിഖ് അബു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍