UPDATES

സിനിമ

മോഹന്‍ലാല്‍ താരസംഘടനയില്‍ നിന്നും രാജി വെക്കുമോ? ദിലീപിനെ ചൊല്ലി എഎംഎംഎയില്‍ അടി കടുക്കുന്നു

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ഒരു കാര്യം മനസിലാക്കി തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. വെള്ളിത്തിരയിലെ പ്രതിച്ഛായ അല്ല തങ്ങള്‍ക്കിപ്പോള്‍ പൊതുമനസ്സില്‍ എന്നത്

മോഹന്‍ലാല്‍ എഎംഎംഎയില്‍ നിന്നും രാജി വെക്കുമോ? അങ്ങനെയൊരു നീക്കം നടന്നു എന്നാണ് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലെ ഒന്നാം പേജ് വാര്‍ത്ത. ദിലീപിനെ ചൊല്ലി രൂപപ്പെട്ട താര സംഘടനയിലെ ചേരിതിരിവ് മാരക രൂപം പ്രാപിച്ചു കഴിഞ്ഞു എന്ന സൂചനയാണ് മാതൃഭൂമി റിപ്പോര്‍ട്ട് തരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശൂര്‍ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് താര സംഘടന മുഖ്യമന്ത്രിക്ക് കത്തുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കം അട്ടിമറിക്കപ്പെട്ടു എന്നാണ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നവര്‍ ആരോപിക്കുന്നത്.

“മുഖ്യമന്ത്രിക്ക് നിവേദനം നല്കാന്‍ തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹന്‍ലാല്‍ ക്ഷുഭിതനായി. രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ അനുനയനീക്കങ്ങള്‍ക്കൊടുവില്‍ മോഹന്‍ ലാല്‍ രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറി.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഷാകുലനായ മോഹന്‍ലാല്‍ ദിലീപിനെ ഉദ്ദേശിച്ച് ഇങ്ങനെ ചോദിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു, “ഇയാള്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? എല്ലാ കാര്യങ്ങളിലും ഇടപെട്ട് അട്ടിമറി ശ്രമം നടത്തുന്നത് എന്തിന്?”

നടിയെ അനുകൂലിക്കുന്നവര്‍ കോടതിയില്‍ കക്ഷി ചേര്‍ന്നത് മോഹന്‍ലാലിന്റെ പിന്തുണയോടെയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ ദിവസം എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍കുട്ടി എന്നിവര്‍ ഹൈക്കോടതിയില്‍ കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണം എന്നാണ് അവരുടെ ആവശ്യം.

എന്നാല്‍ താന്‍ ഇപ്പോള്‍ സംഘടനയില്‍ അംഗമല്ലെന്നും തനിക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നും പ്രോസിക്യൂട്ടറെ നിയമിച്ചത് തന്റെ കൂടി അഭിപ്രായം കണക്കിലെടുത്താണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അതോടെ രണ്ടു യുവനടിമാര്‍ കേസിന്റെ വാദം നീട്ടിക്കൊണ്ടുപോകാന്‍ ദിലീപിന് വേണ്ടി നടത്തിയ ഗൂഢനീക്കമാണ് ഇതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ താര സംഘടനയില്‍ പുകയുന്ന ചേരിപ്പോരിന്റെ പുകയുടെ ഫലമാണ് ഇതെന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട് പറയുന്നത്.

എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ്. നടി ആക്രമിക്കപ്പെടുകയും അതിന്റെ പേരില്‍ ദിലീപ് അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തതോടെ മലയാള സിനിമാ വ്യവസായം പ്രകടമായും രണ്ട് തട്ടിലായിക്കഴിഞ്ഞു. ഒരു വ്യവസായമെന്ന നിലയില്‍ വേണ്ട നിയതമായ വ്യവസ്ഥകളോ സംവിധാനങ്ങളോ ഗവണ്‍മെന്റ് ഇടപെടലോ ഇല്ലാത്ത ഫിലിം ഇന്‍ഡസ്ട്രി കുറച്ച് പേരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കനുസരിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ആരാധക വെട്ടുകിളി കൂട്ടങ്ങളെ തുറന്നു വിട്ടു സഹപ്രവര്‍ത്തകരുടെ സിനിമകളെ കൂവി തോല്‍പ്പിക്കുന്ന പരിപാടി വരെ വ്യാപകമായി നടക്കുന്നു. നേരത്തെ തിയറ്ററുകള്‍ക്കകത്താണ് ഈ കൊട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ സൈബര്‍ കൊട്ടേഷനാണ് എന്നു മാത്രം. നടി പാര്‍വ്വതി അഭിനയിച്ച ‘മൈ സ്റ്റോറി’ ഈ സൈബര്‍ ഗുണ്ടാ ആക്രമണത്തിന്റെ അവസാനത്തെ രക്തസാക്ഷിയാണ്.

മാതൃഭൂമി വാര്‍ത്ത വിശ്വസിക്കാമെങ്കില്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ഒരു കാര്യം മനസിലാക്കി തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. വെള്ളിത്തിരയിലെ പ്രതിച്ഛായ അല്ല തങ്ങള്‍ക്കിപ്പോള്‍ പൊതുമനസ്സില്‍ എന്നത്. ഇനിയും ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ തങ്ങളുടെ കച്ചോടം പൂട്ടിപ്പോവുക തന്നെ ചെയ്യും. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത് മാത്രമാണു ആകെയുള്ള ആശ്വാസം. (ആറ് ചലചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഒപ്പ് വെച്ചു നിവേദനം കൊടുത്തിട്ടും ഗവണ്‍മെന്‍റ് മുഖ്യാതിഥി വിഷയത്തില്‍ ഉറച്ചു നിന്നത് ഓര്‍ക്കുക)

സഹായിച്ചേ അടങ്ങൂ എന്നു ഹണിയും രചനയും; വേണ്ടെന്നു നടി; എഎംഎംഎയുടെ ‘ലീഗല്‍ ത്രില്ലര്‍’ ആര്‍ക്കുവേണ്ടി?

മോഹൻലാലിനെ മോശക്കാരനാക്കുന്നുവത്രേ! ആ പണി അദ്ദേഹം തന്നെ വൃത്തിയായി ചെയ്തുകൊണ്ടിരിക്കുന്നുണ്ടല്ലോ…

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍