UPDATES

സിനിമ

‘വെടി’കൊണ്ട മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റ് ബേബിയോട്; “കരയിപ്പിക്കല്ലടാ ഡാഷ് മോനേ…”

എല്ലാവരും പണി എടുക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആണല്ലോ എന്നത് മാത്രമാണു ആശ്വാസം

അങ്ങനെ പെരുമഴയെയും വിവാദങ്ങളെയും തൃണവദ്ഗണിച്ച് മുഖ്യാതിഥി മോഹന്‍ലാല്‍ ഇന്നലെ തിരുവനന്തപുരം കനകക്കുന്നിലെ മലയാള സിനിമാ പുരസ്കാര ദാന വേദിയിലെത്തി. എവിടെപ്പോയി പ്രതിഷേധക്കാര്‍ എന്ന മുദ്രാവാക്യവുമായി വെട്ടുകിളി കൂട്ടങ്ങളും പുറത്തു സജീവമായി. അങ്ങനെ ‘കളങ്കിതമായ’ ചലചിത്ര പ്രതിഭകളെ ആദരിക്കുന്ന വേദിയില്‍ നായകനെ വെടിവെച്ചു അലന്‍സിയര്‍ വില്ലനായി അതോ മലയാള സിനിമാ സര്‍ക്കസ് കൂടാരത്തിലെ കോമാളിയോ? അതുമല്ലെങ്കില്‍ ആന്‍റി ഹീറോയെ വെടിവെച്ചിട്ട സൂപ്പര്‍ ഹീറോയോ?

നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചു വാ തുറക്കുന്ന ചുരുക്കം ചില നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് അലന്‍സിയര്‍. ബാബറി മസ്ജീദ് തകര്‍ത്തപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും നിലവിളിച്ചുകൊണ്ടോടിയും ദേശീയ ഗാന വിവാദത്തില്‍ പീപ്പി ഊതി കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡില്‍ നാടക പ്രതിഷേധം സംഘടിപ്പിച്ചും തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച നടനാണ് അലന്‍സിയര്‍. ”ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ്… എന്നിട്ടും എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന്… നിങ്ങളും വരുന്നോ..?” എന്നും ചോദിച്ചായിരുന്നു അലന്‍സിയറിന്റെ പ്രകടനം.

പക്ഷേ ഇന്നലെ കാണിച്ച ‘ഷോ’ (മനോരമ ഭാഷ) യഥാര്‍ത്ഥത്തില്‍ എന്താണ്? മോഹന്‍ലാലിനെതിരെയുള്ള സോറി മുഖ്യാതിഥിക്കെതിരെയുള്ള പ്രതിഷേധമോ അതോ സര്‍ക്കാര്‍ ഒപ്പമുള്ള സൂപ്പര്‍താരത്തിനെതിരെ (വീണ്ടും സോറി, മുഖ്യാതിഥി) ഹര്‍ജി ഒപ്പിട്ടവരെ ട്രോളിയതോ?

എന്തായാലും മോഹന്‍ലാലിനെതിരെ താന്‍ നടത്തിയത് പ്രതിഷേധമായി കാണേണ്ട എന്നു അലന്‍സിയര്‍ പറഞ്ഞു എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് തുടങ്ങുന്നത് പുരസ്കാര വേദിയില്‍ അലന്‍സിയര്‍ പ്രതിഷേധിച്ചു എന്നാണ്. മനോരമ റിപ്പോര്‍ട്ട് നോക്കൂക, “മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടു വട്ടം വെടിയുതിര്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവനടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി” (സ്റ്റേജിലേക്ക് വെടിയുതിര്‍ത്ത അലന്‍സിയറുടെ മുഖഭാവം ഇത്ര കൃത്യമായി മനോരമ ലേഖകന്‍ എങ്ങനെ പിടിച്ചെടുത്തു എന്നു ആശ്ചര്യ ചിഹ്നം.)

അതിനു ശേഷം അലന്‍സിയര്‍ സ്റ്റേജിലേക്ക് വലിഞ്ഞു കയറാന്‍ ശ്രമിച്ചപ്പോള്‍ ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു വട്ടം ചാടി പിടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വതവേ ഇത്തരം കോപ്രായങ്ങള്‍ കണ്ടാല്‍ ഉഷ ഉതുപ്പിന്റെ ഗാനമേളയായി കരുതാറുള്ള മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു എന്നും മനോരമ എഴുതുന്നു.

ഇനി വെടികൊണ്ട മോഹന്‍ലാല്‍ ഇന്നലെ എന്താണ് പറഞ്ഞതെന്ന് നോക്കാം, “നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്കു ആരുടേയും അനുവാദം ആവശ്യമില്ല. ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നയാളാണ്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി നിങ്ങളില്‍ നിന്നു അകന്നുപോയ ആളല്ല. എന്റെ സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണാന്‍ എനിക്കു അവകാശമുണ്ട്, ആഹ്ലാദമുണ്ട്, അഭിമാനമുണ്ട്. കാലം തീരുമാനിച്ചാല്‍ അര നിമിഷം തുടരില്ല” നിറഞ്ഞ കരഘോഷത്തിനും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ വികാരഭരിതനായി മോഹന്‍ലാല്‍ പറഞ്ഞു എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് തിരുവനന്തപുരം എന്തുകൊണ്ട് തനിക്ക് പ്രിയപ്പെട്ടതാണ് എന്നു മോഹന്‍ലാല്‍ ഇങ്ങനെ വിശദീകരിക്കുന്നു, “ഈ മണ്ണില്‍ നിന്നാണ് ഞാന്‍ കലാരംഗത്തേക്ക് എത്തിയത്. സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന എന്റെ അച്ഛന്‍ ഫയലുകളുമായി ഈ വഴിയേ നടന്നു. എന്റെ അമ്മ ആരോഗ്യമുള്ളിടത്തോളം ഇതുവഴി അമ്പലങ്ങളില്‍ പോയി. എന്റെ അച്ഛനും ചേട്ടനും അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്.”

എഴുതിവായിച്ച പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. താനെഴുതുന്ന ബ്ലോഗുകളുടെ താളവും ലയവും വൈകാരികതയും തന്റെ പ്രസംഗത്തില്‍ കൊണ്ടുവരുന്നതില്‍ ലാല്‍ വിജയിച്ചിരിക്കുന്നു.

ഒരു ചോദ്യം, താരമേ ഇത്രയേറെ ടിയര്‍ ജെര്‍ക്കര്‍ ആക്കേണ്ടതുണ്ടായിരുന്നോ ആ പ്രസംഗം? അത്രയൊന്നും താങ്ങാനുള്ള മനക്കട്ടിയില്ലാത്തവരാണ് മലയാളികള്‍. വെള്ളിത്തിരയില്‍ താങ്കളുടെ സംഭാഷണങ്ങള്‍ക്കൊപ്പം കരഞ്ഞും ചിരിച്ചും കളിപറഞ്ഞും തല്ലുകൂടിയും ഒഴുകിയവരാണ് ഞങ്ങള്‍. ഉഡായിപ്പുകള്‍ നിര്‍ത്തി ഗോപാലകൃഷ്ണന്‍ ഇങ്ങനത്തെ ഒരു പ്രസംഗം കാച്ചിയാല്‍ തീരാവുന്ന പിണക്കമേ ഞങ്ങള്‍ മല്ലൂസിനുള്ളൂ..

ഇത്രയേ പറയാനുള്ളൂ, “കരയിപ്പിക്കല്ലടാ ഡാഷ് മക്കളേ…”

എന്‍ബി: എല്ലാവരും പണി എടുക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആണല്ലോ എന്നത് മാത്രമാണു ആശ്വാസം.

വെടിവെച്ചത് മോഹൻലാലിനെയല്ല, ഒപ്പിട്ടവരെ; സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയതല്ല, മൂത്രമൊഴിക്കാന്‍ പോയത്: അലൻസിയർ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍