UPDATES

ട്രെന്‍ഡിങ്ങ്

മൌനികളാകാന്‍ മനസില്ലാത്തവര്‍; ഫലം എന്താകുമെന്ന് കണ്ടറിയാം

ഇന്നലെ ഒരു പുറത്തുപോവലും മറ്റൊരു പുറത്താക്കലും കൊണ്ട് ശ്രദ്ധേയമായിരുന്നു കേരളത്തിന്റെ വാര്‍ത്താലോകം. രണ്ടും പ്രതീക്ഷിക്കപ്പെട്ടതും.

ഇന്നലെ ഒരു പുറത്തുപോവലും മറ്റൊരു പുറത്താക്കലും കൊണ്ട് ശ്രദ്ധേയമായിരുന്നു കേരളത്തിന്റെ വാര്‍ത്താലോകം. രണ്ടും പ്രതീക്ഷിക്കപ്പെട്ടതും.

കേരളത്തില്‍ നിന്നുള്ള താരതമ്യേന ഇപ്പോള്‍ അത്ര ശക്തമൊന്നുമല്ലാത്ത ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവ് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് രാജ്യസഭ എംപി സ്ഥാനം രാജിവെച്ചതായി നടത്തിയ പ്രഖ്യാപനത്തിന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഇളക്കങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, തന്‍റെ രാജി അറിയിച്ചുകൊണ്ട് ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്രകുമാര്‍ ഇന്നലെ പറഞ്ഞതിന്റെ രാഷ്ട്രീയ പ്രാധാന്യം പക്ഷേ വളരെ വലുതാണ്. പ്രത്യേകിച്ചും നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍, വേണമെങ്കില്‍ തലനാരിഴയ്ക്ക് എന്നു പറയാവുന്ന മട്ടില്‍ ബിജെപി വിജയിച്ച സാഹചര്യത്തില്‍.

സംഘപരിവാറും ബിജെപിയും പിന്തുണയ്ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ അംഗമായി രാജ്യസഭയില്‍ തുടരാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് എംപി വീരേന്ദ്രകുമാര്‍ പറഞ്ഞത്.

“മനഃസാക്ഷി അനുസരിച്ചാണ് രാജിവെച്ചത്.” വീരേന്ദ്രകുമാര്‍ പറഞ്ഞു. നിയമപരമായി നേരിടാമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും താന്‍ അതിനു തയ്യാറായിരുന്നില്ല എന്നു വീരന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വീരേന്ദ്രകുമാറിന്റെ രാജി ബിജെപി വിരുദ്ധ വിശാല മുന്നണിക്ക് കുറച്ചെങ്കിലും ഊര്‍ജ്ജം പകരും എന്നു കരുതാം. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഈഗോയുടെ പേരിലും പ്രാദേശിക താത്പര്യങ്ങളുടെ പേരിലും ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റുകള്‍ മതേതര ജനാധിപത്യ മുന്നണി എന്ന ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ബിജെപി വിരുദ്ധ പ്രചരണങ്ങള്‍ക്ക് ശക്തി പകരും എന്ന കാര്യത്തില്‍ സംശയമില്ല.

എം.പി വീരേന്ദ്ര കുമാര്‍/അഭിമുഖം: എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; യുഡിഎഫിന് പിന്തുണ പുറത്തുനിന്നു മാത്രം

കേരളത്തില്‍ വീരേന്ദ്രകുമാര്‍ എവിടെ പോകുന്നു എന്നത് ഒരു പ്രാദേശിക വിഷയം മാത്രമായി അവശേഷിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനുണ്ടാക്കിയ ഉണര്‍വ്വിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുന്നണി മാറ്റം എന്നൊരു തീരുമാനത്തിലേക്ക് എത്താന്‍ വീരന്‍ ജനതാദള്‍ രണ്ടാമതൊന്നു ആലോചിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ മുഖശ്രീ ആയ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തതാണ് ഇന്നലത്തെ മറ്റൊരു പ്രധാന സംഭവവികാസം. സര്‍വ്വീസ് നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് സര്‍ക്കാരിനെതിരെ പൊതുവേദിയില്‍ ശബ്ദിച്ചു എന്നുള്ളതാണ് കുറ്റം. സാങ്കേതികമായി സര്‍ക്കാര്‍ പക്ഷത്തു ന്യായമുണ്ട് എന്നു പറയുമ്പോഴും പലപ്പോഴും ജനപക്ഷ ശബ്ദമായാണ് ജേക്കബ് തോമസിന്റെ ശബ്ദം ഉയരുന്നത് എന്ന കാര്യം സര്‍ക്കാര്‍ ചിന്തിക്കണമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസിന്റെ സര്‍ക്കാര്‍ വിരുദ്ധ മൊഴികളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ തന്നെ മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വായ മൂടി കെട്ടാന്‍ ശ്രമിക്കുന്നു എന്ന വൈരുദ്ധ്യവുമുണ്ട്.

വീരന്‍ വരുന്നു എന്നു കേള്‍ക്കുന്നു, കാനം സൂക്ഷിച്ചോളൂ കേട്ടോ…

“സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നു” എന്നാണ് തിരുവനന്തപുരത്ത് നടന്ന അഴിമതി വിരുദ്ധ സെമിനാറില്‍ സംസാരിച്ചുകൊണ്ട് ഐ എം ജി ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ് പറഞ്ഞത്. ഒഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാന ഗവണ്‍മെന്‍റ് അവഗണിച്ചു എന്ന വിവാദം കത്തി നില്‍ക്കുമ്പോഴാണ് ജേക്കബ് തോമസിന്റെ പ്രസ്തുത പരാമര്‍ശം.

“ഒഖി ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചു എന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടോ എന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ അധികാരികളുടെ പ്രതികരണം?” “ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് അധികാരത്തില്‍ തുടരുന്നു എന്നാണ് ജനം ചോദിക്കുന്നത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികള്‍”. ജേക്കബ് തോമസ് അന്ന് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും എതിരെ തീരമേഖലയില്‍ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ വന്ന ഈ പരാമര്‍ശങ്ങള്‍ ലക്ഷ്യമിട്ടത് ആരെ എന്നത് വ്യക്തമായിരുന്നു.

ജേക്കബ് തോമസ് എപ്പോഴും ഇങ്ങനെയാണ്, ഒന്നും നേരെ ചൊവ്വെ പറയില്ല

“അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കലാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ട് വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും” എന്ന വാചകങ്ങള്‍ കൂടി ആയതോടെ സിപിഎമ്മിനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം കൂടി ജേക്കബ് തോമസിനുണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഒരു വടി കൊടുത്ത് അടി വാങ്ങല്‍ തന്ത്രം.

എന്തായാലും സര്‍ക്കാര്‍ നടപടിയോട് രൂക്ഷമായിട്ടു തന്നെയാണ് ജേക്കബ് തോമസ് ഇന്നലെ പ്രതികരിച്ചത്. “അഴിമതിക്കെതിരെ മൌനി ആയിട്ടിരിക്കാന്‍ മനസില്ല. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇതൊക്കെ സ്വാഭാവികം. അഴിമതിക്കെതിരെ തുടര്‍ന്നും സംസാരിച്ചു കൊണ്ടിരിക്കും. അതില്‍ തെറ്റൊന്നും കാണുന്നില്ല”.

ഈ മാസം 31നു വിരമിക്കുന്ന ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഭാഗ്യം ചെയ്ത ഉദ്യോഗസ്ഥനാണ്. തനിക്കെതിരെ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അഴിമതി ആരോപണം ഉന്നയിച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പ് വെയ്ക്കാന്‍ പറ്റിയിരിക്കുന്നു അദ്ദേഹത്തിന്.

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍