UPDATES

വായന/സംസ്കാരം

എം സുകുമാരന്‍ മരിക്കുന്നില്ല

വിപ്ലവം സ്വപ്നം കണ്ട എം സുകുമാരന്റെ മേല്‍ അന്ന് നക്സല്‍ എന്ന പട്ടം ചാര്‍ത്തി കൊടുത്തു. ഇന്ന് കീഴാറ്റൂരില്‍ അതിജീവന സമരം നടത്തുന്നവരെയും മാവോയിസ്റ്റുകള്‍ എന്നാണ് സിപിഎം വിളിക്കുന്നത്.

ത്രിപുരയിലെ 25 വര്‍ഷത്തെ ഭരണത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ പടിയിറക്കവും മുംബയില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ചും കണ്ണൂരിലെ കീഴാറ്റൂര്‍ എന്ന പാര്‍ട്ടി ഗ്രാമത്തില്‍ മണ്ണിനും വെള്ളത്തിനും വേണ്ടി അതിജീവന പോരാട്ടം നടത്തുന്ന ഒരു ചെറുസംഘം മുന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്ത, ഇടതു രാഷ്ട്രീയം അതിന്റെ അപചയത്തിന്റെയും ആന്തരിക വൈരുദ്ധ്യത്തിന്റെയും ഒപ്പം പ്രത്യാശയുടെയും കാലത്തിലൂടെ കടന്നു പോകുമ്പോഴാണ് എം സുകുമാരന്‍ മരണപ്പെട്ടത് എന്ന യാദൃശ്ചികതയിലെ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിക്കുക കൌതുകകരമാണ്.

മാധ്യമങ്ങളിലും പൊതുസംവാദങ്ങളിലും പ്രത്യക്ഷപ്പെടാത്ത 1982ല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പിന്നീട് 1992ല്‍ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരികയും വീണ്ടും 1994 മുതല്‍ എഴുത്തിന്റെ ലോകത്ത് നിന്നും പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷനാവുകയും ചെയ്ത എം സുകുമാരന്‍ സാഹിത്യ തത്പ്പരരായ പുതിയ തലമുറയ്ക്ക് പോലും ചിലപ്പോള്‍ അജ്ഞാതനായിരിക്കും.

‘സാഹിത്യത്തിലെ ഒളിവുജീവിതം’ എന്നാണ് പല എഴുത്തുകാരും സുകുമാരന്റെ ജീവിതത്തെ നിര്‍വ്വചിക്കാന്‍ ഇഷ്ടപ്പെടുന്നത്. പ്രതികരിക്കാന്‍ പലതുള്ളപ്പോള്‍ പലരും പ്രതികരണത്തിന്റെ ശബ്ദഘോഷം ഉയര്‍ത്തിയപ്പോള്‍ പലര്‍ക്കും എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു അദ്ദേഹം. സാധാരണ എഴുത്തുകാരുടെ രീതിയില്‍ നിന്നും വ്യത്യസ്തമായ ജീവിതവും എഴുത്തുമായിരുന്നു അദ്ദേഹത്തിന്റേത്. മാളത്തില്‍ പതുങ്ങിയിരുന്നു നടത്തുന്ന ഗറില്ലാ യുദ്ധം പോലെയായിരുന്നു അത്.” മാതൃഭൂമിയില്‍ പി കെ ജയചന്ദ്രന്‍ എഴുതുന്നു.

1972ല്‍ ഏജീസ് ഓഫീസില്‍ 45 ദിവസം നീണ്ട പെന്‍ഡൌണ്‍ സമരം എം സുകുമാരന്റെ ജീവിതത്തെ മാറ്റിമറിച്ചു. കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരിലും സമരത്തിന്റെ നേതാവ് എന്ന നിലയിലും 1974 ഏപ്രില്‍ 22നു സുകുമാരന്‍ പിരിച്ചുവിടപ്പെട്ടു. രാജ്യം അടിയന്തിരാവസ്ഥയുടെ സര്‍വ്വാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനകളില്‍ ഒന്നായി എം സുകുമാരന്‍ എന്ന പോരാളിയുടെ പുറത്താക്കല്‍.

മുഖ്യധാര ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ലാവ് പിടിക്കുന്നത് അകക്കണ്ണാലെ കാണുന്നുണ്ടായിരുന്നു സുകുമാരന്‍. അങ്ങനെയാണ് ശേഷക്രിയ വരുന്നത്. അദ്ദേഹത്തിന്റെ ആത്മാമ്ശം നിറഞ്ഞ നോവല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നേരെ തിരിച്ചു വെച്ച കണ്ണാടിയായി.

എം സുകുമാരന്‍ അന്തരിച്ചു

“ശേഷക്രിയ അടിച്ചുവരുമ്പോള്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഉലഞ്ഞുതുടങ്ങി. നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കണം എന്നും പലരും ആവശ്യപ്പെട്ടെങ്കിലും സുകൂമാരന്‍ തയ്യാറായില്ല. പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി ദേശാഭിമാനി ഒരു ചെറു വാര്‍ത്ത നല്‍കി.” (മാതൃഭൂമി)

അതേ ദേശാഭിമാനിയില്‍ എ സുരേഷ് എഴുതിയ ‘വിശപ്പിന്റെ രാഷ്ട്രീയം’ എന്ന ചെറു കുറിപ്പും അനുശോചിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശവും കൊടുത്തിട്ടുണ്ട്. ‘ഭക്ഷണം കിട്ടാത്തത് അത് തട്ടിപ്പറിക്കപ്പെട്ടതിനാലാണ്’ എന്നു തിരിച്ചറിഞ്ഞ, ആ തിരിച്ചറിവു പീഡാനുഭവമായി ഏറ്റെടുക്കേണ്ടി വന്ന കഥാകാരന്റെ അന്തസംഘര്‍ഷങ്ങളെ കുറിച്ചാണ് സുരേഷിന്റെ കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുമായി അകന്നതിന്റെ യാതൊരു സൂചനകളും അതിലില്ല. ചരിത്രത്തെ മൌനം കൊണ്ട് മറച്ചുകളയാന്‍ സാധിക്കില്ല.

എന്നാല്‍ പിണറായി വിജയന്റെ കുറിപ്പില്‍ എം സുകുമാരന്‍ ഉയര്‍ത്തിയ വിയോജിപ്പുകളെ കുറിച്ചുള്ള പരോക്ഷ സൂചന നല്കുന്നുണ്ട്. “കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗങ്ങൾക്ക് കനത്ത നഷ്ടമാണ് എം സുകുമാരന്റെ വിയോഗം. സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഒരു ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാൻ എം. സുകുമാരന് സാധിച്ചിരുന്നു. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും നിന്ന സാഹിത്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും പൊതുവായ മാനവികമൂല്യങ്ങൾ, സാമൂഹികപുരോഗതി തുടങ്ങിയവയുടെ കാര്യത്തിലുള്ള പ്രതിബദ്ധത അദ്ദേഹം എല്ലാ ഘട്ടത്തിലും ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ ശേഷക്രിയ പോലുള്ള കൃതികൾ വ്യത്യസ്തങ്ങളായ വീക്ഷണകോണുകളിലൂടെ വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവിൽ പുരോഗമനപക്ഷം ശക്തിപ്പെട്ട് മുന്നോട്ടുപോകേണ്ടത് നാടിന്റെയും സമൂഹത്തിന്റെയും ആവശ്യമാണെന്ന കാര്യത്തിൽ എം. സുകുമാരന് രണ്ടുപക്ഷം ഇല്ലായിരുന്നു.”

1962ല്‍ എം സുകുമാരന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ച മലയാള മനോരമ ശേഷക്രിയയെ കുറിച്ചു ഇങ്ങനെ എഴുതുന്നു, “കുഞ്ഞയ്യപ്പന്‍ കണ്ട ചില കഥാപാത്രങ്ങള്‍ സിപിഎമ്മിലെ നേതാക്കള്‍ തന്നെയായിരുന്നുവെന്ന് പിന്നീട് വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ചില കഥാപാത്രങ്ങള്‍ മലയാളിക്ക് ചിരപരിതരായിരുന്നു.”

വര്‍ഷങ്ങള്‍ക്കിപ്പുറം ശേഷക്രിയ എഴുതേണ്ടിയിരുന്നില്ല എന്നു തോന്നുണ്ടോ എന്ന ചോദ്യത്തിന് സുകുമാരന്‍ ഇങ്ങനെ മറുപടി പറഞ്ഞു; “ഇന്നുമതിന് പ്രസക്തിയുണ്ട്. അന്നത്തേതിനെക്കാള്‍ പാര്‍ട്ടി ജീര്‍ണിച്ചു. അന്ന് പറഞ്ഞ വിമര്‍ശനങ്ങള്‍ ഒക്കെ ഇന്ന് നിലനില്‍ക്കുന്നു.” (മലയാള മനോരമ)

വിപ്ലവം സ്വപ്നം കണ്ട എം സുകുമാരന്റെ മേല്‍ അന്ന് നക്സല്‍ എന്ന പട്ടം ചാര്‍ത്തി കൊടുത്തു. ഇന്ന് കീഴാറ്റൂരില്‍ അതിജീവന സമരം നടത്തുന്നവരെയും മാവോയിസ്റ്റുകള്‍ എന്നാണ് സിപിഎം വിളിക്കുന്നത്.

എം സുകുമാരന്‍ മരിക്കുന്നില്ല.

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍