UPDATES

ഗുജറാത്ത് ‘ദുരന്ത’ത്തില്‍ നിന്നും രക്ഷപ്പെട്ട മോദി 20 ദിവസങ്ങള്‍ക്ക് ശേഷം ഒഖി ദുരന്ത ഭൂമിയിലേക്ക്

ഇന്ന് പൂന്തുറയില്‍ എത്തുന്ന പ്രധാനമന്ത്രിയോട് മത്സ്യത്തൊഴിലാളികളുടെ ആവശ്യമായ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക എന്നത് ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുമോ?

ഒഖി ദുരന്തത്തിന്റെ ദിനങ്ങളില്‍ ഗുജറാത്തില്‍ ബിജെപിക്ക് ഉണ്ടായേക്കാവുന്ന തിരഞ്ഞെടുപ്പ് ദുരന്തത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ വാളില്‍ ഒഖിയുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് ഇടാന്‍ തന്നെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തേണ്ടി വന്നു പ്രധാനമന്ത്രിക്ക്. എന്തായാലും ദുരന്തത്തിന്റെ ഇരുപതാമത്തെ ദിവസം ഗുജറാത്ത് ദൌത്യം ഏറെ പരിക്കുകളോടെ കടന്നുകൂടിയതിന് ശേഷം അദ്ദേഹം വരികയാണ്, ഒഖി ദുരന്ത ഭൂമിയിലേക്ക്.

“ഒഖി ദുരന്തബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. പൂന്തുറയില്‍ അദ്ദേഹം ദുരന്ത ബാധിതരെ കാണും.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ദുരന്തബാധിതരെ പ്രധാനമന്ത്രി കാണുന്നത് തടയാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്. “പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതായി ബിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നതായി” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

“രാജ്ഭവനില്‍ ചര്‍ച്ചാ യോഗം നടത്തി അദ്ദേഹത്തെ തിരികെ അയക്കാനുള്ള സര്‍ക്കാര്‍ ശ്രമം ബിജെപി ഇടപെടല്‍ മൂലമാണ് ഒഴിവായതെന്ന് അവര്‍ പറഞ്ഞു. ദുരന്തബാധിതരെ നേരിട്ടു കാണണമെന്ന നിലപാട് പൂന്തുറയില്‍ പ്രധാനമന്ത്രി സ്വീകരിച്ചതോടെ കൂടിക്കാഴ്ച ഒരുങ്ങുകയായിരുന്നു”. ഒഖിയില്‍ മറ്റൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരി കൊളുത്തുകയാണ്.

ഇതേ വാര്‍ത്ത ജന്‍മഭൂമി പത്രവും പങ്കുവെയ്ക്കുന്നു. “മുഖ്യമന്ത്രിയെ തടഞ്ഞ സ്ഥലത്ത് പ്രധാനമന്ത്രി പോകുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന തോന്നലായിരുന്നു കാരണം. മുഖ്യമന്ത്രിയെ തടഞ്ഞ കാര്യം ചൂണ്ടിക്കാണിച്ചു തന്നെയാണ് സുരക്ഷാ പ്രശ്നം ഉന്നയിച്ചത്”. ഇതേ കാരണം പറഞ്ഞു പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും തടയാന്‍ ശ്രമിച്ചതായി ജന്‍മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ പോകരുത് എന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനത്തില്‍ ഉറച്ചു നിന്നത് എന്നും ഒരു കുമ്മനടി കൂടി പാസാക്കിയിട്ടുണ്ട് ജന്മഭൂമി.

ഇനി ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങള്‍.

ഒഖി ദുരന്തം ഉണ്ടായിട്ടും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി 20 ദിവസം കാത്തിരുന്നത് എന്തുകൊണ്ടാണ്? രാജ്യഭരണത്തിന്റെ എന്തു തിരക്കുകളായിരുന്നു അദ്ദേഹത്തിന്? 34 തെരഞ്ഞെടുപ്പ് റാലികളില്‍ ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാമെങ്കില്‍ ഈയടുത്ത കാലത്ത് ഉണ്ടായ ഏറ്റവും വലിയൊരു ദുരന്ത ഭൂമിയില്‍ എത്താന്‍ അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നില്ലേ? തെരഞ്ഞെടുപ്പ് അടുത്തു വരുന്നത് കൊണ്ട് ഓടിപ്പിടിച്ച് മേഘാലയയിലും അദ്ദേഹം എത്തിയിരുന്നല്ലോ.

അതല്ല, ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പരാജയം മുന്‍പില്‍ കണ്ടുകൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനത്തിലായിരുന്നില്ലേ മോദി? നവമാധ്യമങ്ങളില്‍ സജീവമായ പ്രധാനമന്ത്രി ഒഖി സംബന്ധിച്ചു ഒരു ട്വീറ്റ് ഇടാന്‍ 6 ദിവസം എടുത്തത് എന്തുകൊണ്ടാണ്? തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണില്‍ വിളിക്കാന്‍ സമയം കിട്ടിയ അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാതിരുന്നത് എന്തുകൊണ്ടാണ്? ‘കോപപ്പെടാതുങ്കോ’ എന്നു അലറിക്കരയുന്ന മത്സ്യത്തൊഴിലാളികളോട് പറഞ്ഞ് ‘എല്ലാം കേന്ദ്രത്തില്‍ പറഞ്ഞു ശരിയാക്കാം എന്നു വാഗ്ദാനം നല്‍കി പോയ നിര്‍മ്മലാ സീതാരാമന്‍ എന്തെങ്കിലും ശരിയാക്കിയോ? ഒഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന തീരജനതയുടെ ആവശ്യത്തില്‍ എന്തെങ്കിലും തീരുമാനമായോ? ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് കുമ്മനാദികള്‍ കേന്ദ്രത്തിന് വല്ല നിവേദനവും സമര്‍പ്പിച്ചിട്ടുണ്ടോ?

ദുരന്തത്തിന്റെ ആറാം ദിവസം വന്ന പ്രധാനമന്ത്രിയുടെ ആദ്യ ഒഖി ട്വീറ്റ്; പേടിപ്പിക്കുന്നത് തെരഞ്ഞെടുപ്പോ?

ബിജെപി രാഷ്ട്രീയ നേട്ടത്തിന് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് മനസിലാക്കാം. പക്ഷേ അതിനു മലയാള മനോരമ എന്തിനാണ് ചൂട്ട് പിടിച്ചുകൊടുക്കുന്നത്? പൂന്തുറയില്‍ വെച്ചു നിര്‍ണ്ണായകമായ എന്തെങ്കിലും പ്രഖ്യാപനം നരേന്ദ്ര മോദി നടത്തും എന്ന സൂചന മനോരമയ്ക്കുണ്ടോ?

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഒരു പത്രക്കുറിപ്പും മലയാള മനോരമ ഇന്ന് വാര്‍ത്തയാക്കിയിട്ടുണ്ട്. ‘കേരളത്തിന് 29-നു ഒഖി മുന്നറിയിപ്പ് നല്‍കി-പി എം ഒ’ എന്നാണ് വാര്‍ത്ത. “കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് 29ന് അയച്ച ബുള്ളറ്റിനില്‍ കന്യാകുമാരിക്ക് 500 കിലോമീറ്റര്‍ തെക്ക് കിഴക്കായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി” അറിയിച്ചിരുന്നതായും പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനുള്ള മുന്നോടിയായുള്ള പത്രക്കുറിപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി എന്നു മനോരമയുടെ ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കേരളത്തെ കണ്ടു പഠിക്കൂ’; കുഴിത്തുറക്കാര്‍ പറയുന്നതെങ്കിലും മനോരമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു

മേമ്പൊടിക്ക് പോക്കറ്റ് കാര്‍ട്ടൂണ്‍ കുഞ്ചുക്കുറുപ്പും. “ചുഴലിക്കാറ്റ് കഴിഞ്ഞെന്നാണ് വിചാരിച്ചത്” എന്നു പിണറായി വിജയന്‍ പറയുന്നതായാണ് കാര്‍ട്ടൂണ്‍.

മുന്നറിയിപ്പും അതുണ്ടാക്കിയ ആശയകുഴപ്പങ്ങളും വിമര്‍ശനങ്ങളും ഒക്കെ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കപ്പെടുകയും ദുരന്ത നിവാരണ സമിതി വിദഗ്ധരെ അടക്കം ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ച കഴിഞ്ഞ ശേഷമാണ് ബിജെപിയുടെ കാര്‍മ്മികത്വത്തില്‍ മനോരമയുടെ നനഞ്ഞ അമിട്ട്.

ഒരു ചോദ്യം കൂടി. ഇന്ന് പൂന്തുറയില്‍ എത്തുന്ന പ്രധാനമന്ത്രിയോട് മത്സ്യത്തൊഴിലാളികളുടെ ആവശ്യമായ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക എന്നത് ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുമോ? പ്രധാനമന്ത്രിയോട് ചോദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുമ്മനത്തിനോടെങ്കിലും ചോദിച്ചാല്‍ മതിയായിരുന്നു.

ഒരു കുമ്മനടിക്കെങ്കിലും അവസരമുണ്ടാകട്ടെ.

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍