UPDATES

ട്രെന്‍ഡിങ്ങ്

മോദിക്കെന്ത് രാഷ്ട്രീയ അശ്ലീലവും പറയാം; അതിനാണ് ക്ലീന്‍ ചിറ്റ്

മോദിക്കും അമിത് ഷായ്ക്കും എതിരായ അഞ്ച് പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ ഉള്ളത്

കോൺഗ്രസ് അധ്യക്ഷൻ‌ രാഹുല്‍‌ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെ വാർധയിൽ നടത്തിയ പ്രസംഗത്തില്‍ ‘ഹിന്ദുക്കളെ ഭയന്ന് രാഹുൽ ഗാന്ധി ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടി’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ഒരു കുഴപ്പവുമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതായത് പറഞ്ഞതില്‍ വര്‍ഗ്ഗീയമായി ഒന്നുമില്ലെന്ന്.

പ്രധാനമന്ത്രി പ്രസംഗങ്ങളില്‍ ഉൾപ്പെടെ നടത്തുന്ന പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ പരാതി തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയിരിക്കുന്നത്.

അതിനിടെ വർഗീയ പരാമർശം നടത്തിയതിന്റെ പേരിലും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും സമാജ് വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണത്തിൽ നിന്ന് 48 മണിക്കൂറാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 25ന് നടത്തിയ പ്രസംഗത്തിലാണ് അസംഖാൻ വർഗീയ പരാമർശം നടത്തിയത് എന്നാണ് ആരോപണം.

കാർഗിൽ യുദ്ധത്തിൽ ഹിന്ദുക്കളായ പട്ടാളക്കാരും മുസ്ലീംകളായ പട്ടാളക്കാരും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ പട്ടാളക്കാരെ കബളിപ്പിക്കാനായി ഇന്ത്യൻ പട്ടാളക്കാർ നാരാ ഇ തക്ബീർ അല്ലാഹു അക്ബർ എന്ന് വിളിച്ചു. ഇത് സ്വന്തം പട്ടാളക്കാരാണെന്ന് തെറ്റിദ്ധരിച്ച പാക് പട്ടാളക്കാർ ഇവരുടെ വലയിലേക്ക് വരികയായിരുന്നു. അങ്ങനെ ഇന്ത്യൻ പട്ടാളക്കാർ എളുപ്പത്തിൽ ഇവരെ പരാജയപ്പെടുത്തി- അസംഖാൻ പറഞ്ഞു. ഇതാണ് വിലക്കിന് കാരണമായത്.

എന്നാല്‍ ബലാക്കോട്ടെ സൈനികര്‍ക്ക് വേണ്ടി വോട്ട് ചെയ്യണം എന്നു മോദി പുതിയ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചതില്‍ കമ്മീഷന്‍ തെറ്റൊന്നും കണ്ടതുമില്ല. സൈന്യത്തെ രാഷ്ട്രീയ പ്രചരണത്തിനുയായി ഉപയോഗിക്കുന്ന തരത്തില്‍ യു പി മുഖ്യമന്ത്രി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പരാമര്‍ശങ്ങളുമായി രംഗത്തുവന്നിരുന്നു. അതിലും എന്തെങ്കിലും അപകടമുള്ളതായി കമ്മീഷന് കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം ബംഗാളിലെ സെറാംപൂരില്‍ മോദി നടത്തിയ പ്രസംഗമാണ് മറ്റൊരു അശ്ലീലം. ബംഗാളില്‍ ഓപ്പറേഷന്‍ കമല എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കുതിരക്കച്ചവടം ആസൂത്രണം ചെയ്യുന്നു എന്നാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചത്. 40 തൃണമൂല്‍ എം എല്‍ എമാര്‍ താനുമായി ഇന്ന് കൂടി ബന്ധപ്പെട്ടു എന്നാണ് ഏപ്രില്‍ 29നു നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത്. മെയ് 23നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ദീദി കണ്ടം വഴി ഒടേണ്ടിവരുമെന്നാണ് മോദിയുടെ തള്ളല്‍ (?).

എന്തായാലും മോദിക്കെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മമതയും കൂട്ടരും. ‘ആദ്യം നിങ്ങളുടെ കസേര സംരക്ഷിക്കൂ, എന്നിട്ടാവട്ടെ ഞങ്ങളുടെ എം എല്‍ എമാരെ തൊടുന്നത്’ എന്നാണ് മമതയുടെ ഏറ്റവും പുതിയ പ്രതികരണം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹര്‍ജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി ഇന്നലെ നോട്ടീസ് അയച്ചു. കോൺഗ്രസ് എംപി സുസ്മിത ദേവാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. പ്രധാനമന്ത്രി സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചുവെന്നു കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ചട്ട ലംഘനം ആവർത്തിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തില്ലെന്നും ഹർജികാർ ആരോപിച്ചു. ഈ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

കൂടാതെ മോദിക്കും അമിത് ഷായ്ക്കും എതിരായ അഞ്ച് പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ ഉള്ളത്. നാലു പരാതികള്‍ കോണ്‍ഗ്രസിന്റേതായും ഒരെണ്ണം സിപിഎമ്മിന്റേതായും. ഈ പരാതികളിലും മോദിക്ക് ശുദ്ധി പത്രം കിട്ടുമോ അതോ അഖിലേഷ് യാദവ് ആവശ്യപ്പെട്ടതുപോലെ 72 വര്‍ഷം വിലക്കുമോ എന്നു ഇന്നറിയാം?

Read More: ഇനി അവശേഷിക്കുന്നത് വെറും 169 സീറ്റുകള്‍; മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലുള്ളത് അഞ്ചു പരാതികള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍