UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് മിസോറാം ഗവര്‍ണ്ണറെ ഉള്‍പ്പെടുത്തിയില്ല? നഷ്ടപ്പെട്ട ‘തള്ളന്താന’, ‘കുമ്മനടി’ ചിന്തകള്‍

ഈ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ സൂത്രധാരന്‍ ആരാണ്? അമിത് ഷാ ജി..?

കേരള മുഖ്യമന്ത്രി പിണറായി വിജയനും സര്‍വകക്ഷി സംഘത്തിനും കാണാനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു എന്ന വാര്‍ത്ത പുറത്തുവന്നു വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയതിന് ഏകദേശം ഒരു മാസങ്ങള്‍ക്കിപ്പുറം കേരളസംഘത്തെ കാണാന്‍ പ്രധാനമന്ത്രി തയാറായതിനെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും കണ്ടത്. എന്നാല്‍ ഒരു പ്രധാനമന്ത്രി എന്നതിന് പകരം ബിജെപിയുടെ നേതാവായി കേരള സംഘത്തെ പരിഗണിച്ചു എന്ന ആരോപണമാണ് മാധ്യമ വാര്‍ത്തകളില്‍ പ്രതിഫലിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്താത്തതും മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയും ഒടുവില്‍ പ്രധാനമന്ത്രിയുടെ വക ദുരൂഹമായ ഒരു ‘നിവേദനവും’ ഒക്കെ ചേര്‍ന്ന് കേന്ദ്ര-സംസ്ഥാന ബന്ധത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടല്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് പ്രധാന ആരോപണം.

“പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളില്‍ രാഷ്ട്രീയമുണ്ടോ എന്നതിന് ഈ അവസരത്തില്‍ മറുപടി നല്‍കുന്നില്ല. അതേസമയം, കേരളം ഉന്നയിച്ച വിഷയങ്ങളിലൊന്നും അനുകൂല മറുപടിയുണ്ടായില്ലെന്ന തോന്നലാണ് സര്‍വ്വകക്ഷി സംഘത്തിനുള്ളത്.” എന്നാണ് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിന്റെ ആവശ്യങ്ങളോട് ഒഴുക്കന്‍ മാറ്റിലുള്ള പ്രതികരണമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് രമേശ് ചെന്നിത്തലയും അമേരിക്കയില്‍ നിന്നു മടങ്ങിവന്ന മുഖ്യമന്ത്രി തട്ടിക്കൂട്ട് നിവേദനമാണ് നല്കിയത് എന്നു സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രതിനിധി എ എന്‍ രാധാകൃഷ്ണനും പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കാര്യങ്ങള്‍ വിശദീകരിക്കുന്ന മനോരമയുടെ തലക്കെട്ടും കൊള്ളാം. ‘അരിയെത്ര? പയറഞ്ഞാഴി!’ കേരള സംഘത്തിന്റെ പ്രധാന ആവശ്യം അരി വിഹിതം സംബന്ധിച്ചു കൂടിയാണ് എന്നു ചിന്തിക്കുമ്പോഴാണ് ഈ തലക്കെട്ട് ആകര്‍ഷകമാകുന്നത്.

മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം നല്‍കാന്‍ വര്‍ഷത്തില്‍ 7.23 ലക്ഷം ടണ്‍ അധികം അനുവദിക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2013ല്‍ യു പി എ ഗവണ്‍മെന്‍റ് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നപ്പോള്‍ കേരളത്തിന്റെ ഭക്ഷ്യ ധാന്യ വിഹിതം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞത് കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നാണ്. കൂട്ടത്തില്‍ ഒരു രാഷ്ട്രീയ കുത്തും. “കോണ്‍ഗ്രസ്സാണ് ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നത്. കമ്യൂണിസ്റ്റുകാര്‍ അതിനെ പിന്തുണച്ചു. അതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.”

അടുത്ത അമ്പ് പിണറായിക്ക് നേരെ ആയിരുന്നു. വെള്ളപ്പൊക്കത്തെയും മഴക്കെടുതിയെയും കുറിച്ചുള്ള കാര്യം സംസാരിച്ച് തുടങ്ങിയപ്പോള്‍ അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാം ദൈനം ദിനം കേന്ദ്രം അറിയുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു, “മഴക്കെടുതിയുടെ സമയത്ത് താങ്കള്‍ കേരളത്തില്‍ ഇല്ലല്ലോ എന്നോര്‍ത്തു താന്‍ വിഷമിക്കുകയും ചെയ്തു.”

എന്തായാലും മുഖ്യമന്ത്രിയെ കളിയാക്കാന്‍ അവസരം ഉപയോഗിച്ചെങ്കിലും കേന്ദ്രമന്ത്രി കിരണ്‍കുമാര്‍ റിജ്ജുവിനെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാളെ കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

യാത്രാ പ്രിയനായ മോദി സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും അമേരിക്കന്‍ സന്ദര്‍ശനം എടുത്തിട്ടു. “അമേരിക്കന്‍ സന്ദര്‍ശനം പൊതുവില്‍ എങ്ങനെയുണ്ടായിരുന്നു” എന്നായിരുന്നു ആ ചോദ്യമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “ലഘു സന്ദര്‍ശനമായിരുന്നു എന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് അധിക സമയം ചെലവഴിക്കാന്‍ പറ്റില്ലെന്ന് തനിക്ക് മനസിലാക്കാവുന്നതേയുള്ളൂവെന്നയിരുന്നു മോദിയുടെ” മറുപടി.

മോദിയുടെ ടീം ഇന്ത്യയില്‍ കേരള മുഖ്യമന്ത്രിക്ക് അയിത്തമോ?

സന്ദര്‍ശനത്തിന്റെ ഒടുവിലാണ് നാടകീയമായി ഒരു സാധനം മുഖ്യമന്ത്രിക്ക് പ്രധാന മന്ത്രി കൈമാറിയത്. എന്നിട്ടിങ്ങനെ പറഞ്ഞു, “ഇത് ഞാന്‍ പ്രതിപക്ഷ നേതാവിന് കൊടുക്കുന്നില്ല. പത്രക്കാരോടും പറയുന്നില്ല. മുഖ്യമന്ത്രിക്ക് മാത്രം നല്‍കുകയാണ്”

അത്ര രഹസ്യാത്മകമായി നല്കിയ ആ പൊതിയില്‍ എന്താണെന്ന് പക്ഷേ മിനുട്ടുകള്‍ക്കകം മാധ്യമങ്ങളില്‍ ഫ്ലാഷ് ന്യൂസും വന്നു. കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കേരളം നടപ്പാക്കാത്ത പദ്ധതികളുടെ പട്ടികയാണ് ആ രഹസ്യരേഖ എന്നായിരുന്നു ‘അഭ്യൂഹ’ വാര്‍ത്ത. ബിജെപിയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള കേരള എം പി വി മുരളീധരനും ഇന്നലെ അന്തിചര്‍ച്ചയ്ക്ക് വന്നു അത് സ്ഥിരീകരിക്കുണ്ട്. മിഷന്‍ സക്സസ്!

ഒടുവില്‍ സര്‍വ്വകക്ഷി സംഘത്തോട് അതൃപ്തിയും മോദി രേഖപ്പെടുത്തി. എന്തുകൊണ്ടാണ് മധ്യപ്രദേശില്‍ നിന്നുള്ള കേരളത്തിന്റെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്? മിസോറാം ഗവര്‍ണ്ണറെ കൂടി ഉള്‍പ്പെടുത്താതില്‍ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് ഈ രാഷ്ട്രീയ നാടകത്തിനു പ്രധാനമന്ത്രി തിരശീലയിടുമായിരുന്നെങ്കില്‍ ക്ലൈമാക്സ് ഗംഭീരമായേനെ.

ഇനി ഒരു ചോദ്യം. ഈ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ സൂത്രധാരന്‍ ആരാണ്? അമിത് ഷാ ജി..?

ഒരു നിമിഷം യാത്രാ പ്രിയനായ പ്രധാന മന്ത്രിയുടെ യാത്ര ചിലവ് സംബന്ധിച്ച വാര്‍ത്ത ഒന്നു വായിക്കുക.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്ക് ചെലവായത് 1,484 കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍. 2014 ജൂണ്‍ മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനാണ് ഇത്രയും തുക ചെലവായത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും, ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനും ചെലവായ തുകയാണിത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.

വിമാന പരിപാലനത്തിന് മാത്രം 1088.42 കോടി; പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ചിലവഴിച്ചത് 1,484 കോടി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍