UPDATES

50 ശതമാനം ആക്റ്റിവിസ്റ്റുകളും 50 ശതമാനം മാധ്യമ പ്രവര്‍ത്തകരുമായ ചില ‘പ്രാന്തവത്കൃതര്‍’

ആക്റ്റിവിസ്റ്റുകള്‍ക്ക് വേണ്ടി സംഘടന ഇടപെടേണ്ട. പക്ഷേ മാധ്യമങ്ങള്‍ക്ക് ഇടപെട്ടുകൂടെ.. അറിവില്ലാത്ത മറ്റൊരു ‘പ്രാന്തവത്കൃത’ മാധ്യമപ്രവര്‍ത്തകന്റെ സംശയമാണ്

കഴിഞ്ഞ ഞായറാഴ്ച എറണാകുളം ജില്ലയിലെ വാടയമ്പാടിയില്‍ ജാതി മതിലിനെതിരെ സമരം ചെയ്യുന്ന ദളിത് ഭൂ അവകാശ മുന്നണിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുകളഞ്ഞ വാര്‍ത്ത ഇന്നത്തെ ദി ഹിന്ദു ഒന്നാം പേജില്‍ കൊടുത്തിട്ടുണ്ട്. സംഭവം നടന്നിട്ട് മൂന്നു ദിവസം കഴിഞ്ഞെങ്കിലും ഒരു മുഖ്യധാര ദേശീയ ദിനപത്രം തങ്ങളുടെ ഒന്നാം പേജില്‍ ജാതിവിവേചനത്തിന്റെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അഭിനന്ദനാര്‍ഹം തന്നെ. അതേസമയം നാഴികയ്ക്ക് നാല്‍പ്പത് വട്ടം മനുഷ്യാവകാശത്തിന് വേണ്ടി മുറവിളി കൂട്ടുന്ന കേരളത്തിലെ മുഖ്യധാര കാവല്‍ നായ്ക്കള്‍ ഈ പ്രശ്നത്തെ തങ്ങളുടെ പ്രാദേശിക പേജുകളില്‍ കയറ്റി തമസ്കരിച്ചു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു സുപ്രഭാതത്തില്‍ രണ്ടു വണ്ടി പോലീസുമായി വാടയമ്പാടി എന്ന കുഗ്രാമത്തിലേക്ക് പോലീസ് കടന്നുവരികയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്തത് എന്തു പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ്? സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള ദളിതര്‍ സമാധാനപരമായി നടത്തിവരുന്ന സമരം ഒരു ഘട്ടത്തിലും ആക്രമത്തിലേക്കോ നിയമലംഘനത്തിലേക്കൊ വഴിമാറിയിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. സമരം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന രണ്ട് യുവ മാധ്യമ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളാക്കി പോലീസ് പിടിച്ചുകൊണ്ടുപോയത് കേരളത്തില്‍ നടക്കുന്ന ദളിത് ഭൂ സമരങ്ങള്‍ മുഴുവന്‍ നിയവിരുദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത് എന്ന പ്രോപ്പഗാണ്ടയുടെ ഭാഗമല്ലാതെ മറ്റെന്താണ്? എന്തായാലും ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും മുഖ്യധാര മാധ്യമങ്ങളില്‍ വരില്ല എന്നുറപ്പ്. അത് മാത്രമല്ല പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ യുവാക്കള്‍ മാധ്യമ പ്രവര്‍ത്തകരാണ് എന്നു അംഗീകരിക്കാന്‍ പോലും ചില മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.

എന്തായാലും ഇന്നത്തെ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ ആ യുവാക്കള്‍ മാധ്യമ പ്രവര്‍ത്തകരാണ് എന്നുറപ്പിച്ച് പറയുന്നുണ്ട്.

സംഭവം നടന്നതിന്റെ പിറ്റേ ദിവസം മാതൃഭൂമിയുടെ കൊച്ചി എഡിഷന്‍ ഇവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ, “ഇതിനിടെ ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകരാണ് എന്നു പരിചയപ്പെടുത്തി രണ്ടു യുവാക്കളെത്തിയെങ്കിലും പോലീസ് അവരെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചില്ല. ഇവര്‍ മാവോവാദി അനുഭാവികള്‍ ആണെന്ന രഹസ്യ വിവരം ഉണ്ടെന്നും ഇവര്‍ക്കെതിരെ വേറെ കേസുകള്‍ നിലവില്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അഭിലാഷ്, മൂവ്വാറ്റുപുഴ സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൊബൈല്‍ ഉപയോഗിച്ച് സമരരംഗങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പോലീസ് മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെ യുവാക്കള്‍ മുദ്രാവാക്യം വിളിക്കുകയും പോലീസ് അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.”

സര്‍ക്കാരേ, നിങ്ങള്‍ മാവോയിസ്റ്റാക്കുന്ന ദളിതര്‍ പോരാടിയത് അയിത്തത്തിനും ജാതിമതിലിനുമെതിരെയാണ്; മറക്കരുത്

അതേ ദിവസത്തെ മംഗളവും ‘രണ്ട് യുവാക്കള്‍’ എന്നല്ലാതെ ഇവര്‍ മാധ്യമ പ്രവര്‍ത്തകരാണ് എന്നു വെളിപ്പെടുത്താന്‍ തയ്യാറായില്ല.

അതേ സമയം ജനുവരി 21-നു തന്നെ അഴിമുഖം ഉള്‍പ്പെടെയുള്ള നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭിലാഷ് ന്യൂസ് പോര്‍ട്ട് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്റര്‍ ആണെന്നും അനന്തു ഡെക്കാന്‍ ക്രോണിക്കിളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിട്ടും മുഖ്യധാര മാധ്യമങ്ങള്‍ക്ക് പോലീസ് പ്ലാന്‍റ് ചെയ്യുന്ന മാവോയിസ്റ്റ് സിദ്ധാന്തത്തിലായിരുന്നു താത്പര്യം. അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാളായ അനന്തു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ രാജഗോപാലിന്റെ മകനാണ് എന്നു കൂടി അറിയുമ്പോഴാണ് പോലീസ് കഥ പൊളിക്കാന്‍ മാധ്യമങ്ങള്‍ക്ക് എളുപ്പം കഴിയുമായിരുന്നിട്ടും അവര്‍ അതിനു ശ്രമിച്ചില്ല എന്നു നമ്മള്‍ തിരിച്ചറിയുക.

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

ഈ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിക്കണം എന്നു തോന്നാത്ത കൂട്ടര്‍ കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. കഴിഞ്ഞ മൂന്നു ദിവസമായി അന്യായമായി റിമാന്‍ഡില്‍ കഴിയുന്ന യുവാക്കളെ തങ്ങളുടെ സഹപ്രവര്‍ത്തകരായി അവര്‍ കൂട്ടിയിട്ടില്ല. കാരണം ഒരാള്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍. മറ്റൊരാള്‍ ഇന്റേണ്‍. അതായത് യൂണിയന്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്ത രണ്ട് അപ്പാവികള്‍. ഗവണ്‍മെന്‍റിന്റെ അക്രഡിറ്റേഷന്‍ ഇല്ലാത്തവര്‍.

പോലീസും അഴിമുഖത്തോട് പറഞ്ഞത് അത് തന്നെയാണ്. “മാധ്യമപ്രവര്‍ത്തകരാണെന്ന് തെളിയിക്കാനുള്ള ഐഡന്റിറ്റി കാര്‍ഡ് അഭിലാഷിന്റേയും അനന്തുവിന്റേയും പക്കലുണ്ടായിരുന്നില്ല. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവരെ മാധ്യമപ്രവര്‍ത്തകരാണെന്ന് കണക്കാക്കാനാവില്ല” എന്നാണ് പുത്തന്‍കുരിശ് സിഐ പറഞ്ഞത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ തെറ്റില്ല എന്ന സുപ്രീം കോടതി വിധിയൊന്നും ഈ നിയമപാലകന്‍ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.

കേരള സര്‍ക്കാരിന് ഫാഷിസ്റ്റ്‌ മനോഭാവം, വടയമ്പാടി സമരക്കാരെ വിട്ടയക്കണം: ജിഗ്നേഷ് മേവാനി

അതേസമയം മെമ്പര്‍ഷിപ്പുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റപ്പോള്‍ പത്രപ്രവര്‍ത്തക യൂണിയന്റെ രക്തം തിളച്ചത് ഇന്നലെ കണ്ടു. “മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മുന്‍കയ്യെടുക്കണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ താലൂക്കില്‍ യു ഡി എഫ് നടത്തിയ ഹര്‍ത്താലിന്റെ വാര്‍ത്ത ചിത്രീകരിക്കുന്നതിന് പെരിന്തല്‍മണ്ണയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.”

അവരുടെ പത്രക്കുറിപ്പില്‍ ഇങ്ങനെ വര്‍ഗ്ഗവികാരം തിളച്ചു!

അനന്തുവിന്റെ അച്ഛന്‍ രാജഗോപാലിനോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ “യുവാക്കള്‍ 50 ശതമാനം മാധ്യമ പ്രവര്‍ത്തകരും 50 ശതമാനം ആക്റ്റിവിസ്റ്റുകളുമായിപ്പോയ”താണ് പറ്റിയത്.

പക്ഷേ, ആക്റ്റിവിസ്റ്റുകള്‍ക്ക് വേണ്ടി സംഘടന ഇടപെടേണ്ട. പക്ഷേ മാധ്യമങ്ങള്‍ക്ക് ഇടപെട്ടുകൂടേ? അറിവില്ലാത്ത മറ്റൊരു ‘പ്രാന്തവത്കൃത’ മാധ്യമപ്രവര്‍ത്തകന്റെ സംശയമാണ്.

എന്‍ എസ് എസിന്റെ ജാതിമതിലിനെതിരെ സമരം ചെയ്യുന്ന ദളിത് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം

പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു

പൊളിച്ചു നീക്കിയ സമരപന്തലിന്റെ സ്ഥാനത്ത് ക്ഷേത്രകമാനം; എന്‍എസ്എസിന് പോലീസിന്റെ പിന്തുണ; ഉത്സവം ബഹിഷ്ക്കരിക്കുമെന്ന് ദളിതര്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍