UPDATES

ട്രെന്‍ഡിങ്ങ്

മതമില്ലാത്ത ജീവനുകളെ ചൊല്ലി വിജൃംഭിക്കുന്നവരേ, ‘ലജ്ജിക്കുക സാക്ഷര കേരളമേ’ എന്നു നെഞ്ചുകീറി പറയുന്ന ഈ പെണ്‍കുട്ടിയെ കേള്‍ക്കൂ…

‘മതമല്ല, മനുഷ്യരാണ് വലുതെന്ന്’ കഴിഞ്ഞ വര്‍ഷം യാദവ സമുദായം ഊരുവിലക്കിയ സുകന്യ; പിതാവിനെയും ഭര്‍ത്താവിനെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വയനാട് ജില്ലയിലെ മാനന്തവാടിയിലെ അരുണ്‍-സുകന്യ ദമ്പതികള്‍ ഊരുവിലക്ക് നേരിട്ട വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ്. വാര്‍ത്ത പൊതുസമൂഹം അറിഞ്ഞു ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ സുകന്യയുടെ പിതാവ് ഗോവിന്ദരാജിനെയും ഭര്‍ത്താവ് അരുണിനെയും സുഹൃത്തുക്കളെയും മര്‍ദ്ദനമേറ്റ നിലയില്‍ ചൊവാഴ്ച രാത്രി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമുദായ സമിതിക്കാരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഗോവിന്ദരാജ് ആരോപിച്ചു. എന്നാല്‍ സമുദായ നേതാക്കള്‍ ആരോപണം നിഷേധിച്ചു എന്നു പ്രാദേശിക ന്യൂസ് വെബ്സൈറ്റായ ഓപണ്‍ ന്യൂസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ചു സുകന്യയും മര്‍ദ്ദനമേറ്റ അനീഷ് എന്ന യുവാവും ഫേസ്ബുക്കില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തു.

“സാക്ഷര കേരളം ലജ്ജിക്കട്ടെ ഇതു കണ്ടിട്ട്. ഊര് വിലക്ക് നേരിട്ട എന്റെ കുടുംബത്തെ അനുകൂലിച്ച വ്യക്തികളെ ക്രൂരമായി മർദ്ദിച്ച നിങ്ങള് ഒന്ന് ഓർക്കുക, ഇതുകൊണ്ട് ഒന്നും തീരുന്നില്ല.. ഇനിയാണ് തുടങ്ങുന്നത്. ബഹുജനങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ട്. മതമല്ല മനുഷ്യരാണ് വലുത് എന്ന് തെളിയുവൻ പോകുന്നതിന് അധികം താമസം ഇല്ല. മാനവരാശിയെ വെല്ലുവിളിക്കുന്ന തരത്തിൽ ഉള്ള സമുദായത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഇനിയും ജ്വലിക്കട്ടെ…”

അനീഷിന്റെ പോസ്റ്റ്;

“നിങ്ങളുടെ തോന്ന്യാസത്തിന് എതിരെ ഒന്ന് ചൂണ്ട് വിരൽ അനക്കിയതിന് ആണോ എന്നെ കൊല്ലാൻ ശ്രെമിച്ചേ. എന്നാൽ നിങ്ങൾ ഓർത്തോ സമുദായ ഭ്രാന്തന്മാരെ…ഞാൻ മരിച്ചാൽ, നിങ്ങക്കെതിരെ ആയിരം അനിഷ് ഉടലെടുക്കും. ഓർത്തോ… പ്രതിഷേധം നിലച്ചിട്ടില്ലാ. എന്നിലെ അവസാന ശ്വാസം വരെ നീതിക്കും ന്യായത്തിനും വേണ്ടി പോരാടും. ഇനിയും അനീതി കണ്ടാൽ ഞാൻ പ്രതികരിക്കും. ഇതൊരു സഖാവിന്റെ വാക്കാണ്. ലാൽസലാം… അനിഷ്”

ഈ രണ്ടു പോസ്റ്റുകളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത് 2017-18 വര്‍ഷം ജാതി, മത, കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികള്‍ സംസ്ഥാനത്ത് സ്‌കൂളികളില്‍ പ്രവേശനം നേടിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞ ദിവസമാണ് എന്നതാണ് ദുഃഖകരം. മതമില്ലാത്ത ജീവനുകളെ ചൊല്ലി സോഷ്യല്‍ മീഡിയ ആകെ വിജൃംഭിച്ചു നില്‍ക്കുമ്പോഴാണ് ‘ലജ്ജിക്കുക സാക്ഷര കേരളമേ’ എന്നു നെഞ്ചുകീറി പറഞ്ഞുകൊണ്ടു ഒരു പെണ്‍കുട്ടി മലയാളിയുടെ മുന്‍പില്‍ നിവര്‍ന്നു നില്‍ക്കുന്നത്.

2012ലാണ് പ്രണയത്തിനൊടുവില്‍ അരുണ്‍-സുകന്യ ദമ്പതികള്‍ വിവാഹം കഴിച്ചത്. പിന്നീട് ഇരുവര്‍ക്കും സമുദായം വിലക്ക് കല്‍പ്പിക്കുകയായിരുന്നു. സമുദായത്തിലെ വിവാഹ-മരണാനന്തര ചടങ്ങുകളിലും ദമ്പതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒരു ചടങ്ങില്‍ വച്ച് സംസാരിച്ചതിന്റെ പേരില്‍ സുകന്യയുടെ വീട്ടുകാര്‍ക്ക് മൂന്ന് മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇരുവരും കളങ്കിതരാണെന്നും അതിനാല്‍ സമുദായത്തില്‍ നിന്നും പുറത്താക്കുകയാണെന്നും ലഘുലേഖ പുറത്തിറക്കുകയും ചെയ്തു.

“കമ്മിറ്റി കൂടി ജാതിയില്‍ നിന്നു പുറത്താക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയാം. സമുദായത്തിലെ ഒരാളുടെ വീട്ടിലും കയറാന്‍ പറ്റില്ല. മരണ വീടുകളില്‍ പോകാന്‍ പാടില്ല. കല്യാണങ്ങള്‍ക്ക് ക്ഷണിക്കില്ല. ആരോടും സംസാരിക്കാന്‍ പറ്റില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതെല്ലാം ഞങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്ഷേത്രത്തില്‍ പോകുന്നതിനോ അവിടത്തെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനോ ഞങ്ങള്‍ക്ക് വിലക്കില്ല. പക്ഷേ അവിടെ പോയാലും ആരും ഞങ്ങളോടു മിണ്ടില്ല. കാരണം അവര്‍ക്ക് സമുദായ നേതാക്കളെ പേടിയാണ്. ഒരു നവരാത്രി ആഘോഷ സമയത്ത് സുകന്യയുടെ ഒപ്പം ഇരുന്ന്’അമ്മ ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞു അവളുടെ അച്ഛനെയും അമ്മയെയും സഹോദരനെയും സമുദായത്തില്‍ നിന്നു പുറത്താക്കി. ഒടുവില്‍ മൂന്നു മാസം കഴിഞ്ഞു മാപ്പെഴുതി കൊടുത്തിട്ടാണ് തിരിച്ചെടുത്തത്.” അരുണ്‍ അന്ന് അഴിമുഖത്തോട് പറഞ്ഞു.

“സമുദായത്തിലെ മാറ്റാളുകള്‍ക്ക് പേടിയാണ്. ആരും അടുത്തൊന്നും ഇല്ലെങ്കില്‍ അവര്‍ വന്നു സംസാരിക്കും. എന്തെങ്കിലും പ്രത്യേക ചടങ്ങുകള്‍ ഉണ്ടെങ്കില്‍ അവര്‍ പറയും. ‘നിങ്ങള്‍ക്ക് അറിയാലോ. സമുദായ കമ്മിറ്റി അറിഞ്ഞാല്‍ പ്രശ്നമാണ്’. അവരെ കുറ്റം പറയാനും പറ്റില്ല. ഞങ്ങളുമായി ബന്ധപ്പെട്ടു എന്നറിഞ്ഞാല്‍ അവരെയും വിലക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ കയറണം. എല്ലാവരും ജീവിക്കുന്നതു പോലെ ഞങ്ങള്‍ക്ക് ജീവിക്കണം. അതുകൊണ്ട് ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്” ബിഎസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സുകന്യ അഴിമുഖം റിപ്പോര്‍ട്ടര്‍ സഫിയയോട് പറഞ്ഞു.

ജാതി വിലക്കിന്റെ കേരളം; പ്രണയവിവാഹം കഴിച്ച ഇവര്‍ അഞ്ചു വര്‍ഷമായി ‘കുലംകുത്തി’കള്‍

പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് വഴി ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വാര്‍ത്ത മാധ്യമശ്രദ്ധയില്‍ എത്തിയത്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയുണ്ടായി. ഗവ. പ്ലീഡറും സിപിഎം പ്രാദേശിക നേതാവുമായ യാദവ സമിതി പ്രസിഡണ്ട് അഡ്വ. മണിയെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പും അന്വേഷണം നടത്തി. ഈ അന്വേഷണങ്ങള്‍ക്കൊന്നും നീതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം.

തിങ്കളാഴ്ചയാണ് പ്രായപൂര്‍ത്തിയായ വ്യക്തികളുടെ വിവാഹം മുടക്കാന്‍ ശ്രമിക്കരുതെന്ന് ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീംകോടതി ഒരു വിധിന്യായത്തിലൂടെ മുന്നറിയിപ്പ് നല്‍കിയത്. പരസ്പര സമ്മത പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ വിവാഹത്തിന് താല്‍പര്യപ്പെടുമ്പോള്‍ അത് മുടക്കാനും അവരെ തടയാനും കുടുംബത്തിനോ സമുദായത്തിനോ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി മുന്നോട്ട് വച്ച പെരുമാറ്റ ചട്ടങ്ങള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതുവരെ പ്രാബല്യത്തില്‍ തുടരുമെന്നും മിശ്ര ജാതി, മത വിവാഹ ബന്ധങ്ങളുണ്ടാക്കുന്നവരെ സംബന്ധിച്ച് ആശ്വാസകരമായ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.

ഏറെ സാമൂഹ്യ നവോഥാനത്തിലൂടെ പ്രബുദ്ധത കൈവരിച്ച കേരളത്തില്‍ തന്നെയാണ് മാനന്തവാടിയും. ഊരുവിലക്ക് ഏര്‍പ്പെടുത്തിയ അവിടത്തെ യാദവ സമുദായ സമിതി ഒരു ഖാപ് പഞ്ചായത്ത് അല്ലാതെ മറ്റെന്താണ്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ അരീക്കോട് വിവാഹത്തലേന്ന് അച്ഛൻ മകളെ കുത്തിക്കൊന്നത് ദുരഭിമാനകൊലയാണ് എന്നു അറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തമാകുന്നതിന് മുന്‍പാണ് മുഖ്യാധാര മാധ്യമങ്ങളില്‍ ഒന്നും തന്നെ ഇടംപിടിക്കാത്ത മാനന്തവാടിയില്‍ നിന്നുള്ള വാര്‍ത്ത.

മകള്‍ ദളിതനെ വിവാഹം കഴിക്കുന്നത് രാജന്റെ ജാതിവെറിക്ക് സഹിച്ചില്ല; കൊന്നിട്ടും പക തീര്‍ന്നില്ല

വാല്‍ക്കഷണം: ഇന്നലെ വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പെരുപ്പിച്ചതും ചില തെറ്റുകള്‍ കടന്നു കൂടിയതുമാണ് എന്ന സംസാരം കേള്‍ക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജാതിയില്ല എന്നു രേഖപ്പെടുത്തിയത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ തുറയ്ക്കല്‍ അല്‍ഹിദായത്ത് ഇ എം സ്കൂള്‍ തങ്ങള്‍ക്ക് ചില തെറ്റുകള്‍ പറ്റിയതായി ചാനല്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി. 1011 കുട്ടികളാണ് അവിടെ ജാതി കോളം ഒഴിച്ചിട്ടത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജാതി രേഖപ്പെടുത്താത്ത സ്കൂള്‍ കണ്ണൂര്‍ ശ്രീനാരായണ വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളാണ്. 1079 കുട്ടികള്‍.

ദുരഭിമാന കൊല, ആള്‍ക്കൂട്ട കൊല, ഖാപ് പഞ്ചായത്തുകള്‍; കേരളം മറ്റൊന്നല്ല

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍