UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാര്‍ എന്ന ‘വലിയ ഇടയ’ന്റെ ശ്രദ്ധയ്ക്ക്, കടല്‍ ജൈവവൈവിധ്യ നാശം കൂടി ദുരിതനിവാരണ പരിധിയില്‍ വരേണ്ടതുണ്ട്

പ്രധാനമന്ത്രി തീരമേഖല സന്ദര്‍ശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലത്തീന്‍ രൂപതയുടെ കീഴിലെ പള്ളികളില്‍ ഇടയലേഖനം

ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ട് 11 ദിവസം പൂര്‍ത്തിയാകുമ്പോഴും രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപില്‍ അകപ്പെട്ട 250 പേര്‍ ഇന്നലെ തിരിച്ചെത്തി. ഇതില്‍ 41 മലയാളികളും 189 തമിഴ്നാട്ടുകാരും ഉള്‍പ്പെടും. മരണസംഖ്യ 42 ആയി ഉയര്‍ന്നു. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ 10 പേരെ ഇനിയും തിരിച്ചറിയാനുണ്ട് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി തീരമേഖല സന്ദര്‍ശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലത്തീന്‍ രൂപതയുടെ കീഴിലെ പള്ളികളില്‍ ഇന്നലെ ഇടയലേഖനം വായിച്ചു. തിരുവനന്തപുരം അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പുറത്തിറക്കിയ ഇടയലേഖനത്തില്‍ ഒഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇന്നലെ പള്ളികളില്‍ പ്രാര്‍ഥനാദിനമായി ആചരിക്കുകയും ചെയ്തു. ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.

തുമ്പയില്‍, കാണാതായവരെ കണ്ടെത്തണം എന്ന ആവശ്യം ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങി സമരം ചെയ്തു. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും വിവിധ തുറകളില്‍ സമരം തുടരുകയാണ്.

അതേസമയം, ദുരന്ത ഭൂമിയിലെ വൈകാരികതയെ ചൂഷണം നടത്താന്‍ ശ്രമിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിമര്‍ശനവുമായെത്തി. “കൈവിട്ടുപോയ ആടുകളെ തേടിപ്പോയ വലിയ ഇടയനെപ്പോലെയാണ് ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്” എന്നാണ് ക്രിസ്ത്യന്‍ സര്‍വ്വീസ് സോസെറ്റിയുടെ ഇരുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചിയില്‍ മുഖ്യമന്ത്രി പറഞ്ഞത്.

ദുരന്തത്തിന്റെ ആറാം ദിവസം വന്ന പ്രധാനമന്ത്രിയുടെ ആദ്യ ഒഖി ട്വീറ്റ്; പേടിപ്പിക്കുന്നത് തെരഞ്ഞെടുപ്പോ?

എന്നാല്‍ ഇതുവരെ ആരും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു വിഷയമാണ് ദി ഹിന്ദുവിന്റെ ടി നന്ദകുമാറിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം തീരമേഖലയോട് ചേര്‍ന്ന് കടലിന്റെ അടിത്തട്ടില്‍ ഉണ്ടായ ഭീമമായ പരിസ്ഥിതി നാശം ആശങ്കാജനകമാണ് എന്ന് ഹിന്ദു വാര്‍ത്തയില്‍ പറയുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വന്‍തിരമാലകളാണ് ഇതിന് കാരണം. കോവളത്ത് പ്രവര്‍ത്തിക്കുന്ന അണ്ടര്‍വാട്ടര്‍ അഡ്വഞ്ചര്‍ ഗ്രൂപ്പായ ബോണ്ട് ഓഷ്യന്‍ സഫാരി പകര്‍ത്തിയ ചിത്രങ്ങള്‍ തെളിയിക്കുന്നത് അതാണ്. ഈ നാശം പരിഹരിക്കപ്പെടാന്‍ മാസങ്ങള്‍ എടുക്കുമെന്ന് ബോണ്ട് ഓഷ്യന്‍ സഫാരിയുടെ മാനേജിംഗ് പാര്‍ട്ട്ണര്‍ ജാക്സണ്‍ പീറ്റര്‍ പറഞ്ഞു. ബോണ്ട് ഓഷ്യന്‍ സഫാരിയിലെ സ്കൂബ ഡൈവേഴ്സ് ആണ് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്.

“പാറകള്‍ നിറഞ്ഞ തീരപ്രദേശങ്ങളില്‍ കക്കയും ചിപ്പിയും അടങ്ങിയ കടലിന്റെ അടിത്തട്ട് ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കാണ് നിര്‍വ്വഹിക്കുന്നത്” എന്ന് കേരള യൂണിവേഴ്സിറ്റിയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം തലവന്‍ എ ബിജുകുമാര്‍ പറഞ്ഞു.

ചുഴലിക്കാറ്റ് ജാഗ്രത, മുന്നൊരുക്കങ്ങള്‍: കേരളത്തിന്റെ പ്രവര്‍ത്തനം മോശമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

ഇത്തരത്തിലുള്ള എന്തു നാശവും ബാധിക്കുക മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തന്നെയാണ്. മണ്‍സൂണിന് ശേഷമുള്ള കക്കകളുടെ വിളവെടുപ്പിനെ ബാധിക്കും. നിലവില്‍ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി നടത്തുന്ന ട്രെഡ്ജിംഗ് പ്രവര്‍ത്തനം കാരണം ആകെ തകര്‍ന്നു കിടക്കുന്ന പരിസ്ഥിതിനാശം ഇത് കൂടുതല്‍ രൂക്ഷമാക്കും.

വലിയ തിരമാലകള്‍ തീരങ്ങളെ വിഴുങ്ങിയതും കടലോര ജീവിതത്തെ ദുസ്സഹമാക്കും. ആള്‍നാശത്തോടൊപ്പം കടലിന്റെ പ്രകൃതിയില്‍ ഉണ്ടായ മാറ്റങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും എന്നത് സര്‍ക്കാരും സംസ്ഥാനത്തെ ശാസ്ത്രസാമൂഹവും സര്‍വ്വകലാശാലകളും എങ്ങനെ കാണുന്നു എന്നതും അതിനുള്ള പരിഹാര മാര്‍ഗ്ഗം കണ്ടെത്തുന്നതും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിനു വേണ്ടിയുള്ള ശബ്ദങ്ങള്‍ തീരമേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നാല്‍ മാത്രം പോര എന്നതും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ഒരാഴ്ച പിന്നിട്ടിട്ടും നാണക്കേടിന്റെ കണക്ക്; കാണാതായവര്‍ എത്ര? 397? അതോ 259?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍