UPDATES

‘കേരളത്തെ കണ്ടു പഠിക്കൂ’; കുഴിത്തുറക്കാര്‍ പറയുന്നതെങ്കിലും മനോരമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു

കേരളത്തിലെ പോലുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം എന്നു ആവശ്യപ്പെട്ട് കുഴിത്തുറയില്‍ തമിഴ് മത്സ്യത്തൊഴിലാളികളുടെ റെയില്‍ ഉപരോധം

ഇന്നലെ കേരള അതിര്‍ത്തിയോട് ചേര്‍ന്ന കുഴിത്തുറയില്‍ തമിഴ് മത്സ്യത്തൊഴിലാളികള്‍ അര്‍ദ്ധരാത്രിയിലും റെയില്‍ ഉപരോധിച്ചുകൊണ്ട് പ്രക്ഷോഭം നടത്തി. അത് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് വായിക്കുക;

“ഒഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുക, അവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സഹായധനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറായിരത്തോളം മത്സ്യത്തൊഴിലാളികള്‍ കുഴിത്തുറ റെയിവേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നാല്‍കാമെന്ന ജില്ല കളക്ടര്‍ സജ്ജന്‍സിങ് ആര്‍ ചവാന്റെ വാഗ്ദാനവും തള്ളി രാത്രി വൈകിയും സമരം തുടരുന്നു. മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേരളത്തില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമ്പോള്‍ തമിഴ്നാട്ടില്‍ ഇത് വെറും നാലുലക്ഷം മാത്രമാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു”.

അടുത്ത പാരഗ്രാഫാണ് പ്രധാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാള മനോരമ പറഞ്ഞു പ്രചരിപ്പിക്കുന്നതിന് കടകവിരുദ്ധമായ കാര്യം.

“ജില്ലയിലെ എട്ട് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ നിന്ന് 70 ബോട്ടുകളിലായി കടലില്‍ പോയ 1013 മത്സ്യത്തൊഴിലാളികള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് വിവിധ മത്സ്യതൊഴിലാളി സംഘടനകള്‍ പറഞ്ഞു”

അതേ സമയം 249 ബോട്ടുകളിലായി കടലില്‍ പോയ 1969 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ സുരക്ഷിതരായി ഉണ്ടെന്ന് കന്യാകുമാരി ജില്ലാ ഭരണകൂടം പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി കഴിഞ്ഞ ദിവസങ്ങളില്‍ വന്ന രണ്ട് മലയാള മനോരമവാര്‍ത്തകള്‍ നോക്കുക.

ഡിസംബര്‍ 2: ‘കണ്ടു പഠിക്കൂ തമിഴ്നാടിനെ’ എന്നാണ് തലക്കെട്ട്. “തമിഴ്നാടിന്റെ തെക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ഒഖി കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള നാശനഷ്ടം ഒരു പരിധിവരെ തടഞ്ഞത് തമിഴ്നാട് സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍.”

തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്ന ഉപതലക്കെട്ടില്‍ അഞ്ചു ബുള്ളറ്റ് പോയിന്റുകളും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, മന്ത്രി ആര്‍ ബി ഉദയകുമാറിനെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തി എന്നതാണ്. മനോരമ കേരളത്തില്‍ നടന്നില്ല എന്നാരോപിക്കുന്ന ‘ഏകോപനമില്ലായ്മ’ എന്ന പ്രധാന പ്രശ്നം അതാണല്ലോ.

ഇനി ഇന്നലത്തെ (ദുരന്തത്തിന്റെ എട്ടാം ദിവസം) മലയാള മനോരമയുടെ ‘ചുഴലി പാഠങ്ങള്‍’ എന്ന എഡിറ്റ് പേജ് സ്റ്റോറികളില്‍ ഒന്നു തമിഴ്നാടിനെ കുറിച്ചാണ്. കന്യാകുമാരി അഡീഷണല്‍ ജില്ല കളക്ടര്‍ രാഹുല്‍ നാഥുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തലക്കെട്ടും കാലാവസ്ഥാ മുന്നറിയിപ്പ് വേണ്ട രീതിയില്‍ മനസിലാക്കുന്നതില്‍ കേരളത്തിന് പറ്റിയ വീഴ്ച എടുത്തു പറയുന്നതാണ്. ‘തമിഴ്നാട് തലേന്ന് ഉണര്‍ന്നു; നമ്മളോ’. രണ്ടാം തീയതി കൊടുത്ത അതേ തലക്കെട്ടിന്റെ ആവര്‍ത്തനം.

മാസങ്ങളോളം പൂന്തുറയുടെ മുറിവുണങ്ങില്ല; കുടുംബം നടത്തിയിരുന്ന സ്ത്രീകള്‍ പറയുന്നത് കേള്‍ക്കൂ

തമിഴ്നാട് എടുത്ത മുന്‍കരുതല്‍ നടപടികള്‍ എന്തൊക്കെ ആണ് എന്നു വിശദീകരിക്കുന്ന സ്റ്റോറിയില്‍ പക്ഷേ ആയിരത്തോളം മത്സ്യതൊഴിലാളികള്‍ ഇപ്പൊഴും കടലില്‍ ആണ് എന്ന വിവരം പക്ഷേ പറയുന്നില്ല.

മലയാള മനോരമ ചൂണ്ടിക്കാണിക്കുന്ന ജാഗ്രതാ മുന്നറിയിപ്പുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തമിഴ്നാട് എടുത്ത നടപടികളെ അവിശ്വസിക്കേണ്ട കാര്യമില്ല. മരണസംഖ്യയിലും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് എന്നു കാണാം. അതേസമയം തങ്ങളുടെ കൂട്ടത്തില്‍ നിന്നും പോയ 1000ത്തില്‍ അധികം തൊഴിലാളികള്‍ എവിടെ എന്ന മത്സ്യത്തൊഴിലാളികളുടെ ചോദ്യത്തെ അവഗണിക്കാന്‍ കഴിയുമോ? അവിടെ ഭരണകൂടം പറയുന്ന കണക്കോ അതോ ജനങ്ങള്‍ പറയുന്ന കണക്കോ വിശ്വസിക്കേണ്ടത്. കേരളത്തില്‍ ഈ കണക്കിലുള്ള ആശയകുഴപ്പമാണ് ഇന്നത്തേയും മനോരമയുടെ ഒന്നാം ലീഡ്. “സര്‍ക്കാരിന്റെ പുതിയ കണക്ക്, തിരികെ എത്താനുള്ളവര്‍ 397” എന്നാണ് തലക്കെട്ട്. പുതിയ സര്‍ക്കാര്‍ കണക്കില്‍ രൂപതയുടേ തിനെക്കാള്‍ നൂറോളം പേര്‍ കൂടുതല്‍!

കുഴിത്തുറയിലേക്ക് മടങ്ങാം; ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം പോലെ പ്രധാനമാണ് ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും. തമിഴ്നാട് സര്‍ക്കാര്‍ അതില്‍ പരാജയമാണ് എന്നല്ലേ കുഴിത്തുറയില്‍ കോരിച്ചൊരിയുന്ന മഴയിലും മണിക്കൂറുകളോളം സമരം ചെയ്ത ജനം പറയുന്നത്. ഇവിടെയെങ്കിലും കേരളത്തെ കണ്ടു പഠിക്കൂ തമിഴ്നാട് എന്നു മലയാള മനോരമ എഴുതാത്തത് എന്താണ്?

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍