UPDATES

പ്രവാസം

പാസ്പോര്‍ട്ടില്‍ ഓറഞ്ച് നിറമുള്ള ‘നീച’ വിഭാഗവും യോഗിയുടെ കാവി കക്കൂസും

യോഗി ആദിത്യ നാഥിന്റെ യു പിയില്‍ കക്കൂസിന് കാവി നിറം പൂശിയത് പോലെ അത്ര ലളിതമല്ല പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നത് എന്നു ഉലകം ചുറ്റും വാലിബനായ നമ്മുടെ പ്രധാനമന്ത്രിക്ക് ആര് പറഞ്ഞു കൊടുക്കും?

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കം വിവേചനപരമാണെന്ന വാദവുമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുസമൂഹവും രംഗത്തെത്തിക്കഴിഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വിദേശ കാര്യ മന്ത്രാലയമാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇമ്മിഗ്രേഷന്‍ പരിശോധനയില്‍ ഇത് കൂടുതല്‍ സുഗമമാകും എന്നാണ് അവരുടെ വിലയിരുത്തല്‍.

നിലവില്‍ മൂന്ന് നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ളത്. ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഗവണ്‍മെന്റിന്റെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും (ഒഫീഷ്യല്‍ പാസ്പോര്‍ട്ട്) വെളുത്ത നിറമുള്ള പാസ്‌പോര്‍ട്ട്. നയതന്ത്ര പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുവന്ന പാസ്‌പോര്‍ട്ട് (ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്). ഇമ്മിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരും (ECR), ആവശ്യമില്ലാത്തവരും (ECNR) ആയ മറ്റുള്ള പൗരന്മാര്‍ക്ക് നീല പാസ്‌പോര്‍ട്ട് എന്നിങ്ങനെയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും വരുന്ന ECR വിഭാഗക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കാനാണ് ഇപ്പോള്‍ തീരുമാനം.

എന്തായാലും പുതിയ നീക്കം 18 ECR രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളെ ബാധിക്കും എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 25 ലക്ഷത്തോളം പ്രവാസികളില്‍ ബഹുഭൂരിപക്ഷത്തെയും ഇത് ആശങ്കാകുലരാക്കിയിരിക്കുകയാണ്. നമ്മുടെ പ്രവാസികളില്‍ ഏറെപ്പേരും ജോലിചെയ്യുന്ന ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ ECR കാറ്റഗറിയില്‍ പെടുന്നതാണ്.

‘ഇന്ത്യക്കാരെയും ഫിലിപ്പിനോകളെയും ഒഴിവാക്കിയാല്‍ ദുബായ് സുന്ദരമാകും’

ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു.

“ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകൾ സമത്വത്തിനുള്ള അവകാശങ്ങളാണ് വിശദീകരിക്കുന്നത്. എല്ലാ പൗരന്മാരെയും ഒന്നായി കാണുന്നതാണ് അത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്നാണ് കേന്ദ്ര ഗവർമെന്റ് പ്രഖ്യാപിച്ചത്. സാധാരണ തൊഴിലാളികളെയും അഭ്യസ്ത വിദ്യരെയും രണ്ടായി തിരിക്കുന്നതാണത്. പത്താംതരം പാസാകാത്ത തൊഴിലാളികൾ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടും എന്ന അവസഥയാണ് ഇത് നടപ്പാക്കുന്നതിലൂടെ ഉണ്ടാവുക.

സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ഇന്ത്യന്‍ എംബസി

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റൊരു തീരുമാനം. അങ്ങനെ വന്നാൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല.

നമ്മുടെ നാട്ടിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്. അവരിൽ പത്താം ക്ലാസ് പാസാകാത്തവരുണ്ടാകും. ബിസിനസ് സമൂഹത്തിലും അത്തരക്കാർ കാണും. അവർക്കുള്ള പാസ്പോർട്ടിന് പ്രത്യേക നിറം നൽകിയാൽ ഇതര രാജ്യങ്ങളിലെത്തുമ്പോൾ അവർ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക. തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും ഇത് നയിക്കും. സ്വന്തം രാജ്യം തന്നെ പൗരൻമാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താൻ എത്രയും വേഗം കേന്ദ്ര സർക്കാർ തയാറാകണം.”

“തൊഴില്‍ തേടി അന്യ നാടുകളിലേക്ക് പോകുന്നവരെ രണ്ടാം തര പൌരന്‍മാരാക്കി മുദ്രയടിക്കാനാണിത്” എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. “ഇ‌സി‌ആര്‍ വിഭാഗത്തില്‍ പെടുന്ന പത്താം ക്ലാസ് വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളുടെ പാസ്പോര്‍ട്ടാണ് ഓറഞ്ച് നിറമാകാന്‍ പോകുന്നത്. വിമാനത്താവളങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ചെല്ലുമ്പോള്‍ ഈ വിഭാഗക്കാര്‍ അപമാനിതരാവും. ഒറ്റനോട്ടത്തില്‍ത്തന്നെ താണവിഭാഗം എന്നു തിരിച്ചറിയപ്പെടാനെ ഈ പരിഷ്കാരം ഉപകരിക്കൂ” എന്നും ചെന്നിത്തല പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

“പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബര്‍ ക്യാംപില്‍ ദുരിത ജീവിതം നയിച്ചും അവര്‍ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത്”, എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ ‘ദുര്‍മരണം’; 2005നും 2015നും ഇടയില്‍ ഗള്‍ഫില്‍ മരിച്ചത് 30,000 ഇന്ത്യക്കാര്‍

യോഗി ആദിത്യ നാഥിന്റെ യു പിയില്‍ കക്കൂസിന് കാവി നിറം പൂശിയത് പോലെ അത്ര ലളിതമല്ല പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നത് എന്ന് ഉലകം ചുറ്റും വാലിബനായ നമ്മുടെ പ്രധാനമന്ത്രിക്ക് ആര് പറഞ്ഞു കൊടുക്കും?

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന ബിജെപി – ആര്‍ എസ് എസ് യോഗത്തില്‍ പങ്കെടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ആണല്ലോ അദ്ദേഹത്തിന്റെ പ്രമുഖ ഉപദേശകന്‍. അപ്പോള്‍ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം.

പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കിയേക്കും

ഇരുപത് മണിക്കൂറിലേറെ ജോലി, കഴിക്കാന്‍ ഉച്ഛിഷ്ടം മാത്രം: സൗദിയിലെ ദുരിത ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് മഞ്ജുഷ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍