UPDATES

ട്രെന്‍ഡിങ്ങ്

തരൂരിനുള്ള പാക് വിസ റെഡി!

തരൂരിന്റെ വാദത്തോടും പുസ്തകത്തോടും യോജിച്ചാലും വിയോജിച്ചാലും ഹിന്ദുത്വ ദേശീയത എന്ന പ്രതിഭാസം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഇടങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല

ശശി തരൂരിന് ഇന്ത്യന്‍ ജീവിതം എന്തെന്ന് അറിയില്ല എന്നു കാഞ്ച ഐലയ്യ പറഞ്ഞത് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വെച്ചാണ്. “അദ്ദേഹത്തിന് ബ്രാഹ്മണിക്കല്‍ ജീവിതം മാത്രമേ അറിയുകയുള്ളൂ”. ‘ഇന്ത്യയില്‍ ഒരു ദളിത് ആയിരിക്കുക’ എന്ന വിഷയത്തില്‍ കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തില്‍ സംസാരിച്ചുകൊണ്ടാണ് ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ ഇങ്ങനെ പറഞ്ഞത്.

ശശി തരൂരിന്റെ ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദു’ എന്ന പുസ്തകത്തെ ‘ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല’ എന്ന പുസ്തകം എഴുതിയ ഐലയ്യ നിശിതമായി വിമര്‍ശിക്കുകയായിരുന്നു. “ശൂദ്ര രീതിയിലുള്ള ജീവിതത്തെ കുറിച്ച് പുസ്തകത്തില്‍ യാതൊരു പരാമര്‍ശവുമില്ല. പകരം ബ്രാഹ്മണ പാരമ്പര്യത്തെ അതിശക്തമായി പിന്തുണയ്ക്കുകയാണ് അദ്ദേഹം.”

അതിനു മുന്‍പ് നടന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ തിരുവനന്തപുറത്തു വെച്ചു ശശി തരൂര്‍ തന്റെ പുസ്തകത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു. “മതവിശ്വാസം സ്വകാര്യമായിരുന്ന പഴയകാലത്ത് ഞാന്‍ ആരെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. എന്നാല്‍, വര്‍ത്തമാനകാലത്ത് സമൂഹം നമ്മളോട് നീയാര് എന്ന ചോദ്യം ചോദിക്കുമ്പോള്‍ ഞാനൊരു ഹിന്ദുവാണ് എന്ന് പറഞ്ഞേ പറ്റൂ. യഥാര്‍ഥ ഹിന്ദുവാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതും ഇതോടൊപ്പമാണ്. ഈ സാഹചര്യത്തിലാണ് വൈ ഐ ആം എ ഹിന്ദു എന്നത് എഴുതേണ്ടിവരുന്നത്.”

കഴിഞ്ഞ ദിവസം ജന സംസ്കാര തിരുവനന്തപുരത്ത് ‘ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ തരൂര്‍ നടത്തിയ ‘ഹിന്ദു പാകിസ്ഥാന്‍’ എന്ന പ്രയോഗം ദേശീയ തലത്തില്‍ തന്നെ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയാണെങ്കില്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെടും. ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും, ഇന്ത്യയെ ഒട്ടും സഹിഷ്ണുതയില്ലാത്തൊരു രാജ്യമാക്കും. അവര്‍ക്ക് ഭരണത്തുടര്‍ച്ച കിട്ടിയാല്‍ നമ്മുടെ ജനാധിപത്യ ഭരണഘടന പിന്നെ നിലനില്‍ക്കില്ല. ഇന്ത്യന്‍ ഭരണഘടനയെ ചീന്തിയെറിയാനും പുതിയതൊന്ന് എഴുതാനും ആവശ്യമായ എല്ലാം അവരുടെ കയ്യിലുണ്ടാകും. ആ പുതിയ ഭരണഘടന ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിക്കും. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എടുത്തുകളയും. അതൊരു ഹിന്ദു പാകിസ്ഥാനുണ്ടാക്കും. മഹാത്മ ഗാന്ധിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാളികളും വിഭാവനം ചെയ്ത ഇന്ത്യ ഇതല്ല. തരൂര്‍ പറഞ്ഞു.

ഇതിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തെയും ഹിന്ദുക്കളെയും തരൂര്‍ അപമാനിച്ചിരിക്കുകയാണെന്നുനും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ്സ് നല്‍കിയത്. ബിജെപി നേതാവ് സുബ്രമണ്യന്‍ സാമിയുടെ വിമര്‍ശനം അതിര് കടന്നതായി. തരൂരിന് വൈദ്യസഹായം ആവശ്യമുണ്ടോ എന്നു പ്രധാനമന്ത്രി പരിശോധിക്കണം എന്നും ആവശ്യമെങ്കില്‍ ആദേഹത്തെ മാനസികരോഗാശുപത്രിയിലേക്ക് അയക്കണമെന്നുമാണ് സാമിയുടെ ആവശ്യം.

“പാക്കിസ്ഥാനെയാണ് തരൂരിന് താത്പര്യമെങ്കില്‍ അവരെ സ്നേഹിക്കട്ടെ. എന്നാലത് ഇന്ത്യയെ അപമാനിച്ചുകൊണ്ടു വേണ്ട. ഇന്ത്യയെയും ഹിന്ദുക്കളെയും നാണം കേടുത്താനുള്ള ഒരവസരവും തരൂര്‍ പാഴാക്കാറില്ല. ഇക്കാര്യത്തില്‍ രാഹുല്‍ മൌനം വെടിഞ്ഞു മാപ്പ് പറയണം.” ബിജെപി സാംബിത് പത്ര ആവശ്യപ്പെട്ടു.

എന്നാല്‍ ഈ വിഷയത്തില്‍ ആരും മാപ്പ് പറയേണ്ടതില്ല എന്നാണ് വിവാദങ്ങള്‍ക്ക് ശേഷവും തരൂര്‍ എടുത്ത ഉറച്ച നിലപാട്.

ഇതിനിടയില്‍ ഹിന്ദു പാക്കിസ്ഥാന്‍ എന്ന പ്രയോഗം തന്റേതാണ് എന്ന പ്രതികരണവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. താന്‍ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രധാന മന്ത്രിയോട് ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാന്‍ ആക്കരുത് എന്നാവശ്യപ്പെട്ട കാര്യം ഔദ്യോഗിക രേഖകളില്‍ ഉണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അവകാശ വാദം ഉന്നയിച്ചെങ്കിലും യെച്ചൂരിയുടെ പ്രസ്താവന തരൂരിനുള്ള പിന്തുണയായി തന്നെ കാണാം.

അതേസമയം തരൂരിന് പിന്തുണയുമായി കേരളത്തില്‍ നിന്നു കേട്ട ഏക ശബ്ദം വി ടി ബല്‍റാം എം എല്‍ എയുടേതാണ്. “എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളിൽ നിന്ന് പരമാവധി അകന്നുനിൽക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന ആശയം. മത, ജാതി, ഭാഷ, വർഗ, വർണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്. എന്നാൽ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കൽപ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളിൽ മറ്റ് ന്യൂനപക്ഷ മതസ്ഥർ സ്വാഭാവികമായിത്തന്നെ രണ്ടാംകിട പൗരന്മാരാവുന്നു. ഇത്തരം മതരാജ്യങ്ങള്‍ക്ക് നമുക്ക് ചൂണ്ടിക്കാണിക്കാൻ തൊട്ടയൽപ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലയ്ക്ക് പാക്കിസ്ഥാൻ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്റെയല്ല, എന്താകരുത് എന്നതിന്റെ പാഠം.” ഫേസ്ബുക്കില്‍ കുറിപ്പില്‍ ബല്‍റാം പറഞ്ഞു.

തരൂരിന് പാക് വിസയുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഇനി സജീവമാകും. സുബ്രമണ്യന്‍ സാമിമാരും സാധ്വി പ്രാച്ചിമാരും ഭ്രാന്തന്‍ ജല്‍പ്പനങ്ങളുമായി ഉറഞ്ഞാടും. തരൂരിന്റെ വാദത്തോടും പുസ്തകത്തോടും യോജിച്ചാലും വിയോജിച്ചാലും ഹിന്ദുത്വ ദേശീയത എന്ന പ്രതിഭാസം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഇടങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല.

തരൂരിന് ബ്രാഹ്മണിക്കല്‍ ജീവിതം മാത്രമേ അറിയുകയുള്ളൂ; ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദു’ എന്ന പുസ്തകത്തെ വിമര്‍ശിച്ച് കാഞ്ച ഐലയ്യ

ഹിന്ദിയും ഹിന്ദും ഹിന്ദുസ്ഥാനും മാത്രമല്ല ഇന്ത്യയെന്ന്‌ ശശി തരൂര്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍