UPDATES

വിശകലനം

ഇതെന്തൊരു സാമ്പിളാണിഷ്ടാ..! മനോരമ-മാതൃഭൂമി സര്‍വേകള്‍ ആറ്റുകാല്‍ രാധാകൃഷ്ണന്റെ മഷിനോട്ടമാകുമ്പോള്‍

ആലത്തൂര്‍, പാലക്കാട് പ്രവചനം; ഒരു താരതമ്യം

ഏപ്രില്‍ നാലാം തീയതിയാണ് മലയാള മനോരമയുടെ സര്‍വ്വേ ഫലം പുറത്തുവന്നത്. നാല് ദിവസങ്ങള്‍ക്കിപ്പുറം മാതൃഭൂമിയും സര്‍വ്വേയുമായി രംഗത്തെത്തി. രണ്ട് സര്‍വ്വേകളും കണ്ട മലയാളികള്‍ പറഞ്ഞു ഏഷ്യാനെറ്റിന്റെ സിനിമാലയ്ക്ക് ശേഷം ഇത്രയും രസകരമായൊരു കോമഡി പരിപാടി കണ്ടിട്ടില്ലെന്ന്. എന്നാല്‍ മുകേഷ്-രമേഷ് പിഷാരടി ടീമിന്റെ ബഡായി ബംഗ്ലാവ് പോലെയാണ് ഇന്നലത്തെ ഉണ്ണി-വേണു സഖ്യത്തിന്റെ സര്‍വ്വേ കലാപരിപാടി എന്നു ചിലര്‍ പറയുന്നതിനെ തല്‍ക്കാലം ഒരു ട്രോള്‍ കോമഡിയായി കണ്ടാല്‍ മതി.

മനോരമ സര്‍വ്വെ ഫലം ഇങ്ങനെ-യു ഡി എഫ് -15, എല്‍ ഡി എഫ് -4, എന്‍ ഡി എ-1
മാതൃഭൂമി-യു ഡി എഫ് -14, എല്‍ ഡി എഫ്-5, എന്‍ ഡി എ-1

മലയാള മനോരമയും മാതൃഭൂമിയും എല്‍ ഡി എഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളായ ആലത്തൂരിനെയും പാലക്കാടിനെയും എങ്ങനെ വിലയിരുത്തി എന്നു പരിശോധിച്ചാല്‍ മാത്രം മതി ഇത് സെഫോളജി അല്ല ആറ്റുകാല്‍ രാധാകൃഷ്ണന്റെ മഷി നോട്ടമാണ് എന്നു മനസിലാക്കാന്‍.

മലയാള മനോരമ സര്‍വ്വേയില്‍ ആലത്തൂര്‍

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ രമ്യ ഹരിദാസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ അട്ടിമറി വിജയം നേടുമെന്നാണ് മനോരമ പ്രവചിച്ചത്. ആലത്തൂരില്‍ യുഡിഎഫിന് 45 ശതമാനം വോട്ടും എല്‍ഡിഎഫിന് 38 ശതമാനം വോട്ടും കിട്ടും. എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് നടത്തിയ സര്‍വ്വേ ആയതുകൊണ്ട് രമ്യ ഹരിദാസ് എന്ന ചുണക്കുട്ടി മണ്ഡലത്തില്‍ ഉണ്ടാക്കിയ തരംഗമൊന്നും മനോരമയുടെ സര്‍വ്വേയില്‍ തെളിഞ്ഞിട്ടില്ല. ഫേസ്ബുക്ക് എഴുത്തുകാരി ദീപ നിശാന്ത് രമ്യക്കെതിരെ ഉയര്‍ത്തിയ വെറും ‘പാട്ടുകാരി’ വിമര്‍ശനവും അതിനെ തുടര്‍ന്നുള്ള വിവാദവും എണ്ണപ്പെട്ടിട്ടില്ല. അതിലും ഉപരി എല്‍ ഡി എഫ് കണ്‍വീനറുടെ അശ്ലീല പ്രസംഗവും പോലീസ് കേസുമൊക്കെ ചേര്‍ന്നുണ്ടാക്കിയ അനുകൂല തരംഗവും ഗണിക്കപ്പെട്ടിട്ടില്ല. ഈ ഘടകങ്ങള്‍ കൂടി പരിഗണിച്ചാല്‍ സിറ്റിംഗ് എം പി പികെ ബിജുവിന് കെട്ടിവെച്ച കാശ് കിട്ടുമോ എന്നു ആരെങ്കിലും അതിമോഹം നെയ്താല്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ല.

മാതൃഭൂമി സര്‍വ്വേയില്‍ ആലത്തൂര്‍

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷം, അതായത് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ട ദിവസം പൂര്‍ത്തിയാക്കിയ മാതൃഭൂമി സര്‍വ്വേ പറയുന്നത് ആലത്തൂരില്‍ പി കെ ബിജുവിന്റെ നാലയലത്ത് രമ്യ ഇല്ലെന്നാണ്. സര്‍വ്വേ എല്‍ ഡി എഫിന് കിട്ടുമെന്ന് പറയുന്ന 5 സീറ്റില്‍ ആലത്തൂരും ആറ്റിങ്ങലും മാത്രമാണ് താരതമ്യേന എളുപ്പത്തിലുള്ള വിജയം പ്രവചിക്കുന്നത് എന്നു കൂടി ഓര്‍ക്കണം.

ആലത്തൂരില്‍ എല്‍ഡിഎഫ്- 44%, യു.ഡി.എഫ്- 37% വോട്ടും നേടുമെന്നാണ് പ്രവചനം. അതായത് സഖാക്കള്‍ പറയുന്നത് പോലെ ആലത്തൂര്‍ ചുവപ്പ് കോട്ടയായി തുടരുമെന്ന് അര്‍ത്ഥം. രമ്യ എത്ര പാട്ട് പാടിയാലും ജയിക്കില്ലെന്ന് മാതൃഭൂമി പറഞ്ഞുവെക്കുന്നു. വിജയരാഘവന്‍ പ്രസംഗം ഉണ്ടാക്കിയ വിവാദങ്ങളും ബിജുവിന്റെ മാര്‍ജിനെ സ്വാധീനിക്കില്ല എന്നു ഉണ്ണി ബാലകൃഷ്ണന്‍ ചര്‍ച്ചയ്ക്കിടയില്‍ സെഫോളജി ശാസ്ത്ര പ്രകാരം എടുത്തു പറയുന്നുണ്ട്.

മലയാള മനോരമ സര്‍വ്വേയിലെ പാലക്കാട്

ഈ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ പകുതിയില്‍ കൂടുതല്‍ വോട്ട് കരസ്ഥമാക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളെ ഉണ്ടാകുകയുള്ളൂ എന്നാണ് മലയാള മനോരമ പ്രവചിക്കുന്നത്. ഒന്നാമത്തെയാള്‍ പൊന്നാനിയില്‍ മത്സരിക്കുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ആണ്. 55 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. രണ്ടാമത്തെയാള്‍ എം ബി രാജേഷാണ്. കേരളം ഒട്ടുക്കും യു ഡി എഫിന് അനുകൂലമായ ഒരു തരംഗ സാഹചര്യമുണ്ട് എന്ന് പറയുമ്പോഴും പാലക്കാട് എം ബി രാജേഷ് 51 ശതമാനം വോട്ട് നേടി തൊട്ടടുത്ത കോണ്‍ഗ്രസ്സ് സഥാനാര്‍ത്ഥിയേക്കാള്‍ ബഹുദൂരം മുന്‍പിലായിരിക്കും. ശ്രീകണ്ഠന് 27 ശതമാനം വോട്ട് മാത്രമാണ് പ്രവചിക്കുന്നത്. രാജേഷിന് കിട്ടുന്ന വോട്ടിന്റെ പകുതിയേക്കാള്‍ അല്‍പ്പം കൂടുതല്‍. ബി ജെ പി എ പ്ലസ് മണ്ഡലമായി കണക്കാക്കിയിട്ടുള്ള പാലക്കാട് അവര്‍ക്ക് 17 ശതമാനം വോട്ട് മാത്രമാണ് സര്‍വ്വെ പ്രവചിക്കുന്നത്.

മാതൃഭൂമി സര്‍വ്വേയിലെ പാലക്കാട്

എന്നാല്‍ തികച്ചും അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് മാതൃഭൂമി പാലക്കാട് നടത്തുന്നത്. അവരുടെ കണക്കില്‍ പാലക്കാട് ഒരു ഫോട്ടോ ഫീനിഷ് മണ്ഡലമാണ്. രാജേഷിന് 34 ശതമാനം വോട്ടുമായി മേല്‍ക്കൈ പ്രവചിക്കുമ്പോള്‍ തൊട്ടടുത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അല്ല. ബിജെപിയുടെ കൃഷ്ണകുമാര്‍ ആണ്. 31 ശതമാനം വോട്ട്. ശ്രീകണ്ഠന് 30 ശതമാനം വോട്ടും. പ്രവചന ശാസ്ത്രത്തിന്റെ ഒരിത് വെച്ച് ആര് വേണമെങ്കിലും ഗപ്പടിക്കാം.

മനോരമയുടെ സാമ്പിള്‍ സൈസ് 20 മണ്ഡലങ്ങളിലെ 8616 പേരും മാതൃഭൂമിയുടെ സാമ്പിള്‍ 5103 പേരുമാണ്. മനോരമ സര്‍വ്വെ നടത്തിയത് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെയുള്ള ടൈ പിരിയഡില്‍ ആണെങ്കില്‍ മാതൃഭൂമി തങ്ങളുടെ സര്‍വ്വെ നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മാര്‍ച്ച് 31നാണ്. അന്ന് തന്നെയാണ് കോഴിക്കോട് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ഒളിക്യാമറ കോഴ വിവാദത്തില്‍ കുടുങ്ങിയ വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെട്ടതും.

എന്തായാലും തിരഞ്ഞെടുപ്പ് സര്‍വ്വേകളുടെ ആസ്ഥാന വിദ്വാനായ പ്രണയ് റോയിയെ നാണിപ്പിക്കുന്നതായിരുന്നു മലയാള മനോരമയും മാതൃഭൂമിയും നടത്തിയ സര്‍വ്വേകള്‍ എന്നാണ് അതിനകത്തെ ഓരോ വൈരുദ്ധ്യങ്ങള്‍ എടുത്തു പരിശോധിക്കുമ്പോഴും മനസിലാവുന്നത്.

ഇനി ഇന്നുവന്ന മറ്റൊരു സര്‍വ്വെ ഫലം കൂടി വായനക്കാരുടെ അറിവിനായി താഴെ ചേര്‍ക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് 6 മുതല്‍ 14 സീറ്റ് വരെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 5 മുതല്‍ 13 വരെയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ രണ്ട് വരെയും നേടാം എന്നാണ് ദ ഹിന്ദു പ്രസിദ്ധീകരിച്ച സര്‍വേ പറയുന്നത്. ലോക് നീതി, സി എസ് ഡി എസ്, നാഷണല്‍ ഇലക്ഷന്‍ സ്റ്റഡി എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ സീറ്റ് നേടാനുള്ള സാധ്യത ഇതാദ്യമായാണ് ഒരു സര്‍വേ പ്രവചിക്കുന്നത്.

Read More: മേല്‍ക്കൈ ബിജെപിക്ക്, ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന മുന്‍തൂക്കം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; മോദിയോട് നോ പറഞ്ഞ് ദക്ഷിണേന്ത്യ- സര്‍വേ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍