UPDATES

വാന്‍ഗോഗിന്റെ കര്‍ഷകര്‍ കഴിച്ച ഉരുളക്കിഴങ്ങിന്റെ ‘പൈതൃകാവകാശം’ തങ്ങള്‍ക്കാണെന്ന് പറഞ്ഞും ഈ കുത്തകകള്‍ കടന്നുവന്നേക്കാം

ഇനി പെപ്സി കമ്പനി പറയും ആര്, എപ്പോള്‍ എങ്ങനെ കൃഷി ചെയ്യണമെന്ന്? അതിനെ ‘ഒത്തുതീര്‍പ്പ്’ എന്നാണ് അവര്‍ വിളിക്കുന്നത്

1885ലെ ഏപ്രില്‍ മാസത്തിലാണ് വിന്‍സെന്‍റ് വാന്‍ഗോഗ് ‘ഉരുളക്കിഴങ് തീറ്റക്കാര്‍’ എന്ന പ്രശസ്തമായ ചിത്രം രചിച്ചത്. ഗ്രാമീണ കാര്‍ഷിക ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിക്കുന്നതായിരുന്നു വാന്‍ഗോഗിന്റെ കര്‍ഷകര്‍. അവരുടെ ഇരുണ്ട മുഖവും എല്ലുന്തിയ കൈകളും പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കാര്‍ഷിക ജീവിതത്തിന്റെ നേര്‍ ചിത്രമായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്.

വാന്‍ഗോഗ് വരച്ച കര്‍ഷക ജീവിതത്തില്‍ നിന്നു ഏറെയൊന്നും കര്‍ഷകന്‍ മാറിയിട്ടില്ല എന്ന സത്യം കഴിഞ്ഞ വര്‍ഷം മുംബൈ നഗരത്തിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരുടെ വീണ്ടു കീറിയ കാലുകളും വെയിലേറ്റ് കരുവാളിച്ച മുഖങ്ങളും നമ്മെ ഓര്‍മ്മിപ്പിച്ചു. അതേ വര്‍ഷം താന്‍ കൃഷി ചെയ്തുണ്ടാക്കിയ ഉള്ളിക്കൂനയ്ക്കിടയില്‍ മരണത്തെ പുല്‍കി മരവിച്ചു കിടന്ന കര്‍ഷകന്‍റെ ദൃശ്യം നമ്മെ മുറിവേല്‍പ്പിച്ചു.

ഏറ്റവുമൊടുവില്‍ തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കിയ ഉരുളകിഴങ്ങുകളുടെ പേരില്‍ ഒരു കോടി രൂപ ബഹുരാഷ്ട്ര കുത്തകയായ പെപ്സി കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകരും ഇന്ത്യന്‍ കാര്‍ഷിക ജീവിതത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവമായി നമ്മളുടെ മുന്‍പില്‍ നില്‍ക്കുകയാണ്.

ലേയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം എഫ് സി 5 എന്ന ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെയാണ് പെപ്‌സി അഹമ്മദാബാദിലെ വാണിജ്യ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശമുള്ള ഉല്‍പ്പന്നം കൃഷി ചെയ്യുന്നത് നിയമലംഘനമാണ് എന്നാണ് പെപ്‌സിയുടെ വാദം. ഈ ഉരുളക്കിഴങ്ങ്, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നത് മൂലം 1.05 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും തുക കര്‍ഷകര്‍ നല്‍കണം എന്നുമാണ് പെപ്‌സി ആവശ്യപ്പെട്ടത്. ഗുജറാത്തിലെ സബര്‍കാന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പെപ്സി കമ്പനിയുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങുകയാണ് കര്‍ഷകര്‍. ബോയ്ക്കോട്ട് ലെയ്സ് അടക്കമുള്ള ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു. അപകടം മനസിലാക്കി പുതിയ ‘ഒത്തുതീര്‍പ്പ്’ നമ്പറുമായി രംഗത്ത് വന്നിരിക്കുകയാണ് പെപ്സി.

“കര്‍ഷകര്‍ കരാറിന് തയ്യാറായാല്‍ ഉരുളക്കിഴങ്ങിന്‍റെ പൈതൃകാവകാശം ലംഘിച്ചതിന് നല്‍കിയ നഷ്ടപരിഹാര ക്കേസ് പിന്‍വലിക്കാമെന്ന്” പെപ്സി കോടതിയെ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മറുപടി അറിയിക്കാന്‍ കര്‍ഷകര്‍ക്ക് ജൂണ്‍ 12 വരെ സമയം കൊടുത്തിട്ടുണ്ട്. കൃഷിക്കുള്ള സ്റ്റേയും അതുവരെ നീട്ടിയിട്ടുണ്ട്.

വിത്ത് തങ്ങളില്‍ നിന്ന് വാങ്ങണം എന്നും ഉരുളക്കിഴങ്ങ് വ്യവസ്ഥകള്‍ക്ക് വിധേയമായി തങ്ങള്‍ക്ക് തന്നെ വില്‍ക്കണം എന്നുമാണ് പെപ്‌സിയുടെ ആവശ്യം.

എന്താണ് ഉരുളക്കിഴങ്ങിന്റെ ‘പൈതൃകാവകാശം’ എന്നൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചാല്‍ എഫ് സി 5 എന്ന ഉരുളക്കിഴങ്ങിന്‍ മേല്‍ പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ നിയമ പ്രകാരം തങ്ങള്‍ക്കാണ് എന്നൊക്കെ പെപ്സി വിശദീകരിക്കും. കൂടാതെ കോടതിയില്‍ പറഞ്ഞതുപോലെ 1200ഓളം കര്‍ഷകരുമായി തങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന നിയമ വ്യാഖ്യാനവും നടത്തും.

അതേസമയം ബ്രാന്‍ഡഡ് ആയല്ലാതെ ഇത്തരം വിളകള്‍ കൃഷി ചെയ്യാനും വില്‍ക്കാനും നിയമം കര്‍ഷകരെ അനുവദിക്കുന്നുണ്ട് എന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്തായാലും നിയമനടത്തിപ്പിന്റെ കൈകാര്യകര്‍ത്താക്കളായ സര്‍ക്കാര്‍ ഈ കാര്യത്തില്‍ തികഞ്ഞ മൌനത്തിലാണ്. സര്‍ക്കാര്‍ മാത്രമല്ല തിരഞ്ഞെടുപ്പ് ഗോദയില്‍ കര്‍ഷകര്‍ക്ക് വേണ്ടി തൊണ്ട കീറുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞതായി കണ്ടില്ല.

ഉരുളക്കിഴങ്ങിന്റെ പൈതൃകാവകാശത്തെ കുറിച്ച് പറഞ്ഞുകൊണ്ടു കോടതിയെ സമീപിച്ച കുത്തക കമ്പനികള്‍ വാന്‍ഗോഗ് വരച്ച ഉരുളക്കിഴങ്ങിന് മേല്‍ മുന്‍കാല പ്രാബല്യത്തോടെ അവകാശവാദം ഉന്നയിക്കുന്ന കാലം ഒരു അതിശയോക്തിയല്ല.

READ MORE: Explainer: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ലേയ്‌സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ട്?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍