UPDATES

ഭരണകൂടത്തിന്റെ കുപ്പത്തൊട്ടിയല്ല പെരിങ്ങമലയും ഇടിഞ്ഞാര്‍ ട്രൈബല്‍ സ്കൂളും

കുട്ടികളുടെ ഭക്ഷണത്തില്‍ മായം കലര്‍ത്തിയ വിവാദത്തെ തുടര്‍ന്ന് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ ലഭിച്ച പ്രധാന അദ്ധ്യാപകന്‍ ഇടിഞ്ഞാറിലേക്ക്; പ്രതിഷേധവുമായി നാട്ടുകാര്‍

ജിവി രാജ സ്പോര്ട്സ് സ്കൂളിന്റെ ഭരണച്ചുമതല കായിക വകുപ്പിന് കൈമാറും. നല്ല കാര്യം. ഭക്ഷ്യ വിഷബാധയുടെയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെയും അടിസ്ഥാനത്തില്‍ വിവാദത്തിലായ ജി വി രാജ സ്പോര്‍ട്ട്സ് സ്കൂളിന്റെ ഭരണച്ചുമതല കായിക വകുപ്പ് ഏറ്റെടുക്കാനുള്ള തീരുമാനം ഉണ്ടായത് വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ്. കേരളത്തിലെ കായിക തലമുറയെ വാര്‍ത്തെടുക്കാന്‍ ഉത്തരവാദപ്പെട്ട ഒരു സ്ഥാപനം വന്നുപെട്ട ദുര്യോഗത്തിന്റെ ആഴം അത്രമേല്‍ വലുതാണ് എന്നു വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം.

“കായിക പരിശീലനത്തിലെ നിലവാരത്തകര്‍ച്ചയെ തുടര്‍ന്നായിരുന്നു ജി വി രാജ സ്പോര്‍ട്ട്സ് സ്കൂള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കായികവകുപ്പ് ഏറ്റെടുത്തത്. അപ്പോഴും അധ്യാപക നിയമനം ഉള്‍പ്പെടെയുള്ള ഭരണച്ചുമതല പൊതുവിദ്യാഭ്യാസ വകുപ്പിനായിരുന്നു. കായിക വകുപ്പിന് നിയന്ത്രണമില്ലാത്ത അവസ്ഥയില്‍ പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോവുകയും ചെയ്തു”. മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും പെട്ടെന്നു ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ചത് കഴിഞ്ഞ ദിവസം സംഭവിച്ച ഭക്ഷ്യവിഷബാധ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ജൂണ്‍ 18നാണ് ഇവിടെ ഭക്ഷ്യ വിഷബാധ ഉണ്ടായത്. 48 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്കൂള്‍ ഭരണത്തിനുള്ളിലെ തമ്മിലടിയെ കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. ഭക്ഷ്യ വിഷ ബാധ ആവര്‍ത്തിക്കാനും കുട്ടികള്‍ക്ക് ജീവഹാനിവരെ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതായി മലയാള മനോരമ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി എസ് പ്രദീപിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണില്‍ ഉണ്ടായ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അഞ്ചു തവണയാണ് ഇവിടെ ഭഷ്യ വിഷബാധ ഉണ്ടായത്. ഇതേ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന നിലപാടിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കുട്ടികളെ അടക്കം ഉപയോഗിച്ച് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതായുള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ആ സ്ഥാപനത്തെ നയിച്ചവരുടെ ക്രിമിനല്‍ മാനസികാവസ്ഥ തന്നെയാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടത്തെ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും സ്ഥലം മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവ് വന്നു.

ഇതില്‍ ഹെഡ്മാസ്റ്റര്‍ എസ് ജയിന്‍രാജിനെ പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ നല്‍കിയിരിക്കുന്നത് പെരിങ്ങമല പഞ്ചായത്തിലെ ബ്രൈമൂറിലേക്ക് പോകുന്ന വഴിയില്‍ വരയാട് മൊട്ടയ്ക്ക് അടുത്തുള്ള ഇടിഞ്ഞാര്‍ ട്രൈബല്‍ സ്കൂളിലേക്കാണ്. ഈ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും കാണി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളാണ്. നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തുന്ന നിരവധി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും എസ് എസ് എല്‍ സി ഫലവും മെച്ചപ്പെടുത്താന്‍ ഇടിഞ്ഞാര്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഇടിഞ്ഞാര്‍ വന്നു താമസിച്ചു സഹവാസ ക്യാമ്പ് നടത്തിയത്. പ്രശസ്ത നാടക പ്രവര്‍ത്തകനായ മനു ജോസ് ആയിരുന്നു ക്യാമ്പ് നയിച്ചത്. കഴിഞ്ഞ വേനല്‍ അവധിക്കാലത്ത് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നാടക ക്യാമ്പും ഇവിടെ സംഘടിപ്പിച്ചിരുന്നു. ഇന്ന് ഈ കുറിപ്പെഴുതുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ. ബി ബാലചന്ദ്രനെ വിളിച്ചപ്പോള്‍ അദ്ദേഹം അവിടത്തെ കുട്ടികളുമായി ‘സ്കൂളൊരുമ’ എന്ന പരിപാടിയുടെ ഭാഗമായി വനത്തിനകത്താണ്.

Read More: പെരിങ്ങമ്മല കേരളത്തിന്റെ ശത്രുരാജ്യമാണോ? അല്ലെങ്കില്‍ ബോധമുള്ള ആരെങ്കിലും ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുമോ?

അദ്ദേഹം ചോദിച്ചതു ഒറ്റ ചോദ്യമാണ് എല്ലാ മാലിന്യങ്ങളും തള്ളാനുള്ള സ്ഥലമാണോ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍. നേരത്തെ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റ് ആയിരുന്നു ഇവിടെ സ്ഥാപിക്കാന്‍ ആലോചിച്ചത്. വന്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. ഇപ്പോഴിതാ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനായി തുടങ്ങുന്ന ആറ് പ്ലാന്റുകളില്‍ ഒന്നു പെരിങ്ങമലയില്‍ സ്ഥാപിക്കും എന്നാണ് വൈദ്യുതി മന്ത്രി എം എം മണി നിയമസഭയില്‍ പറഞ്ഞത്. യുനെസ്കോ പൈതൃക പട്ടികയില്‍ പെടുത്തിയ അതീവ പരിസ്ഥിതി ലോലമായ പ്രദേശത്താണ് ഇമ്മാതിരി ദുരന്തങ്ങളുമായി സര്‍ക്കാര്‍ കടന്നു വരുന്നത് എന്നോര്‍ക്കുക.

സമാനമായ മറ്റൊരു ദുരന്തമായിട്ടാണ് ജി വി രാജ സ്കൂളില്‍ നിന്നും പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ വാങ്ങി വരുന്ന പ്രധാനാധ്യാപകനെ നാട്ടുകാര്‍ കാണുന്നത്. ശിക്ഷ ഏറ്റുവാങ്ങി ഈ അദ്ധ്യാപകനില്‍ നിന്നും ഇപ്പോള്‍ ഈ വിദ്യാലയം നടത്തിവരുന്ന പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ കിട്ടുമോ? യാത്രയ്ക്ക് രണ്ടു ബസ് മാത്രമുള്ള ഇവിടെ ഈ അദ്ധ്യാപകനെ കണി കാണാന്‍ കിട്ടുമോ? ആദിവാസികളായതുകൊണ്ട് സര്‍ക്കാരിന് ആരെ വേണമെങ്കിലും കെട്ടി അയക്കാമെന്നാണോ? എന്തും ചെയ്യാമെന്നാണോ?

ട്രൈബല്‍ സ്കൂളിനെ കാണി സ്കൂള്‍ എന്നു എഴുതിയ പത്രവും ആദിവാസികള്‍ പഠിക്കുന്നിടത്തേക്ക് തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ വിടാത്ത നവ സവര്‍ണ്ണരും ഉള്ള നാട്ടിലേക്കാണ് കുട്ടികളുടെ ഭക്ഷണത്തില്‍ മായം കലര്‍ത്തിയ വിവാദത്തില്‍ ശിക്ഷ വാങ്ങിച്ച ഒരു അദ്ധ്യാപകന്‍ വരുന്നത്. ഈ അദ്ധ്യാപകന്‍ തെറ്റ് ചെയ്തോ ഇല്ലയോ എന്നതിനേക്കാള്‍ ഉപരി അധസ്ഥിതര്‍ താമസിക്കുന്ന ഇടങ്ങള്‍ കുപ്പക്കൂനകളായി കണക്കാക്കുന്ന ഭരണകൂട മനസ്ഥിതി തന്നെയാണ് ചോദ്യ ചെയ്യപ്പെടേണ്ടത്.

Read More: യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍