UPDATES

ട്രെന്‍ഡിങ്ങ്

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

യഥാര്‍ത്ഥത്തില്‍ കൂട്ടുത്തരവാദിത്തം തകര്‍ത്തത് ഞങ്ങളോ അതോ ചാണ്ടിയോ എന്ന ചോദ്യമാണ് സി പി ഐ ചോദിക്കുന്നത്

സി പി എമ്മും സി പി ഐയും തമ്മിലുള്ള പോരിന്റെ ചരിത്രം തിരഞ്ഞു 1964 വരെ പോകേണ്ടതില്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ കാലയളവില്‍ രണ്ടു പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ പരസ്പരം പോര്‍ വിളിച്ചതിന്റെ ന്യൂസ് ക്ലിപ്പുകള്‍ എടുത്തു നോക്കിയാല്‍ മതി.

തോമസ് ചാണ്ടി എന്ന അത്ര ഇടതല്ലാത്ത മന്ത്രിയുടെ ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ സിപിഐയുടെ കടും പ്രയോഗമാണ് ഒടുവില്‍ ഫലം കണ്ടത് എന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. “സിപിഐ നിലപാട് കടുപ്പിച്ചു, ചാണ്ടി രാജി വെച്ചു” എന്നാണ് ദി ഹിന്ദുവിന്റെ ഒന്നാം ലീഡ് തലക്കെട്ട്.

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐയുടെ നാല് മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബൊയ്ക്കോട്ട് ചെയ്തതാണ് കാര്യങ്ങളെ ഒടുവില്‍ ഒരു തീരുമാനത്തിലെത്തിച്ചത് എന്നാണ് ഹിന്ദു പറയുന്നത്.

എന്നാല്‍ പിണറായിയുടെ വാദം അതല്ല. ‘കഴിഞ്ഞ ദിവസം കോടതി വിമര്‍ശനം വന്ന ഉടനെ എന്‍ സി പി നേതാക്കളെ ബന്ധപ്പെട്ടിരുന്നു. കൊച്ചിയില്‍ ആയതുകൊണ്ട് തന്നെ വന്നു കാണാന്‍ ഇന്നത്തേക്ക് സമയം ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവരുമായി മീറ്റിംഗ് ഇരുന്നു. ആ യോഗത്തില്‍ തങ്ങളുടെ ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാന്‍ അവസരം തരണം എന്നു അവര്‍ ആവശ്യപ്പെട്ടു. മുന്നണി മര്യാദയുടെ പുറത്തു അവര്‍ക്ക് അവസരം കൊടുത്തിരിക്കുകയാണ്.’ ഇത് പിണറായി പറയുന്നത് ഇന്നലെ രാവിലെ പത്തരയ്ക്ക്.

മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ സി പി ഐ മന്ത്രിമാര്‍ പ്രതിഷേധിച്ചത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ മുറിയില്‍ യോഗം ചേര്‍ന്നാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു, “അസാധാരണം എന്നു മുഖ്യമന്ത്രി പറഞ്ഞതിനെ വലിയ കാര്യമായി എടുക്കേണ്ടതില്ല. സാധാരണയായി നടക്കാത്ത കാര്യം എന്നെ മുഖ്യമന്ത്രി ഉദ്ദേശിച്ചിട്ടുള്ളൂ.”

പിണറായി ‘അസാധാരണം’ എന്നു പറഞ്ഞതിന്റെ രാഷ്ട്രീയ അര്‍ത്ഥം എന്തായാലും കേരളത്തിലെ മുന്നണി രാഷ്ട്രീയം അറിയുന്ന ഏവര്‍ക്കും മനസിലായിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

തോമസ് ചാണ്ടിയുടെ കൈയേറ്റ വാര്‍ത്തകള്‍ പുറത്തുവരികയും കളക്ടര്‍ ടി വി അനുപമയുടെ അന്വേഷണത്തില്‍ നിയമ ലംഘനം വ്യക്തമാവുകയും ചെയ്തതതു മുതല്‍ സി പി ഐ മന്ത്രി രാജിവെക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ വെച്ചു റവന്യൂ മന്ത്രിയും തോമസ് ചാണ്ടിയും തമ്മില്‍ വാക്ക് തര്‍ക്കം പോലും ഉണ്ടായി.

ചാണ്ടിയെ രക്ഷിക്കാന്‍ എജിയെ മുന്നില്‍ നിര്‍ത്തി സിപിഐയെ കുരുതി കൊടുക്കണോ എന്നാണ് ചോദ്യം

ഇതിന്റെ തുടര്‍ച്ചയായാണ് കുട്ടനാട് കാനത്തിന്റെ ജനജാഗ്രതാ യാത്രയുടെ വേദിയില്‍ വെച്ചു ഒരാള്‍ക്കും തന്നെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്ന മട്ടില്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചത്.

ഏറ്റവും ഒടുവില്‍ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ചാണ്ടിയുമായി ഒന്നു കോര്‍ത്തു.

“നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ ആ വലുപ്പം ഇവിടെ വന്ന് എല്‍ഡിഎഫ് യോഗത്തില്‍ കാണിക്കേണ്ട. അത് ഇവിടെ ചെലവാകില്ല.” എല്‍ ഡി എഫ് യോഗത്തില്‍ പന്ന്യന്‍ ചാണ്ടിയുടെ മുഖത്തുനോക്കി തുറന്നടിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

“നിങ്ങള്‍ സീനിയര്‍ നേതാവാണ്. ഇങ്ങനെ സംസാരിക്കരുത്” എന്നായിരുന്നു ചാണ്ടിയുടെ മറുപടി. “സീനിയറാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ആ മര്യാദ കാണിക്ക്. അവിടെ ഇരിക്കെന്നായി” പന്ന്യന്‍.

തോമസ് ചാണ്ടി- ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ കേരള അധ്യായം

എന്തായാലും പന്ന്യന്‍റെ അറ്റാക്കിംഗ് മോഡോടെ സി പി ഐയുടെ നിലപാട് എന്തെന്ന് പൂര്‍ണ്ണമായും വ്യക്തമായും. മന്ത്രിസഭയ്ക്കുള്ളിലെ പ്രശ്നം എന്നതിലുപരിയായി കയ്യേറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും എതിരെയുള്ള തങ്ങളുടെ ജനപക്ഷ രാഷ്ട്രീയ നിലപാടായി സി പി ഐ ഇതിനെ ഏറ്റെടുത്തിരിക്കുന്നു.

ഇന്നലത്തെ തോമസ് ചാണ്ടിയുടെ ഉച്ഛാടനത്തോടെ അവര്‍ രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്തു.

ഇനി വരാന്‍ പോകുന്നത് ഇടതു മുന്നണിയുടെ പരീക്ഷണ കാലമാണ് എന്നാണ് ആര്‍ ഹരികുമാര്‍ മാതൃഭൂമിയില്‍ എഴുതുന്നത്. കാരണം മുറിവേറ്റിരിക്കുന്നത് പിണറായിക്കാണ്. “തിരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന പിണറായി മന്ത്രിസഭയ്ക്ക് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളല്ല. മറിച്ച് സി പി എം-സി പി ഐ ഭിന്നതയാണ് പലപ്പോഴും തലവേദനയാകുന്നതെന്നാണ് സത്യം. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍, ലോ അക്കാദമിയുടെ ഭൂമി പ്രശ്നം, ജിഷ്ണു പ്രണോയ് കേസ് എന്നിവയിലെല്ലാം ഇരു കക്ഷികളും വിരുദ്ധ ധ്രുവങ്ങളിലാണ് നിലയുറപ്പിച്ചത്”, മാതൃഭൂമി എഴുതുന്നു.

മേല്‍ വിഷയങ്ങളില്‍ എല്ലാം അന്തിമമായി പിണറായി പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തിക്കാന്‍ അദ്ദേഹത്തിന് ആയി. എന്നാല്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ കാനത്തിന്റെ മുണ്ടൂരി അടിയാണ് വിജയം കണ്ടത്.

അതാണ് ഇന്നത്തെ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ജനയുഗം എഡിറ്റോറിയല്‍ വ്യക്തമാക്കുന്നത്. തലക്കെട്ട് ഇങ്ങനെ “അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം”

കോടതിയുടെ പരാമര്‍ശം വന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് ഉന്നതമായ ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണ് എന്നാണ് ജനയുഗം എഡിറ്റോറിയല്‍ എഴുതുന്നത്. “മന്ത്രിപദവിയില്‍ ഇരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുതരവാദിത്വത്തിന്റെ ലംഘനമാണ് എന്നു തിരിച്ചറിയാന്‍ കോടതി വിധി വരെ കാത്തിരിക്കേണ്ടതില്ല” എന്നും എഡിറ്റോറിയല്‍ പറയുന്നു.

അന്ന് ‘നിറപറ’, ഇന്ന് തോമസ് ചാണ്ടി; ടിവി അനുപമ എന്ന ജനപക്ഷ കളക്ടര്‍

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ കൂട്ടുത്തരവാദിത്തം തകര്‍ത്തത് ഞങ്ങളോ അതോ ചാണ്ടിയോ എന്ന ചോദ്യമാണ് സി പി ഐ ചോദിക്കുന്നത്.

ഇനി ചില കണക്കിലെ കളികള്‍.

കേരള നിയമസഭയില്‍ എല്‍ ഡി എഫിന് 91 സീറ്റ്. അതില്‍ സിപിഐക്ക് 19. ബാക്കിയെത്ര 72.
എന്‍സിപിക്ക് 2. ബാക്കിയെത്ര 70.
ഗണേഷ് കുമാര്‍ എന്ന കയ്യാലപ്പുറത്തെ തേങ്ങ-1
ബാക്കിയെത്ര-69
വിജയന്‍ പിള്ള മുതലാളി-1
ബാക്കിയെത്ര-68

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടുതോമയും. ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

സഖാവെ, തോമസ് ചാണ്ടിയെ പുറത്താക്കേണ്ട, ദയവായി ആ ബ്രാക്കറ്റില്‍ നിന്നും മാര്‍ക്‌സിനെ ഒഴിവാക്കൂ

വന്നു വന്ന് ചാണ്ടിയെ പുറത്താക്കണമെങ്കിലും മുഖ്യമന്ത്രിക്ക് എന്‍സിപിയുടെ അനുമതി വേണോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍