UPDATES

വായന/സംസ്കാരം

പാട്യം ഗോപാലന്റെ മകന്റെ കണ്ണൂര്‍ പുസ്തകത്തോട് വിയോജിച്ച് പിണറായി; പക്ഷേ, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു

“സി പി എമ്മിന് ആള്‍ബലമുണ്ട്. ആള്‍ബലമുള്ളവര്‍ക്ക് വാള്‍ബലം വേണ്ട. എതിരഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ട് നേരിടാന്‍ ആകാത്തവരാണ് വാളിന്റെ ബലം തേടുന്നത്.”

ഡല്‍ഹിയില്‍ ഓപ്പണ്‍ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ ഉല്ലേഖ് എന്‍ പിയുടെ ‘കണ്ണൂര്‍-ഇന്‍സൈഡ് ഇന്‍ഡ്യാസ് ബ്ലഡിയെസ്റ്റ് റിവഞ്ച് പൊളിറ്റിക്ക്സ്’ എന്ന പുസ്തകത്തിലെ ആദ്യ ആദ്ധ്യായമായ ‘ഹിംസയുടെ തരംഗങ്ങള്‍’ ആരംഭിക്കുന്നത് എന്റെ നാടായ മുഴപ്പിലങ്ങാടിനെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മക്കാഴ്ചയില്‍ ഇപ്പൊഴും നിറഞ്ഞു നില്‍ക്കുന്നത് കടലിനകത്തെ പാറക്കെട്ടില്‍ അസ്തമയ സൂര്യന്റെ ചുവന്ന വെളിച്ചത്തില്‍ വിജൃംഭിച്ചു നില്‍ക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. തൊട്ടടുത്തായി പ്രകൃതിയുടെ സൌന്ദര്യാനുഭൂതിയായി ധര്‍മ്മടം തുരുത്തും.

ഉല്ലേഖിന്റെ പുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് മുഴപ്പിലങ്ങാട്. ഇന്ന് പാനൂര്‍, ചൊക്ലി, കതിരൂര്‍, പിണറായി എന്നൊക്കെ കേള്‍ക്കുന്നതിന് മുന്‍പ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊണ്ട് വിറങ്ങലിച്ച നാട്. സംഘര്‍ഷം സി പി എമ്മും ആര്‍ എസ് എസും തമ്മിലായിരുന്നില്ല. സി പി എമ്മും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു. കെ സുധാകരന്‍ സര്‍വ്വപ്രതാപിയായി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തിളച്ചു നില്‍ക്കുമ്പോഴായിരുന്നു ദേശീയ പാതയ്ക്കിരുവശവുമുള്ള നടാല്‍, എടക്കാട്, മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ സി പി എം പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും നിരന്തരം കൊല്ലപ്പെട്ടത്. എനിക്കു നേരിട്ടു പരിചയമുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ കാര്യത്ത് രമേശനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ശാദുലിയും കല്ലാടന്‍ ചന്ദ്രനുമടക്കം നിരവധി പേര്‍ പ്രതികാര കൊലയ്ക്ക് ഇരയായി. 1980കള്‍ക്ക് ഒടുവിലും 1990കളുടെ തുടക്കത്തിലുമായിരുന്നു ഈ സംഭവങ്ങള്‍.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്നതും മുഴപ്പിലങ്ങാട് തന്നെയാണ്. 1948ല്‍ മൊയാരത്ത് ശങ്കരന്‍. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായ മൊയാരത്ത് ശങ്കരനെ മര്‍ദിച്ചു കൊന്നത് കോണ്‍ഗ്രസ്സിന്റെ കുറുവടി സംഘമാണ്. എഴുത്തുകാരനും പ്രസംഗികനുമായ മൊയാരത്ത് കണ്ണൂരില്‍ എമ്പാടും വായനശാലകള്‍ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്ത വിപ്ലവകാരിയായ നേതാവാണ്.

21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം എന്നു ബിജെപിക്കാര്‍ അവകാശപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം നടന്നത്. “വാസ്തവത്തില്‍, ആര്‍എസ്എസ് രാജ്യത്തെങ്ങും പ്രചരിപ്പിക്കുന്നപോലെ വാടിക്കല്‍ രാമകൃഷ്ണനല്ല കേരളത്തിലെ സംഘപരിവാര്‍-മാര്‍ക്സിസ്റ്റ് സംഘട്ടനങ്ങളുടെ ആദ്യ ഇര. ആ സ്ഥാനം കോഴിക്കോട് നിന്നുള്ള പി. സുലൈമാനാണ്. കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ (ഇപ്പോള്‍ ഗ്രാസിം എന്ന് വിളിക്കുന്ന) തൊഴിലാളിയായിരുന്ന അയാളെ, 1968 ഏപ്രില്‍ 29-നു ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി ആര്‍എസ്എസുകാര്‍ കുത്തിക്കൊല്ലുകയായിരുന്നു” എന്നു ഉല്ലേഖിന്റെ പുസ്തകം പറയുന്നു.

കണ്ണൂരിനെ കുറിച്ചുള്ള ഉല്ലേഖിന്റെ പുസ്തകം ഇറങ്ങുന്നത് രാജ്യമാകെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പരമ്പര നടക്കുമ്പോഴാണ് എന്നത് യാദൃശ്ചികമല്ല. ഹിംസ എന്നത് ഒരു കണ്ണൂരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം.

കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രവും സാമൂഹ്യശാസ്ത്രവും വിശകലനം ചെയ്യുന്ന ഈ പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ തിരുവനന്തപുരത്ത് നടന്നു. ഏതര്‍ത്ഥത്തിലും പുസ്തകം പ്രകാശനം ചെയ്യാന്‍ യോഗ്യനായ നേതാവ് തന്നെ അത് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ പുസ്തകം പ്രകാശിപ്പിച്ചും വിമര്‍ശിച്ചും പിണറായി വിജയന്‍ എന്നാണ് മാതൃഭൂമി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. “യോജിക്കേണ്ടതിനെക്കാള്‍ നൂറു മടങ്ങ് വിയോജിക്കാനുള്ള ഉള്ളടക്കമാണ് ഈ പുസ്തകത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു, എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ താനും തന്റെ പാര്‍ട്ടിയും ബഹുമാനിക്കുന്നു. പ്രിയപ്പെട്ട സഖാവ് പാട്യം ഗോപാലന്റെ മകനാണ് എഴുത്തുകാരന്‍. ആ ധീര വിപ്ലവകാരിയുടെ നാമധേയവുമായി ബന്ധപ്പെട്ട ഒന്നിനോടും നോ പറയാനാകില്ല.” പിണറായി വിജയന്റെ വാക്കുകളെ ഇങ്ങനെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

“പാട്യം ഗോപാലനോടുള്ള ആദരവ് കൊണ്ടും മകനോടുള്ള വാത്സല്യം കൊണ്ടുമാണ് മുണ്ടുടുത്ത മോദിയെന്നു വിമര്‍ശകരാല്‍ വിശേഷിക്കപ്പെടുന്ന വ്യക്തിയെന്ന് തന്നെ നേരിട്ടറിയാത്ത സുമന്ത്ര ബോസ് അവതാരികയില്‍ എഴുതിയ ഈ പുസ്തകം പ്രകാശനം ഞാന്‍ തയാറാകുന്നത്.” പിണറായി പറഞ്ഞു. “കൊലപാതകങ്ങളുടെ എണ്ണം താരതമ്യപ്പെടുത്തി സി പി എമ്മും ആര്‍ എസ് എസും കണക്കാണെന്ന് വേരുത്തിതീര്‍ക്കാനുള്ള ശ്രമം ശരിയല്ല. മതനിരപേക്ഷതയെ സംരക്ഷിക്കുന്ന സി പി എമ്മും രാജ്യമാകമാനം വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്ന ആര്‍ എസ് എസും തമ്മില്‍ താരതമ്യപ്പെടുത്തന്‍ എങ്ങനെ സാധിക്കും?” പിണറായി ചോദിച്ചു.

“സി പി എമ്മിന് ആള്‍ബലമുണ്ട്. ആള്‍ബലമുള്ളവര്‍ക്ക് വാള്‍ബലം വേണ്ട. എതിരഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ട് നേരിടാന്‍ ആകാത്തവരാണ് വാളിന്റെ ബലം തേടുന്നത്.” പിണറായി ചൂണ്ടിക്കാട്ടുന്നു. “സിപിഎമ്മിനെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന ഈ പുസ്തകം പ്രകാശനം ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിനാലാണ്” എന്നു മുഖ്യമന്ത്രി പറഞ്ഞതായി ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും ഉല്ലേഖിന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷ മാതൃഭൂമി ഉടന്‍ പ്രസിദ്ധീകരിക്കും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ അത് കൂടുതല്‍ വായനക്കാരിലെത്തുകയും കൂടുതല്‍ ഊര്‍ജ്ജസ്വലമായ സംവാദങ്ങള്‍ ഉണ്ടാവുകയും ചെയ്യും എന്നു കരുതാം. സംഘപരിവാര്‍ ഭീഷണി കാരണം മാതൃഭൂമി മീശ പിന്‍വലിച്ച സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ എങ്ങനെ വായിക്കപ്പെടും എന്നും ചര്‍ച്ച ചെയ്യപ്പെടും എന്നും കാത്തിരുന്ന് കാണാം.

ഉല്ലേഖിന്റെ പുസ്തകത്തില്‍ പിണറായിയെ കുറിച്ച് ഇങ്ങനെ പറയുന്നു;

“തന്റെ രാഷ്ട്രീയത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പിണറായി എന്റെ അച്ഛനോട് വലിയ ആദരവ് കാണിച്ചിരുന്നു. 1978-ല്‍ 41-ആം വയസില്‍ ഹൃദയാഘാതം വന്ന് അച്ഛന്‍ അകാലത്തില്‍ മരിക്കും വരെയും അവര്‍ അടുത്ത സുഹൃത്തുക്കളും സഖാക്കളുമായി തുടര്‍ന്നു. ഉള്‍ക്കരുത്തുണ്ടെങ്കിലും പാട്യം ഗോപാലന്റെ മരണം തന്നെ ആകെ ഉലച്ചുകളഞ്ഞെന്നും വേദിയില്‍ വികാരഭരിതനാകുമോ എന്ന ആശങ്കയില്‍ അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പ്രസംഗിക്കുന്നതില്‍ നിന്നും താന്‍ ഒഴിഞ്ഞുനില്‍ക്കാറുണ്ടെന്നും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷവും മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളില്‍ പിണറായി ആവര്‍ത്തിക്കാറുണ്ട്. പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പിന്നീട് കേരള മുഖ്യമന്ത്രിയുമായി അദ്ദേഹം മാറുമ്പോള്‍ തന്റെ ഏത് മുന്‍ഗാമിയെക്കാളുമേറെ- അതില്‍ പലരും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശികളുമാണ്- സിപിഎമ്മിന്റെ പേശീബല രാഷ്ട്രീയത്തിന്റെ പ്രതീകമായി പിണറായി വിജയന്‍ മാറിയിരുന്നു. ഇതദ്ദേഹത്തെ പാര്‍ട്ടി അംഗങ്ങളുടെ പ്രിയ താരവും, എതിരാളികളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശത്രുവുമാക്കി മാറ്റി.”

പുസ്തകത്തിലെ ഫസ്റ്റ് ബ്ലഡ് എന്ന രണ്ടാം അദ്ധ്യായത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ വായിക്കാം: കണ്ണൂരിലെ ചോരക്കളങ്ങള്‍: കൊലപാതക രാഷ്ട്രീയത്തിന്റെ അകംപുറങ്ങള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍