UPDATES

ട്രെന്‍ഡിങ്ങ്

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

‘നിത്യ ഹരിത നായകന്‍’ പി കെ ശശിയും ‘നഷ്ട നായിക’ റോസിയും

ശബരിമല വിഷയം മുന്‍നിര്‍ത്തിയും വിവിധ വിഷയങ്ങള്‍ ഉന്നയിച്ചും നാടൊട്ടുക്കും ജന മുന്നേറ്റ ജാഥ നടത്തി വരികയാണ് സിപിഎം. പാര്‍ട്ടിയുടെ എല്ലാ കാലത്തെയും പ്രചാരണ മാര്‍ഗ്ഗമായ കാല്‍ നട പ്രചാരണ ജാഥയാണ് നിയോജക മണ്ഡലം തിരിച്ചു നടത്തുന്നത്. സിപിഎം ഹിന്ദു വേട്ട നടത്തുകയാണ് എന്നും ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്നും വിശ്വാസികള്‍ക്ക് എതിരാണെന്നും നിരീശ്വര വാദികളാണ് എന്നുമൊക്കെയുള്ള പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി സമീപ കാലത്തെ ഏറ്റവും വലിയ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. നല്ല കാര്യം. നാട്ടില്‍ ആശയ സംഘര്‍ഷങ്ങള്‍ നടക്കുമെന്നത് തന്നെ.

ശബരിമല വിഷയമാവുമ്പോള്‍ അത് നവോത്ഥാനത്തിന്റെയും സമത്വത്തിന്റെയും വിഷയമാണ്. ദുരാചാരങ്ങള്‍ക്കെതിരെ തീര്‍ച്ചയായും ഈ ജാഥകളില്‍ പ്രസംഗിക്കേണ്ടി വരും. ഒപ്പം സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും. കാരണം ശബരിമല വിഷയം ഉരുവം ചെയ്തത് തന്നെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണല്ലോ? സ്ത്രീകളോടുള്ള നീതിയുടെ വിഷയം ഇതില്‍ ഉള്‍ചെര്‍ന്നു കിടപ്പുണ്ടെന്ന് സാരം.

അതാണ് നിലവിലെ ചര്‍ച്ചകളുടെ അടിസ്ഥാനമെങ്കില്‍ സിപിഎം തങ്ങളുടെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്നു എന്നു പറയാതെ വയ്യ. കാരണം ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തുന്ന ജാഥയുടെ ക്യാപ്റ്റന്‍ മാറ്റാരുമല്ല. ഇപ്പൊഴും നല്ല ‘കമ്യൂണിസ്റ്റ് ആരോഗ്യ’ത്തോടെ ജീവിക്കുന്ന നിത്യ ഹരിത നായകന്‍ പികെ ശശി തന്നെ. ജാഥ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ഇന്നലെ തിരുവാഴിയോട് നടന്ന സമ്മേളനത്തില്‍ പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി നിയോജക മണ്ഡല വീഥികള്‍ ശശി എം എല്‍ എയുടെ പാദാരവിന്ദം കൊണ്ട് ഉല്‍പ്പുളകമണിയും, ആ സ്ഫുടതയുള്ള മൊഴിമുത്തുകള്‍ കേട്ട് കൊരിത്തരിക്കും. എന്നാല്‍ അറിയേണ്ടത് ജാഥയില്‍ ഒപ്പം നടക്കുന്ന സ്ത്രീ സഖാക്കള്‍ കയ്യടിക്കുമോ എന്നാണ്.

ബിഷപ്പ് ഫ്രാങ്കോ, ശബരിമല വിഷയം എന്നിവയില്‍ പെട്ട് പി കെ ശശിക്കെതിരായുള്ള ലൈംഗിക പിഡനാരോപണങ്ങള്‍ മഹാപ്രളയത്തില്‍ എന്ന പോലെ മുങ്ങിത്താണപ്പോള്‍ ശശി വര്‍ദ്ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേറ്റു എന്നു വേണം കരുതാന്‍. പാര്‍ട്ടിക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത വിധം ജില്ലയിലെ അപ്രമാദിയായ തമ്പുരാനാണ് താനെന്ന് ഈ ജാഥാ ക്യാപ്റ്റന്‍ എന്ന സിംഹാസനം തെളിയിച്ചിരിക്കുന്നു. ഇതിന് മുന്‍പ് പാര്‍ട്ടി നിയോഗിച്ച ഷെര്‍ലക്ഹോംസ് എ കെ ബാലനൊപ്പവും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും വേദി പങ്കിട്ടുകൊണ്ട് ശശി താന്‍ പവര്‍ഫുള്ളാണ് എന്നു തെളിയിച്ചിരുന്നു.

എന്തായാലും പാലക്കാട് ജില്ലയിലെ സി പി എം പ്രവര്‍ത്തകര്‍ അത്ര ഹാപ്പിയല്ല ശശിയുടെ ജാഥാ ക്യാപ്റ്റന്‍ പദവിയില്‍ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായി എന്നും വാര്‍ത്തകളുണ്ട്. നേരത്തെ സി പി എം ചേര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത നടപടിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്തായാലും കിട്ടിയ അവസരം മുതലാക്കാന്‍ തന്നെയാണ് പാലക്കാട്ടെ പ്രതിപക്ഷ യുവജന സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ജാഥ കടന്നു പോകുന്ന സ്ഥലത്തെ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് അവരുടെ നീക്കം. എന്തായാലും ഡി വൈ എഫ് ഐ ഈ കാര്യത്തെ കുറിച്ച് കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. തിരുവാഴിയോട്ടെ ഉദ്ഘാടന വേദി പങ്കിട്ട് ഡി വൈ എഫ് ഐ നേതാവായ നിതിന്‍ കണിച്ചേരിയടക്കം ഉണ്ടായിരുന്നു എന്നതാണ് ആ യുവജന സംഘടനയുടെ ഇരട്ടത്താപ്പിന്റെ അശ്ലീലം കൂട്ടുന്നത്. ശശിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ഉടന്‍ തന്നെ പരിഗണിക്കുമെങ്കിലും അതില്‍ എം എല്‍ എക്കെതിരെ വലിയ സീനൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്നലെ മലയാള സിനിമയുടെ ചരിത്രവും പുരാരേഖകളും സംബന്ധിച്ചു ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിനുള്ള കേരള ചലചിത്ര അക്കാദമിയുടെ സംരംഭമായ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്സിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുകയുണ്ടായി. ഒദ്യോഗിക ജീവിതത്തില്‍ ഒരു കുട്ടന്‍ പിള്ള പോലീസായിരുന്ന സത്യനേശന്‍ നാടാര്‍ എന്ന സത്യന്റെ പേരിലാണ് ആ ഗവേഷണ കേന്ദ്രം നാമകരണം ചെയ്തിരിക്കുന്നത്. പോലീസുകാരനായിരിക്കെ നിരവധി കമ്യൂണിസ്റ്റ് സഖാക്കളെ മര്‍ദിച്ചിട്ടുണ്ട് ഈ സത്യന്‍ പോലീസ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പിന്നീട് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മൂലധനം തുടങ്ങിയ കമ്യൂണിസ്റ്റ് വിപ്ലവ പടങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഈ നടന്‍. കൂട്ടത്തില്‍ കോണ്‍ഗ്രസ്സുകാരനായ നിത്യ ഹരിത നായകന്‍ പ്രേം നസീറും ഉശിരന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ഇടതു സര്‍ക്കാരിന് തങ്ങളുടെ ഭരണ കാലത്ത് സ്ഥാപിക്കുന്ന സെന്ററിന് പേരിടാന്‍ തോന്നിയത് സത്യന്റെ പേരിലാണ്.

“മലയാള സിനിമയുടെ ചരിത്രം കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണെന്നും മണ്ണിനോടും മനുഷ്യനോടും പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളോടും പ്രതിബദ്ധത പുലര്‍ത്തിയവയാണ് പഴയ കാല ചലച്ചിത്രങ്ങളെന്നും” മുഖ്യമന്ത്രി പിണറായി വിജയന്‍ കഴക്കൂട്ടം കിന്‍ഫ്രയില്‍ വെച്ചു നടത്തിയ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. “അനാചാരങ്ങളും അന്ധ വിശ്വാസവും വര്‍ഗ്ഗീയ ചേരിതിരിവും കേരള സമൂഹത്തില്‍ കൊണ്ടുവന്ന് ഇവിടത്തെ നവോത്ഥാനത്തിന്റെ നേട്ടങ്ങളെ പിന്നോട്ടു കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ചലച്ചിത്രങ്ങളുടെ പ്രസക്തി വളരെ കൂടുതലാണെന്നും” അദ്ദേഹം പറഞ്ഞു.

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഈ കേന്ദ്രത്തിന് മലയാള സിനിമയിലെ ആദ്യ നായിക റോസിയുടെ പേര് നല്‍കിയില്ല എന്നാണ് സ്വാഭാവികമായും ഉയര്‍ത്താവുന്ന ഒരു ചോദ്യം. അതല്ലേ ചരിത്രപരമായ നീതി? സ്ത്രീകള്‍ അഭിനയ രംഗത്ത് വരാതിരുന്ന കാലത്ത് വെള്ളിത്തിരയിലേക്ക് കടന്നു വന്ന ഈ ദളിത് സ്ത്രീക്ക് ഒടുവില്‍ നാടുവിട്ടോടേണ്ടി വന്നു. അവരുടെ കൂര സവര്‍ണ്ണര്‍ അഗ്നിക്കിരയാക്കി. നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു സമാധിയായ 1928ലാണ് റോസിക്ക് പലായനം ചെയ്യേണ്ടി വന്നതിന് കാരണമായ വിഗതകുമാരന്‍ നിര്‍മ്മിക്കപ്പെട്ടത് എന്നത് ചിലപ്പോള്‍ ചരിത്രത്തിന്റെ ഒരു വികൃതിയാകാം.

അത് തന്നെയാണ് 90 വര്‍ഷങ്ങള്‍ക്കിപ്പുറവും താമസിക്കുന്ന ഇടവും തൊഴിലും നഷ്ടപ്പെട്ട് അഗളിയിലേക്ക് പലായനം ചെയ്യേണ്ടിവന്ന ബിന്ദു തങ്കം കല്യാണിയുടെ കാര്യത്തിലും സംഭവിച്ചത്. പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി കൊടുത്ത യുവ ഡി വൈ എഫ് ഐകാരി നേരിടുന്നതും മറ്റൊരു തരത്തിലുള്ള സംഘടിത ഉന്‍മൂലനം തന്നെ.

ഏറ്റവും ഒടുവില്‍ ഇന്ന് പുറത്തുവരുന്ന വാര്‍ത്ത ശബരിമലയില്‍ ദര്‍ശനം നടത്താന്‍ താത്പര്യമുണ്ട് എന്നു പ്രഖ്യാപിച്ച അപര്‍ണ്ണ ശിവകാമി എന്ന യുവതിയുടെ വീടിന് നേരെ പുലര്‍ച്ചെ ആക്രമണം ഉണ്ടായി എന്നാണ്.

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

*നഷ്ടനായിക-റോസിയെ കുറിച്ചുള്ള വിനു എബ്രഹാമിന്റെ നോവല്‍

ശശിയുടെ കമ്യൂണിസ്റ്റ് ‘അനാരോഗ്യ’ത്തിന് ചികിത്സയുണ്ടോ? പി.സിയെ ‘സംസ്കരിക്കാ’ന്‍ വല്ല മാര്‍ഗവുമുണ്ടോ?

അതിലൊരു പ്രശ്നമുണ്ട്, ശ്രീ പിണറായി വിജയൻ

പ്രബുദ്ധ കേരളമേ നിനക്കിത് എന്തുപറ്റിയെന്നൊക്കെ കേൾക്കുമ്പോ ചിരിയാണ് വരുന്നത്

കറുത്തമ്മയല്ല രേഖ എന്ന മത്സ്യത്തൊഴിലാളി

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍