UPDATES

ഞാന്‍ മാത്രമല്ല അമിത് ഷാ ജിയും അങ്ങനെ പറഞ്ഞിട്ടുണ്ട്; പിള്ള മനസില്‍ കള്ളമില്ല

അമിത് ഷായ്ക്കെതിരെ കേസെടുക്കണം എന്ന ആവശ്യവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് ശിവശങ്കർ മേനോൻ ഉൾപ്പെടെയുള്ള അന്‍പതോളം വരുന്ന വിരമിച്ച ഉദ്യോഗസ്ഥര്‍ രംഗത്ത്; ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുത്തു

അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം സൂക്ഷ്മമായ നിയമ പരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യവുമായി അന്‍പതോളം വരുന്ന മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് ശിവശങ്കർ മേനോൻ ഉൾപ്പെടെയുള്ളവരാണ് അമിത് ഷായ്ക്കെതിരെ കേസെടുക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ അമിത‌് ഷായ‌്ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസ‌് എടുക്കണമെന്നാണ് ആവശ്യം.

ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്ന വിശ്വാസികള്‍ക്കെതിരെ പോലീസ് നടപടി തുടര്‍ന്നാല്‍ കേരള സര്‍ക്കാരിനെ ‘വലിച്ചു താഴെയിടും’ എന്നായിരുന്നു അമിത് ഷാ കണ്ണൂരില്‍ നടത്തിയ വെല്ലുവിളി പ്രസംഗം. ഇതില്‍ ‘വലിച്ചു താഴെയിടും’ എന്ന വാക്ക് അമിത് ഷാ പ്രയോഗിച്ചിട്ടില്ലെന്നും അത് പരിഭാഷകനായ താന്‍ പറഞ്ഞതാണ് എന്നും ആ തെറ്റ് മനസിലാക്കാതെ മാധ്യമങ്ങളാണ് വളച്ചൊടിച്ചു നല്കിയത് എന്നുമുള്ള വിശദീകരണവുമായി വി മുരളീധരന്‍ എം പി രംഗത്തുവന്നിരുന്നു.

വിശ്വാസികള്‍ക്കെതിരെയുള്ള നടപടി തുടര്‍ന്നാല്‍ പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് പറഞ്ഞതെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും എന്നല്ല എന്നൊക്കെയുള്ള വിശദീകരണവുമായി സംസ്ഥാന ബിജെപി നേതൃത്വവും എത്തിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്ന സാഹചര്യം ഇല്ല എന്ന വിലയിരുത്തലായിരുന്നു നേതൃത്വം നടത്തിയത്.

എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ പുറത്താക്കും എന്ന പ്രഖ്യാപനമാണ് ഭരണ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ നടത്തിയത് എന്ന വിമര്‍ശനം രാഷ്ട്രീയ രംഗത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. ആ ചര്‍ച്ച രാഷ്ട്രീയ രംഗത്ത് ഒതുങ്ങിനില്‍ക്കില്ല എന്നാണ് വിരമിച്ച അന്‍പതോളം വരുന്ന പ്രമുഖ ഉദ്യോഗസ്ഥരുടെ സംയുക്ത പ്രസ്താവന സൂചിപ്പിക്കുന്നത്.

“കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് അമിത് ഷാ ആവശ്യപ്പെടുന്നത്. ഭരണഘടനയ്ക്ക് നിരക്കാത്ത പെരുമാറ്റമാണിത്. സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ ഈ പരാമര്‍ശത്തിനെതിരെ നടപടി എടുക്കണം. ഫെഡറലിസം ശക്തിപ്പെടുന്നതിനെ കുറിച്ച് വാദിക്കുന്ന പ്രധാനമന്ത്രി ഒരു സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന പ്രസ്താവന അവഗണിക്കരുത്”, പ്രമുഖ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണൂര്‍ പ്രസംഗത്തില്‍ അമിത് ഷാ നടത്തിയ മറ്റൊരു വിവാദ പരാമര്‍ശം കോടതികള്‍ക്കെതിരെയായിരുന്നു. നടപ്പാക്കാന്‍ കഴിയുന്ന വിധി മാത്രമേ കോടതി പുറപ്പെടുവിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഷായുടെ നിര്‍ദേശം.

ഭരണഘടന നിയമങ്ങള്‍ പാലിക്കാത്ത പാര്‍ട്ടി പ്രസിഡന്റിന്റെ നടപടിയെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടണം, സുപ്രീംകോടതിയുടെ അധികാരം ചോദ്യം ചെയ്തയാള്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണം, പ്രസംഗത്തിന് സര്‍ക്കാരിന്റെ പിന്തുണയില്ല എന്നു പ്രധാനമന്ത്രി വ്യക്തമാക്കണം, ഭരണഘടനാ മര്യാദ പാലിക്കണമെന്ന് രാഷ്ട്രപതി നിര്‍ദ്ദേശിക്കണം എന്നീ ആവശ്യങ്ങളാണ് സംയുക്ത പ്രസ്താവന മുന്നോട്ട് വെക്കുന്നത്.

അമിത് ഷായുടെ വിവാദ പ്രസംഗത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഏത് രീതിയില്‍ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ഈ കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ വരുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ചും ഈ മാസം പതിമൂന്നാം തീയതി ശബരിമല റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ.

ഇതേ കുറ്റം ആരോപിക്കപ്പെട്ട് മറ്റൊരു പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. ശബരിമലയില്‍ നടന്ന പ്രതിഷേധം ബിജെപി ആസൂത്രണം ചെയ്തതായിരുന്നു എന്നായിരുന്നു യുവമോര്‍ച്ചാ യോഗത്തില്‍ ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്. കലാപാഹ്വാനം, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് കോഴിക്കോട് സ്വദേശി ഷൈബിന്‍ നന്‍മണ്ടയാണ് പരാതി നല്‍കിയത്.

സമാധാനാന്തരീക്ഷം തകര്‍ക്കുംവിധം പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത് എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടരുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്.

ശബരിമലയിലെ തുലാം മാസ പൂജക്കാലത്ത് യുവതികള്‍ പോലീസ് സംരക്ഷണയോടെ വലിയ നടപ്പന്തല്‍ വരെ എത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ച് നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്നു ചോദിച്ചു എന്നും ‘തിരുമേനി ഒറ്റയ്ക്കല്ല, കോടതിയലക്ഷ്യം നിലനില്‍ക്കില്ല’ എന്ന് ഉപദേശിച്ചതായും ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയിരുന്നു. നമുക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് ഇത് എന്ന് പറഞ്ഞ പിള്ള നമ്മള്‍ വെച്ച അജണ്ടയില്‍ മറ്റുള്ളവര്‍ വന്നു വീഴുകയായിരുന്നു എന്നും പറഞ്ഞിരുന്നു.

അതേസമയം യുവമോര്‍ച്ചാ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഒരു കാര്യത്തിലും വ്യത്യാസം വരുത്താന്‍ തയ്യാറല്ല എന്ന് കാസര്‍ഗോഡ് ഇന്നലെ ആരംഭിച്ച രഥയാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “എനിക്കെതിരായ കോടതിയലക്ഷ്യ കേസ് നിലനില്‍ക്കില്ല. കോഴിക്കോട് ഒരു കോണ്‍ഗ്രസ്സുകാരനും എറണാകുളത്ത് ഒരു കമ്യൂണിസ്റ്റുകാരനുമാണ് കേസ് കൊടുത്തത്” പിള്ള പറഞ്ഞു.

അതേസമയം, തൂങ്ങുകയാണെങ്കില്‍ നമുക്ക് രണ്ടു പേര്‍ക്കും ഒന്നിച്ചു തൂങ്ങാമെന്ന മട്ടില്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം പരമര്‍ശിച്ചുകൊണ്ട് പിള്ള ഇങ്ങനെ പറഞ്ഞു, “സുപ്രീം കോടതി വിധിയെ കുറിച്ച് അമിത് ഷാ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. നടപ്പാക്കാന്‍ പറ്റാത്ത വിധി പ്രസ്താവം നടത്തരുത് എന്നാണ് അമിത് ഷാ പറഞ്ഞത്.”

എങ്ങനുണ്ട് എന്‍റെ പുത്തി…?

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

അമിത് ഷായുടെ നാക്കുപിഴ, വി മുരളീധരന്റെ വലിയ പിഴ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍