UPDATES

കേരളത്തിലെ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ ഇഷ്ടപ്പെട്ടേക്കില്ല ഈ രാഹുല്‍ ഗാന്ധിയെ

മുഖ്യശത്രു ആര്? സിപിഎം മറുപടി പറയണം

മുഖ്യശത്രു ആര്? കേരളത്തില്‍ വന്നു രാഹുല്‍ ഗാന്ധി സിപിഎമ്മിനോട് ചോദിച്ചു. ഡല്‍ഹിയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലോ ഇരുന്നു ചോദിക്കുന്നതിനെക്കാള്‍ പതിന്‍മടങ്ങ് കുതിരശക്തിയുണ്ട് രാഹുലിന്റെ ഈ ചോദ്യത്തിന്. സിപിഎമ്മിന് മറുപടി പറയാതിരിക്കാന്‍ ആവില്ല. പഴയ ‘പപ്പുമോന’ല്ല രാഹുല്‍ ഇപ്പോള്‍. ഗുജറാത്തിലെ 56 ഇഞ്ചിനോട് കിടപിടിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ്സിന് ഊര്‍ജ്ജം പകര്‍ന്ന നേതാവാണ്.

“രാജ്യത്തെ തകര്‍ക്കുന്ന ഫാഷിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ സിപിഎമ്മിന് യഥാര്‍ത്ഥ താത്പര്യമുണ്ടോ എന്നു വ്യക്തമാക്കണം” എന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. “ബിജെപിയാണ് വലിയ ശത്രുവെന്ന് സിപിഎം അംഗീകരിക്കുന്നുണ്ടോ?” പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി പറഞ്ഞ കാര്യമാണ് പ്രധാനം. ചിലപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും. “ഇടതു പാര്‍ട്ടികളുടെ നിലപാടിന് ദേശീയ തലത്തില്‍ വലിയ പ്രാധാന്യം ഉണ്ട്”. കേരളം കഴിഞ്ഞാല്‍ സിപിഎമ്മിനെ കണികാണാന്‍ ത്രിപുരയിലേക്ക് വച്ചടിക്കണം എന്നു കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും ഒരു പോലെ പരിഹസിക്കുന്ന ഘട്ടത്തിലാണ് രാഹുലിന്റെ ഈ വാക്കുകള്‍ എന്നതും ശ്രദ്ധിയ്ക്കുക.

പക്ഷേ രാഹുല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സിപിഎമ്മിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. “ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്നില്ലെങ്കില്‍ അവരെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ത്ഥം”.

കോണ്‍ഗ്രസ്സുമായി ഏത് തരത്തില്‍ സഖ്യത്തില്‍ ഏര്‍പ്പെടാം എന്ന കാര്യത്തില്‍ കാരാട്ട്-യെച്ചൂരി ലൈനുകള്‍ തമ്മില്‍ പൊളിറ്റ് ബ്യൂറോ വിപ്ലവം നടക്കുന്ന ഘട്ടത്തിലാണ് സിപിഎം പിബിയില്‍ എന്തു നടക്കുന്നു എന്നു ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്ന ഒരു രാഷ്ട്രീയ സമൂഹത്തിനു മുന്‍പില്‍ രാഹുല്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് വിരുദ്ധ കാരാട്ട് ലൈനിനൊപ്പം നില്‍ക്കുന്ന കേരള സഖാക്കള്‍ രാഹുലിന് മറുപടി കൊടുത്തേ പറ്റൂ. കാരണം ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാണെന്നും ബിജെപിയെ നേരിടാനുള്ള നേതൃശക്തിയും സംഘടനാ ശക്തിയും അവര്‍ക്കില്ലെന്നുമാണ് സിപിഎം ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദം. ചില കാര്യങ്ങളില്‍ അത് ശരിയുമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് തൊടാന്‍ മടിക്കുന്ന ബീഫ് വിഷയങ്ങളില്‍ കേരളത്തില്‍ സ്കോര്‍ ചെയ്തത് ഇടതു പാര്‍ട്ടികളാണ്. അത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ മതിപ്പും ഉണ്ടാക്കിയിരുന്നു.

കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഗുജറാത്ത് സിപിഎമ്മും കാരാട്ടിന്റെ രണ്ട് തരം നിയോലിബറലിസവും

ഇന്നലത്തെ രാഹുലിന്റെ പ്രസംഗത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം കേരളത്തിലായിട്ടു കൂടി സംസ്ഥാനം ഭരിക്കുന്ന മുന്നണിയെ കടന്നാക്രമിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല എന്നതാണ്. മാതൃഭൂമി പറയുന്നതനുസരിച്ച് സിപിഎം വിമര്‍ശനം കടന്നു വന്നത് പ്രസംഗത്തിന്റെ അവസാന ഭാഗത്തായിരുന്നു. രമേശ് ചെന്നിത്തലയുടെ പടയൊരുക്കമാണെങ്കില്‍ മുഖ്യമായി ലക്ഷ്യമിട്ടത് സംസ്ഥാന ഗവണ്‍മെന്റിനെയും.

ബിജെപിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. “പ്രധാനമന്ത്രിയെ ജനം വിശ്വസിക്കാതായി എന്നതാണ് മൂന്നു വര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം. അധികാരത്തില്‍ വരുന്നതിന് മുന്‍പ് എല്ലാ പ്രസംഗത്തിലും അഴിമതിയെ കുറിച്ച് പ്രസംഗിച്ച നരേന്ദ്ര മോദി ഇപ്പോള്‍ അഴിമതിയെ കുറിച്ച് മിണ്ടാതായി” രാഹുല്‍ പറഞ്ഞു. (മാതൃഭൂമി)

മൂന്നു മാസം കൊണ്ട് അരലക്ഷം രൂപ, എട്ടുകോടിയാക്കിയ അമിത് ഷായുടെ മകനെ കുറിച്ചും റാഫേല്‍ വിമാന ഇടപാടിനെക്കുറിച്ചും രാഹുല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജി എസ് ടിയെ ഗബ്ബാര്‍ സിങ് ടാക്സ് എന്നാണ് അദ്ദേഹം കളിയാക്കിയത്.

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

ഒഖി ദുരന്ത ഭൂമിയായ വിഴിഞ്ഞത്ത് എത്തിയ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതില്‍ അപ്പുറം തികഞ്ഞ ഒരു മനുഷ്യ സ്നേഹിയെപ്പോലെ ഇടപെട്ടു എന്നത് ആരെയും ആഹ്ളാദിപ്പിക്കും. ദുരന്തഭൂമിയില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്‍ കണ്ടത്. അവരോട് സര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കൂ എന്നുപദേശിക്കാന്‍ ഒരു മുതിര്‍ന്ന നേതാവ് കേരളത്തില്‍ ഇല്ലാതെ പോയി. ഒരു ഘട്ടത്തില്‍ പ്രകോപിതരായ തീരദേശജനത മൃതദേഹങ്ങളുമായി തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ വരെ ആലോചിച്ചിരുന്നു എന്നറിയുമ്പോഴാണ് കുത്തിത്തിരുപ്പ് രാഷ്ട്രീയത്തിന്റെ ഭീകരത ബോധ്യപ്പെടുക.

തീരദേശജനതയോട് രാഹുല്‍ പറഞ്ഞു, “നിങ്ങളുടെ വേദനയ്ക്കും നഷ്ടത്തിനും പകരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ സുരക്ഷയും സമാധാനവും ഉറപ്പുനല്‍കാന്‍ മാത്രമാണു കഴിയുക. അതിനായി ഞങ്ങള്‍ എന്നും ഒപ്പമുണ്ടാകും”, ഒഖി ദുരന്തം അനുഭവിച്ച ഒരു ജനതയോട് ഇത്ര പക്വതയോടെ സംസാരിച്ച ഏതു നേതാവുണ്ട്?

ഇന്നത്തെ പത്രങ്ങള്‍ നല്‍കുന്ന കണക്കനുസരിച്ച് ഒഖി ദുരന്തത്തില്‍ കേരളത്തില്‍ 68 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കണ്ടെത്തിയവരില്‍ 40-ഓളം പേരെ തിരിച്ചറിയാനുണ്ട്. ഇനിയും 95 പേരെ കൂടി കണ്ടെത്താനുണ്ട്.

പുറ്റിങ്ങല്‍ ദുരന്തമുണ്ടായപ്പോള്‍ എയിംസിലെ മെഡിക്കല്‍ സംഘവുമായി ഓടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ് കേരള കന്യാകുമാരി തീരങ്ങള്‍ സന്ദര്‍ശിക്കുക?

വെറുതെ ചോദിച്ചു എന്നു മാത്രമേയുള്ളൂ.

അങ്ങനെ ചെന്നിത്തലയുടെ പടയോട്ടം ഇന്ന് തീരുകയാണ്; രാഷ്ട്രീയ ചുഴലികള്‍ വരാനിരിക്കുന്നതേയുള്ളൂ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍