UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍, പ്രളയം, പിന്നെ ‘നമ്മുടെ’ രാഘവേട്ടനും; ഒന്നൊന്നര ചൂടന്‍ തിരഞ്ഞെടുപ്പാക്കിയ 8 വിഷയങ്ങള്‍

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ എല്ലാവരെയും കടത്തിവെട്ടി ഇടതു മുന്നണി തങ്ങളുടെ പോരാളികളെ രംഗത്തിറക്കി ചൂടുപിടിപ്പിച്ച തിരഞ്ഞെടുപ്പ് ഓരോ ദിവസവും പുതിയ പുതിയ വിഷയങ്ങള്‍ കൊണ്ട് സങ്കീര്‍ണവും ആവേശകരമാകുകയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ എല്ലാവരെയും കടത്തിവെട്ടി ഇടതു മുന്നണി തങ്ങളുടെ പോരാളികളെ രംഗത്തിറക്കി ചൂടുപിടിപ്പിച്ച തിരഞ്ഞെടുപ്പ് ഓരോ ദിവസവും പുതിയ പുതിയ വിഷയങ്ങള്‍ കൊണ്ട് സങ്കീര്‍ണവും ആവേശകരമാകുകയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ അനിശ്ചിതത്വമാണ് ആദ്യ ദിനങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചതെങ്കില്‍ ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍തിത്വവും പ്രളയത്തെ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും കോഴിക്കോട്ടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഒളിക്യാമറയില്‍ കുടുങ്ങിയതും അടക്കമുള്ള വാര്‍ത്തകളാണ് കേരള തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

1. അമിക്കസ് ക്യൂറിയുടെ പ്രളയ റിപ്പോര്‍ട്ട്

മഹാപ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല സസ്ഥാനത്തെ ഡാമുകള്‍ ഒന്നിച്ച് തുറന്നു വിട്ടതാണ് എന്നാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ തങ്ങള്‍ നേരത്തെ ഉയര്‍ത്തിയ പ്രളയം മനുഷ്യ നിര്‍മ്മിതമാണ് എന്ന വാദത്തിന്റെ സാധൂകരണമാണ് എന്നു പറഞ്ഞ് യു ഡി എഫ് നേതാക്കള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നും 480 പേരുടെ മരണത്തിന് ഉത്തരം പറയണം എന്നുമാണ് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡണ്ടും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമിക്കസ് ക്യൂറി അഡ്വ. ജേക്കബ് പി അലക്സിന്റെ കോണ്‍ഗ്രസ്സ് ബന്ധം ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇടതു മുന്നണി.

ഒന്നാമത്തെ കാരണം കനത്ത മഴ, ഡാം മാനേജ്‌മെന്റിലെ പ്രശ്‌നങ്ങള്‍ പ്രളയത്തിന് ആക്കം കൂട്ടി: അമിക്കസ് ക്യൂറി കണ്ടെത്തിയത്

2. ഒളി ക്യാമറയില്‍ എം കെ രാഘവന്‍

കോഴിക്കോട്ടെ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെ കുടുക്കി ടിവി 9ന്റെ ഒളിക്യാമറ ഓപ്പറേഷന്‍. കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം എടുക്കാൻ എംപി ഇടനിലക്കാരനായി നിൽക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവർഷ ചാനൽ സംഘം എംപിയെ കാണുന്നത്. ഇതിന്റെ കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവൻ പറയുന്നുണ്ട്. എന്നാല്‍ വീഡിയോ വ്യാജമായി ചമച്ചതാണ് എന്നും സി പി എമ്മും കോഴിക്കോട്ടെ ഒര മാഫിയാ സംഘമാണ് ഇതിന് പിന്നിലെന്നുമാണ് എം കെ രാഘവന്‍ വിശദീകരിക്കുന്നത്. നിയമ നടപടി സ്വീകരിക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു.

ഭൂമി ഇടപാടിൽ 5 കോടി കൈക്കൂലി വാഗ്ദാനം; കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ കുടുക്കി ടിവി 9ന്റെ ഒളിക്യാമറ ഓപ്പറേഷന്‍

3. രാഹുല്‍ ഗാന്ധി വയനാട്ടില്‍

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനര്‍ത്തിത്വം പ്രഖ്യാപിക്കപ്പെട്ടത്. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് ടി സിദ്ദിക്ക് പ്രചരണം തുടങ്ങിയ ഘട്ടത്തിലാണ് റാന്നിയില്‍ വെച്ചു ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു പ്രഖ്യാപിക്കുന്നത്. എന്നാല്‍ എട്ട് ദിവസത്തോളം തീരുമാണ്‍മെടുക്കാതെ കാര്യങ്ങള്‍ മുന്നോട്ട് പോയി. രാഹുലിന്റെ സ്ഥാനര്‍ത്തിത്വം എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന ചോദ്യവുമായി പിണറായി വിജയനും ഇടതു നേതാക്കളും രംഗത്തെത്തി. രാഹുല്‍ അമേഥിയില്‍ നിന്നും ഒളിച്ചോടുകയാണ് എന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ ഒടുവില്‍ നിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മാര്‍ച്ച് 31നു രാഹുലിന്റെ സ്ഥാനാര്‍ത്തിത്വം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്‍റണി പ്രഖ്യാപിച്ചു.

ഇതൊക്കെയാണ് വയനാട്; അതുകൊണ്ട് രാഹുല്‍ താമരശ്ശേരി ചുരം കയറിത്തന്നെ വയനാട്ടിലേക്ക് വരണം

ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തുള്ള ഒരു മതേതരകക്ഷിയുമായി കോൺഗ്രസ് അധ്യക്ഷൻ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എന്ത് സന്ദേശമാണ് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി നൽകുന്നത്?

4. വാര്‍ത്താ താരമായി രമ്യ ഹരിദാസ്

ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വാര്‍ത്താ താരം ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആണ്. പാട്ടുപാടി വോട്ടര്‍മാരുടെ ഇടയിലേക്ക് വന്ന രമ്യയെ വിമര്‍ശിച്ചുകൊണ്ട് അധ്യാപികയും ഫേസ്ബുക്ക് എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്ത് വന്നതാണ് തുടക്കം. ഈ വിവാദങ്ങളുടെ തുടര്‍ച്ചയായി ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജു പി എച്ച് ഡി പ്രബന്ധം കോപ്പിയടിച്ചു എഴുതിയതാണ് എന്ന ആരോപണവുമായി രമ്യയുടെ ക്യാമ്പയിന്‍ മാനേജര്‍മാരില്‍ ഒരാളായ അനില്‍ അക്കരെ എം എല്‍ എ രംഗത്ത് വന്നതും വിവാദമായി. ഏറ്റവും മൊടുവില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയ രമ്യ ഹരിദാസിനെതിരെ അശ്ലീല സൂചനകളോടെ പ്രസംഗിച്ച ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ നടപടി രാഷ്ട്രീയ-നിയമ വിവാദമായിരിക്കുകയാണ്.

ഏത് തരം ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം?

5. പപ്പുമോന്‍ സ്ട്രൈക്ക്

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ദേശാഭിമാനി എഴുതിയ എഡിറ്റോറിയല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ വിവാദം സൃഷ്ടിച്ചു. .‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്നാണ് എഡിറ്റോറിയലിന്റെ ഹെഡിംഗ്.

“രാഹുലിനെ രാഷ്ട്രീയമായി നേരിടാനാകാതെ വന്നപ്പോഴാണ് ബിജെപി പപ്പു എന്ന വിളിയുമായി രംഗത്തെത്തിയത്. താന്‍ ഒരു തമാശയല്ലെന്ന് തെളിയിച്ച് തന്നെയാണ് അദ്ദേഹം 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഇപ്പോള്‍ ഇവിടെ സിപിഎം ആ പപ്പു വിളിയുമായി ഇറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി നോക്കേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ സിപിഎം വോട്ട് തേടുന്നത് രാഹുലിന്റെ ഫോട്ടോ കൂടി വച്ചിട്ടാണ്. കേരളത്തില്‍ രാഹുല്‍ പപ്പു ആകുമ്പോള്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ബിജെപിയായിരിക്കും.”

രാഹുലിനെ അധിക്ഷേപിക്കാന്‍ ബിജെപിയുടെ പപ്പുവിനെ ഏറ്റെടുത്ത് സിപിഎം; വയനാട്ടിലെ മത്സരം നനഞ്ഞ പടക്കമെന്ന് ദേശാഭിമാനി

6. ടോം വെടക്കന്‍

കോണ്‍ഗ്രസ്സ് വക്താവ് ടോം വടക്കന്‍ അപ്രതീക്ഷിതമായി ബിജെപിയിലേക്ക് ചേക്കേറിയത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന് നല്കിയത്. വടക്കന്‍ വലിയ നേതാവ് അല്ല എന്നൊക്കെ പറഞ്ഞു കോണ്‍ഗ്രസ്സ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നതെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നാളത്തെ ബിജെപിക്കാര്‍ എന്ന ഇടതു പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്നതായി വടക്കന്‍റെ കാലുമാറ്റം.

കോൺഗ്രസിനെ വെടക്കാക്കി ബി ജെ പിയിൽ ചേർന്ന വടക്കൻ ഒടുവിൽ ബി ജെ പിക്ക് വെടക്കായി മാറുമോ?

7. എസ് ഡി പി ഐ –ലീഗ് ചര്‍ച്ച

ലീഗ് സ്ഥാനാര്‍ത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും എസ് ഡി പി ഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി കൊണ്ടോട്ടിയിലെ കെ ടി ഡി സി ഹോട്ടലില്‍ വെച്ചു നടത്തിയ ചര്‍ച്ചയായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ആദ്യ രാഷ്ട്രീയ വിവാദം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു..ചര്‍ച്ച നടന്നെന്ന വാര്‍ത്തകള്‍ ലീഗ് തള്ളിയിരുന്നുവെങ്കിലും സംഭവം എസ് ഡി പി ഐ സ്ഥിരീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടുമായി എം കെ മുനീര്‍ രംഗത്ത് വന്നിരുന്നു. സി പി എം വലിയ രാഷ്ട്രീയ ചര്‍ച്ചയായി ഇതിനെ ഉയര്‍ത്തുകയും ചെയ്തു.

‘ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ പലര്‍ക്കും തലയില്‍ മുണ്ടിടേണ്ടി വരും; സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല; എസ്ഡിപിഐ നേതാവ് നസറുദ്ദീന്‍ എളമരം

8. ജോസഫ്-മാണി തര്‍ക്കം

കേരള കോണ്‍ഗ്രസിനുള്ളിലെ കലാപമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലെ ഏറ്റവും വലിയ വിവാദം. രണ്ട് സീറ്റ് വേണമെന്ന് രംഗത്തെത്തിയ മാണി ഗ്രൂപ്പ് പക്ഷേ ഒരു സീറ്റില്‍ ഒതുങ്ങിമെന്ന് മനസിലായപ്പോള്‍ തോമസ് ചാഴിക്കാടനെ സ്ഥാനര്‍ത്തിയായി പ്രഖ്യാപിക്കുകയായിരുന്നു. താന്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന പ്രഖ്യാപനവുമായി പി ജെ ജോസഫും രംഗത്ത് വന്നു. കേരള കോണ്‍ഗ്രസ്സ് പിളര്‍പ്പിലേക്ക് പോകുന്നു എന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയപ്പോഴാണ് ജോസഫ് അടങ്ങിയത്.

ജോസഫ്: മാണി സാറിനിപ്പോള്‍ ‘ഒരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍