UPDATES

ട്രെന്‍ഡിങ്ങ്

ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിയ റഷ്യന്‍ സംവിധായകന്‍ സൊകുറോവ് കേരള പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ നിലവിളി കേട്ടിട്ടുണ്ടാകുമോ?

കമ്യൂണിസ്റ്റ് റഷ്യ സൊകുറോവിന്‍റെ ആദ്യകാല ചിത്രങ്ങള്‍ നിരോധിച്ചിരുന്നു എന്നു കൂടി അറിയുമ്പോഴാണ് കമ്യൂണിസ്റ്റ് ഭരണകാലത്ത് നടത്തുന്ന ഒരു ചലച്ചിത്രമേളയില്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് നല്‍കുന്നത് ആലോചനാമൃതമാകുന്നത്.

‘അധികാര പുരുഷന്മാര്‍’ എന്ന മൂന്നു ചലച്ചിത്രങ്ങളുടെ സീരീസ് റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന്‍റെ എണ്ണപ്പെട്ട സൃഷ്ടികളായി വാഴ്ത്തപ്പെടുന്നയാണ്. ഹിറ്റ്ലറെ കുറിച്ചുള്ള മോളോച്ച്, ലെനിന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ടോറസ്, ജപ്പാനിലെ ഹിരോഹിതോ ചക്രവര്‍ത്തിയെ കുറിച്ചുള്ള ദി സണ്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. ആധികാരവും ആണ്‍കോയ്മയും തമ്മിലുള്ള ബന്ധം ഇത്ര കാവ്യാത്മകവും തത്ത്വചിന്താപരവുമായി അവതരിപ്പിച്ച സൃഷ്ടികള്‍ ലോക സിനിമയില്‍ തന്നെ അപൂര്‍വ്വമായിരിക്കും. 2011ല്‍ ഫോസ്റ്റ് എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ സിംഹം അവാര്‍ഡ് നേടിയ സൊക്കുറോവിന്റെ 96 മിനുട്ട് ദൈര്‍ഘ്യമുള്ള റഷ്യന്‍ ആര്‍ക്ക് ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച സിനിമയാണ്. കമ്യൂണിസ്റ്റ് റഷ്യ സൊകുറോവിന്‍റെ ആദ്യകാല ചിത്രങ്ങള്‍ നിരോധിച്ചിരുന്നു എന്നു കൂടി അറിയുമ്പോഴാണ് കമ്യൂണിസ്റ്റ് ഭരണകാലത്ത് നടത്തുന്ന ഒരു ചലച്ചിത്രമേളയില്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് നല്‍കുന്നത് ആലോചനാമൃതമാകുന്നത്.

പുരസ്കാരം സ്വീകരിക്കാന്‍ വേണ്ടി തിരുവനന്തപുരത്ത് എത്തിയ സൊകുറോവ് ഇന്നലെ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സംഘാടകര്‍ ശരിക്കും ഞെട്ടി. സാധാരാണ കഥകളിയും ഇവിടത്തെ വാസ്തുവിദ്യയുമൊക്കെ കാണിച്ചു മലയാള സംസ്കാരം ഇതാ എന്ന ഉഡായിപ്പ് ടൂറിസ്റ്റ് പരിപാടിയാണ് വിദേശികള്‍ക്ക് വേണ്ടി നടത്താറ്. അവിടെയാണ് ലോകം ആദരിക്കുന്ന ഒരു സംവിധായകന്‍ ഒരു പോലീസ് സ്റ്റേഷന്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

‘കേരള പോലീസ് സൂപ്പര്‍; സൊകുറോവ് ലോക്കപ്പില്‍’ എന്നാണ് കൌതുകകരമെങ്കിലും വളരെ സീരിയസായ ഒരു കലാകാരന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന് നല്കിയിരിക്കുന്ന തലക്കെട്ട്. “സ്റ്റേഷനില്‍ എത്തിയപ്പോള്‍ സൊകുറോവിന് പോലീസിന്റെ തോക്ക് കാണണം. മറ്റെന്താല്ലാം ആയുധം ഉണ്ട് എന്നറിയണം. ഓരോ ചോദ്യത്തിനും അസിസ്റ്റന്‍റ് കമ്മീഷണര്‍ ദിനില്‍ ഉത്തരം നല്‍കി. തീര്‍ന്നില്ല സംശയങ്ങള്‍. പ്രതികളെ ചേസ്‌ ചെയ്ത് പിടിക്കാറുണ്ടോ? ഉപയോഗിക്കുന്ന വാഹനം ഏതാണ്? വെടിച്ചില്ലിന്റെ വേഗത്തിലായിരുന്നു ചോദ്യങ്ങള്‍.” ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസിനെ കുറിച്ച് പഠിക്കാനാണ് സൊകുറോവ് ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയത് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൊകുറോവിന്റെ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനത്തില്‍ അത്ഭുതപ്പെടാനില്ല. സൈബീരിയയിലെ മിലിറ്ററി സ്കൂളില്‍ പഠിച്ച സോക്കൂറോവിനെ പിന്നീട് റഷ്യന്‍ ചാര സംഘടനയായ കെജിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട് എന്നത് ചരിത്രം. സോവിയറ്റ് യൂണിയന്റെ സൈനിക ലോകമാണ് സൊകുറോവിന്റെ പ്രിയ വിഷയങ്ങളില്‍ ഒന്ന്. ഡോക്യുമെന്‍ററിയായും ഫീച്ചര്‍ ഫിലിമായും അര ഡസന്‍ ചിത്രങ്ങള്‍ എങ്കിലും സൊകുറോവ് ഈ വിഷയത്തില്‍ ചെയ്തിട്ടുണ്ട്. 1994 ല്‍ താജിക്കിസ്ഥാന്‍-അഫ്ഘാനിസ്ഥാന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യത്തെ അനുഗമിച്ചുകൊണ്ട് ചിത്രീകരിച്ചത് 327 മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമയാണ്. ‘സ്പിരിച്വല്‍ വോയിസസ്: ഫ്രം ദി ഡയറീസ് ഓഫ് എ വാര്‍’.

ഇത്തരം ചലച്ചിത്ര ചരിത്രം കേരള പോലീസിനെ കുറിച്ച് സൊകുറോവിന് വിശദീകരിച്ചു കൊടുത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് അറിയാന്‍ ഇടയില്ല. “സമാധാന മാര്‍ഗ്ഗത്തിലൂടെയുള്ള ക്രമസമാധാന പാലനമാണ് തങ്ങളുടെ പണിയെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ പറഞ്ഞപ്പോള്‍ സോക്കൂറോവിന് തൃപ്തിയായെന്ന്” എന്തായാലും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒടുവില്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ലോക്കപ്പും കണ്ടിട്ടേ സൊക്കൂറോവ് മടങ്ങിയുള്ളൂ എന്നും മനോരമ പറയുന്നു.

ഈ ലോക്കപ്പിന്റെ ചുമരുകളില്‍ തീര്‍ച്ചയായും 12 വര്‍ഷം മുന്‍പ് ഉരുട്ടിക്കൊലചെയ്യപ്പെട്ട ഉദയ കുമാറിന്റെ നിലവിളി സൊകുറോവ് കേട്ടിട്ടുണ്ടാവും. കാരണം അദ്ദേഹം ഒരു കലാകാരനാണ്. റഷ്യയില്‍ നിലവിളിക്കുന്ന നിരവധി തടവുമുറികള്‍ കണ്ടിട്ടുള്ള സിനിമാക്കാരന്‍. അതേ, സത്യം അറിയാന്‍ വിവര്‍ത്തനത്തില്‍ മായം ചേര്‍ക്കുന്ന ദ്വിഭാഷികളെ കലാകാരന് ആവശ്യമില്ല.

പകലൊക്കെ ഞാന്‍ മോനെ കുറിച്ച് ആലോചിക്കും. രാത്രി ഒന്നു മയങ്ങിയാല്‍ സ്വപ്നത്തില്‍ മോന്‍ വരും. സ്വന്തം രൂപത്തില്‍ വരൂലാ, ആള് മാറി വരും. ഞാന്‍ വിഷമിച്ചു കരഞ്ഞാല്‍ മതി അന്നുരാത്രി സ്വപ്നത്തില്‍ വന്നിരിക്കും എന്‍റെ അമ്മ. അമ്മയും ആള് മാറിമാറിയാ വരുന്നത്. മോന്‍ പോയതില്‍ പിന്നെ ഒരു കാക്ക എപ്പോഴും വരും. മോനെ മരിച്ചിട്ടു കൊണ്ടുവന്ന ജഗതിയിലെ വീട്ടിലാണ് ആദ്യം വന്നത്. ഇപ്പോള്‍ ഇവിടെയും വരും. അതിനു ഞാന്‍ ഭക്ഷണം കൊടുക്കും. ബിസ്ക്കറ്റൊക്കെ അതിനു ഭയങ്കര ഇഷ്ടമാണ്. എന്നെ കണ്ടില്ലെങ്കില്‍ പുറത്തുന്നു ശബ്ദം ഉണ്ടാക്കും. അതിന്‍റെ ചെരിഞ്ഞ നോട്ടം കാണുമ്പോള്‍ മോന്‍റെ നോട്ടം പോലെ തോന്നും. ഞാന്‍ അതിനോട് സങ്കടം പറയും. മകന്‍ മരിച്ചെങ്കിലും മകന്‍ എന്‍റെ കൂടെ തന്നെയുണ്ട്. എവിടേയും എനിക്ക് പോകാന്‍ തോന്നില്ല. ഞാന്‍ വിചാരിക്കും ഞാന്‍ എവിടെയെങ്കിലും പോയാല്‍ മോനെങ്ങാനും വന്നാലോ എന്ന്‍. എവിടെ പോയാലും ഇതേ ചിന്തയാണ്. കുട്ടികള്‍ എവിടെയെങ്കിലും പോയാല്‍ അമ്മമാര്‍ കാത്തിരിക്കില്ലെ, അതുപോലെയാണ് ഞാനും കാത്തിരിക്കുന്നത്.” അഴിമുഖം ലേഖിക ആയിരുന്ന സഫിയയോട് ഉദയകുമാറിന്റെ അമ്മ പറഞ്ഞതാണ് ഈ വാക്കുകള്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും കഥകള്‍ പറയുന്ന ചലച്ചിത്രകാഴ്ചകളുടെ കാലത്ത് കേരളം കണ്ട അതിക്രൂര പോലീസ് പീഡന കൊലയെ ഓര്‍മ്മിപ്പിച്ച സൊകുറോവിന് നന്ദി.

പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടജീവിതത്തിന് 11 വര്‍ഷം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍