UPDATES

സെല്‍ഫിസൈഡ് എന്ന ദുരന്തം; പാറമടയില്‍ തെന്നിവീണും ട്രെയിനിടിച്ചും തീരുന്ന യുവത്വം

സെല്‍ഫി എടുക്കുന്നതിനിടെ പാറമടയില്‍ നിന്നു കാല്‍ വഴുതി വീണു മലയാളി വിദ്യാര്‍ത്ഥി ബെംഗളൂരില്‍ മരിച്ചു; സമീപകാലത്ത് ബെംഗളൂരുവില്‍ സെല്‍ഫി ദുരന്തത്തില്‍ മരിച്ചത് ആറു പേര്‍

സെല്‍ഫി എടുക്കുന്നതിനിടെ പാറമടയില്‍ കാല്‍ വഴുതി വീണു മലയാളി വിദ്യാര്‍ത്ഥി ബെംഗളൂരില്‍ മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശി അഖില്‍ നാഥാണ് മരിച്ചത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം പാറമടയുടെ മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കുമ്പോള്‍ വഴുതി വീഴുകയായിരുന്നു. ബെംഗളൂരു ക്രിസ്തു ജയന്തി കോളേജില്‍ വിദ്യാര്‍ത്ഥിയാണ് അഖില്‍. ബെംഗളൂരുവിലെ തുടരുന്ന സെല്‍ഫി ദുരന്തങ്ങളുടെ ഒടുവിലത്തെ ഇരയാണ് അഖില്‍.

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബെംഗളൂരുവിലെ ബിദാദിയില്‍ റെയില്‍ പാളത്തില്‍ വെച്ചു സെല്‍ഫി എടുക്കുമ്പോള്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ ട്രെയിനിനടിയില്‍പ്പെട്ട് മരിച്ചത്. ഓടുന്ന വണ്ടിയുടെ ഏറ്റവും അടുത്ത് നിന്നുകൊണ്ടുള്ള സാഹസിക സെല്‍ഫിക്ക് ശ്രമിച്ചവരായിരുന്നു ഈ വിദ്യാര്‍ത്ഥികള്‍. ബെംഗളൂര്‍ നാഷണല്‍ കോളേജില്‍ പഠിക്കുന്നവരാണ് ഇവര്‍.

സെപ്തംബര്‍ 26ന് ഇതേ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ മുങ്ങിമരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മുങ്ങുന്ന കുട്ടിയുടെ ദൃശ്യം സെല്‍ഫിയില്‍ വ്യക്തമായിരുന്നു എന്നതാണ് ഏവരെയും ഞെട്ടിച്ചത്. രാമനഗരം ജില്ലയിലായിരുന്നു സംഭവം.

കഴിഞ്ഞ ജൂലൈ 25നു ബന്നേര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ 28-കാരായ അഭിലാഷ് എന്ന യുവാവ് മരിച്ചത് ആനയോടൊത്ത് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ്.

ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. സെല്‍ഫി എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കൂടുതല്‍ ലൈക്ക് സാമ്പാദിക്കുകയും ചെയ്യുന്നത് ഒരു മനോരോഗത്തിന്റെ നിലയിലേക്ക് മാറിത്തുടങ്ങിയിരിക്കുന്നു. സെല്‍ഫി എടുക്കുന്നു എന്നതിലല്ല കാര്യം, അത് എത്ര സാഹസികമായി എടുക്കുന്നു എന്നുള്ളതാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാല്‍ മാത്രമേ അത് വൈറല്‍ ആകുകയുള്ളൂ. അതിലൂടെ കൈവരുന്ന സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് നല്‍കുന്ന ആഹ്ളാദം തന്നെയാണ് പ്രധാനം.

ഈ അടുത്തകാലത്തായി മൂന്നോളം കേസുകള്‍ സെല്‍ഫിസൈഡ് എന്ന ഗണത്തില്‍ പെടുത്താവുന്ന വന്നു കഴിഞ്ഞു എന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഓഫ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉദ്ധരിച്ച് ജനുവരി ഏഴാം തിയ്യതി മെയില്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മൂക്കിന് ഒരു സര്‍ജറി വേണം എന്നാവശ്യപ്പെട്ടാണ് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി എയിംസില്‍ എത്തിയത്. എന്നാല്‍ ഇ എന്‍ ടി ഡോക്ടര്‍ ആ കുട്ടിയെ പറഞ്ഞയച്ചത് മനോരോഗ വിഭാഗത്തിലേക്കായിരുന്നു.

Also Read: സെല്‍ഫി വേണോ ജീവന്‍ വേണോ?; ചില ജീവന്‍മരണ സെല്‍ഫികള്‍

നിരന്തരം സെല്‍ഫി എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും തന്റെ ബോഡി പോസ്റ്ററിനെ കുറിച്ച് വേവലാതികൊള്ളുകയും ഒക്കെ ചെയ്യുന്ന മനോവിഭ്രാന്തിയെയാണ് ഡോക്ടര്‍മാര്‍ സെല്‍ഫിസൈഡ് എന്ന പ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്. ഇതൊരു ഒബ്സസീവ്വ് കമ്പല്‍സീവ് ഡിസോര്‍ഡറാണ്. നിരവധി മാതാപിതാക്കള്‍ മക്കളുടെ മാറുന്ന സ്വഭാവവിശേഷങ്ങളില്‍ ആശങ്കാകുലരായി വരുന്നുണ്ട് ഡോക്ടര്‍മാരെ ഉദ്ധരിച്ച് മെയില്‍ ടുഡേ പറയുന്നു.

അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ സെല്‍ഫി ഭ്രമത്തെ ഒരു മാനസിക വൈകല്യമായിട്ട് തന്നെയാണ് കണക്കാക്കിയിരിക്കുന്നത്. Selfitis എന്ന വാക്കാണ് അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ ഇതിന് നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവില്‍ നിന്നും സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്ന സെല്‍ഫി ദൂരന്ത വാര്‍ത്തകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാലത്തെ പേരന്‍റിംഗ് നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

അതേ സെല്‍ഫി ഫോട്ടോഗ്രാഫുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പറയുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അപകടങ്ങളെ കൂട്ടുപിടിച്ചു സെല്‍ഫിയെ തളിപ്പറയുന്നത് ശരിയല്ലെന്നാണ്. സ്റ്റീരിയോടൈപ്പ് പൊതുബോധത്തെ തകർക്കുകയും തങ്ങളുടെ ‘വൈരൂപ്യം’ പോലും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് സെൽഫി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയത്തിൽ പ്രധാനമാണ്. #FeministsAreUgly #NoMakeUpSelfie #365FeministSelfieProject എന്നീ പേരുകളിൽ സെല്‍ഫി ഹാഷ് ടാഗുകള്‍ സ്ത്രീകൾക്കിടയിൽ വലിയ പ്രചാരം നേടിയിരുന്നു. മേക്അപ്പ് ഉണ്ടെങ്കിൽ മാത്രമേ സ്ത്രീയ്ക്ക് സ്വത്വം ഉള്ളുവെന്ന പൊതുബോധത്തെ തകർക്കുക കൂടിയാണ് ഈ ഹാഷ്ടാഗുകൾ ചെയ്തത്.

Also Read: സെല്‍ഫി മൂലമുണ്ടാകുന്ന അപകട മരണങ്ങള്‍ ഏറ്റവുമധികം ഇന്ത്യയില്‍

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

അമിത് ഷായുടെ പെട്ടെന്നുള്ള ‘മുങ്ങലി’ല്‍ പതറിപ്പോയ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയിലൂടെ കടന്നു പോയി. ചുവപ്പു പെയിന്‍റടിച്ചും ‘അമിത് ഷായ്ക്ക് ചെങ്കോട്ടയിലേക്ക് സ്വാഗതം’ എന്ന ബാനര്‍ ഉയര്‍ത്തിയും കടകള്‍ അടച്ചുമാണ് ജനരക്ഷാ യാത്രയെ പിണറായി സ്വീകരിച്ചത് എന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി അധ്യക്ഷന്‍ നടക്കുമെന്ന വീമ്പ് പറച്ചില്‍ ചീറ്റിപ്പോയെങ്കിലും പിണറായി എന്ന ‘പാര്‍ട്ടി ഗ്രാമ’ത്തിലൂടെയുള്ള നടത്തം ബിജെപി അണികളില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പിണറായിലെ പദയാത്രയെ ‘നനഞ്ഞ പടക്കം’ എന്നു പിണറായിയും ‘കാറ്റുപോയ ബലൂണ്‍’ എന്ന് സിപിഎം ജില്ല സെക്രട്ടറി പി ജയരാജനും വിശേഷിപ്പിച്ചു.

Also Read: മിസ്റ്റര്‍ ആദിത്യനാഥ്, ‘ആര്‍എസ്എസ് ഭരിക്കുന്ന ഒരു നാട്ടില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു ചുക്കും പഠിക്കാനില്ല’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ ബനാറസ് ഹിന്ദു സര്‍വകലാശാല (ബി എച്ച് യു)യോടു ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് പകരം വ്യവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു എന്നതു തന്നെയാണ് ദേശീയ തലത്തില്‍ നിന്നു വരുന്ന ഏറ്റവും പ്രധാന വാര്‍ത്ത. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 60ലധികം കുട്ടികള്‍ മരിച്ച സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ നിന്ന് മറ്റൊരു ദുരന്തം കൂടി പുറത്തേക്ക് വന്നത് ബിജെപിയെ രാഷ്ട്രീയമായി പ്രതിരോധത്തില്‍ ആക്കും എന്ന കാര്യത്തില്‍ സംശയമില്ല.

യുപിയെ കണ്ടു പഠിക്കൂ എന്ന യോഗി ആദിത്യനാഥിന്റെ കേരളത്തിനോടുള്ള ഉപദേശം ഇങ്ങനെയൊരു ദുരന്തമായി വീണ്ടും വാര്‍ത്തകളില്‍ നിറയും എന്ന് അവര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒരു രാഷ്ട്രീയ ദുരന്തം എന്നതിലുപരി രാജ്യത്തെ ആരോഗ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ സൂചന തന്നെയാണ് ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ബീഫിന്റെയും ദേശീയതയുടെയും പേരില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാര്‍ തങ്ങളുടെ സര്‍ക്കാരിനെ നേര്‍ വഴിക്കു നടത്താന്‍ ശ്രമിക്കുമെന്ന് കരുതാന്‍ വയ്യ എന്നുള്ളതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ദുരന്തം.

Also Read: മോദിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് പകരം വിഷവാതകം: 14 മരണം

നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അതേ സമയം ഏഴാം പ്രതി ചാര്‍ളി മാപ്പുസാക്ഷിയാകും എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ദേവസ്വം റിക്രൂട്ടിംഗ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത് വലിയ പ്രാധാന്യത്തോടെ കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമലയിലെയും ചെട്ടിക്കുളങ്ങരയിലെയും അബ്രാഹ്മണ ശാന്തി നിയമനം വിവാദമായ സാഹചര്യത്തില്‍ ചരിത്രപരമായി തന്നെ ഏറെ പ്രാധാന്യമുണ്ട് ഈ നടപടിക്ക്.

തിരുവനന്തപുരം കാട്ടാക്കടയില്‍ സംഘടിപ്പിച്ച നീര്‍ത്തട സംരക്ഷണ യാത്രയാണ് പോസിറ്റീവായ മറ്റൊരു വാര്‍ത്ത. എം എല്‍ എ ഐ.ബി സതീഷും കളക്ടര്‍ ഡോ. കെ വാസുകിയും മച്ചേല്‍ തോടിന്റെ കരയിലൂടെ അഞ്ചര കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിച്ചു. യാത്ര ആരംഭിച്ചതു മുതല്‍ അവസാനിക്കുന്നതു വരെയുള്ള വിവിധ പോയിന്റുകളില്‍ ജനങ്ങള്‍ യാത്രയെ സ്വീകരിക്കുകയും തോട് തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചുള്ള ബോധവത്ക്കരണം നടക്കുകയും ചെയ്തു. വരട്ടാര്‍ തിരിച്ചുപിടിച്ചതടക്കം കേരളത്തിന്റെ പല ഇടങ്ങളിലായി സര്‍ക്കാരിന്റെ ചുമതലയില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നല്ല സൂചനകളാണ് എന്ന കാര്യത്തില്‍ സംശയമില്ല.

Also Read: 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടൊരു നദിയുണ്ടായിരുന്നു; വരട്ടാറിനെ ജനങ്ങള്‍ തിരിച്ചു പിടിച്ചതിങ്ങനെയാണ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍