UPDATES

ശോഭനാ ജോര്‍ജ്ജിന്റെ സഖാവ് ഖാദിയും ഹനാനും; ഖാദിയെ വിജയിപ്പിക്കാന്‍ ഒരു നവമാധ്യമ തന്ത്രം

ഖാദി ബോര്‍ഡ് ഉപാധ്യക്ഷ മുന്‍ കോണ്‍ഗ്രസ്സുകാരി ശോഭനാ ജോര്‍ജ്ജിന്റെ കാര്‍മ്മികത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവ് മുണ്ടും ഷര്‍ട്ടും പുറത്തിറക്കി

ഖാദി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ചിത്രം മഹാത്മാ ഗാന്ധി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതാണ്. 1920-കളില്‍ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഖാദി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായി മാറിയത്. വിദേശ വസ്ത്ര ബഹിഷ്ക്കരണം അടക്കമുള്ള സമരങ്ങളിലൂടെ ഖാദി പോരാളികളുടെ ഉടുവസ്ത്രമായി. 1925-ല്‍ ഓള്‍ ഇന്ത്യ സ്പിന്നേഴ്സ് അസോസിയേഷന്‍ ഖാദിയുടെ പ്രചരണവും ഉത്പാദനവും വിപണനവും ഏറ്റെടുത്തുകൊണ്ട് സ്ഥാപിതമായി; ഇത് ചരിത്രം.

രാജ്യം സ്വതന്ത്രമായപ്പോള്‍ ഖാദിയെ തങ്ങളുടെ ദേശീയ യൂണിഫോമാക്കി കോണ്‍ഗ്രസ് ഏറ്റെടുത്തു. കഞ്ഞി മുക്കിയ വടി വടി പോലെയുള്ള ഖദര്‍ വസ്ത്രമണിഞ്ഞു വരുന്ന കോണ്‍ഗ്രസ്സുകാര്‍ രാഷ്ട്രീയ കാഴ്ചയായി. കോണ്‍ഗ്രസിലേക്ക് ഒരാള്‍ മാമോദീസ മുക്കി കഴിഞ്ഞാല്‍ ഖദറല്ലാതെ മറ്റൊന്നും ധരിക്കരുത് എന്നത് അലിഖിത നിയമമായി. (ഇപ്പോള്‍ വി ടി ബല്‍റാമിനെയും ഹൈബി ഈഡനെയുമൊക്കെ പോലുള്ള പുതു തലമുറ നേതാക്കള്‍ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ഇട്ടു പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും) കോണ്‍ഗ്രസ്സുകാര്‍ ഖദര്‍ ശീലമാക്കിയതോടെ മുന്‍ കോണ്‍ഗ്രസുകാരായ കമ്യൂണിസ്റ്റുകാര്‍ കൈത്തറിയിലേക്കും മറ്റ് തുണിത്തരങ്ങളിലേക്കും കൂടുമാറി. കേരള കൈത്തറിയുടെ ഓഫ് വൈറ്റ് ഡബിള്‍ മുണ്ട് തങ്ങളുടെ കുത്തകയാക്കി വെക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചത് ഒരു പരിധി വരെ വിജയിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.

ഈ അടുത്തകാലത്ത് ചുവന്ന കൈത്തറി മുണ്ട് വ്യാപകമായി സഖാക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതൊരു നവമാധ്യമ ട്രെന്‍ഡ് തന്നെയായി മാറി. പോലീസ് അസോസിയേഷന്‍ യോഗത്തില്‍ പോലും കണ്ണൂരില്‍ നിന്നുള്ള ചുണക്കുട്ടികളായ പോലീസുകാര്‍ ചുവന്ന മുണ്ടുമണിഞ്ഞ് പ്രത്യക്ഷപ്പെട്ടു; അത് വലിയ വിവാദമാവുകയും ചെയ്തു.

ഇതൊക്കെയായിരിക്കാം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിനെക്കൊണ്ട് ‘സഖാവ്’ ബ്രാന്‍ഡുമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഖാദി ബോര്‍ഡ് ഉപാധ്യക്ഷ മുന്‍ കോണ്‍ഗ്രസുകാരി ശോഭനാ ജോര്‍ജ്ജിന്റെ കാര്‍മ്മികത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവ് മുണ്ടും ഷര്‍ട്ടും പുറത്തിറക്കി. തുടക്കത്തില്‍ കടും ചുവപ്പ് നിറത്തിലുള്ള സഖാവ് ഷര്‍ട്ട് വിപണിയില്‍ ലഭ്യമാകും എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് നിറങ്ങളിലും ഷര്‍ട്ട് ലഭ്യമാകും. ഉടന്‍ തന്നെ മുണ്ടും വിപണിയില്‍ ഇറക്കും. “ശോഭനാ ജോര്‍ജ്ജിന്‍റേതാണ് സഖാവ് ഷര്‍ട്ട് എന്ന ആശയം” എന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്താകമാനം സിപിഎമ്മിനും ഇടതു പാര്‍ട്ടികള്‍ക്കും അത്ര നല്ല സമയം അല്ലെങ്കിലും കേരളത്തില്‍ അത്ര മോശമല്ല. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ള മെംബര്‍മാര്‍ മാത്രം വാങ്ങിച്ചാല്‍ സഖാവ് ഷര്‍ട്ട് വന്‍ വിപണി വിജയം ആകും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ആ ‘മാര്‍ക്കറ്റ്’ കണ്ടിട്ടു കൂടിയാകാം ശോഭനാ ജോര്‍ജ്ജ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസുകാര്‍ വാങ്ങിയുടുക്കുന്ന ഖദര്‍ തുണിത്തരങ്ങള്‍ എത്രയുണ്ടായിരിക്കുമെന്ന് അവര്‍ക്കൊരു ധാരണയുണ്ടായിരിക്കുമല്ലോ.

ഇന്നലെ സഖാവ് ബ്രാന്‍ഡ് രംഗത്തിറക്കിക്കൊണ്ട് പിണറായി വിജയന്‍ ഗാന്ധിയെ അനുസ്മരിച്ചതും രാഷ്ട്രീയ മാനങ്ങള്‍ ഉള്ളതുതന്നെ. ഗാന്ധിജിയെ കുറിച്ചുള്ള ഓര്‍മ്മ ജനമനസുകളില്‍ നിന്നും മായ്ക്കാനുള്ള ഗൂഢ ശ്രമം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്തായാലും തങ്ങളുടെ കുല വസ്ത്രമായ ഖദര്‍ കമ്യൂണിസ്റ്റുകാര്‍ തട്ടിക്കൊണ്ടു പോകുന്നത് കണ്ടിരിക്കാന്‍ മാത്രമേ കുറച്ചുകാലത്തേക്ക് കോണ്‍ഗ്രസിനാവുകയുള്ളൂ.

എന്തുതന്നെയായാലും ഒരു കാര്യത്തില്‍ സന്തോഷിക്കാം. ഖാദി വ്യവസായ മേഖലയും അതിനെ ആശ്രയിച്ചു കഴിയുന്ന അസംഖ്യം തൊഴിലാളികളും കര്‍ഷകരും രക്ഷപ്പെടട്ടെ. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ 25,000 ഖാദി നെയ്ത്ത് യൂണിറ്റുകള്‍ ഉണ്ടെന്നാണ് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്. ഒരു യൂണിറ്റില്‍ 10 തൊഴിലാളികളെ കണക്കാക്കിയാല്‍ കുറഞ്ഞത് രണ്ടര ലക്ഷം തൊഴിലാളികള്‍ എങ്കിലും ഉണ്ടാകും. കൂടാതെ ഇന്ത്യയില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്ന കാര്‍ഷിക വിഭാഗമാണ് പരുത്തി കര്‍ഷകര്‍. മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉള്ള പരുത്തി കര്‍ഷകര്‍ ആത്മഹത്യ മുനമ്പിലാണ് എന്ന യാഥാര്‍ഥ്യം കഴിഞ്ഞ കുറേ കാലമായി നമ്മളുടെ മുന്‍പിലുണ്ട്.

കടബാധ്യത, വിളനാശം, ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ എന്നിവ കാരണം ഈ വർഷം മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ മാത്രം 639 കർഷകർ ആത്മഹത്യ ചെയ്തതായാണ് മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ കഴിഞ്ഞ മാസം നിയമസഭയില്‍ പറഞ്ഞത്. ഇതില്‍ തീര്‍ച്ചയായും വിദര്‍ഭയിലും മറ്റുമുള്ള പരുത്തി കര്‍ഷകരും പെടും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

അതുകൊണ്ട് സഖാവ് ഷര്‍ട്ടും മുണ്ടും വിജയിക്കേണ്ടത് ഈ കര്‍ഷകരുടെ കൂടി ആവശ്യമാണ്. ശോഭനാ ജോര്‍ജ്ജിന്റെ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു.

എന്‍ ബി: സോഷ്യല്‍ മീഡിയ താരമായ ഹനാനെ മോഡലായി രംഗത്തിറക്കിയ ശോഭനാ ജോര്‍ജ്ജിന്റെ വിപണി ബുദ്ധിയേയും അതിലെ സാമൂഹിക ഉത്തരവാദിത്തത്തെയും അഭിനന്ദിക്കുന്നു.

ലാല്‍ സലാം ശോഭന ജോര്‍ജ്ജ്; ‘ഉരുക്ക് മനുഷ്യന്‍’ പിണറായി കൂടെയുണ്ട്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍