UPDATES

ട്രെന്‍ഡിങ്ങ്

ലാല്‍ സലാം ശോഭന ജോര്‍ജ്ജ്; ‘ഉരുക്ക് മനുഷ്യന്‍’ പിണറായി കൂടെയുണ്ട്

ഖാദി ബോര്‍ഡ് ഉപാധ്യക്ഷയായി നിയമനം; ഒരു ഉപകാര സ്മരണ കൂടി

കോണ്‍ഗ്രസ്സില്‍ നിന്നും വന്നവരെ പുനരധിവസിപ്പിക്കുന്ന തിരക്കിലാണ് സിപിഎം. കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പിനെ ‘ആകാശകുസുമ’മാക്കി ഉയര്‍ത്തിയെങ്കില്‍ ഇന്നിപ്പോള്‍ ശോഭനാ ജോര്‍ജ്ജിനെയാണ്. പുതിയ ഖാദി ബോര്‍ഡ് ഉപാധ്യക്ഷയാണ് ശോഭന. ഉദ്ദിഷ്ടകാര്യത്തിന് ഒരു ഉപകാരസ്മരണ കൂടി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ ശോഭന ജോര്‍ജ്ജിനുള്ള സിപിഎമ്മിന്റെ പ്രത്യുപകാരമാണ് പുതിയ പദവി എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മറിച്ചെന്തെങ്കിലും കാരണം ഉണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല. തിരഞ്ഞെടുത്തു കൊടുക്കുന്ന പദവിയിലും സിപിഎം അവധാനത കാണിക്കുന്നുണ്ട് എന്നതാണ് കൌതുകകരം. ദീര്‍ഘകാലം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായി ഖാദി വസ്ത്രം ധരിച്ചു ജീവിച്ച ശോഭനാ ജോര്‍ജ്ജിനല്ലാതെ ഖാദി മേഖലയെ ഉദ്ധരിക്കാന്‍ ആര്‍ക്ക് സാധിക്കും.

സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം വി ബാലകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് ശോഭനാ ജോര്‍ജ്ജിന്റെ നിയമനം.

ഈക്കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സജി ചെറിയാന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷനിലേക്കുള്ള ശോഭനാ ജോര്‍ജ്ജിന്റെ കടന്നുവരവ് ആരും മറക്കില്ല. അന്ന് ശോഭന ഇങ്ങനെ പറഞ്ഞു: “കെ കരുണാകരന്‍ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് പിണറായി വിജയനാണ്”. ഉരുക്ക് മനുഷ്യന്‍ എന്നാണ് പിണറായിയെ ശോഭന ജോര്‍ജ് വിശേഷിപ്പിക്കുന്നത്. എം ജി ശ്രീകുമാര്‍ ചെറിയാന്‍ ഫിലിപ്പിനെയും ശോഭന ജോര്‍ജ്ജിനെയും ഒന്നിച്ചിരുത്തി നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു ശോഭന ഇങ്ങനെ പറഞ്ഞത്.

ചെങ്ങന്നൂരിലെ പ്രസംഗത്തില്‍ തന്റെ ഇടതു പാരമ്പര്യത്തെ കുറിച്ച് ശോഭന ഇങ്ങനെ വിശദീകരിച്ചു. ജോര്‍ജ്ജ് ഈഡന്‍ മരിച്ച ഒഴിവില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന എറണാകുളം മണ്ഡലത്തിലെ മരട് പഞ്ചായത്തിന്റെ ചുമതലക്കാരിയായി 2003 ലാണ് താന്‍ ഇടതു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. സെബാസ്റ്റ്യന്‍ പോളിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട്. അതായത് 15 വര്‍ഷത്തെ പാരമ്പര്യം. അത്രതന്നെ പരമ്പര്യമേ കോണ്‍ഗ്രസിലും ഉള്ളൂ എന്ന് സാരം.

1991ല്‍ തന്റെ മുപ്പത്തിയൊന്നാം വയസ്സിലാണ് ശോഭന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. അഖില ബാലജനസഖ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ആദ്യ വനിത ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കെത്തിച്ചേര്‍ന്ന ശോഭന വളരെ പെട്ടെന്ന് തന്നെ നേതാക്കളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യന്‍ നാഷണല്‍-സോഷ്യലിസ്റ്റ് (ഐസിഎസ്)ന്റെ കരുത്തനായ മാമ്മന്‍ ഐപ്പിനെ നേരിട്ട ശോഭന, 3447 വോട്ടിന് ഐപ്പിനെ പരാജയപ്പെടുത്തി കന്നി വിജയം നേടി. തൊട്ടു മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ 15,703 വോട്ടുകള്‍ക്കാണ് മാമ്മന്‍ ഐപ്പ് ചെങ്ങന്നൂരില്‍ ജയിച്ചത്. അങ്ങനെ ശോഭന കോണ്‍ഗ്രസ്സിലെ മിന്നും താരമായി. കരുണാകരന്റെ ദത്തുപുത്രിയും.

രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ വ്യാജ രേഖ കേസും കരുണാകരനൊപ്പം ഡിഐസിയിലേക്ക് ചേക്കേറിയതും ശോഭനാ ജോര്‍ജ്ജിന്റെ രാഷ്ട്രീയ ജീവിതത്തെ താളം തെറ്റിച്ചു. 2011ല്‍ പി സി വിഷ്ണുനാഥിനെതിരെ അവസാന നിമിഷം വരെ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടാകും എന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഒടുവില്‍ പിന്‍വലിഞ്ഞു. എന്നാല്‍ 2016ല്‍ വിമതസ്ഥാനാര്‍ത്ഥിയായി വരിക തന്നെ ചെയ്തു. അന്ന് പിടിച്ച 3966 വോട്ട് പി സി വിഷ്ണുനാഥിന്റെ പരാജയം ഉറപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ നായര്‍ വിജയിച്ചത് 7983 വോട്ടുകള്‍ക്കായിരുന്നു. ഇത്തവണത്തെ സജി ചെറിയാന്റെ 20,000 കടന്ന വമ്പന്‍ ഭൂരിപക്ഷത്തില്‍ ശോഭനാ ജോര്‍ജ്ജിന്റെ സംഭാവന എത്രയുണ്ട് എന്ന് തിട്ടപ്പെടുത്താന്‍ പറ്റില്ലെങ്കിലും അവരുടെ സാന്നിധ്യം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വേദികളെ ആഘോഷമാക്കി. ശോഭനാ ജോര്‍ജ്ജിനോട് കോണ്‍ഗ്രസ്സ് നീതി ചെയ്തില്ല എന്ന് കരുതുന്ന കുറച്ചു കോണ്‍ഗ്രസ്സ് അനുകൂല ക്രിസ്ത്യന്‍ വോട്ടുകള്‍ ഈ ആരവത്തില്‍ സജി ചെറിയാന്റെ പെട്ടിയിലേക്ക് വീണിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

മെയ് 31നു സജി ചെറിയാന്‍ കൊടുങ്കാറ്റായപ്പോള്‍ ചാനലുകളില്‍, കൌണ്ടിംഗ് സ്റ്റേഷന് മുന്‍പില്‍ ചെങ്കൊടി വീശി ലാല്‍ സലാം വിളിച്ച് ശോഭന ജോര്‍ജ്ജ് ഉണ്ടായിരുന്നു. ചുവന്ന ഖാദി മുണ്ടുകളും സാരികളും നെയ്തെടുത്ത് ഖാദി ബോര്‍ഡ് ഉത്തരോത്തരം പടര്‍ന്ന് പന്തലിക്കട്ടെ ശോഭന ജോര്‍ജ്ജിന്റെ ഭരണത്തിന്‍ കീഴില്‍ എന്നാശംസിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയും ശരിയാവട്ടെ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോഹമുക്തനായ ചെറിയാന്‍ ഫിലിപ്പ്; ഇപ്പോള്‍ ‘ആകാശകുസുമം’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍