UPDATES

ട്രെന്‍ഡിങ്ങ്

തൃപ്പൂണിത്തുറയിലെ ഹൈ-ടെക് ചോദ്യം ചെയ്യലും എകെജി സെന്ററിലെത്തിയ ശശി എംഎല്‍എയും; സഭയും സിപിഎമ്മും, ഒരു താരതമ്യ സാഹിത്യം

ഫ്രാങ്കോയുടെ കാര്യം മിക്കവാറും ഇന്നറിയാം. ശശിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു അമേരിക്കയില്‍ നിന്നും വരിക തന്നെ വേണം.

കേരളത്തില്‍ കത്തോലിക്ക സഭ കഴിഞ്ഞാല്‍ ആസ്തിയുള്ള സംവിധാനം സിപിഎമ്മാണ് എന്നു പറയുന്നതു കേട്ടിട്ടുണ്ട്. എന്തെങ്കിലും ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള ഒന്നല്ല ഈ വര്‍ത്തമാനം എന്നു ആദ്യമേ പറഞ്ഞോട്ടെ. പക്ഷേ ഈ അതിശയോക്തിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരു കറുത്ത ഫലിതമുണ്ട്. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുത്തിനോവിച്ചുണ്ടിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയ സംവിധാനവുമായി ഗൂഡാലോചന നടത്തിയ കത്തോലിക്ക സഭയുമായാണ് താരതമ്യം എന്നത് തന്നെ.

ഇപ്പോള്‍ ഈ കാര്യം എടുത്തു പറയാന്‍ ഒരു കാര്യമുണ്ട്. കേരളം ഉറ്റു നോക്കുന്ന രണ്ടു സംഭവങ്ങള്‍ ഇന്നലെ നടന്നു. ഒന്നാമത്തേത്, ലൈംഗിക പീഡന ആരോപണ വിധേയനായ ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു. ലൈംഗിക പീഡനത്തില്‍ ആരോപണം നേരിടുന്ന സിപിഎം എംഎല്‍എ പി.കെ ശശിയെ ഇന്നലെ ആ പാര്‍ട്ടി നിയമിച്ച കമ്മീഷന്‍ എകെജി സെന്ററില്‍ വെച്ചു ചോദ്യം ചെയ്തു. രണ്ടു കാര്യങ്ങളും മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ മാധ്യമനോട്ടം പതിച്ചത് ഫ്രാങ്കോയുടെ മുകളില്‍ ആണെന്നത് ഒരു സിപിഎം അടവ് തന്ത്രത്തിന്റെ വിജയമായും വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എല്ലാ ശ്രദ്ധയും സ്വാഭാവികമായി ഫ്രാങ്കോയിലായിരിക്കും എന്നറിഞ്ഞുകൊണ്ട് തന്നെയാണോ ശശിയെ ചോദ്യം ചെയ്യാന്‍ ഇന്നലെ തന്നെ തിരഞ്ഞെടുത്തത്?

രണ്ടു സംഭവങ്ങളിലും പരാതിക്കാരികള്‍ അതേ സംവിധാനത്തിനുള്ളിലെ സ്ത്രീകളാണ് എന്നത് ആരെയും ആശങ്കപ്പെടുത്തുന്ന സമാനതയാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീയും സിപിഎം എംഎല്‍എയ്ക്കെതിരെ ആ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായ പെണ്‍കുട്ടിയുമാണ് പരാതി നല്‍കിയത്. കന്യാസ്ത്രീ സഭയെയും ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടി പാര്‍ട്ടിയെയുമാണ് നീതിക്ക് വേണ്ടി സമീപിച്ചത്. രണ്ട് അധികാര സംവിധാനവും പരാതി കുഴിച്ചുമൂടാന്‍ ശ്രമിക്കുകയോ മൂടി വെക്കാന്‍ ശ്രമിക്കുകയോ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഷപ്പ് 10 കോടിയും പുതിയ കന്യാസ്ത്രീ മഠവുമാണ് വാഗ്ദാനം ചെയ്തതെങ്കില്‍ പി.കെ ശശി ഒരു കോടി രൂപയും സംഘടനയില്‍ ഉയര്‍ന്ന പദവിയുമാണ് വാഗ്ദാനം ചെയ്തത് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു സംഭവങ്ങളിലുമുള്ള വ്യത്യസ്തത എന്നു പറയുന്നത് സഭ അനീതി കാട്ടിയപ്പോള്‍ കന്യാസ്ത്രീ പോലീസിനെ സമീപിച്ചു എന്നതും ഡിവൈഎഫ്ഐ നേതാവ് പാര്‍ട്ടി നീതി തരുമെന്നു വിശ്വസിച്ച് കാത്തിരിക്കുന്നു എന്നതുമാണ്.

Also Read: പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

കന്യാസ്ത്രീയുടെ പരാതി ബിഷപ്പിന്റെ അധികാര ബലത്തിലും പണത്തിലും സ്വാധീനിക്കപ്പെട്ട് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ ശക്തമായതോടെ കുറവിലങ്ങാട്ടെ കര്‍ത്താവിന്റെ മണവാട്ടികള്‍ സമരവുമായി തെരുവിലിറങ്ങുകയായിരുന്നു. അവര്‍ക്കൊപ്പം സഭയ്ക്കുള്ളില്‍ വിയോജിപ്പ് ശബ്ദമുയര്‍ത്തുന്ന ഒരു വിഭാഗവും മനുഷ്യാവകാശ-സാമൂഹ്യ-സ്ത്രീപക്ഷ പ്രവര്‍ത്തകരും ചേര്‍ന്നു. ഇന്ത്യന്‍ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്നത്. അതുകൊണ്ടു തന്നെ വാര്‍ത്തയ്ക്ക് വലിയ മാധ്യമ ശ്രദ്ധ കിട്ടി. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ പോലും കേരളത്തിലെ കന്യാസ്ത്രീ സമരം വാര്‍ത്തയായി. മുഖ്യധാര പ്രസ്ഥാനങ്ങള്‍ നേരിട്ടു ഔദ്യോഗികമായി സമരകേന്ദ്രത്തില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും നിരവധി നേതാക്കള്‍ സമരപ്പന്തലില്‍ എത്തി.

അതേസമയം ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ അവര്‍ പ്രതിനിധീകരിക്കുന്ന യുവജന സംഘടന പോലും അവര്‍ക്ക് പിന്തുണയുമായി വന്നില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തനിക്ക് പരാതി കിട്ടി എന്നു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയപ്പോഴും സ്വരാജും ഷംസീറും അടക്കമുള്ള നേതാക്കള്‍ തങ്ങളൊന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് പ്രതികരിച്ചത്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ തനിക്ക് പരാതി മൂന്നാഴ്ച മുന്‍പ് കിട്ടിയിരുന്നെന്നും സംഭവം അന്വേഷിക്കാന്‍ നിയമ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലനെയും മുതിര്‍ന്ന വനിതാ നേതാവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതി ടീച്ചറെയും ചുമതലപ്പെടുത്തി എന്നു മാധ്യമങ്ങളോട് പറയുകയും ചെയ്തു.

അതോടെ ഇന്ത്യയിലെ കരുത്തുറ്റ യുവജന സംഘടന നാണം കെട്ടു എന്നു പറയേണ്ടതില്ലല്ലോ. എന്നിട്ടും തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണം എന്ന് അവര്‍ ഏതെങ്കിലും പാര്‍ട്ടി വേദിയില്‍ പറഞ്ഞതായി അറിവില്ല. പാര്‍ട്ടി രഹസ്യമല്ലേ? അതുകൊണ്ട് നമ്മള്‍ അറിയാതെ പോകുന്നതായിരിക്കും. എന്തായാലും കന്യാസ്ത്രീകളുടെ സമരത്തില്‍ ഇപ്പോള്‍ ഡിവൈഎഫ്ഐ ഇടപെടേണ്ട ആവശ്യം ഇല്ല എന്ന സ്വരാജിന്റെ പ്രസ്താവന ഇന്നലെ വായിച്ചപ്പോള്‍ സൌബിന്‍ ഷാഹിറിന്റെ ആ ജെപെഗ് ആണ് ഓര്‍മ്മ വന്നത്. നോ ഉളുപ്പ്…?

Also Read: കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

തൃപ്പൂണിത്തുറയിലെ ഹൈ ടെക് ചോദ്യം ചെയ്യലും എകെജി സെന്ററിലെ പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ചു കൊണ്ടുള്ള കമ്യൂണിസ്റ്റ് ചോദ്യം ചെയ്യലും കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഫ്രാങ്കോ കുറ്റക്കാരനാണ് എന്നു ബോധ്യമായാല്‍ അറസ്റ്റ് അനിവാര്യമാകും. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ കത്തോലിക്കരും സഖാക്കളും തമ്മില്‍ അടുത്തകാലത്ത് മൊട്ടിടുകയും ചില കായ്കനികള്‍ ഒക്കെ ഉണ്ടാവുകയും ചെയ്ത പ്രണയ ബന്ധം തകരുമോ? വിമോചന സമരക്കാലത്ത് എന്ന പോലെ പല്ലും നഖവും ഉപയോഗിച്ച് അവര്‍ പരസ്പരം കടിച്ചു കീറുമോ? അതോ സഭയ്ക്കുള്ളിലെ മാനം രക്ഷിക്കാന്‍ നിയമം നിയമത്തിന്റെ പണി എടുത്തു എന്നു പറഞ്ഞുകൊണ്ടു സഭാ പിതാക്കന്മാരും കുഞ്ഞാടുകളും മൌനം പാലിക്കുമോ?

പികെ ശശി കുറ്റക്കാരനാണ് എന്നു പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയാല്‍ കേസ് പോലീസിന് കൈമാറുമോ പാര്‍ട്ടി? ശശി സഖാവിനോട് എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമോ? അതോ ഇലയ്ക്കും മുള്ളിനും കുഴപ്പം തട്ടാതെ എല്ലാ കോംപ്ലിമെന്‍റ്സ് ആക്കുമോ?

ഫ്രാങ്കോയുടെ കാര്യം മിക്കവാറും ഇന്നറിയാം. ശശിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്നും വരിക തന്നെ വേണം.

സഭ അന്നെന്നെ ഭ്രാന്തിയാക്കി; ഇന്ന് പിന്തുണയുമായി മറ്റ് കന്യാസ്ത്രീകള്‍; ഇത് ചരിത്രമുഹൂര്‍ത്തം

അത്താഴപ്പട്ടിണിക്കാരോട് സദാചാരം പ്രസംഗിക്കുന്ന സഭാ പിതാക്കന്‍മാരുടെ നാണംകെട്ട മൌനം

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍