UPDATES

ട്രെന്‍ഡിങ്ങ്

ശ്രീധന്യയും പാവപ്പെട്ട ബീഹാറി കുടുംബത്തില്‍ നിന്നുയര്‍ന്നുവന്ന മുന്‍ വയനാട് ജില്ല കളക്ടറും; ജനപക്ഷമാകുന്ന സിവില്‍ സര്‍വ്വീസ്

ഏറ്റവും അധഃസ്ഥിതരായ ആദിവാസി സമൂഹത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടുയര്‍ന്നുവന്ന ശ്രീധന്യ തീര്‍ച്ചയായും കേശവേന്ദ്രകുമാര്‍ എന്ന ഐ എ എസ് കാരന്‍ തന്റെ നാട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

“തോറ്റ് മടങ്ങാൻ തയ്യാറല്ലായിരുന്നു, രണ്ട് തവണ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം പോലും കടക്കാതെ പുറത്തായിട്ടും പിൻമാറാതെ പരിശ്രമിച്ചു. പിന്നീട് അടുക്കും ചിട്ടയും നിറഞ്ഞ പഠന രീതിയിലൂടെ നേട്ടത്തിലേക്ക് അടുക്കുകയായിരുന്നു വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ. സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് സ്വന്തമാക്കിയ ശ്രീധന്യ തെളിയിക്കുന്നത് കഠിനാധ്വാനത്തിലൂടെ ഏത് സ്വപ്നങ്ങളും എത്തിപ്പിടിക്കാനാവുമെന്നാണ്.” ശ്രീധന്യയെ കുറിച്ചുള്ള അഴിമുഖം റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്. (കൂടുതല്‍ വായിക്കാം: കഠിനാധ്വാനത്തിന്റെ വിജയം; വയനാടിന്റെ ശ്രീ, കേരളത്തിന്റെ ധന്യം)

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഏറെ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന് ശ്രീധന്യ നല്‍കിയത് അവിസ്മരണീയ വിജയത്തിളക്കം. കാരണം കേരളത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് നേട്ടം കൊയ്യുന്ന ആദ്യ ആദിവാസി വംശജയാണ് ശ്രീധന്യ.

കൂലിപ്പണിക്കാരാണ് കുറിച്യ ആദിവാസി വിഭാഗത്തിൽപെട്ട അച്ഛൻ സുരേഷും അമ്മ കമലയും, പക്ഷേ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസമാണ് അവർ നൽകിയത്. ഡല്‍ഹിയില്‍ അഭിമുഖത്തിന് പോകാന്‍ പൈസ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് 40,000 രൂപ കടം വാങ്ങിയാണ് പോയതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീധന്യ സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്ന കാലത്ത് വയനാട് ജില്ലാ കളക്ടറായിരുന്നു കേശവേന്ദ്രകുമാര്‍. ചിലപ്പോള്‍ ശ്രീധന്യയ്ക്ക് പ്രചോദനമായി ഈ കളക്ടറും മാറിയിട്ടുണ്ടാകാം. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിക്കുന്ന ഐ എ എസ് കുഞ്ഞുങ്ങളുടെ ഇടയില്‍ കേശവേന്ദ്രകുമാറിന്റെ ജീവിത കഥ വേറിട്ട ഒന്നായിരുന്നു.

പാവപ്പെട്ട ഒരു ബീഹാറി കുടുംബത്തില്‍നിന്ന് കഠിനാദ്ധ്വാനത്തിലൂടെ ഐ എ എസ് ഉദ്യോഗസ്ഥനായി വളര്‍ന്ന് വന്നയാളാണ് കേശവേന്ദ്ര കുമാര്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലൂടെ പ്ലസ്ടുവിന് തുല്യമായ കോഴ്‌സ് പഠിച്ച് പശ്ചിമബംഗാളില്‍ റെയില്‍വേയുടെ ബുക്കിംഗ് ക്‌ളാര്‍ക്ക് ആയി ജോലി ചെയ്തു. ജോലി ചെയ്തുകൊണ്ട് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നൊ)യില്‍നിന്ന് ഹിന്ദിയില്‍ ബിരുദമെടുത്തശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. അതുവരെയുള്ള 27 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ‘ഇഗ്നോ’യില്‍നിന്നുള്ള ഒരു ബിരുദധാരിക്ക് ഐ.എ.എസ് ലഭിച്ചിരുന്നില്ല. 2008ല്‍ ഐ.എ.എസ് ലഭിച്ച കുറഞ്ഞ പ്രായക്കാരില്‍ രണ്ടാമനായിരുന്നു കേശവേന്ദ്ര കുമാര്‍. വയസ്സ് ഇരുപത്തിരണ്ട്.

കെ എസ് യു പ്രവര്‍ത്തകരുടെ വിവാദ കരി ഓയില്‍ ഒഴിപ്പ് അക്രമ സമരത്തിന് ശേഷം വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ കേശവേന്ദ്ര കുമാര്‍ വളരെ പെട്ടെന്നാണ് വയനാട്ടുകാരുടെ പ്രിയപ്പെട്ട കളക്ടറായി. പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന കേശവേന്ദ്ര കുമാര്‍ റിസോര്‍ട്ട്-റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് വലിയ തലവേദനയായി. അവരുടെ പ്രഖ്യാപിത ശത്രുവായി.

വയനാട് നേരിടുന്ന പാരിസ്ഥിതിക പ്രശ്നം നന്നായി മനസിലാക്കിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു കേശവേന്ദ്രകുമാര്‍. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൗരന്‍മാരില്‍ എത്തിക്കാന്‍ വേറിട്ട വഴിതേടിയ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാറിന്റെ മനസ്സിലുദിച്ച പദ്ധതിയാണ് ‘ഓര്‍മ്മമരം’. വോട്ടെടുപ്പ് ദിനത്തില്‍ സമ്മതി ദാനാവകാശം വിനിയോഗിക്കാനെത്തുന്നവര്‍ക്ക് മരത്തൈ നല്‍കുന്ന പദ്ധതിയാണിത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും കന്നിവോട്ടര്‍മാര്‍ക്കും എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിന്നും ഈ ഉപഹാരം ലഭിച്ചു. ഒരുലക്ഷത്തിലധികം തൈകളാണ് ഇങ്ങനെ വിതരണം ചെയ്തത്.

ആദിവാസികളുടെ പ്രശ്നങ്ങളില്‍ ഇത്ര സഹാനുഭൂതിയോടെ ഇടപെട്ട മറ്റൊരു കളക്ടര്‍ വയനാട്ടില്‍ ഉണ്ടായിട്ടുണ്ടാകില്ല. കോളനി മിത്രം പരിപാടി ആവിഷ്കരിച്ച അദ്ദേഹം, ജില്ലയിലുടനീളമുള്ള കോളനികളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. യാതൊരു മടിയുമില്ലാതെ ഊരുകളിലെ വീടിന്റെ തിണ്ണയില്‍ ഇരുന്നും ആദിവാസികളോട് നേരിട്ടു സംസാരിച്ചും അദ്ദേഹം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു.

ഏറ്റവും അധഃസ്ഥിതരായ ആദിവാസി സമൂഹത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടുയര്‍ന്നുവന്ന ശ്രീധന്യ തീര്‍ച്ചയായും കേശവേന്ദ്രകുമാര്‍ എന്ന ഐ എ എസ് കാരന്‍ തന്റെ നാട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. കേശവേന്ദ്രകുമാറിനെ പോലുള്ള ജനപക്ഷ ഐ എ എസുകാരാകട്ടെ ശ്രീധന്യയുടെ മാതൃക.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍