UPDATES

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

നാസി ജര്‍മ്മനിയിലെ വ്യാജ പ്രചാരകന്‍ ഗീബല്‍സിന്റെ പണിയാണ് ശ്രീധരന്‍ പിള്ള എടുത്തുകൊണ്ടിരിക്കുന്നത് എന്നാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും അടക്കമുള്ളവര്‍ പറയുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട്: “എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിലല്ല ഹര്‍ത്താല്‍ നടത്തുക”, കാര്യങ്ങള്‍ വ്യക്തമാകും മുന്‍പ് എന്തിനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്തനംതിട്ടയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പന്തളത്തെ ശിവദാസന്‍ എന്ന ലോട്ടറി കച്ചവടക്കാരന്‍ ശബരിമല ദര്‍ശനത്തിന് ശേഷം ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത് പോലീസ് മര്‍ദ്ദനം കൊണ്ടാണ് എന്നാരോപിച്ചായിരുന്നു ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ചിത്തിരയാട്ടത്തിന് നവംബര്‍ 5-നു ശബരിമല നട തുറക്കാനിരിക്കെ ഈ ഹര്‍ത്താലിനെ ഭീതിയോടെയാണ് കേരള സമൂഹം കണ്ടത്. ഒരു തീപ്പൊരി വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവും എന്നതുതന്നെ.

നിലയ്ക്കലില്‍ പോലീസ് നടപടി ഉണ്ടായ ഒക്ടോബര്‍ 17-ന് മര്‍ദനമേറ്റാണ് ശിവദാസന്‍ മരണപ്പെട്ടത് എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്തായാലും ക്രിമിനല്‍ അഭിഭാഷകനായ കുശാഗ്ര ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഒക്കെ ധൃതിപിടിച്ചുള്ള ഈ നീക്കത്തെ വിലയിരുത്തിയത്.

എന്നാല്‍ തന്റെ അച്ഛന്‍ 18-നാണ് ശബരിമലയില്‍ പോയതെന്നും ദര്‍ശനം നടത്തി 19-ന് മറ്റൊരാളുടെ ഫോണില്‍ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും ശിവദാസന്റെ മകന്‍ വെളിപ്പെടുത്തിയതോടെ ശ്രീധരന്‍ പിള്ള വക്കീലിന്റെ വാദം ദുര്‍ബലമായി. കൂടാതെ തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നു ശിവദാസന്‍ നല്‍കിയ പരാതിയില്‍ ആരോപണ വിധേയര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്നും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നു. അതോടെ അയ്യപ്പ ഭക്തനെ ബലിദാനിയാക്കി ഹര്‍ത്താല്‍ നടത്തി പ്രകോപനം ഉണ്ടാക്കാനുള്ള ബിജെപി ശ്രമം പൊളിയുകയായിരുന്നു.

ഒരു ചാനല്‍ ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ളയുടെ ശബരിമല പ്രക്ഷോഭ ശ്രമങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എ സജീവന്‍ പറഞ്ഞത്, ‘നീന്താന്‍ അറിയാത്ത ഒരാളെ വെള്ളത്തില്‍ ഇറക്കി വിട്ടപോലെ’ എന്നാണ്. ഒരു മനുഷ്യന്റെ മൃതശരീരത്തില്‍ അവകാശം സ്ഥാപിച്ച് പ്രക്ഷോഭത്തിന് കോപ്പ് കൂട്ടിയ ശ്രീധരന്‍ പിള്ളയുടെ നടപടി ആ നിരീക്ഷണത്തെ ഉറപ്പിക്കുന്നതായി. (അതിനു മുന്‍പ് സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ 16 വയസ്സുകാരനായ കൊച്ചുമകനെ ബിജെപിയുടെ സമര വേദിയില്‍ എത്തിച്ചാണ് ശ്രീധരന്‍ പിള്ള തനിക്ക് നീന്തല്‍ വശമില്ല എന്നു തെളിയിച്ചത്)

അതേസമയം, ഇത്രയേറെ വസ്തുതകള്‍ പുറത്തുവന്നിട്ടും താന്‍ തുടക്കത്തില്‍ പറഞ്ഞ നുണക്കഥ ആവര്‍ത്തിക്കുകയാണ് ശ്രീധരന്‍ പിള്ള ഇന്നലെ കോഴിക്കോട്ടും. ശിവദാസന്‍ കൊല്ലപ്പെട്ടത് പോലീസ് മര്‍ദ്ദനത്തില്‍ ആണ് എന്നത് പകല്‍ പോലെ വ്യക്തമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. “സാങ്കേതികത പറഞ്ഞു തെറ്റിദ്ധരിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പരാതി എന്നു ലഭിച്ചു എന്നും അന്വേഷണം എന്ന് ആരംഭിച്ചു എന്നും പരിശോധിക്കണം” കോഴിക്കോട് ബിജെപി സംഘടിപ്പിച്ച ശബരിമല സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം ചെയ്ത് ശ്രീധരന്‍ പിള്ള പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തുകൊണ്ടാണ് കോടതിമുറിയിലെ ഒരു പ്രതിഭാഗം അഭിഭാഷകനെ പോലെ പൊളിയുമെന്നറിയുന്ന നുണകള്‍ ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ശിവദാസന്റെ മകന്‍ നല്കിയ പരാതിയും ശിവദാസന്‍ മുന്‍പ് നല്കിയ പരാതിയുമൊക്കെ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെന്നിരിക്കെ ഇതൊന്നും അറിയാത്ത ഒരു വലിയ വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയല്ലേ ഇത്?

നാസി ജര്‍മ്മനിയിലെ വ്യാജ പ്രചാരകന്‍ ഗീബല്‍സിന്റെ പണിയാണ് ശ്രീധരന്‍ പിള്ള എടുത്തുകൊണ്ടിരിക്കുന്നത് എന്നാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും അടക്കമുള്ളവര്‍ പറയുന്നത്. നുണയെ പലവട്ടം പറഞ്ഞ് സത്യമാക്കുന്ന ഏര്‍പ്പാട്. ആ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും ഇടതു-ലിബറല്‍ പക്ഷം ആത്മവിശ്വാസത്തോടെ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ അതങ്ങ് ഉറപ്പിക്കാമോ? പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ വരുന്നവര്‍ മാത്രമല്ല കേരള ജനത. പുരോഗമനക്കാര്‍ ആവര്‍ത്തിച്ചു പറയുന്ന നവോത്ഥാനം എന്ന പദത്തിനേക്കാള്‍ അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുക സ്വാമി ശരണം എന്ന വിളി തന്നെ ആയിരിക്കും എന്ന ആത്മവിശ്വാസമല്ലേ പറഞ്ഞ നുണ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് ധൈര്യം നല്‍കുന്നത്. മാധ്യമങ്ങള്‍ അടക്കം അയ്യപ്പ ഭക്തന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു എന്നു കൊടുക്കുന്നതിന്റെ സ്വാധീനം ഈ നുണക്കഥയുടെതല്ലാതെ മറ്റെന്താണ്.

ശിവദാസന്റെ മരണം അപകടം മൂലമോ കാട്ടാനയുടെ ആക്രമണം മൂലമോ ആയിരിക്കുമെന്നാണ് പത്തനംതിട്ട പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനോട് ചേര്‍ന്ന ഭാഗത്ത് റോഡിന് നല്ല വളവാണ്. ഇവിടെ വെച്ചു ബൈക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞതായിരിക്കാം. തുടയെല്ല് പൊട്ടിയുണ്ടായ അമിത രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചത് എന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നു.

എന്തായാലും പ്രതിക്കൂട്ടില്‍ തങ്ങളായതുകൊണ്ട് സത്യം എത്രയുംവേഗം പുറത്തുകൊണ്ടുവരേണ്ടത് പോലീസിന്റെ കൂടി ആവശ്യമാണ്. അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ കള്ളക്കഥകള്‍ മെനയാനും അത് കേരളമെന്ന ആശയത്തെ തന്നെ തകര്‍ക്കാനും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ധൈര്യം നല്കും തീര്‍ച്ച.

മകന്‍ പോയത് കഞ്ചാവ് അടിച്ച് നടക്കുന്നവരുടെയോ സ്ത്രീ പീഡകരുടെയോ ഇടയിലെക്കല്ലല്ലോ? എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് സംസാരിക്കുന്നു

ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത എം എം ലോറന്‍സിന്റെ കൊച്ചുമകനില്‍ നിന്നും ബിജെപി പഠിക്കുന്ന രാഷ്ട്രീയം

ശിവദാസന്റെ മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് ഈ നേതാക്കള്‍ക്കെതിരെ തന്നെ വേണം

മുറിവില്‍ വിഷം പുരട്ടുന്ന ചാനല്‍ മുറിയിലെ ‘കോട്ടിട്ട ജഡ്ജി’മാര്‍ കേരളത്തോട് ചെയ്യുന്നത്

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍