UPDATES

ട്രെന്‍ഡിങ്ങ്

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

ഇനിയെങ്കിലും ശബരിമല വിഷയത്തില്‍ ഗ്യാലറിയില്‍ ഇരിക്കാതെ കളത്തില്‍ ഇറങ്ങിക്കളിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് എന്നത് കോണ്‍ഗ്രസ്സ് മനസിലാക്കണം.

നവംബര്‍ അഞ്ചാം തീയതി തന്റെ പുറത്തായ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പതിവില്‍ നിന്നും വിപരീതമായി അദ്ദേഹം അസ്വസ്ഥനായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സുസ്മേരവദനനായി ഇരിക്കാറുള്ള ഈ സൌമ്യന്‍ പലപ്പോഴും മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി.

പ്രസംഗം നാലാം തീയതി തന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവായി നല്‍കിയിരിക്കെ ശബരിമലയില്‍ ചിത്തിരയാട്ട വിശേഷത്തിന് നട തുറക്കുന്ന ദിവസം തന്നെ ആ വാര്‍ത്ത പൊക്കിപ്പിടിച്ചു വന്നത് ദുരുദ്ദേശപരമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളിലെ സിപിഎം ഫ്രാക്ഷന്‍ ആണ് ഇത് ചെയ്യുന്നത്. കൂട്ടത്തില്‍ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. ആ പരാമര്‍ശം ബിജെപിക്കുള്ളില്‍ ആഭ്യന്തര വിവാദം സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് ഇന്നത്തെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ബിജെപി എംപിയുടെ ചാനല്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ശ്രീധരന്‍ പിള്ള തുറന്നു പറഞ്ഞത്. അത് എന്തുചെയ്യണം എന്നു തങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ശ്രീധരന്‍ പിള്ള സൂചിപ്പിച്ചത് രാജീവ് ചന്ദ്രശേഖര്‍ ആണെന്നും ചാനല്‍ ഏഷ്യാനെറ്റ് ആണെന്നും മനസിലാക്കാന്‍ എന്തെങ്കിലും ക്ലൂ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ സംസ്ഥാന എന്‍ഡിഎയുടെ ഉപാധ്യക്ഷനാണ്.

കഴിഞ്ഞ തുലാം മാസ പൂജ കാലത്ത് ശ്രീധരന്‍ പിള്ള നയിച്ച എന്‍ഡിഎയുടെ ലോംഗ് മാര്‍ച്ചില്‍ ഈ ഉപാധ്യക്ഷന്‍ പങ്കെടുത്തിരുന്നില്ല എന്നത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ബിഡിജെഎസ് നേതാവും മറ്റൊരു ഉപാധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് പി.എസ് ശ്രീധരന്‍ പിള്ളയുടെ സെക്കന്‍ഡ് ലെഫ്റ്റ്നന്‍റ് ആയി മുന്നണിയില്‍ ഉണ്ടായിരുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യല്‍ മീഡിയ സ്ട്രീമിലും കേരളത്തില്‍ ബിജെപി നടത്തുന്ന ഹൈന്ദവ വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തെ കുറിച്ച് അധികമൊന്നും കണ്ടതുമില്ല. എന്നാല്‍ ശബരിമലയിലെ യുവതീ പ്രവേശത്തെ കുറിച്ച് ബിജെപിയുടെ നിലവിലുള്ള നിലപാട് പറയുന്നുമുണ്ട്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപദേശവും കൊടുക്കുന്നുണ്ട്.

എന്നാല്‍ കൌതുകരമായ ഒരു കാര്യം അദ്ദേഹത്തിന്റെ ചാനലായ ഏഷ്യാനെറ്റ് ഈ വിഷയത്തില്‍ ബിജെപിക്ക് വിരുദ്ധമായ നിലപാടുമായി രംഗപ്രവേശം ചെയ്തതാണ്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാരെ തിരഞ്ഞുപിടിച്ചെന്നപ്പോലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉപദ്രവിച്ചതിന്റെ പരിണതഫലമാണ് ഈ നിലപാട് മാറ്റം എന്നു കരുതുക വയ്യ. അങ്ങനെ ആയിരുന്നെങ്കില്‍ അതിന് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. മറിച്ച് ഏഷ്യാനെറ്റിന്റെ ഒട്ടുമിക്ക പ്രൈം ടൈം ചര്‍ച്ചകളെല്ലാം ബിജെപി വിരുദ്ധ നിലപാടുകള്‍ക്ക് പ്രാമുഖ്യം കിട്ടുന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ഒരു എഡിറ്റോറിയല്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇതിലുള്ള ഈര്‍ഷ്യ കൂടി ആകാം വാര്‍ത്താ സമ്മേളനത്തില്‍ പി എസ് ശ്രീധരന്‍ പിള്ള പ്രകടിപ്പിച്ചത്.

‘ആ എം.പി ആര്?’ എന്ന തലക്കെട്ടില്‍ ഇന്ന് മാതൃഭൂമി കൊടുത്ത അകം പേജ് വാര്‍ത്തയില്‍ ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം സംബന്ധിച്ച വിവാദം ബിജെപിക്കുള്ളില്‍ ചൂടുപിടിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. വി. മുരളീധരനും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖരനും റിച്ചാര്‍ഡ് ഹെയുമാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഇതില്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയായ എം.പി രാജീവ് ചന്ദ്രശേഖര്‍ അല്ലാതെ മറ്റാരുമല്ല.

എന്നാല്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം വിവാദമായതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരാണ് എന്ന തരത്തില്‍ വാര്ത്തകള്‍ പുറത്തുവരുന്നുണ്ട്. അതില്‍ മറ്റൊരു എംപിയായ വി മുരളീധരന് എന്തെങ്കിലും പങ്കുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം.

എന്തായാലും ശബരിമലയില്‍ നടക്കുന്നത് ബിജെപിയുടെ പ്ലാന്‍ ആണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം വലിയ പരിക്കാണ് ബിജെപിക്കുണ്ടാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ എന്‍ട്രി കൂടി ആയപ്പോള്‍ ശബരിമല സമരത്തില്‍ ബിജെപി കൂടുതല്‍ പ്രതിരോധത്തിലാകാനുള്ള സാധ്യതയാണ് കാണുന്നത്.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ കാലത്ത് അല്ലാതെ മാധ്യമങ്ങളില്‍ മുഖം കാണാറില്ലാത്ത വത്സന്‍ തില്ലങ്കേരി പ്രതിഷേധക്കാരെ നിയന്ത്രിച്ചുകൊണ്ട് ശബരിമലയില്‍ എത്തിയത് തന്നെ ഒരു ഗൂഡാലോചനയാണ് എന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു ഇന്നലെ നടന്ന സംഭവങ്ങള്‍.

‘അടിച്ചു കൊല്ലടാ അവളെ’ എന്ന ആക്രോശവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്കിയ നടുവിരല്‍ നമസ്കാരവും മാതൃഭൂമി ക്യാമറമാന് നേരെ നടത്തിയ തേങ്ങയേറും ആള്‍ക്കൂട്ട കൊലപാതക മനസ്സ് കൊണ്ടുനടക്കുന്ന സംഘമാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമ്പടിച്ചത് എന്നു തെളിയിക്കുന്നതായി. പ്രായഭേദമന്യേ സ്ത്രീകളെ അപമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു. കുഞ്ഞിന്റെ ചോറൂണിനായി എത്തിയ യുവാവിനെ ഓടിച്ചിട്ട് മര്‍ദ്ദിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കണ്ട പോലീസ് ഒടുവില്‍ മെഗാഫോണ്‍, വത്സന്‍ തില്ലങ്കേരിക്ക് തന്നെ കൈമാറി. പ്രവര്‍ത്തകരെ ശാന്തരാക്കാന്‍. ഇതിനിടയില്‍ പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയും ഇറങ്ങിയും ആചാരലംഘനവും നടത്തി ഈ വിശ്വാസ സംരക്ഷകന്‍.

ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ വന്ന് താന്‍ ഒരു അയ്യപ്പ ഭക്തനാണെന്നും എന്നാല്‍ ചിത്തിരയാട്ടത്തിന് വരുന്നത് ആദ്യമായാണ് എന്നു പറഞ്ഞതില്‍ നിന്നും തന്നെ ആര്‍എസ്എസിന്റെ തീരുമാനപ്രകാരമാണ് വത്സന്‍ തില്ലങ്കേരി എത്തിയത് എന്നു വ്യക്തമാക്കുന്നതായി. അങ്ങനെയൊരു തീരുമാനം ഉണ്ടെങ്കില്‍ വത്സന്‍ തില്ലങ്കേരി ഒറ്റയ്ക്കായിരിക്കില്ല എന്നുമുറപ്പാണ്.

ആയിരത്തില്‍ താഴെ ആളുകള്‍ മാത്രം വരാറുള്ള ചിത്തിര ആട്ട പൂജയ്ക്ക് ഇന്നലെ ശബരിമല കയറിയത് കാല്‍ ലക്ഷത്തിനടുത്ത് ആളുകളാണ് എന്നത് സൂചിപ്പിക്കുന്നത് വന്നിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ഭക്തി കൊണ്ട് വന്നവരല്ല എന്നതുതന്നെയാണ്. ശ്രീധരന്‍ പിള്ള പറഞ്ഞതുപോലെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തീരുമാന പ്രകാരം വന്നവരാണ് അവര്‍. തില്ലങ്കേരിയുടെ മെഗാ ഫോണ്‍ ആഹ്വാനം കേട്ട ഉടനെ കുഞ്ഞുങ്ങളെ പോലെ അനുസരിക്കുന്ന ‘വോളണ്ടിയര്‍മാര്‍’.

നേരത്തെ എഴുതിയതാണ്, എന്നാലും ഒരു തവണ കൂടി ആവര്‍ത്തിക്കുന്നു. നീന്തലറിയാത്ത ഒരാള്‍ വെള്ളത്തില്‍ കൈ കാലിട്ടടിക്കുന്നതുപോലെയാണ് ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ളയുടെ ഇതുവരെയുള്ള പെര്‍ഫോമന്‍സ്. ഇനിയെങ്കിലും ശബരിമല വിഷയത്തില്‍ ഗ്യാലറിയില്‍ ഇരിക്കാതെ കളത്തില്‍ ഇറങ്ങിക്കളിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് എന്നത് കോണ്‍ഗ്രസ് മനസിലാക്കണം. സമാധാനകാംക്ഷികളായ വിശ്വാസികളെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്താനുള്ള പണി അവര്‍ എടുക്കണം. ഇനിയും ശ്രീധരന്‍ പിള്ള താലത്തില്‍ കൊണ്ടുവന്നുവെച്ച ‘സുവര്‍ണ്ണാവസരം’ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ആ പാര്‍ട്ടിയുടെ വിധി എന്നല്ലാതെ എന്തു പറയാന്‍.

മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന നേതാക്കള്‍ക്ക് ജേര്‍ണലിസ്റ്റുകളെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത അണികളോട് എന്താണ് പറയാനുള്ളത്?

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

സ്ത്രീകള്‍ക്കെതിരെ കൊലവിളിയുമായി പാഞ്ഞടുക്കുന്ന ഇക്കൂട്ടരോ വിശ്വാസ സംരക്ഷകര്‍?

“ഞാന്‍ ശബരിമലയില്‍ ആചാരം ലംഘിച്ചു, പരിഹാരവും ചെയ്തു”: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

എംടിയുടെ കൂടെയോ രാമന്‍നായരുടെ കൂടെയോ? ഈ ചോദ്യത്തിന് മലയാളി ഉത്തരം പറഞ്ഞേ പറ്റൂ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍