UPDATES

നന്ദി തരൂര്‍, നിങ്ങള്‍ നിമിത്തമായി, കാര്യകര്‍ത്ത ശ്രീശാന്തിനെ ബിജെപിക്ക് തിരിച്ചുകിട്ടി

സംഗതി കൈവിട്ട പോക്കാണ് എന്നു മനസിലാക്കിയ ശ്രീശാന്ത് പ്രചാരണങ്ങള്‍ തള്ളി ട്വിറ്ററില്‍ രംഗത്തെത്തി

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നുണ്ട്. മലയാളിയായ ഒരു ബിജെപിക്കാരനെ പാര്‍ട്ടിയിലെത്തിക്കാന്‍.

അങ്ങനെയിരിക്കയാണ് ബി‌സിസിഐയുടെ വിലക്ക് നീക്കി കിട്ടിയ ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്സ് നേതാവും കൊച്ചിയില്‍ ഐ പി എല്‍ ടീം വേണമെന്ന് അഗാധമായി ആഗ്രഹിച്ചയാളുമായ ശശി തരൂരിനെ കാണാന്‍ എത്തിയത്. കിട്ടിയ അവസരം മുതലാക്കി രാഷ്ട്രീയ ഉപശാലകളില്‍ നിന്നും കിംവദന്തികള്‍ പരന്നു. മാധ്യമങ്ങളും കോറസ് പാടി. ശ്രീശാന്ത് കോണ്‍ഗ്രസ്സിലേക്ക്.

സംഗതി കൈവിട്ട പോക്കാണ് എന്നു മനസിലാക്കിയ ശ്രീശാന്ത് പ്രചാരണങ്ങള്‍ തള്ളി ട്വിറ്ററില്‍ രംഗത്തെത്തി. ശശി തരൂര്‍ എം പിയെ കാണാന്‍ പോയത് തന്റെ പോരാട്ടത്തിന് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കാനാണ് എന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല എന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

“ഇപ്പൊഴും ബിജെപിയുടെ കാര്യകര്‍ത്തയാണ്. അതില്‍ അഭിമാനിക്കുന്നു.” എന്നും ശ്രീശാന്ത് കുറിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും ശ്രീശാന്ത് പറഞ്ഞു.

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് മാര്‍ച്ച് 15നാണ് സുപ്രീംകോടതി നീക്കിയത്. വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. ബിസിസിഐ നടപടി സംബന്ധിച്ച കാര്യങ്ങൾ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

ഒത്തുകളി വിവാദത്തെ തുടർന്ന് താരത്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയ ബിസിസിഐ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ശ്രീശാന്ത് കോടതിയെ സമീപിച്ചത്. 2013ലെ ഐപിഎല്‍ മൽസരങ്ങളിൽ ശ്രീശാന്ത് ഒത്തുകളിച്ചെന്നതായിരുന്നു കേസ്. ശ്രീശാന്ത് ഒത്തുകളിച്ചതിന് തെളിവുണ്ടെന്നാണ് ഹര്‍ജിയെ എതിര്‍ത്ത് ബിസിസിഐ കോടതിയിൽ സ്വീകരിച്ച നിലപാട്.  ഐ.പി.എല്‍. ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐ വാദം.

എന്നാൽ ഭീഷണിപ്പെടുത്തിയാണ് പോലീസ് കേസിൽ തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയത് എന്നും അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം. കേസിൽ ശ്രീശാന്ത് ജയിലിടയ്ക്കപ്പെട്ടിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.

തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു എന്നു കരുതിയ ഘട്ടത്തിലാണ് ശ്രീശാന്ത് അപ്രതീക്ഷിതമായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടാണ് ശ്രീശാന്ത് ബിജെപിയില്‍ ചേര്‍ന്നത്. 34764 വോട്ട് പിടിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ഇടതു സ്ഥാനാര്‍ത്ഥി ആന്‍റണി രാജുവിനെക്കാള്‍ വെറും 805 വോട്ട് കുറവ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ ഇന്നിംഗ്സ് തിളക്കമേറിയതാക്കിയെങ്കിലും പിന്നീട് ബിജെപി രാഷ്ട്രീയത്തില്‍ എവിടേയും ശ്രീശാന്തിനെ കണ്ടിരുന്നില്ല. ഝലക് ദിഖ്‌ലാ ജാ, ബിഗ് ബോസ് ഹിന്ദി തുടങ്ങിയ റിയാലിറ്റി ഷോകളില്‍ കേന്ദ്രീകരിക്കുകയാണ് ശ്രീശാന്ത് ചെയ്തത്. ആ റിയാലിറ്റി ഷോകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്കുകളും മറ്റുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

എന്തായാലും കോണ്‍ഗ്രസ്സ് നേതാവ് തരൂരിനെ കാണാന്‍ പോയതാണ് നിമിത്തമായതെങ്കിലും ബിജെപിക്കാരനായതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞ കാര്യകര്‍ത്ത ശ്രീശാന്തിനെ തിരിച്ചുകിട്ടിയതില്‍ ബിജെപിക്ക് കോണ്‍ഗ്രസ്സിനോടും റൂമര്‍ ഫാക്ടറികളായി മാറുന്ന മാധ്യമങ്ങളോടും നന്ദി പറയാം.

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍