UPDATES

ട്രെന്‍ഡിങ്ങ്

രണ്ടു ജോര്‍ജ്ജ് എംഎല്‍എമാര്‍; ഒരാള്‍ കാട്ടുപന്നിയിറച്ചിയുടെ ആരാധകന്‍, മറ്റൊരാള്‍ വന്യമൃഗങ്ങളെ കൊല്ലണമെന്ന പക്ഷക്കാരന്‍

നമ്മള്‍ ശ്രീകോവില്‍ എന്നു വിളിക്കുന്ന നിയമ നിര്‍മ്മാണ സഭയെ സ്പീക്കറുടെ ഡയസ് ആക്രമിച്ചും കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചും കസേര മറിച്ചിട്ടും മാത്രമല്ല, ഇങ്ങനെ ചില വാക്കുകളാലും അശുദ്ധമാക്കാം.

കാട്ടുപന്നി ഇറച്ചിയും വാട്ടുകപ്പയും ഗംഭീര കോമ്പിനേഷനാണെന്ന് ജോര്‍ജ്ജ് എം തോമസ് എം എല്‍ എ നിയമസഭയില്‍. മൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ വെടിവെച്ചു കൊല്ലണമെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. ഇന്നലെ നിയമ സഭയില്‍ വനംവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് ഉത്തരവാദപ്പെട്ട രണ്ട് എം എല്‍ എമാര്‍ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. നമ്മള്‍ ശ്രീകോവില്‍ എന്നു വിളിക്കുന്ന നിയമ നിര്‍മ്മാണ സഭയെ സ്പീക്കറുടെ ഡയസ് ആക്രമിച്ചും കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചും കസേര മറിച്ചിട്ടും മാത്രമല്ല, ഇങ്ങനെ ചില വാക്കുകളാലും അശുദ്ധമാക്കാം.

“കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേര്‍ത്തു കഴിക്കാന്‍ നല്ല രുചിയാണെന്നും ആരെങ്കിലും കൊണ്ടുവന്നാല്‍ വല്ലപ്പോഴും കഴിക്കാറുണ്ടെന്നും” സിപിഎം എം എല്‍ എ ജോര്‍ജ്ജ് എം തോമസ് നിയമസഭയില്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കാട്ടുപന്നിയെ വെടിവെച്ചതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചു തല്ലാന്‍ നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

രണ്ടു പ്രസ്താവനയും പരിശോധിച്ചാല്‍ എം എല്‍ എയെ വേണമെങ്കില്‍ പിടിച്ച് അകത്തിടാവുന്ന കുറ്റങ്ങളാണ് എന്നു കാണാം. ആദ്യത്തേത് കുറ്റകൃത്യം നടന്നു എന്നറിഞ്ഞിട്ടും മറച്ചുവെച്ചു. വന്യ മൃഗത്തിന്റെ ഇറച്ചി മൃഷ്ഠാനം ഭുജിച്ച് കുറ്റകൃത്യത്തില്‍ പങ്കാളിയായി. രണ്ടാമത്തേത് നിയമം കയ്യിലെടുക്കാന്‍ ജനത്തിനുള്ള ആഹ്വാനവും.

എന്തായാലും പെരുമ്പാവൂരിലെ കോണ്‍ഗ്രസ്സ് എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി ജോര്‍ജ്ജ് എം എല്‍ എയുടെ കാട്ടുപന്നി തീറ്റ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ വനം മന്ത്രി രാജു ഇതൊന്നും കേട്ട മട്ട് കണ്ടില്ല. അദ്ദേഹം ഇതിനെക്കുറിച്ച് കമാന്ന് ഒരക്ഷരം സഭയില്‍ മിണ്ടിയതുപോലുമില്ല.

എന്തായാലും കര്‍ഷകരുടെ കാര്യം കേട്ടാല്‍ ചോര തിളയ്ക്കുന്ന മറ്റൊരു പുലി കൂടിയുണ്ടല്ലോ നമുക്ക് സഭയില്‍. പൂഞ്ഞാര്‍ പുലി പി സി ജോര്‍ജ്ജ്. “എണ്ണം പെരുകുന്നതിനാലാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. അവയെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്.” പി സി മൃഗങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ചു. മൃഗങ്ങള്‍ക്ക് നേരെ മാത്രമല്ല തൊഴിലാളികള്‍ക്ക് നേരെയും തൊക്കെടുത്ത പാരമ്പര്യമുള്ള നേതാവാണ് പി സി. അതുകൊണ്ട് ഒരു കാര്യം ഉറപ്പാണ്. പി സി പറഞ്ഞത് ചെയ്യും. നാട്ടിലിറങ്ങുന്ന മൃഗങ്ങള്‍ ജാഗ്രതൈ!

‘തൂക്കിക്കൊല്ലാന്‍’ അവകാശമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം

കാട്ടുപന്നിയെ കൊല്ലുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് ഒരു എം എല്‍ എ കാട്ടുപന്നിയുടെ മാംസത്തിന്റെ സ്വാദിനെ കുറിച്ചും മറ്റൊരു എം എല്‍ എ നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെച്ചു കൊല്ലേണ്ട ആവശ്യകതയെ കുറിച്ചും നിയമ നിര്‍മ്മാണ സഭയില്‍ തന്നെ ഘോരഘോരം പ്രസ്താവിച്ചിരിക്കുന്നത്. കാട്ടുപന്നിയെ കൃഷി നശിപ്പിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൊല്ലാമെങ്കിലും തിന്നാന്‍ പാടില്ല എന്നാണ് നിയമം. (കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന പഴമൊഴിയൊന്നും നിയമത്തിന് മുന്‍പില്‍ വിലപ്പോവില്ല) വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രസ്തുത വിവരം അറിയിച്ച് മഹസര്‍ തയ്യാറാക്കി കത്തിച്ച് കുഴിച്ചിടണം.

നമ്മുടെ നിയമ സഭ എം എല്‍ എ മാരുടെ മണ്ടത്തരങ്ങളും സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങളും വെളിപ്പെടുന്ന ഇടമായി മാറിയിരിക്കുന്നു എന്നതിനുള്ള ഉദാരണങ്ങള്‍ തൊട്ട് മുന്‍പത്തെ ദിവസത്തെ ചര്‍ച്ചയുടെ വേളയിലും ഉണ്ടായി.

‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

അദാനി, അംബാനി, ജിന്‍ഡാല്‍, മിത്തല്‍ തുടങ്ങിയവരെ കൊന്നിട്ടുവന്നാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അവാര്‍ഡ് കൊടുക്കാം എന്നാണ് മുസ്ലീം ലീഗ് എം എല്‍ എ കെ എന്‍ എ ഖാദര്‍ പറഞ്ഞത്. കൊല്ലുന്നതിന് പുരസ്കാരം പ്രഖ്യാപിക്കുന്ന ഏര്‍പ്പാട് രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നയാളുകള്‍ സംഘപരിവാറുകാരാണ് എന്നറിയാതെയല്ല സര്‍ക്കാസത്തിന്റെ രൂപത്തിലാണെങ്കിലും ഇങ്ങനെയൊരു കൊലപാതക ആഹ്വാനവുമായി പൊതുവേ മിതഭാഷിയും അവധാനതയോടെ സംസാരിക്കുന്നയാളുമായ കെ എന്‍ എ ഖാദര്‍ എത്തിയിരിക്കുന്നത്. കൊല്ലാനുള്ള ആഹ്വാനം അദാനിയെയാലും കാട്ടുപന്നിയെ ആയാലും നിയമം കയ്യിലെടുക്കല്‍ തന്നെ.

സി പി എം എം എല്‍ എ എ എം ആരിഫ് പ്രതിപക്ഷത്തെ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത് രാഷ്ട്രീയ ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നാണ്. സ്വന്തം സര്‍ക്കാര്‍ തന്നെ ട്രാന്‍സ് പോളിസി പ്രഖ്യാപിച്ച് രാജ്യത്തിന് മാതൃകയായപ്പോഴാണ് അവഹേളന സൂചനയുള്ള ആരിഫിന്റെ പ്രസ്താവന. എന്തായാലും നിയമസഭയില്‍ നടക്കുന്ന എല്ലാകാര്യങ്ങളും പുറം ലോകം അറിയാത്തതുകൊണ്ടു തന്നെ സംഗതി വിവാദമാകാതെ ആരിഫ് എം എല്‍ എ രക്ഷപ്പെട്ടു.

വീണ്ടും ‘ജോര്‍ജ്ജേട്ടന്‍സ്’ പൂരം

ഇനി ഇന്നലത്തെ മറ്റൊരു പി സി മൊഴി കൂടി. അത് വന വിസ്തൃതി കൂട്ടുന്നതിനെ കുറിച്ചായിരുന്നു. “കേരളത്തില്‍ 29 ശതമാനം വനമാണ്. ഇനിയും എങ്ങോട്ടാണ് വനം ഉണ്ടാക്കണം എന്നാണ് പറയുന്നതു? കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് വാങ്ങി പുട്ടടിക്കുന്ന രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവരുടെ തട്ടിപ്പാണ് ഈ വാദം.”

എന്തായാലും പി സിയുടെ അമ്പ് ധനമന്ത്രി തോമസ് ഐസകിനെയാണോ ലക്ഷ്യം വെച്ചത് എന്നറിയില്ല. അദ്ദേഹമാണല്ലോ വയനാട് ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കാന്‍ പണിയെടുക്കുന്ന, അത്തരം കാര്യങ്ങള്‍ ഗൌരവത്തില്‍ പൊതുസമൂഹത്തിന് മുന്‍പായി അവതരിപ്പിക്കുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍.

വാല്‍ക്കഷ്ണം: മേല്‍ പ്രസ്താവിച്ച തരം മണ്ടത്തരങ്ങളുടെ കുത്തക നേരത്തെ നല്‍കിയിരുന്നത് ഏറനാടന്‍ എം എല്‍ എ പി കെ ബഷീറിന്റെ പിതാവ് സീതി ഹാജിയ്ക്കായിരുന്നു. സീതീ ഹാജി ഫലിതങ്ങള്‍ എന്നു പിന്നീട് വിളിക്കപ്പെട്ട അതില്‍ പലതും നടന്നത് എന്നു തോന്നിപ്പിക്കുന്ന കെട്ടുകഥകള്‍ ആയിരുന്നു. ‘മരങ്ങള്‍ ഉണ്ടായിട്ടാണൊ കടലില്‍ മഴ പെയ്യുന്നത്’ എന്ന മട്ടില്‍ ചിലതൊക്കെ നിയമസഭയിലെ ചര്‍ച്ചാ വേളകളില്‍ പറഞ്ഞതാണ് എന്നും കേട്ടിട്ടുണ്ട്.

തോക്കും ഭീഷണിയുമായി ഇതാ മൂന്ന് ജനാധിപത്യ പൂജാരികള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍