UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭയില്‍ കാലിടറിയ സുരേഷ് ഗോപിക്ക് മേല്‍ ഡെമോക്ലസിന്‍റെ വാളായി കുമ്മനം

കപ്പിനും ചൂണ്ടിനുമിടയില്‍ നില്‍ക്കുന്ന തിരുവനന്തപുരം മണ്ഡലം ബിജെപി മുത്തമിടുമോ? ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മില്യണ്‍ ഡോളര്‍ ചോദ്യങ്ങളില്‍ ഒന്നായിരിക്കും ഇത്.

ഇന്നലെ രാജ്യസഭയില്‍ സുരേഷ് ഗോപി എം പി ഒന്നു വീണു. സ്വന്തം സീറ്റിൽ നിന്നും എഴുന്നേറ്റ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങുകയായിരുന്നു സുരേഷ് ഗോപി. തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ വന്നവരോട് കുഴപ്പമില്ല എന്നു പറഞ്ഞു എഴുന്നേറ്റ സൂപ്പര്‍ താര എം പിയോട് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു, “സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്.”

എന്തായാലും നായിഡു പറഞ്ഞതുപോലെ ഒന്നും സംഭവിക്കാന്‍ സാധ്യതയില്ല നിലവിലെ സാഹചര്യത്തില്‍. പക്ഷേ ഭാവിയില്‍ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല. തികഞ്ഞ കരുണാകര ഭക്തനെന്ന ഭൂതകാല ചരിത്രം കൊണ്ടുനടക്കുന്ന ആളാണല്ലോ സുരേഷ് ഗോപി.

വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ തറപറ്റിക്കാന്‍ ബിജെപി പരിഗണിക്കുന്ന നിരവധി പേരുകളില്‍ ഒന്നാണ് സുരേഷ് ഗോപിയുടേത്. എന്നാല്‍ തനിക്ക് ഈ കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് താരം വിനയാന്വിതന്‍ ആയി മൊഴിയുന്നത്. എന്നാല്‍ ഉള്ളില്‍ ആശയുണ്ട് എന്നത് ആ പറച്ചിലില്‍ തന്നെ അന്തര്‍ലീനമാണ്. പക്ഷേ എതിരാളികള്‍ ശക്തരാണ് എന്നതാണ് താരത്തെ കുഴക്കുന്നത്.

കേരളത്തില്‍ ബിജെപി 90 ശതമാനം പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. അതുകൊണ്ടു തന്നെ അര ഡസന്‍ നേതാക്കള്‍ തന്നെ സീറ്റിനായി രംഗത്തുണ്ട് എന്നാണ് അണിയറ സംസാരം.

മിസോറാമിലേക്ക് ഗവര്‍ണ്ണര്‍ പദവി നല്‍കി ‘പണിഷ്മെന്‍റ് ട്രാന്‍സഫര്‍’ നല്‍കിയ കുമ്മനം രാജശേഖരന്‍ തന്നെ അതിലെ പ്രമുഖ പേരുകാരന്‍. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായും 2016ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു രണ്ടാം സ്ഥാനത്ത് എത്തിയ ഉജ്വല ചരിത്രം കുമ്മനത്തിന് പിന്‍ബലമായുണ്ട്. കൂടാതെ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പ ഭക്തന്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടാക്കാനും സാധിക്കും. അതുകൊണ്ട് തന്നെ വിജയ സാധ്യതയില്‍ ഒന്നാം സ്ഥാനം കുമ്മനത്തിന് തന്നെ.

ഇന്നത്തെ മലയാള മനോരമ ഓണ്‍ലൈനില്‍ വന്ന അഭിമുഖം സൂചിപ്പിക്കുന്നത് അങ്ങനെയൊരു ഉള്ളിലിരുപ്പ് കുമ്മനത്തിന് ഉണ്ട് എന്നു തന്നെയാണ്. “സംഘടന പറയട്ടെ, എന്നിട്ട് തിരിച്ചു വരാം” എന്നാണ് കുമ്മനം പറഞ്ഞുവെയ്ക്കുന്നത്. “സംഘടനാ വിധേയനാണ് ഞാന്‍. സ്വയംസമര്‍പ്പിച്ചവന്‍, എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം.”

എന്തായാലും കുമ്മനം മത്സരിച്ചു ജയിക്കുകയും കേന്ദ്രത്തില്‍ ബിജെപി ഭാരണം നിലനിര്‍ത്തുകയും ചെയ്താല്‍ കേരളത്തില്‍ ജയിച്ചു കയറുന്ന ആദ്യ ബിജെപി മന്ത്രിയാകും കുമ്മനം.

തിരുവനന്തപുരം സീറ്റ് കണ്ണുവെച്ച് കരുക്കള്‍ നീക്കുന്ന മറ്റൊരാള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ്. ശബരിമലയെ സുവര്‍ണ്ണാവസരം ആക്കണം എന്നു അണികളെ ആഹ്വാനം ചെയ്ത പിള്ളേച്ചന്‍ പക്ഷേ വിജയ സാധ്യതയുടെ കാര്യത്തില്‍ കുമ്മനത്തോളം വരില്ല. എങ്കിലും എന്‍ എസ് എസിലുള്ള പിടി കണക്കാക്കുമ്പോള്‍ പി എസ് ശ്രീധരന്‍ പിള്ളയും മികച്ച സ്ഥാനാര്‍ത്ഥി തന്നെ.

മോഹന്‍ ലാല്‍ എന്നൊരു മോഹം കേരളത്തിലെ ആര്‍ എസ് എസിനും ബിജെപിക്കും ഉണ്ടായിരുന്നു. ഒന്നും തെളിച്ചു പറയാതെ മോഹന്‍ ലാലും ആശയെ കെടാതെ നിര്‍ത്തി. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കഴിഞ്ഞ ദിവസം മൊഴിഞ്ഞതോടെ ആ അധ്യായം തല്‍ക്കാലം അടച്ചുവെച്ചിരിക്കുകയാണ് ബിജെപി.

മറ്റൊരു സാധ്യത ഒ. രാജഗോപാലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ വിറപ്പിച്ച രാജഗോപാല്‍ നിലവില്‍ നേമത്ത് നിന്നും ബിജെപിക്ക് വേണ്ടി കേരള നിയമസഭയിലേക്ക് എക്കൌണ്ട് തുറന്ന നേതാവാണ്. ഇനി ഒരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന സൂചന അദ്ദേഹം നേതൃത്വത്തിന് നല്‍കിയാല്‍ രാജേട്ടന് നറുക്ക് വീണേക്കാം.

എന്നാല്‍ ശശി തരൂരിനെ പോലെ ദേശീയ മുഖമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ തളക്കാന്‍ മറ്റൊരു ദേശീയ താരം തന്നെ വേണം എന്നു അമിത് ഷാ ചിന്തിച്ചാല്‍ അത് നിര്‍മ്മലാ സീതാരാമന്‍ ആയിരിക്കും എന്നൊരു സൂചനയും നേരത്തെ വന്നിരുന്നു. എന്നാല്‍ റഫാലിലും മറ്റും കുടുങ്ങിക്കിടക്കുന്ന നിലവിലെ പ്രതിരോധമന്ത്രിയെ കൊണ്ടുവന്നു പ്രാദേശികമായി രൂപപ്പെട്ട വിജയ സാധ്യതയെ കളയണോ എന്നു നേതൃത്വം ചിന്തിച്ചാല്‍ മത്സരം സംസ്ഥാന നേതാക്കള്‍ തമ്മിലാകും.

കപ്പിനും ചൂണ്ടിനുമിടയില്‍ നില്‍ക്കുന്ന തിരുവനന്തപുരം മണ്ഡലം ബിജെപി മുത്തമിടുമോ? ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മില്യണ്‍ ഡോളര്‍ ചോദ്യങ്ങളില്‍ ഒന്നായിരിക്കും ഇത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍