UPDATES

ട്രെന്‍ഡിങ്ങ്

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

കേരളം കലാപത്തിലേക്കും മത ജാതി ധ്രുവീകരണത്തിലേക്കും ചെന്നു പതിക്കുമോ എന്ന ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല എന്നാണ് കോടതി കയറാന്‍ പോകുന്ന ടി ജി മോഹന്‍ദാസും രാഹുല്‍ ഈശ്വരും തെളിയിക്കുന്നത്

പുതിയ കേരളത്തിന്റെ നിര്‍മ്മിതിയിലാണ് നമ്മള്‍. ആഗസ്റ്റിലെ മഹാപ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സമാനതകളില്ലാത്ത പരിശ്രമങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാരും മലയാളി സമൂഹവും കൈ മെയ് മറന്നു ഇറങ്ങിയപ്പോഴാണ് തുല്യനീതിയുടെ കാഹളം മുഴക്കി ശബരിമല വിധിയുമായി സുപ്രീം കോടതി എത്തിയത്. വിധിയില്‍ വ്രണപ്പെട്ട വിശ്വാസി സമൂഹവും ലാഭം ലാക്കാക്കി സംഘപരിവാര്‍ ഹിന്ദുത്വയും പിന്തിരിപ്പന്‍ കലാപരിപാടികളുമായി രംഗത്തിറങ്ങിയപ്പോള്‍ ഭരണഘടനയെയും ഉന്നതമായ ജനാധിപത്യ മൂല്യത്തെയും ഉയര്‍ത്തിപ്പിടിക്കണം എന്ന വാദമായിരുന്നു കേരളത്തിലെ പുരോഗമ സമൂഹം ഉയര്‍ത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ദര്‍ശിച്ചത് ഈ വിരുദ്ധ താത്പര്യങ്ങളുടെ സംഘര്‍ഷമായിരുന്നു. അത് കലാപത്തിലേക്കും മത ജാതി ധ്രുവീകരണത്തിലേക്കും ചെന്നുപതിക്കുമോ എന്ന ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല എന്നാണ് കോടതി കയറാന്‍ പോകുന്ന ആര്‍ എസ് എസ് ബുദ്ധിജീവി സെല്‍ തലവന്‍ ടി ജി മോഹന്‍ദാസും ഹൈന്ദവ വിശ്വാസത്തിന്റെ അപ്രഖ്യാപിത അപ്പോസ്തലന്‍ രാഹുല്‍ ഈശ്വരും തെളിയിക്കുന്നത്.

ആര്‍ എസ് എസിന്റെയും ബിജെപിയുടെയും മാറിയ നിലപാടില്‍ നിന്നും വിഭിന്നമായി സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ടി ജി മോഹന്‍ദാസ് ഹൈക്കോടതിയില്‍ പുതിയൊരു ഹര്‍ജിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് എന്നാണ് ടി ജി മോഹന്‍ദാസിന്റെ ആവശ്യം. ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോടതിയിപ്പോള്‍.

അഹിന്ദുക്കള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് കേരള ഹിന്ദു പ്ലേയ്സസ് ഓഫ് പബ്ലിക് വര്‍ഷിപ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്ട്, 1965 പ്രകാരം തടയണം എന്നാണ് ഈ ഹിന്ദുത്വ ബുദ്ധിജീവിയുടെ ആവശ്യം. സുപ്രീം കോടതി റൂള്‍ 3 (b) മാത്രമേ തടഞ്ഞിട്ടുള്ളൂ. അതായത് അശുദ്ധി കല്‍പ്പിച്ച് സ്ത്രീകളെ ക്ഷേത്രത്തില്‍ കയറുന്നത് തടയുന്ന നിയമം. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന റൂള്‍ 3(എ) ഇപ്പൊഴും നിലവിലുണ്ടെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. അഹിന്ദുവായ സ്ത്രീയെ ശബരിമലയിലേക്ക് പോലീസ് സംരക്ഷണത്തോടെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുക വഴി സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നാണ് ടിജി മോഹന്‍ദാസ് ആരോപിക്കുന്നത്.

സര്‍വ്വമത വിശ്വാസികള്‍ക്കും ആരാധനാ സ്വാതന്ത്ര്യമുള്ള ശബരിമലയുടെ മഹത്തായ മതേതര പാരമ്പര്യത്തെ ഇല്ലാതാക്കുകയാണ് സാമുദായിക സംഘര്‍ഷം ഒഴിവാക്കാനുള്ള വഴിയായി നിരന്തരം വര്‍ഗീയ ധ്രുവീകരണ ട്വീറ്റുകള്‍ സാമൂഹിക മാധ്യമത്തില്‍ വിക്ഷേപിക്കുന്ന ടിയാന്‍റെ നിര്‍ദേശം.

ശബരിമലയില്‍ രക്തം ചീന്തി നടയടപ്പിക്കാനുള്ള നിഗൂഢ പദ്ധതി തയ്യാറാക്കുകയും ‘ടാര്‍പ്പോളിനില്‍ പൊതിഞ്ഞു’ ട്രാക്ടറില്‍ ജയിലിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും ചെയ്ത രാഹുല്‍ ഈശ്വറിന്റെ അടുത്ത നീക്കം മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ ഇടതു മുന്നണി സംഘടിപ്പിച്ച പത്തനംതിട്ട വിശദീകരണ യോഗത്തില്‍ പിണറായി പ്രസംഗിച്ചു എന്നാണ് രാഹുലിന്റെ ആരോപണം. ഈ കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153 A, 295 A പ്രകാരം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം എന്നാണ് രാഹുലിന്റെ ആവശ്യം. “പിണറായി വിജയന്‍ ഇപ്പോള്‍ യുക്തിവാദികളുടെയും അവിശ്വാസികളുടെയും മുഖ്യമന്ത്രി”യായിരിക്കുന്നു എന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പത്തനംതിട്ട പ്രസംഗത്തില്‍ തന്ത്രി കുടുംബത്തിനെതിരെ ശക്തമായ ആക്രമണമാണ് പിണറായി അഴിച്ചുവിട്ടത്. ഇതായിരിക്കാം തന്ത്രി കുടുംബാംഗമായ രാഹുലിനെ പ്രകോപിപ്പിച്ചത്.

ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ തീരുമാന പ്രകാരം നടക്കുന്ന സംഗതികൾ അല്ല. ശബരിമല തന്ത്രിയുടെ സ്വത്തല്ലെന്നും ഇത് മനസ്സിലാക്കിയാൽ തന്ത്രിക്ക് നല്ലതെന്നുമാണ് പിണറായി പ്രസംഗിച്ചത്. “തന്ത്രി പൂട്ടി പോയാൽ അമ്പലം അടഞ്ഞു കിടക്കുമെന്ന് ധരിക്കരുത്. ഗുരുവായൂർ അമ്പലം ഒരു മാസക്കാലത്തോളം അടച്ചിട്ടു. അവസാനം അതിനെതിരെ ശക്തമായ പ്രതിഷേധം വന്നു അങ്ങനെ തുറക്കേണ്ടി വന്നു. ഇതൊക്കെ ചരിത്ര യാഥാർഥ്യങ്ങളാണ്” എന്നും പിണറായി പ്രസംഗിച്ചു.

കൂട്ടത്തില്‍ കണ്ഠരര്‍ മോഹനരുടെ ശോഭാ ജോണ്‍ കേസ് വീണ്ടും ജനങ്ങളുടെ ഓര്‍മ്മയിലേക്ക് മുഖ്യമന്ത്രി കൊണ്ടുവന്നതും തന്ത്രി കുടുംബത്തിന് ഏറെ ക്ഷീണം ചെയ്തു എന്നു കരുതേണ്ടിവരും. അയ്യപ്പനുമായി ബന്ധപ്പെട്ട നൈഷ്ടിക ബ്രഹ്മചാര്യമാണല്ലോ വിശ്വാസവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചയിലെ കാതല്‍!

എന്തായാലും കേരളം ആര് എങ്ങനെ പുനര്‍നിര്‍മ്മിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും നല്‍കിയ കേസിന്റെ വിധികള്‍.

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; ഇവരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്ന ഏഴു വര്‍ഷവും അയ്യപ്പന്‍ ബ്രഹ്മചാരിയായിരുന്നില്ലേ? ടി.ജി മോഹന്‍ദാസ് ചോദിക്കുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍