UPDATES

ട്രെന്‍ഡിങ്ങ്

പാലക്കാട്ടെ ഇന്ത്യയിലെ ഏക കൈപ്പത്തി പ്രതിഷ്ഠ ക്ഷേത്രവും ഇന്ദിരാ ഗാന്ധിയും തമ്മിലെന്ത്? മതേതര കോണ്‍ഗ്രസ് എന്ന മിത്ത്

മുല്ലപ്പള്ളി ചുമതലയേറ്റ് ആദ്യ അച്ചടക്ക വാളുകളിലൊന്ന് വീശിയത് രാഹുല്‍ ഗാന്ധിയുടെ നിലപാട് പറഞ്ഞ ഒരു രാഹുല്‍ ബ്രിഗേഡ് അംഗത്തിന്റെ കൈപ്പത്തി വെട്ടാനാണ് എന്നതാണ് മറ്റൊരു ദുരന്തം

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ തലമുറയില്‍പ്പെട്ട അധികമാര്‍ക്കും അറിയാത്ത ആ ചരിത്രസത്യം ഇന്നലെ പാലക്കാട് വെച്ച് വെളിപ്പെടുത്തി. കോണ്‍ഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നം എമൂര്‍ ഭഗവതിയുടെ കൈ ആണ്.

പാലക്കാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച മതേതര സന്ദേശ യാത്ര കല്ലേക്കുളങ്ങര കൈപ്പത്തി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുല്ലപ്പള്ളി ഈ പഴയ കോണ്‍ഗ്രസ്സ് ‘മിത്ത്’ ഓര്‍മ്മിച്ചത്. എന്നാല്‍ ആ കഥയിലെ നായകന്റെ പേര് മുല്ലപ്പള്ളി മനഃപൂര്‍വം ‘വിഴുങ്ങി’ എന്നു വേണം കരുതാന്‍.

കോണ്‍ഗ്രസ് പിളര്‍ന്നതിനെ തുടര്‍ന്ന് പുതിയ ചിഹ്നം ആവശ്യമായി വന്നപ്പോള്‍ ലീഡര്‍ കെ കരുണാകരനാണ് കല്ലേക്കുളങ്ങരയിലെ ഭഗവതിയുടെ കൈപ്പത്തി ചൂണ്ടിക്കാണിച്ചത് എന്നാണ് ഐ ഗ്രൂപ്പ് പാണന്‍മാര്‍ പാടി നടന്നത്.

അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രത്തില്‍ ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകള്‍ ആരാധിക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പിനു തൊട്ടുപിന്നാലെ ഇന്ദിരാ ഗാന്ധി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് കോണ്‍ഗ്രസ് (ഐ)യുടെ ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തത് എന്നാണ് ‘ഐതിഹ്യം’.

1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് ‘പൂട്ടുന്ന കാള’ ചിഹ്നം ആ പാര്‍ട്ടിക്ക് നഷ്ടമായത്. ഇന്ദിരാ ഗാന്ധി നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ‘പശുവും കിടാവും’, സംഘടനാ കോണ്‍ഗ്രസ്സിന് ‘ചര്‍ക്ക തിരിക്കുന്ന സ്ത്രീ’യുമാണ് ലഭിച്ചത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം പശുവും കിടാവും ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അങ്ങനെയാണ് 1978-ല്‍ കോണ്‍ഗ്രസ്സ് കൈപ്പത്തി ചിഹ്നമായി തിരഞ്ഞെടുത്തത്. അതായത് കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ്സ് മത്സരിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി എന്നു സാരം.

ഈ ഉത്പ്പത്തി കഥയാണ് കടുത്ത ഗാന്ധി കുടുംബ ഭക്തനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ ഓര്‍ത്തെടുത്തത്. “കൈ ചിഹ്നം നിരവധി തിരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിനും അധികാരത്തില്‍ എത്തുന്നതിനും പാര്‍ട്ടിയെ സഹായിച്ചു. തുടരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സ്വയം പുതുക്കാനും അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകാനും സമയമായിരിക്കുന്നു.”

എന്താകാം മുല്ലപ്പള്ളി സാര്‍ ഉദ്ദേശിച്ചത്?

പഴയ ‘പശുവും കിടാവും’ ചിഹ്നത്തിലേക്ക് തിരിച്ചുപോയി രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗമായ കര്‍ഷകരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നു പ്രഖ്യാപിക്കണം എന്നാണോ? അതോ നെഹ്റൂവിയന്‍ പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്ക്? അല്ലെങ്കില്‍ ഇന്ദിര ‘reinvent’ ചെയ്ത കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ചുപോക്കോ? നിരവധി നിരപരാധികളെ ജയില്‍മുറിയിലടച്ച പീഡിപ്പിച്ച് കൊന്ന, എന്തിനെന്നറിയാതെ എല്ലാവരും ഉരുക്ക് വനിത എന്നു വിളിക്കുന്ന ഭരണാധികാരിയുടെ ചരമ ദിനത്തിലാണ് മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞത് എന്നതുകൊണ്ട് തിരിച്ചുപോക്ക് ഇന്ദിരയിലേക്ക് ആയിരിക്കും എന്നു കരുതാം?

നെഹ്റൂവിയന്‍ പാരമ്പര്യം വിറ്റാമിന്‍ ഗുളിക കണക്കെ വിഴുങ്ങുന്ന വിടി ബല്‍റാമിന്റെ കൈ കെപിസിസി വെട്ടും എന്ന ഭീഷണിയുടെ പ്രഖ്യാപനവും ഇന്നലെ ഉണ്ടായി എന്നതും ആനുഷംഗികമായി ഓര്‍ക്കുക. ഇന്ദിരയുടെ കൊച്ചുമകനെ രാഹുല്‍ ഈശ്വര്‍ എന്ന സംഘപരിവാര്‍ ചിന്താഗതിക്കാരനുമായി താരതമ്യം ചെയ്തു എന്നാണ് കുറ്റം. “കോണ്‍ഗ്രസ്സിന്റെ നേതാവ് രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ്” എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ആ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം ഇങ്ങനെ:

“ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.
ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്.”

വിടി ബല്‍റാമിന്റെ പോസ്റ്റ്, രാഹുല്‍ ഈശ്വറിന്റെ രോമത്തില്‍ തൊടാനാവില്ല എന്നു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ അജയ് തറയിലിനെ നേരിട്ടും രാഹുല്‍ ഈശ്വരാദികളുടെ വിശ്വാസ പ്രത്യയശാസ്ത്രം ജപമന്ത്രമായി ഉരുവിടുന്ന രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരെ പരോക്ഷമായും ലക്ഷ്യമിട്ടുകൊണ്ടാണ് എന്നു രാഷ്ട്രീയ വ്യാഖ്യാതാക്കള്‍ വ്യാഖ്യാനിച്ചത്.

എന്തായാലും വിടിയുടെ നിലപാട് പ്രഖ്യാപനം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ശബരിമലയില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗപ്രവേശം ചെയ്തത് കെ പി സി സിയിലെ വിശ്വാസ സംരക്ഷകര്‍ക്ക് വലിയ തിരിച്ചടിയായി.

“സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം. സ്ത്രീയും പുരുഷനും തുല്യരെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം ഇത് വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ കോണ്ഗ്രസ് നിലപാട്. കേരളത്തിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും ഏറെ വൈകാരികമായ വിഷയമാണിത്. സ്ത്രീകളും ആചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഞാനും എന്റെ പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ എന്റെ പാർട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ഞാൻ അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നു” – രാഹുല്‍ ഗാന്ധി എക്കണോമിക് ടൈംസിനോട് പറഞ്ഞു.

എന്തായാലും മുത്തശ്ശിയോടല്ല, മുതുമുത്തശ്ശനോടാണ് തനിക്ക് കൂടുതല്‍ അടുപ്പം എന്നു തെളിയിക്കുന്നതായി രാഹുലിന്റെ പ്രസ്താവന.

എന്നാല്‍ കല്ലേക്കുളങ്ങര ഭഗവതിയുടെ സവിധത്തില്‍ വെച്ചു ഇന്ദിരയുടെ രക്തസാക്ഷി ദിനത്തില്‍ മതേതര സന്ദേശ യാത്ര ഉദ്ഘാടനം ചെയ്ത മുല്ലപ്പള്ളി, കോണ്‍ഗ്രസ് ഇപ്പോഴും ഇന്ദിരയുടെ യുഗത്തില്‍ തന്നെയാണെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ചു. അയാള്‍ ചുമതലയേറ്റ് ആദ്യ അച്ചടക്ക വാളുകളിലൊന്ന് വീശിയത് രാഹുല്‍ ഗാന്ധിയുടെ നിലപാട് പറഞ്ഞ ഒരു രാഹുല്‍ ബ്രിഗേഡ് അംഗത്തിന്റെ കൈപ്പത്തി വെട്ടാനാണ് എന്നതാണ് മറ്റൊരു ദുരന്തം. (ആദ്യത്തേത് ശബരിമലയില്‍ ബിജെപി പാളയത്തിലേക്ക് ചാടിയ രാമന്‍ നായരെ പുറത്താക്കിക്കൊണ്ടായിരുന്നു)

നോട്ട് ദി പോയിന്‍റ്: മതേതര സന്ദേശ യാത്രയില്‍ പങ്കെടുത്തെങ്കിലും തൃത്താല എംഎല്‍എ, പക്ഷേ പൊതുസമ്മേളന വേദിയില്‍ കയറിയില്ല എന്നതും ശ്രദ്ധിക്കുക.

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

“ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്നാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ ആവശ്യം”: രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ പിന്തുണച്ച് വി ടി ബല്‍റാം

രാഹുല്‍ ഗാന്ധി തന്നെയാണ് നേതാവ്; ചെന്നിത്തലയ്ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ?

രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് നേതാവെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരിക; കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ്-എന്‍ പ്രഭാകരന്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍